വയനാട്ടിലെ കമ്പളക്കാട് നിന്നും കുറുമ്പാലകൊട്ടായിലേക്ക് അധികദൂരമില്ല, വീടിന്റെ അടുത്താണ്, കാണാൻ അടിപൊളിയാണ്, ഇതുവരെ കണ്ടിട്ടില്ല ഇതൊക്കെകൊണ്ടാണ് Shaheedul Muneer ഉം ഞാനും മല കയറാൻ തീരുമാനിച്ചത്. രാവിലെ നാലുമണിക്ക് എഴുന്നേൽക്കണം എന്നതായിരുന്നു യാത്രയുടെ ഏറ്റവും റിസ്ക്. പോവാനുള്ള അതിയായ ആഗ്രഹം കൊണ്ടാണെന്ന് തോന്നുന്നു അലാറം അടിയുന്നതിനു മുമ്പുതന്നെ ഉണർന്നു. അങ്ങനെ 4.30 ന് വീട്ടിൽനിന്നും ഇറങ്ങി. സൂര്യൻ ഉദിക്കുന്നത് കാണാൻ എത്തണം.
ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര. 6 മണിയൊക്കെ ആയപ്പോഴേക്കും മലയുടെ താഴ്വാരത്തിലെത്തി. ഞങ്ങളെപോലെ കുറേ പേർ. അവരുടെ കൂടെ ഞങ്ങളും ചേർന്ന് ആ മല കയറാൻ തുടങ്ങി. മരങ്ങൾക്കിടയിലൂടെ നടന്നുനടന്നുണ്ടായ ചെറിയൊരു ഇടവഴി… കുറേ ദൂരം ചെന്നപ്പോൾ താഴോട്ട് നോക്കിയാൽ വന്ന വഴിയും മരങ്ങളും കാണുന്ന, ദൂരെ കെട്ടിടങ്ങളും വയലും കാണുന്ന, ചെറിയ, നടക്കാൻ പേടിതോന്നുന്ന വഴിയായി അത് മാറിയിരുന്നു.
കുത്തനെയുള്ള കയറ്റങ്ങളിൽ ഞങ്ങളോളം വളർന്ന പുൽച്ചെടികൾ വലിയ സഹായമായി.. കൈ നിലത്തു കുത്തി നേരേ നടക്കാൻ പറ്റുന്നത്ര കുത്താനെയായിരുന്നു ആ വഴി. അതി സാഹസികമായി ഞങ്ങൾ മുകളിലെത്തി. ചൂടുകൊണ്ട് വിയർത്ത ശരീരം പതുക്കെ കാറ്റേറ്റ് തണുക്കാൻ തുടങ്ങിയിരുന്നു. ഇന്നലെ തന്നെ അവിടെയെത്തി തമ്പടിച്ച കുറെ ആളുകളൊക്കെ എഴുന്നേൽകുന്നേ ഉണ്ടായിരുന്നുള്ളു. ഡെന്റിൽ നിന്നും അവർ ഓരോരുത്തരായി പുറത്തിറങ്ങാൻ തുടങ്ങി. നല്ല രസമുള്ള കാഴ്ച്ച.
സൂര്യൻ ഉദിക്കാൻ തയ്യാറാവുന്നു. ഞങ്ങൾ ആ കാഴ്ച കാണുന്നതിനും ഫോണിലാക്കുന്നതിനും തയ്യാറായി നിന്നു. ഈ സമയം പതുക്കെ പതുക്കെ മേഘം(മേഘംപോലെയുള്ള കോട ) വന്ന് മല മൂടുന്നത് പലരും ശ്രദ്ധിച്ചുകാണില്ല. താഴെനിന്നും അരിച്ചുകേറുന്ന മേഘം ഞങ്ങൾക്കുകാണാവുന്ന കാഴ്ചകളെയൊക്കെ മായ്ച്ചിരുന്നു. ചുറ്റും വെള്ള മാത്രം. അതിനിടയിൽ ചെറിയപൊട്ടുപോലെ സൂര്യൻ.. mashahallah 😍 ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച.
തൊട്ടടുത്തുനില്കുന്ന ആളെവരെ മൂടിയതിനു ശേഷമാണ് ആ പൊട്ടുപോലത്തെ സൂര്യൻ വല്യ പപ്പടം പോലെ ആയതും അതിലും വലുതായതും. വലുതാവുന്നതിനാനുസരിച്ചു സൂര്യൻ സ്വയം പ്രകാശിക്കുന്നു. വെള്ളാമേഘങ്ങളുടെ വർണങ്ങൾ അതിനനുസരിച്ച് മാറിക്കൊണ്ടിരുന്നു. എല്ലാവരും ഈ കാഴ്ചകണ്ട് ഉറക്കെ ഒച്ചയുണ്ടാക്കി സന്തോഷിക്കുകയായിരുന്നു. ഞാൻ എല്ലാം മറന്ന് കുറേ നേരം അങ്ങനെ നിന്നു. അതിനിടയിൽ ആ മേഘങ്ങൾ പതുക്കെ തിരിച്ചിറങ്ങാൻ തുടങ്ങിയിയുന്നു. കുറച്ചുനേരത്തെ ആ കാഴ്ച്ച നൽകിയ സന്തോഷം വാക്കുകൾകതീതം.
സൂര്യൻ ഉദിച്ചു. ഭൂമി ഉണർന്നു. മനസ്സുനിറയെ സന്തോഷവുമായി ഞങ്ങൾ തിരിച്ചിറങ്ങി. കുറേ ആളുകൾ കയറി കയറി അപ്പോഴേക്കും വന്ന വഴി ഒന്ന് കൈവിട്ടാൽ ഒറ്റയടിക്ക് താഴെ എത്തുന്ന രീതിയിൽ മിനുസപ്പെട്ടിരുന്നു. മല കയറാൻ സഹായിച്ച ഇലകൾ ഇറങ്ങുമ്പോൾ വാടി കാലുകൾക്കൊപ്പമെത്തിയിരുന്നു.
പ്രത്യേക നന്ദി: പാതിവഴിയിൽ വണ്ടി അനങ്ങാതായപ്പോ സ്വന്തം വണ്ടി തന്ന Fajalu Rahman 😍.. പിന്നെ ന്റെ ഉമ്മ.യാത്ര പോണംന്നുപറഞ്ഞപ്പോ കൂടെവന്ന ചങ്ക് bro..
വിവരണം – Jesla Muhammed.