കരിപ്പൂർ എയർപോർട്ട് ബസ് ജീവനക്കാരുടെ സൗഹൃദവും പ്രവാസിയുടെ വിശപ്പും…

വിവരണം – രതീഷ് നാരായണൻ.

കരിപ്പൂർ എയർപോർട്ടിൽ നിന്നും കാസറഗോഡിലേക്കുള്ള ഒരു ആനവണ്ടി യാത്രക്കിടെയാണ് ഞാൻ മുരളി ചേട്ടനെ പരിചയപെടുന്നത്. കെഎസ്ആർടിസിയിലെ ജീവനക്കാർ പൊതുവെ ജോലിയോട് ആത്മാർഥത ഇല്ലാത്തവരും അഹങ്കാരികളുമാണെന്ന് പൊതുവെ ഒരു അഭിപ്രായമുണ്ട്. കുളം കലക്കാൻ ഒരു പോത്ത് മതിയല്ലോ എന്ന് പറയണ പോലെ
കെഎസ്ആർടിസിയെ മൊത്തത്തിൽ പറയിപ്പിക്കാൻ ചുരുക്കം ചിലരുടെ സ്വഭാവ ദൂഷ്യം മതിയാവും. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തരാണ് കോഴിക്കോട് – കാസറഗോഡ് റൂട്ടിൽ ഓടുന്ന KL 15 A 1029 എന്ന ആനവണ്ടിയിലെ ജീവനക്കാർ..

കണ്ടക്ടർ മുരളി ചേട്ടനും ഡ്രൈവർ ബിനോയ് ചേട്ടനും ചെയ്യുന്ന ജോലിയോട് ഒരുപാട് ആത്മാർത്ഥത പുലർത്തുന്നവരാണെന്ന് യാത്ര തുടങ്ങി ഏതാനും മിനുട്ടുകൾക്കുള്ളിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു. 6.15 ന് ഷാർജയിൽ നിന്നുള്ള Airbus jet 998 എയർ ഇന്ത്യ എക്സ്പ്രെസ്സിലായിരുന്നു ഞാൻ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. രാവിലെയായതിനാൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല. അത് കൊണ്ട് എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചു പെട്ടന്ന് തന്നെ പുറത്തേക്ക് വരാൻ സാധിച്ചു. ഷാർജയിൽ നിന്നും വിമാനം കയറുമ്പോൾ ഹാൻഡ് ബാഗേജ് ഭാരക്കൂടുതൽ ഉള്ളതിനാൽ ഡ്യൂട്ടി ഫ്രീ സാധനങ്ങൾ വാങ്ങാൻ സാധിച്ചിരുന്നില്ല. അത് കൊണ്ട് കരിപ്പൂർ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീയിൽ കയറി രണ്ടായിരം രൂപ കൊടുത്ത് ആബ്സല്യൂട്ട് വോഡ്ക്കയുടെ ഒരു ഫുൾ ബോട്ടിൽ വാങ്ങിച്ചു ( കാർന്നോൻമാർക്കാണ് കേട്ടോ ).

© Kevin Boban.

വീട്ടിലും കൂട്ടുകാരോടും പറയാതെയുള്ള വരവായതിനാൽ കോഴിക്കോടിൽ നിന്നും വീട്ടിലേക്ക് പോവാനുള്ള വാഹന സൗകര്യം മുൻകൂട്ടി തയ്യാറാകാത്തതിനാൽ എങ്ങനെ വീട്ടിലോട്ട് പോവും എന്ന കാര്യത്തിൽ ഒരു മുൻ വിധി ഉണ്ടായിരുന്നില്ല. എയർപോർട്ടിന്റെ വെളിയിലേക്ക് വന്നപ്പോൾ ശെരിക്കും ഒറ്റപെട്ടു പൊയൊരു അവസ്ഥയായിരുന്നു. ടാക്സിക്കാരനോട് റയിൽവേ സ്റ്റേഷനിലേക്കുള്ള വാടകയെ പറ്റി ചോദിച്ചപ്പോൾ 900 രൂപ പറഞ്ഞു. 10 മിനുട്ട് യാത്രക്ക് വേണ്ടി 900 രൂപ കൊടുക്കാൻ സത്യം പറഞ്ഞാൽ എന്റെ മനസ് അനുവദിച്ചിരുന്നില്ല. അങ്ങനെ കുറച്ചു മുന്നോട്ട് നടന്നപ്പോളായിരുന്നു നമ്മുടെ സാക്ഷാൽ ആനവണ്ടിയെ കാണുന്നത്. ഒന്നും നോക്കിയില്ല ഓടി ചെന്ന് ബാക്ക് സീറ്റിൽ ഒരു സീറ്റ് ഉറപ്പിച്ചു. 30 കിലോയുടെ ഒരു ലഗേജ് കൂടി കയ്യിൽ ഉണ്ടായിരുന്നു. ആ ലഗേജ് ബസ്സിൽ എവിടെ വെക്കണം, എങ്ങനെ വെക്കണം എന്നൊക്കെ മുരളി ചേട്ടൻ കൃത്യമായി പറഞ്ഞു തന്നു.

എന്നെ പോലെ മറ്റ് ചില യാത്രക്കാരും ആ ബസ്സിൽ ഉണ്ടായിരുന്നു എല്ലാവരെയും ഡ്രൈവറും കണ്ടുക്ടറും കൂടി ഒരു പോലെ പരിചരിക്കുന്നുണ്ട്. 7.10 ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും യാത്ര തുടങ്ങി. രാത്രിയിൽ ഫ്ലൈറ്റിൽ നിന്നും കഴിച്ച ഭക്ഷണമൊഴിച്ചാൽ മറ്റൊന്നും കഴിച്ചിരുന്നില്ല അത് കൊണ്ട് തന്നെ നന്നേ ക്ഷിണിതനായിരുന്നു ഞാൻ. യാത്രയുടെ തുടക്കത്തിൽ ഒരുപാട് യാത്രക്കാർ കൂടെയുണ്ടായിരുന്നു. ഏതാണ്ട് കോഴിക്കോട് കൊടുവള്ളിയൊക്കെ കഴിഞ്ഞ ശേഷമായിരുന്നു സീറ്റ് ഏകദേശം കാലിയാകാൻ തുടങ്ങിയത്. അപ്പോഴേക്കും ഞാൻ വിശന്ന് വിശന്ന് ഒരു വിധമായിരുന്നു. അവസാനം മൂന്ന് പേർക്ക് ഇരിക്കാനുള്ള സീറ്റിൽ ഞാൻ കാലും നീട്ടി കിടന്നു.

സാധാരണ ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദകൾ ഉണ്ടല്ലോ. മുൻപിൽ ഇരിക്കുന്ന സീറ്റിൽ ചവിട്ടാതിരിക്കുക, മറ്റ് യാത്രക്കാർക്ക് ശല്യമുണ്ടാകാതിരിക്കുക തുടങ്ങിയ സർവ്വ മര്യാദകളും ഞാൻ ഈ ഘട്ടത്തിൽ മറന്നിരുന്നു. കണ്ടക്ടർ ചീത്ത വിളിക്കുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ മുരളി ചേട്ടൻ ഒന്നും പറഞ്ഞില്ല. വണ്ടി കണ്ണൂർ എത്തിയ ശേഷമായിരുന്നു പത്ത് മിനുട്ട് നേരം നിർത്തിയിട്ടത്. ആ സമയം കണ്ടക്ടർ എന്നെ തട്ടി വിളിച്ചു അത്യാവശ്യം വല്ലതും കഴിക്കാനാണേൽ ഇവിടുന്ന് കഴിക്കാം എന്ന് പറഞ്ഞു. ഞാൻ നേരെ താഴെ ഇറങ്ങി ബസ് സ്റ്റാൻഡിലെ ചെറിയൊരു ചായ കടയിൽ ചെന്നു ആദ്യം ഒരു ചൂട് ചായയും ഒരു മുട്ട പഫ്‌സും ഓഡർ ചെയ്തു. അതും കഴിച്ചു കഴിഞ്ഞു വീണ്ടും ഒരു ചായക്കും ഒരു സമൂസക്കും ഓഡർ ചെയ്തു. എന്നിട്ടും വിശപ്പ് അടങ്ങിയില്ല മൂന്നാമതും ഒരു ചായ കൂടി ഓഡർ ചെയ്തപ്പോൾ കടക്കാരൻ എന്നെ ഒന്ന് നോക്കി.

അപ്പോഴേക്കും വണ്ടി പോവാൻ റെഡി ആയിരുന്നു. ചൂട് ചായ ഊതി കുടിക്കുന്നതിനിടയിൽ കണ്ടക്ടർ ബസിൽ നിന്നും കൈ കൊണ്ട് ആക്ഷൻ കാണിച്ചു പതിയെ കുടിച്ചാൽ മതിയെന്നും സമയമുണ്ടെന്നും പറഞ്ഞു. അത് കേട്ടതോടെ ഞാൻ വീണ്ടും ഒരു പരിപ്പ് വട കൂടി ഓഡർ ചെയ്തു. എന്റെ തീറ്റ കണ്ടിട്ട് അവസാനം കടക്കാരന് വരെ ചിരി വന്നു.. അങ്ങനെ ബസ്സിൽ കയറി യാത്ര തുടർന്നു. യാത്രക്കാർ ഏതാണ്ട് കാലിയായതിനാൽ കണ്ടക്ടർ ബാക്ക് സീറ്റിൽ ഒറ്റക്ക് ഇരിക്കുകയായിരുന്നു. ചായ കുടിച്ചതോട് കൂടി എന്റെ ക്ഷീണവും വിശപ്പും മാറിയിരുന്നു. അങ്ങനെ കണ്ടക്ടർ മുരളി ചേട്ടന്റെ അടുത്തിരുന്ന് വർത്താനം പറയാൻ തുടങ്ങി. പെങ്ങളുടെ കല്യാണത്തിന് സസ്പെൻസായി വന്നതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ചിരി വന്നു. അങ്ങനെ ഓരോന്നും പറഞ്ഞു നീണ്ട ഏഴര മണിക്കൂർ യാത്ര കാസറഗോഡിൽ അവസാനിച്ചു.. സത്യത്തിൽ ഇത് പോലെയുള്ള ജീവനക്കാർ കെഎസ്ആർടിസിക്ക് എന്നും മുതൽ കൂട്ടാവും. ഡ്രൈവർ ബിനോയ് ചേട്ടനും കണ്ടക്ടർ മുരളി ചേട്ടനും എന്നും നന്മകൾ ഉണ്ടാവട്ടെ. എന്നും സ്നേഹത്തോടെ രതീഷ് നാരായണൻ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply