#ശ്രീ_മൃദംഗശൈലേശ്വരി_ക്ഷേത്രം : കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള കാക്കയങ്ങാട് നിന്നും മൂന്നു കിലോ മീറ്റർ അകലെ പ്രശാന്ത സുന്ദരമായ മുഴക്കുന്ന് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രം.പരശുരാമ പ്രതിഷ്ഠിതമായ നൂറ്റെട്ട് ദുർഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം കേരളവർമ്മ പഴശ്ശിരാജയുടെ കുടുംബക്ഷേത്രം കൂടിയാണിത് .
പണ്ട് ദേവലോകത്ത് നിന്നും ഇവിടെ ഒരു മിഴാവ് വീണു എന്നും അതോടെ മിഴാവ് കുന്ന് “എന്നും സ്ഥലം പറയപ്പെടുകയും, പില്ക്കാലത്ത് അത് ലോപിച്ച് മുഴക്കുന്ന് എന്നായെന്നും സ്ഥലനാമ ചരിതം .കുന്നത്തൂർപ്പാടിയിൽ നിന്നും പുരളി മലയിലേക്ക് ശ്രീ മുത്തപ്പ ചൈതന്യമെത്തിയപ്പോൾ മലമുകളിൽ കണ്ട മിഴാവിൽ ദേവീ സാന്നിധ്യം തിരിച്ചറിഞ്ഞ് ശ്രീമുത്തപ്പൻ ആ മിഴാവ് താഴേക്ക് തള്ളിയിട്ടു .രാജാവ് പ്രശ്നവശാൽ മിഴാവിൻ ദേവീചൈതന്യം കണ്ട് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന്റെ വടക്കു കിടക്കേ മൂലയിൽ പ്രതിഷ്ഠിച്ചു .ഇന്നും മിഴാവിൽ ഭഗവതിയെ ഭക്തർ അവിടെ വണങ്ങുന്നു .
ശ്രീ പോർക്കലിയായും വാഗ്ദേവതയായും ദേവീ ചൈതന്യം കുടികൊള്ളുന്ന ഈ മഹാക്ഷേത്രത്തിന്റെ ശക്തി വിശേഷണ കഥകൾ അനവധിയാണ് .പ്രതാപകാലത്തിൽ നിന്നും പിന്നീട് അന്തിത്തിരി പോലുമില്ലാതെ ഏറെക്കാലം ക്ഷയിച്ചു കിടന്നു ഈ ക്ഷേത്രം .ഒരുചാനൽ ചർച്ചയ്ക്കിടെ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ക്ഷേത്രവുമായ് ബന്ധപ്പെട്ട കേസന്വേഷത്തിനിടെ തനിക്കുണ്ടായ അനുഭവകഥകൾ പങ്കുവെച്ച അവസരത്തിൽ ആണ് വീണ്ടും ഭക്തജനശ്രദ്ധ ആകർച്ചുതുടങ്ങിയത് .
ഏറെ മൂല്യമുള്ള മൃദംഗ ശൈലേശ്വരിയുടെ പഞ്ചലോഹ വിഗ്രഹം മൂന്നു തവണ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് . ആ സമയത്തൊക്കെ മോഷ്ടാക്കൾക്ക് സ്ഥലകാല വിഭ്രമം സംഭവിക്കുകയും അനിയന്ത്രിതമായി മലമൂത്ര വിസർജ്യങ്ങൾ പോകുകയും ചെയ്തതോടെ പാതി വഴിയിൽ അവർ വിഗ്രഹം ഉപേക്ഷിക്കാറാണ് പതിവ്. . ഒരിക്കൽ മോഷ്ടാക്കൾ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു . പില്ക്കാലത്ത് പലപ്പോഴായി മറ്റു മോഷണകേസുകളിൽ പിടിയിലായ മോഷ്ടാക്കൾ ഒരേ അനുഭവം പങ്കു വെയ്ക്കുകയായിരുന്നു .
ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നു പോലും നിരവധി ഭക്തരാണ് അമ്മയുടെ അനുഗ്രഹം തേടി തിരുനടയിലേക്ക് ദിനവും എത്തിച്ചേരുന്നത്. സിനിമാ മേഖലയിലെതടക്കം നിരവധി പ്രമുഖർ ഇതിനോടകം ക്ഷേത്ര ദർശനം നടത്തി കഴിഞ്ഞു .കലയുടെ ഉപാസന മൂർത്തിയായ ദേവിയെ വണങ്ങുന്നത് കലാപരമായ കഴിവുകൾ വളരാൻ ഉത്തമമാണ് .മൃദംഗ ശൈലേശ്വരിയുടെ മുന്നിൽ മന:മുരുകി പ്രാർത്ഥിച്ചാൽ എത് ആസാധ്യകാര്യവും ജഗദംബയുടെ അനുഗ്രഹത്താൽ സാധ്യമാകുമെന്നാണ് ഭക്തലക്ഷങ്ങളുടെ അനുഭവസാക്ഷ്യം.
കഥകളിയുടെ വന്ദന ശ്ലോകമായ “മാതാംഗാനനമബ്ജവാസരമണിം ഗോവിന്ദമാദ്യം ഗുരും വ്യാസം പാണിനി ഗർഗ നാരദ കാണാദാദ്വാൻ മുനീന്ദ്രാൻ ബുധാൻ ദുർഗാഞ്ചാപി മൃദംഗ ശൈല നിലയാം ശ്രീ പോർക്കലീമിഷ്ടദാം
ഭക്ത്യാനിത്യമുപാസ്മഹേ സപ:ദിന കുർവന്ദ്വമീ മംഗളം ” എന്ന ശ്ലോകത്തിൽ വർണ്ണിക്കുന്നതും മൃദംഗ ശൈലേശ്വരിയെയാണ് .
കോട്ടയം തമ്പുരാൻ കഥകളിക്ക് ആദ്യമായി ഭാഷ്യം രചിച്ചത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു എന്നു പറയപ്പെടുന്നു . കഥകളിയുടെ സ്ത്രീ വേഷം ചിട്ടപ്പെടുത്താനാകാതെ ആകുല ചിത്തനായ് തമ്പുരാൻ ക്ഷേത്രത്തിൽ ധ്യാന നിമഗ്നനായിരിക്കെ ദേവി തന്നെ ക്ഷേത്രക്കുളത്തിൽ കഥകളിയിലെ സ്ത്രീ വേഷം പ്രത്യക്ഷപ്പെടുത്തി കാണിച്ചുകൊടുത്തു എന്നാണ് വിശ്വാസം. ക്ഷേത്രത്തോളം തന്നെ പ്രാധാന്യമേറിയതാണ് ക്ഷേത്രക്കുളവും. നവരാത്രിക്കാലവും മീനത്തിലെ പൂരവും തൃക്കാർത്തികയുമൊക്കെയാണ് ക്ഷേത്രത്തിലെ വിശേഷ ദിനങ്ങൾ .
ഈ വിഷുസംക്രമ ദിനത്തിലാണ് രണ്ടാംതവണ ഞാനീ ക്ഷേത്രമുറ്റത്ത് എത്തുന്നത്.കഴിഞ്ഞവർഷത്തെ ഇതേ സമയത്തെ ആദ്യ ദർശനത്തോടെയാണ് വാഗ്ദേവതയായ മൃദംഗ ശൈലേശ്വരിയുടെ അനുഗ്രഹത്താൽ അക്ഷരങ്ങളുടെ ലോകത്തേക്ക് ഞാൻ പിച്ചവെച്ചു തുടങ്ങിയത് . അതുകൊണ്ടുതന്നെ ഇത്തവണ ഈ സന്നിധിയിൽ എത്തിയത് ദേവിയുടെ ശക്തിവിശേഷണത്തിന്റെ കേട്ടറിഞ്ഞ കഥകൾക്കുമപ്പുറം എന്റെ അനുഭവസാക്ഷ്യം കൂടിയായാണ്.
വിഷുസംക്രമം ആയതിനാൽ തന്നെ ക്ഷേത്രത്തിൽ നല്ല ഭക്തജനത്തിരക്കുണ്ട്. കിഴക്കേനടയിൽ കലാപരിപാടികൾ അരങ്ങേറാറുള്ള മണ്ഡപം ( സ്റ്റേജ് ) അതിനു മുന്നിലായുള്ള വലിയ പന്തലിൽ നിന്നും ഭക്തർക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്യുന്നുണ്ട് ..ക്ഷേത്രത്തിനു മുന്നിലായുള്ള കുളത്തിലിറങ്ങി പാദസ്നാനം ചെയ്ത് പടവുകൾ കയറുമ്പോൾ സമീപത്ത് സ്ഥാപിച്ച ചിത്ര സഹിതമുള്ള ക്ഷേത്രക്കുളത്തിന്റെ മഹാത്മ്യം വിവരിക്കുന്ന ബോർഡ് കാണാം . ഷീറ്റ് മേഞ്ഞ ചെറുകടകളിൽ പൂജാ സാധനങ്ങളും ,ക്ഷേത്ര ചരിത്രം വിവരിക്കുന്ന പുസ്തകങ്ങളുമൊക്കെ വില്പനയ്ക്കു വച്ചിട്ടുണ്ട്.
കിഴക്കേ കവാടത്തിലൂടെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു .പൗരാണിക തനിമ വിളിച്ചോതുന്ന ക്ഷേത്രാന്തരീക്ഷം. കേരളീയ വാസ്തു വിദ്യയിലാണ് നിർമിതി . വലിയ മരത്തൂണുകൾ ഉള്ള മുഖമണ്ഡപം ,അതിന്റെ വാതിലുകൾ പിച്ചളയിൽ പൊതിഞ്ഞിരിക്കുന്നു .മണ്ഡപത്തിനു മുന്നിൽ വലിയ കൽവിളക്ക് .മണ്ഡപംവഴി നാലമ്പലത്തിനകത്ത് പ്രവേശിച്ചാൽ ആദ്യം കാണുന്ന നമസ്കാര മണ്ഡപം അതിന്റെ മേൽ ഭാഗത്തെ മരത്തടിയിൽ ഗണപതി ദേവന്റെ ചെറു രൂപങ്ങൾ ചിത്രവേല ചെയ്തിരിക്കുന്നു .ഇരുവശവും ദ്വാരപാലകൻമാർ കാവൽ നിൽക്കുന്ന ശ്രീകോവിലിൽ സർവ്വലങ്കാരവിഭൂഷിത മായ പഞ്ചലോഹ വിഗ്രഹത്തിൽ ദേവീചൈതന്യം നിറഞ്ഞു നിൽക്കുന്നു .
ശ്രീകോവിനു മുന്നിൽ തൊഴു കൈകളോടെ നിൽക്കുമ്പോൾ സകല ചിന്തകളിൽനിന്നു മുക്തമാക്കപ്പെട്ട് മനസ്സ് പൂർണ്ണമായും ദേവീ സങ്കൽപ്പത്തെ അറിഞ്ഞു, ഭക്തി സാഗരത്തിൽ ആറാടി . ഈ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്ന ഏതൊരാളും അനുഭവിച്ചറിയുന്ന അതേ ആനന്ദം….!!!
അമ്മയുടെ മുന്നിൽ നെയ്യ് വിളക്കുവെച്ച് മനമറിഞ്ഞു പ്രാർത്ഥിക്കുന്ന ഭക്തർ. അവരിലൊരാളായി ഞാനും ദേവിയെ വണങ്ങി .ഗണപതിയെയും വടക്കുകിഴക്കേ മൂലയിലെ മിഴാവിൽ ഭഗവതിയെയും തൊഴുതു. ദക്ഷിണാമൂർത്തിയെയും വണങ്ങി പ്രസാദവും വാങ്ങി പുറത്തിറങ്ങി ഉപദേവനായ ശാസ്താവിനെയും ദർശിച്ചു . ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലൂടെ ശ്രീ പോർക്കലിയുടെ ആരൂഢ സ്ഥാനത്തേക്കു നടന്നു .
ഇരുവശവും വലിയ മരങ്ങൾ തണലിട്ടു നിൽക്കുന്ന ഇവിടം പൂർണ്ണമായും പ്രകൃതിയുടെ ശാന്തതയിൽ അലിഞ്ഞു ചേർന്ന അന്തരീക്ഷം. ഈ ഗുഹാക്ഷേത്രത്തിൽ ഇന്ന്പ്രതിഷ്ഠയോ പൂജയോ ഒന്നുമില്ല. പോർക്കലി എന്നാൽ ‘പോരിൽ കലിതുള്ളുന്ന കാളി ” എന്നാണർത്ഥം. പിറന്ന നാടിനായി ജീവിതം സമർപ്പിച്ച് അവസാനം ശ്വാസം വരെയും നാടിനു വേണ്ടിയ പോരാടിയ പഴശ്ശി രാജാവ് യുദ്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് ശ്രീ പോർക്കലിയെ പ്രീതിപ്പെടുത്തുക പതിവായിരുന്നു .
ദർശനം കഴിഞ്ഞ് പുറത്തിറങ്ങി പ്രഭാതഭക്ഷണവും കഴിച്ച് ക്ഷേത്രചരിതകഥകൾ വിവരിക്കുന്ന പുസ്തകവും വാങ്ങി . പിന്നെ ക്ഷേത്രത്തിൻറെ വടക്കേ നടയിൽ സ്ഥാപിച്ച പഴശ്ശിരാജാവിന്റെ പൂർണ്ണകായ പ്രതിമയ്ക്കരികിൽ എത്തി ഭക്ത്യാദരങ്ങളോടെ നമിച്ചു. ചരിത്രവും ഐതിഹ്യവും ഇഴചേർന്നു കിടക്കുന്ന ഇവിടം എത്തിച്ചേരാനായത് എന്റെ ജന്മ പുണ്യo.
ഒന്നാം സ്വാതന്ത്ര്യ സമരത്തിനു അരനൂറ്റാണ്ട് മുമ്പു തന്നെ കുറിച്യ പോരാളികളുമായി ചേർന്ന് നാടിന്റെ മോചനത്തിനായി പാശ്ചാത്യ ശക്തിക്കെതിരെ പോരാടിയ കേരളസിംഹം വീരപഴശ്ശിയുടെ ഓർമകൾ ഉറങ്ങുന്ന ആ മണ്ണിനോട് വിടപറഞ്ഞകലുമ്പോൾ പഴശ്ശിയുടെ ഇഷ്ടദേവത സന്നിധിയിലെത്തിയതിന്റെ ആത്മനിർവൃതിയിലായിരുന്നു ഞാൻ …
വിവരണം – ശുഭ ചെറിയത്ത്.