ഈ വിവരണം നിങ്ങൾക്കായി എഴുതിയിരിക്കുന്നത് – Jince Berliegh K John.
ആരെയും മയക്കുന്ന ഭംഗിയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു.. അതുപോലെ തന്നെ അങ്ങോട്ടുള്ള റൂട്ടും അത് കഴിഞ്ഞുള്ള പൊള്ളാച്ചി റൂട്ടും.. കേരളത്തിലെ തന്നെ ഏറ്റവും മികച്ച കാനനപാത എന്നുതന്നെ പറയാവുന്ന റോഡും. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ.. സഞ്ചാരിയായി അല്ലാതെ ജോലിയുടെ ഭാഗമായി അവിടുത്തുകാരനായി തന്നെ വർഷങ്ങളോളം താമസിച്ചതിൽ നിന്നുള്ള ചെറിയ അനുഭവങ്ങൾ..
ട്രാവലേഴ്സ് ഫോറം ഗ്രൂപ്പിൽ ഒരുപാട് തവണ കണ്ടിട്ടുണ്ട് ആ വഴികളിലൂടെയുള്ള യാത്രകളെ പറ്റിയും അതിനെ കുറിച്ചുള്ള തർക്കങ്ങളും.. മിക്കവാറും എല്ലാ പോസ്റ്റുകൾക്കും കമന്റ് ചെയ്യാറുണ്ട്. പകുതി പേരും തള്ളിക്കളയുകയോ തർക്കിക്കുകയോ പരിഹസിക്കുകയോ ആണ് പതിവ്. കമന്റ് കണ്ടിട്ട് മെസ്സേജ് വഴി എല്ലാ കാര്യങ്ങളും ഡീറ്റെയിൽസ് ആയി ചോദിച്ചു അറിയുന്ന ചുരുക്കം ചിലരും ഉണ്ട്. ഈ അടുത്ത് ഫോറത്തിൽ കാട്ടാനയുടെ മുന്നിൽ പെട്ടാലുള്ള കാര്യങ്ങളെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടപ്പോൾ വളരെ നല്ല കമന്റ്സും പ്രോത്സാഹനവും ആണ് കിട്ടിയത്. അതുകൊണ്ടാണ് വീണ്ടും പോസ്റ്റ് ചെയ്യാൻ ഒരു തോന്നൽ ഉണ്ടായത്.
സഞ്ചാരികൾ ആയി പോകുന്നവരിൽ ആയിരത്തിൽ ഒരാൾക്ക് ആയിരിക്കാം ആ വഴികളിൽ വെച്ചു ദുരനുഭവം ഉണ്ടായിട്ടുള്ളത്. ബാക്കി 999 പേരും നന്നായി ആസ്വദിച്ചു ഒരു പ്രേശ്നവും കൂടാതെ തിരിച്ചു വന്നവർ ആയിരിക്കും. അതുകൊണ്ടാണ് അഭിപ്രായം ചോദിക്കുന്നവരോട് ധൈര്യമായി പൊയ്ക്കോളൂ, ഒരു കുഴപ്പവുമില്ല എന്നൊക്കെ പറയുന്നതും, അപകടസാധ്യത ചൂണ്ടിക്കാണിക്കുന്നവരെ പരിഹസിക്കുന്നതും. അറിയാവുന്ന അല്ലെങ്കിൽ അനുഭവിച്ചിട്ടുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക എന്നല്ലാതെ അതുവഴി പോകുന്ന ഒരാളുടെ ട്രിപ്പ് മുടക്കിയിട്ടു നേട്ടങ്ങൾ ഒന്നുമില്ല.
വണ്ടിഭ്രാന്ത് മൂത്തു എഞ്ചിനീയറിംഗ് മേഖലയിൽ നിന്നും ഒരു ഇടവേള എടുത്തു പോപ്പുലർ മാരുതിയിലും രാത്രിയിൽ വാട്ടർ ടാങ്കറുകളും അവധിദിനങ്ങളിൽ പ്രൈവറ്റ് ബസും ഓടിച്ചു നടക്കുന്ന സമയത്തു ആണ് കല്യാണ ആലോചനകൾ വരുന്നത്. നല്ല വരുമാനം ഉണ്ടെങ്കിലും വണ്ടിപ്പണി വിവാഹമാർക്കറ്റിൽ വളരെ താഴ്ന്ന നിലയിൽ ആണെന്ന് അപ്പോൾ ആണ് മനസിലായത്. അങ്ങനെ 9 മാസങ്ങൾക്കു ശേഷം വീണ്ടും പഴയ മേഖലയിലേക് മാറാനുള്ള ശ്രമത്തിന്റെ ഫലമായി ഇന്റർവ്യൂ ഒക്കെ പാസായി ജോലിക്കു കേറാൻ ചെന്നപ്പോൾ ആണ് ഡയറക്ടറിന്റെ ചോദ്യം.. അതിരപ്പിള്ളിയിൽ ജോയിൻ ചെയ്യാമോ എന്നു.. കാട്ടുവഴിയുടെ ഭംഗിയും വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും മാത്രമായിരുന്നു അന്ന് അതിരപ്പിള്ളി എന്നു കേട്ടാൽ മനസ്സിൽ തെളിയുക. കൊച്ചിയിൽ നിന്നൊരു മാറ്റം മനസും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കേട്ടപാടെ സമ്മതിച്ചു.
നേരെ അതിരപ്പിള്ളിക്ക് വെച്ചു പിടിച്ചു. കൂടെ വേറെ 3 പേര് കൂടി ഉണ്ടായിരുന്നു. ചാലക്കുടി അതിരപ്പിള്ളി ബസിൽ സൈഡ് സീറ്റ് പിടിച്ചു. 70 മിനുട്ടുകൾ കൊണ്ട് ബസ് അവസാന സ്റ്റോപ്പ് ആയ അതിരപ്പിള്ളി എത്തി. അവിടുന്ന് 5 മിനിറ്റ് നടക്കാനുള്ളു ഓഫീസിലേക്ക്. അവിടെ എത്തിയപ്പോൾ ഇരട്ടി സന്തോഷം. വെള്ളച്ചാട്ടത്തിലേക്ക് ഡയറക്റ്റ് വ്യൂ.. നിറയെ മരങ്ങൾ, മരച്ചില്ലകളിൽ ഇരുന്നു കുരങ്ങൻമ്മാരുടെ ഓരോ വികൃതികൾ.. സുന്ദരന്മാരായ മലയണ്ണാനുകൾ, കോമ്പൗണ്ടിൽ മേഞ്ഞുനടക്കുന്ന മ്ലാവുകൾ.. ആഹാ.. പക്ഷേ നേരം ഇരുട്ടുന്നതു വരെ ഉള്ളായിരുന്നു ആ സന്തോഷം.. രാത്രി ആയപ്പോഴേക്കും ചീവീടിന്റെ കരച്ചിലും ഒന്നുരണ്ടു തവണ ആനയുടെ ചിന്നം വിളിയും ഒക്കെ കേട്ടുതുടങ്ങി. പകൽ സ്വിമ്മിംഗ് പൂളിന് അരികിലായി കണ്ട ശംഖുവരയന്റെ (വെള്ളിക്കെട്ടൻ / indian krait) കാര്യം കൂടി ഓർത്തപ്പോൾ ഭയം പതിയെ പതിയെ മനസിൽ ഉയർന്നു.. ആകെ ഒരു ആശ്വാസം കാലാവസ്ഥ ആയിരുന്നു. കൊച്ചിയെ അപേക്ഷിച്ചു നല്ല തണുപ്പ്.. രാവിലെ എഴുന്നേറ്റപ്പോൾ ആണ് അറിഞ്ഞത് കൂടെ വന്നവരിൽ 2 പേര് പാമ്പിനെ പേടിച്ചു ആദ്യത്തെ ബസിനു തന്നെ നാടുകടന്നു എന്നു.
ഒരാഴ്ച കൊണ്ട് ഏകദേശം പരിചിതമായി. അപ്പോഴേക്കും കൂടെ വന്നിരുന്ന മൂന്നാമനും മുങ്ങിയിരുന്നു. സഫാരി പോയിട്ടുവരുന്നവർ പറയുന്ന കഥകൾ കേട്ടു വണ്ടറടിച്ചു അവിടുത്തെ ഡ്രൈവർ-കം-ഗൈഡ് സുരേഷേട്ടനെ സോപ്പിട്ടു സഫാരി വണ്ടിയുടെ സാരഥ്യം ഏറ്റെടുത്തു. അത് പുള്ളിക്കും ഒരു ഉപകാരം ആയതുകൊണ്ട് അധികം സോപ്പ് വേണ്ടിവന്നില്ല. അതിരപ്പിള്ളി- ഷോളയാർ ആയിരുന്നു പ്രധാന റൂട്ട്. ഇടക്കൊക്കെ കൂട്ടുകൂടി മലക്കപ്പാറയും വാൽപ്പാറയും. ആദ്യമൊക്കെ ആ വഴിയിലൂടെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ മാത്രം പോകുമ്പോൾ ഓരോ വളവുകൾ എത്തുമ്പോഴും കാലും കൈയും വിറക്കും, ഹൃദയമിടിപ്പ് കൂടും.. ആന റോഡിൽ നിൽക്കുന്നുണ്ടാവുമോ, വാഹനത്തിനു കേടു വന്നു വഴിയിൽ കിടക്കേണ്ടി വരുമോ എന്നൊക്കെ ഓർത്തു..
ദിവസങ്ങൾ കഴിയും തോറും ഭയം കുറഞ്ഞു തുടങ്ങി. പിന്നെ പതിയെ ഭയം ഇഷ്ടത്തിന് വഴിമാറി.. രാജവെമ്പാലയും, ഇരുതലമൂരിയും, ശംഖുവരയനും,പന്നിയും, മ്ലാവും ഒക്കെ ഒരു പുതുമ അല്ലാതായി. ഒരുപാട് തവണ ഒറ്റയാന്റെയും മോഴയുടെയും ഒക്കെ മുന്നിൽ പെട്ടെങ്കിലും വീണ്ടും വീണ്ടും കാട്ടാനയേയും കാട്ടുപോത്തിനേയും, പുലിയേയും, കരടിയെയും കാണാൻ സഫാരി പോകുന്നത് ത്രിൽ ആയി. കടുവയെ കാണാൻ വേണ്ടി കുറേ അലഞ്ഞു. പക്ഷേ, മുള്ളൻപന്നിയെ തിന്നാൻ ശ്രമിച്ചു വീരചരമം പൂകിയ ഒന്നിനെ വാല്പാറ വെച്ചു കാണാൻ പറ്റിയെന്നല്ലാതെ, ജീവനോടെ, ആ ഒരു ഉശിരോടെ കാട്ടിലെ യഥാർത്ഥ രാജാവിനെ കാണാൻ പറ്റിയില്ല.. അതൊരു നഷ്ടം…
പ്രസവത്തോടെ മരിച്ച കുഞ്ഞിനെ വിട്ടുപോകാൻ തയ്യാറാവാതെ തട്ടിയും മുട്ടിയും ഒക്കെ അതിനെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്ന അമ്മയാന, ഏതോക്കെയോ വാഹനങ്ങൾ ഇടിച്ചിട്ടുപോയ വെരുക്, പാമ്പുകൾ, കുരങ്ങുകൾ, പ്ലാസ്റ്റിക് തിന്നു ചത്തുപോയ മാനുകൾ. ഒക്കെ ഓരോ നോവുകൾ..
ദിവസവേതനത്തിനു ജോലിക്ക് വന്ന വാഴച്ചാൽ സ്വദേശിയെ തിരിച്ചു വീട്ടിൽ കൊണ്ടുപോയി ആക്കിയിട്ടു ബൊലേറോയിൽ ഒറ്റക്ക് തിരിച്ചു വരുന്നവഴി രാത്രി ഏകദേശം 1 മണിക്ക് ചാർപ്പക്കു അടുത്ത് വെച്ചു റോഡിൽ ആന നിൽക്കുന്നത് കണ്ടതാണ് ഏറ്റവും ഭയപ്പെട്ട നിമിഷം.. വാഴച്ചാലിനു മുൻപ് വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്ന മിഥ്യധാരണ ഉണ്ടായിരുന്നത് കൊണ്ടാണ് ഡ്രൈവറെ ഒഴിവാക്കി ഒറ്റക്ക് പോയത്. അതിനു ശേഷം പല തവണ കണ്ടു വാഴച്ചാലിനു മുൻപ് ആനയെ. ഒരിക്കൽ പുലിയെയും.
ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയും ആയ, പത്രം വായിക്കാൻ കണ്ണട വെക്കുന്ന, എന്നാൽ കാട്ടിൽ കയറിയാൽ പരുന്തിന്റെ കാഴ്ചശക്തിയുള്ള സുരേഷേട്ടൻ. അദ്ദേഹത്തിന്റെ ധൈര്യവും അനുഭവസമ്പത്തും കൊണ്ട് മാത്രം ആനയുടെ മുന്നിൽ നിന്നും, മരണത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ട അവസരങ്ങൾ.. കാടിന്റെ പുത്രൻ എന്ന പേരുള്ള ബൈജു ചേട്ടൻ പകർന്നു തന്ന അറിവുകൾ അവിസ്മരണീയം .. (ബൈജു കെ വാസുദേവൻ)..
കുറേ വട്ടന്മാരുടെ കഴിവുകേടും ബോധമില്ലായ്മയും അഹങ്കാരവും അമിത ആത്മവിശ്വാസവും നിറഞ്ഞ ഡ്രൈവിംഗ് ശീലങ്ങൾ കൊണ്ട് ഉണ്ടായ അപകടങ്ങൾ കണ്ടത് – ചാർപ്പ പാലത്തിനു താഴേക്കു പോയ മാരുതി എർട്ടിഗ.. റോഡിൽ നിന്നും പാളി താഴേക്കു വീണു തീ പിടിച്ച ഹ്യുണ്ടായ് ഐ ട്വൻറിയുടെ ഡ്രൈവിംഗ് സീറ്റിൽ കത്തിക്കരിഞ്ഞിരുന്ന ചാലക്കുടി സ്വദേശി.. ഷോളയാറിനടുത്തുള്ള വളവിൽ നിയന്ത്രണം വിട്ടു താഴേക്കു വീണ് ഒരാളുടെ മരണത്തിനും കുറേ പേരുടെ പരിക്കിനും ഇടയാക്കിയ തമിഴ്നാട് ട്രാൻസ്പോർട് ബസ്.. വെറുതെ നിന്ന ആനയുടെ പിന്നാലെ ചെന്ന് പ്രകോപിപ്പിച്ചു പണി ഇരന്നുവാങ്ങിയ ചില ഭ്രാന്തൻമാർ.. ഫോറെസ്റ്റ് ഓഫീസർ ആണെന്ന ജാഡ കാണിച്ചു മുന്നറിയിപ്പ് അവഗണിച്ചു റോഡിൽ നിന്ന ആനയുടെ അടുത്ത് കൂടെ ബൈക്കിൽ പോകാൻ നോക്കി 6 മാസം ആശുപത്രിയിൽ കിടന്ന ഒരു പാവം. ഹോൺ അടിച്ചു ആനയെ മാറ്റാൻ ശ്രേമിച്ച കാർ പൊളിച്ചടുക്കിയ ഒറ്റയാൻ.
വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും താഴേക്കു വീണു ചത്തുപോയ മ്ലാവ്.. ബോലേറൊയുടെ മുന്നിലൂടെ സ്ലോ മോഷനിൽ നടന്നുപോയ, ഞാൻ ആദ്യമായി കണ്ട പുലി. അതിരപ്പിള്ളിക്ക് മുൻപ് എസ് വളവിനു താഴെ ജനവാസമേഖലയിലേക്കു പട്ടിയെ ഓടിച്ചുകൊണ്ടു കൊണ്ട് റോഡിലേക്ക് വന്ന പുലി, കൊന്നക്കുഴിയിൽ വെച്ച് പന്നിക്കു വെച്ച കെണിയിൽ കുടുങ്ങി ചത്തുപോയ പുലി. ഇടയ്ക്കിടയ്ക്ക് എണ്ണപ്പനതോട്ടത്തിൽ നിന്നും പിടിയിലാകുന്ന രാജവെമ്പാലകൾ, ഐപിഎൽ മാച്ച് കണ്ടുകൊണ്ടിരിക്കെ സോഫയുടെ അടിയിൽ നിന്നും സ്കോർ നോക്കാൻ പുറത്തേക്കു ഇറങ്ങിവന്ന ഗോൾഡൻ കോബ്ര എന്ന സുന്ദരനായ മൂർഖൻ.. പച്ചിലപാമ്പ് എന്നു കരുതി ബാംബൂ പിറ്റ് വൈപ്പർ എന്ന അണലിയെ കൈയിൽ ചുരുട്ടിയെടുത്തു കടിവാങ്ങി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഐസിയൂവിൽ കിടന്ന ജീപ്പ് ഡ്രൈവർ. മ്ലാവും പന്നിയും ഒക്കെ കൂടി വട്ടം ചാടിയും കൂട്ടിമുട്ടിയും ബൈക്കിൽ നിന്നും മറിഞ്ഞുവീണവർ .. മലക്കപ്പാറക്കു മുൻപായി റോഡിൽ മണ്ണിടിഞ്ഞു KSRTC ബസിനെ നിരക്കി കൊണ്ടു പോയി കൊക്കയുടെ വിളുമ്പിൽ കൊണ്ട് വെച്ചത്.. ഇതൊക്കെ ഓരോ അനുഭവങ്ങൾ..
ചെറുതും വലുതുമായ അപകടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് ആ വഴികളിൽ. കണ്മുന്നിൽ വെച്ചും അല്ലാതെയും.. മൃഗങ്ങളെ വെറുതെ വിടുക.. കാട് അവരുടേതാണ്, അതിനു നടുവിലൂടെ റോഡ് ഉണ്ടാക്കിയ നമ്മൾ ആണ് അവിടെ കടന്നുകയറ്റക്കാർ. സൂക്ഷിച്ചു പോവുക. ഇനി സൂക്ഷിച്ചു പോയില്ലേലും ഭാഗ്യം ഉണ്ടേൽ ആദ്യം പറഞ്ഞ 999 പേരിൽ ഒരാളായി സേഫ് ആയി തിരികെ വരാം. ചിലപ്പോൾ ബാക്കിയുള്ള ആ ഒരാൾ ആവാം, ആയിരത്തിൽ ഒരുവൻ. അത് നിങ്ങൾ ആയിക്കൂടാ എന്നില്ല…. പാൽനിറത്തിൽ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം മാത്രം മനസ്സിൽ വെച്ച് പോകുന്നവരോട്…. ചുവന്ന നിറത്തിൽ ഒഴുകിയ ചോരയുടെ കഥകൾ കൂടിയുണ്ട് അവിടെ.. സഞ്ചാരികളും യാത്രികരും അതൊക്കെ അറിയണമെന്നില്ല.. പുറമെ കാണുന്ന സൗന്ദര്യം മാത്രമല്ല കാടും കാനനപാതകളും.. ഒളിപ്പിച്ചു വെച്ച അപകടങ്ങളും കൂടിയാണ്…