മനോഹരമായ ഈ യാത്രാവിവരണം എഴുതിയത് – ശുഭ ചെറിയത്ത്.
ചുരങ്ങൾ വയനാടിന്റെ സ്പന്ദനമാണ്. വയനാടിനെ മറ്റു ജില്ലകളുമായ് ബന്ധിപ്പിക്കുന്ന കണ്ണി. താമരശ്ശേരി ചുരവും കുറ്റ്യാടി ചുരവും നെടുംപോയിൽ ചുരവും പാൽച്ചുരവുമൊക്കെ വയനാട് എന്ന സുന്ദര ഭൂമിലേക്കുള്ള പാത തുറക്കുന്നു. ചുരംപാത താണ്ടുന്ന യാത്രക്കാർക്ക് പ്രകൃതിയെ അടുത്തറിയാനുള്ള അവസരത്തോടൊപ്പം കാഴ്ചയുടെ പുതുവസന്തം കണ്ണുകളിൽ വിരിയിക്കുന്നുമുണ്ട് ഇത്തരം ചുരംയാത്രകൾ.
പല ചുരങ്ങളിലൂടേയും യാത്ര ചെയ്തിട്ടുണ്ടെങ്കിലും എന്നും എനിക്കേറേ പ്രിയപ്പെട്ട ചുരമാണ് പാൽച്ചുരം .എന്റെ നാടായ കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന എളുപ്പമാർഗ്ഗം. ഇത്തവണ ഇരിട്ടിയിൽ നിന്ന് മാന്തവാടിയിലേക്ക് ഉച്ചയ്ക്ക് രണ്ട് മണിക്ക് ബസിൽ കയറുമ്പോൾ പാൽച്ചുരം വഴി ബസ്സിൽ യാത്ര ചെയ്യുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാനും കുട്ടികളും. ബസ്സിൽ നല്ല തിരക്കുണ്ടെങ്കിലും കാഴ്ചകൾ കാണാൻ തക്കവിധം നല്ലൊരു സീറ്റിൽ ഇടം പിടിച്ചു. നാട്ടിലേക്കുള്ള യാത്രയിലും മടക്കയാത്രയിലും എന്നും മനസ്സിൽ കുളിർ കോരിയിട്ടിരുന്നു പാൽച്ചുരം , ഓരോ യാത്രയിലും വേറിട്ട അനുഭൂതി പകർന്ന് തന്നു കൊണ്ട്. വെയിലും മഴയും മഞ്ഞും എന്നും ചുരം കാഴ്ചകളിൽ വ്യത്യസ്ഥത പകർന്നിരുന്നു ,കണ്ടു മടുത്ത കാഴ്ചകൾക്കപ്പുറം ഇത് വരെ കാണാത്ത വിസ്മയ കാഴ്ചകൾ ഒരുക്കി തന്നു കൊണ്ട്..
ബസ് കൊട്ടിയൂരിലെത്തിയപ്പോൾ ചാറ്റൽ മഴ പൊഴിഞ്ഞു തുടങ്ങി. കൊട്ടിയൂരപ്പന്റെ തൃപ്പാദങ്ങളെ തഴുകി കൊണ്ട് നിറഞ്ഞൊഴുകുന്നു പുണ്യനദിയായ ബാവലി ആ കാഴ്ചകൾകണ്ട് ബസ് അമ്പായത്തോടും കഴിഞ്ഞ് ചുരം കയറാൻ തുടങ്ങി. അഞ്ച് ഹെയർ പിൻ വളവുകൾ മാത്രമുള്ള ചുരം .മറ്റു ചുരങ്ങളിൽ നിന്നും വ്യത്യസ്തമായി കുത്തനെയുള്ള ചുരമാണിത് ഇടുക്കിയ റോഡും .രണ്ടു വലിയ വാഹനങ്ങൾ ഒരുമിച്ച് കടന്നു പോകാൻ ബുദ്ധിമുട്ടാണ്. കെ.എസ്. ആർ .ടി.സി മാത്രമേ ഇതു വഴി സർവ്വീസ് നടത്തുള്ളൂ.
ബസ് സാവധാനം ചുരം കയറാൻ തുടങ്ങി ചുരത്തിന്റ ഒരു വശം വലിയ മലയും മറുവശം കൊക്കയുമാണ്. സുരക്ഷാ സംവിധാനങ്ങളും കുറവാണ്.ഇതു വഴിയുള്ള യാത്രകൾ സാഹസികമെങ്കിലും ചുരം നൽകുന്ന കാഴ്ചകൾ വീണ്ടും വീണ്ടും മോഹിപ്പിക്കും യാത്രക്കാരെ ഈ വഴി തിരഞ്ഞെടുക്കാൻ. ചുരത്തിനടുത്തുള്ള പാൽചുരം വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. രണ്ട് ഹെയർ പിൻ വളവുകൾ പിന്നിട്ടപ്പോൾ തന്നെ ബസ് മുന്നോട്ട് നീങ്ങാൻ മടിച്ചു. ഇതു മനസ്സിലാക്കി കുറച്ചു യാത്രക്കാർ ബസിൽ നിന്നും ഇറങ്ങി ചുരത്തിന്റെ മുകളിലേക്ക് നടന്നു.തണുത്ത കാറ്റ് ബസ്സിനത്തേക്ക് വീശിയടിക്കുന്നു. മലമുകളിൽ നിന്നും താഴേക്ക് എടുത്തു ചാടാൻ നിൽക്കുന്നു പാറക്കൂട്ടങ്ങൾ ,ഞാനാദ്യം ഞാനാദ്യം എന്ന മട്ടിൽ വൃക്ഷങ്ങളും .മണ്ണിടിച്ചിൽ കാരണം എന്നും അപകടങ്ങൾ പതിയിരിക്കുന്ന റോഡു കൂടിയാണിത് .മഴക്കാലമായാൽ പിന്നെ പറയേണ്ടതില്ല. നേരിയ ഭയം കൂടാതെ ഈ ചുരം കടന്നു പോകാത്തവർ വിരളം.
പകുതി യാത്രക്കാരെയും കൊണ്ട് ബസ് സാവധാനം ചുരം കയറി തുടങ്ങി. ബസ്സിൽ നിന്നിറങ്ങിയവർ മഞ്ഞിൽ മൂടി ചുരം കാഴ്ച്കൾ നന്നായി ആസ്വദിച്ചു കാണും .ഉച്ച സമയത്ത് പോലും തൊട്ടു മുന്നിലുള്ള വാഹനത്തെ കാണാൽ പാറ്റാത്ത വിധം മൂടൽമഞ്ഞാൽ നിറഞ്ഞിരിക്കും ഇവിടം .ചുരം കാഴ്ച്ചകളിലേക്ക് കണ്ണു തുറന്നു ഞാനിരുന്നു. നീലാകാശത്തിനു കീഴിൽ നോക്കേത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചസമുദ്രം പോലെ താഴ്വര. അവയ്ക്കിടയിൽ നീങ്ങിയ കലുന്ന കോടമഞ്ഞ്.അങ്ങിങ്ങായി തല ഉയർത്തി നിൽക്കു മലകൾ .അവയിലൂടെ പാൽ നുര പോലെ ഒഴുകുന്നു ചെറു അരുവികൾ. ആ മനോഹര ദൃശ്യം ആസ്വദിച്ച് ചുരത്തിന് മുകളിലെത്തി.
നടന്നു വരുന്ന യാത്രക്കാരെ കാത്ത് ബസ് അല്പപസമയം നിർത്തി. സമീപത്ത് കൂടി ഒഴുകുന്ന ചെറു അരുവിയുടെ കള കള ശബ്ദം കാതിൽ സംഗീതം തീർത്തു.റോഡരികിൽ ചെറു കാറ്റിൽ ആടിയുലയുന്ന കാട്ടു പൂക്കൾ എന്നിൽ ബാല്യത്തിന്റെ സുന്ദര ചിത്രങ്ങൾ തെളിയിച്ചു .യാത്രക്കാരെയും കയറ്റി ബസ് ബോയ്സ് ടൗണിലെത്തി. എന്റെ ഹൃദയതാളം വർദ്ധിപ്പിച്ച് കൊണ്ട് കാഴ്ചയുടെ നവ്യാനുഭവം പകർന്നു തന്ന പാൽച്ചുരം യാത്ര അവസാനിച്ചു.തേയില തോട്ടങ്ങൾ അതിരിട്ട റോഡിലൂടെ വയനാടൻ തണുപ്പും മഞ്ഞും നുകർന്ന് യാത്ര തുടർന്നു. ചുരം കനിഞ്ഞാൽ മാത്രം നാട്ടിലേക്കു യാത്ര ചെയ്യാൻ പറ്റുന്ന എന്നെപോലുള്ളവർക്ക് ചുരം കാഴ്ചയ്ക്കപ്പുറം ജീവിതത്തിന്റെ ഭാഗം കൂടിയാണ് . ഓരോ യാത്രയിലും ചുരം പകരുന്ന വിസ്മയകാഴ്ചകളും അനുഭവങ്ങളും മനസ്സിൽ കോർത്ത് ജീവിത യാത്ര തുടരുകയാണ്….