മാനും മയിലും ആനയും മറ്റു വന്യജീവികളും വിഹരിക്കുന്ന കുഞ്ഞു ദ്വീപിൽ പുറം ലോകത്തുനിന്നും ഒറ്റപ്പെട്ട് കഴിയുക! മുളംചങ്ങാടത്തിൽ ദ്വീപിൽഎത്തി, വിറകടുപ്പിൽ ഭക്ഷണം പാകംചെയ്ത്, മൃഗങ്ങൾ അടുത്ത് വരാതിരിക്കാൻ കരിയില കൂട്ടി തീയിട്ട്, മരത്തിനു മുകളിലെ ചെറു കൂടാരത്തിൽ അന്തിയുറങ്ങി…..അങ്ങനെ ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ അഭിനവ റോബിൻസൺ ക്രൂസോമാർ ആവുകയായിരുന്നു!
കൊടും കാടിന്റെ വന്യതയിൽ, 500 മീറ്റർ മാത്രം ചുറ്റളവുള്ള ഇത്തിരിക്കുഞ്ഞൻ ദ്വീപിന്റെ വിജനതയിൽ, പ്രകൃതിയോട് ചേർന്നു രണ്ട് ദിനങ്ങൾ…വിദേശ രാജ്യത്തെ പേരെടുത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷന്റെ കഥയല്ല, നമ്മുടെ കേരളത്തിന്റെ സ്വന്തം പറമ്പിക്കുളം ടൈഗർ റിസർവിലെ പെരുവാരി ദ്വീപിൽ ചെലവഴിച്ച സ്വപ്നസമാനമായ നിമിഷങ്ങളെ പറ്റിയാണ് പറയുന്നത്!
പറമ്പികുളത്തെ മൂന്ന് ഡാമുകളിൽ ഒന്നാണ് പെരുവാരിപള്ളം ഡാം. ആ അണക്കെട്ടിന്റെ റിസർവ്വോയറിലാണ് സ്വർഗ്ഗത്തിൽ നിന്നടർന്ന് വീണ പോലുള്ള പെരുവാരി ഐലൻഡ് എന്ന മനോഹര ദ്വീപുള്ളത്! ഈട്ടിയും ഇരൂളും ഞാവലുമടക്കം മുന്നൂറിലധികം മരങ്ങളുള്ള ദ്വീപിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ പറമ്പിക്കുളം ടൈഗർ റിസർവിന്റെ ആനപ്പാടിയിലുള്ള ഇൻഫർമേഷൻ സെന്ററിൽ എത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിയായിരുന്നു. നേരത്തെ ബുക്ക് ചെയ്തിരുന്നതിനാൽ അവിടെ ഫോർമാലിറ്റീസ് ഒന്നുമില്ലായിരുന്നു. ഞങ്ങൾക്ക് അനുവദിച്ച ഗൈഡ് ശിവകുമാർ ചേട്ടനൊപ്പം തൂണക്കടവ് ഡാം, കന്നിമാര തേക്ക്, പറമ്പിക്കുളം ഡാം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരത്തോടെയാണ് ഞങ്ങൾ പെരുവാരിപള്ളം ഡാമിനടുത്തെത്തുന്നത്.
അവിടെനിന്നും രണ്ട് ബോട്ട് മാൻ മാരുടെ സഹായത്തോടെ ഞങ്ങൾ മുളംചങ്ങാടത്തിൽ ദ്വീപിലേക്ക് യാത്ര തിരിച്ചു. വെയിൽ ചാഞ്ഞ നേരമായതിനാൽ ചങ്ങാട യാത്ര (Bamboo rafting) തീർത്തും ആസ്വാദ്യകരമായിരുന്നു. വിശാലമായ നീല ജലാശയം, അതിനെ അതിരിട്ട് നിബിഡവനം, ജലാശയത്തിന് നടുവിൽ ഒരു ഇത്തിരിക്കുഞ്ഞൻ ദ്വീപ്, സ്വപ്നസമാനമായ ഭൂപ്രകൃതി! അവിടെയാണ് ഞങ്ങളുടെ ഇന്നത്തെ അന്തിയുറക്കം എന്നത് എല്ലാവരിലും ആവേശമുയർത്തി.
ദ്വീപിലെത്തിയ ഉടനെ ബാഗും മറ്റ് സാധനങ്ങളും ഒരു മൂലയിലേക്കിട്ട് എല്ലാവരും കാഴ്ച കാണാനിറങ്ങി. ദ്വീപിനെ വലം വെക്കാനായിരുന്നു തീരുമാനം. പടിഞ്ഞാറുഭാഗത്ത് അസ്തമന ചുവപ്പ് ദൃശ്യമായി തുടങ്ങിയിരിക്കുന്നു. തീരത്ത് മയിലുകൾ സ്വൈരവിഹാരം നടത്തുന്നു. ഞങ്ങളെ കണ്ട് അവ ഇഷ്ടപ്പെടാത്ത വണ്ണം ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറന്നകന്നു. ജലാശയത്തിനു മുകളിൽ വട്ടമിട്ട് പറന്ന് മീൻ പിടിക്കുന്ന പക്ഷികൾ, നീന്തിത്തുടിക്കുന്ന എരണ്ടകൾ… ഞങ്ങൾ മുന്നോട്ട് നടന്നു.
ജലാശയത്തിന്റെ മറുകരയിൽ ഏതാനും മാനുകൾ വെള്ളം കുടിക്കുന്നു. ഞങ്ങൾ അത് നോക്കി നിൽക്കെ പിറകിലെ കുറ്റിച്ചെടികൾക്കിടയിൽ നിന്നും വലിയൊരു ശബ്ദത്തോടെ ഒരു ജീവി പുറത്തേക്ക് ചാടി! പകച്ചുപോയ ഞങ്ങൾ അതെന്താണെന്ന് തിരിച്ചറിയാൻ ഒരു നിമിഷമെടുത്തു, ഒരു മ്ലാവ്! അതി വേഗത്തിൽ ഓടി ഞങ്ങളെ കടന്ന് അവൻ റിസർവ്വോയറിലേക്ക് എടുത്തുചാടി. ഞങ്ങൾ നോക്കിനിൽക്കേ അത് നീന്തി മറു കര കയറി ഓടിമറഞ്ഞു. യാത്ര സഫലമായ നിമിഷങ്ങളായിരുന്നു അത്! ദ്വീപിന്റെ വടക്കേ അറ്റത്ത് ആനപ്പിണ്ടം കണ്ടത് മനസ്സിൽ അൽപം ഭയം നിറച്ചു. അതോടെ നടത്തത്തിന് അല്പം വേഗത കൂടി.
ദ്വീപിനെ വലം വെച്ച്ഞങ്ങൾ എത്തിയപ്പോഴേക്കും ആദിവാസി സഹോദരങ്ങളായ ബോട്ട് മാൻമാർ ഞങ്ങളുടെ താമസസ്ഥലം സജ്ജമാക്കിയിരുന്നു. ഒരു മരത്തിന്റെ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ബാംബൂ നെസ്റ്റ് ആണ് ഞങ്ങളുടെ താമസസ്ഥലം. പുറമെനിന്ന് നോക്കിയാൽ ഒരു ഏറുമാടം ആയി തോന്നുമെങ്കിലും സൗരോർജ്ജമുപയോഗിച്ച് വൈദ്യുതീകരിച്ച്, ബാൽക്കണിയും ടോയ്ലറ്റുമൊക്കെയായി ആധുനിക സൗകര്യങ്ങൾ അതിനകത്തുണ്ടായിരുന്നു.
ഇരുൾ വീണിരിക്കുന്നു. ചുറ്റുംപക്ഷികളുടെ ചിലമ്പലുകൾ, മൃഗങ്ങളുടെ ശബ്ദവിന്യാസം. പ്രകൃതിയുടെ സംഗീതം കേട്ട് ജലാശയത്തിലേക്ക് തുറക്കുന്ന ബാൽക്കണിയിൽ ഞങ്ങൾ കുറേനേരം ഇരുന്നു. പിന്നെ താഴേക്കിറങ്ങി റിസർവോയറിലേക്ക് ഇറക്കികെട്ടിയിരിക്കുന്ന ലൈക്ക് വാക്ക്(Lake walk)എന്ന് പേരുള്ള മുളകൊണ്ടുള്ള പാലത്തിൽ ഓരോരുത്തരായി ആകാശം നോക്കി മലർന്നു കിടന്നു! ജലാശയത്തെ തഴുകി വരുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു.
വിശപ്പിന്റെ വിളി തുടങ്ങിയപ്പോൾ പതുക്കെ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് നടന്നു. അവിടെ ഗൈഡ് ശിവകുമാർ ചേട്ടനും ബോട്ട് മാൻമാരും ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഞങ്ങൾ അവരോട് സംസാരിച്ച് അവിടെ ചുറ്റിപ്പറ്റി നിൽക്കെ കരിയില ഞെരിയുന്ന ശബ്ദം കേട്ടു. ശിവകുമാർ ചേട്ടൻ ആ ഭാഗത്തേക്ക് ടോർച്ച് തെളിച്ചപ്പോൾ ഒരു മ്ലാവ് തൊട്ടടുത്ത മരത്തിന്റെ കായ് തിന്നുകയാണ്! വെളിച്ചം വീണതോടെ അത് ഓടിമറഞ്ഞു. ചപ്പാത്തിയും ചിക്കൻ കറിയും റെഡിയായപ്പോൾ ഞങ്ങൾ ഭക്ഷണത്തിനിരുന്നു. ചേട്ടന്മാരുടെ പാചകം സമ്മതിച്ചു കൊടുത്തേ പറ്റൂ! അതീവ രുചികരം. ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ കരിയില കൂട്ടിയിട്ട് തീയിടാനുള്ള ഒരുക്കത്തിലായിരുന്നു ചേട്ടൻമാർ.
പ്രഭാതത്തിൽ പ്രകൃതിക്ക് മറ്റൊരു ഭാവമായിരുന്നു. പുലർകാല മഞ്ഞിൽ കുളിച്ചുനിൽക്കുന്ന റിസർവ്വോയറും ങ്ങളുടെ ‘സ്വന്തം’ പെരുവാരി ദ്വീപും! ആ നിറ സൗന്ദര്യത്തിലൂടെ ഞങ്ങൾ പ്രഭാത സവാരിക്കിറങ്ങി. ജലാശയത്തിന്റെ കരയിൽ മേഞ്ഞുനടക്കുന്ന മാനുകൾ, കളകളാരവം മുഴക്കി പറന്നു പോകുന്ന പക്ഷികൾ, മറുകരയിലെ മരങ്ങളിൽ കറുത്ത പൊട്ട് പോലെ തോന്നിക്കുന്ന കരിങ്കുരങ്ങുകൾ.. സജീവമായ കാനനക്കാഴ്ചകൾ! ഞങ്ങളുടെ ഹട്ടിന് മുന്നിൽനിന്നും സൂര്യൻ ഉദിച്ചുയരുന്നത് കാണാൻ പ്രത്യേക ഭംഗിയായിരുന്നു.
നിറഞ്ഞ മനസ്സോടെ പ്രഭാതഭക്ഷണവും കഴിച്ച് പത്തുമണിയോടെ ചേട്ടൻമാരോടൊപ്പം ചങ്ങാടത്തിൽകയറി ദ്വീപിനോട് യാത്ര പറയുമ്പോഴും ആ മായിക സൗന്ദര്യമായിരുന്നു മനം നിറയെ! ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് ദിനങ്ങളാണ് കടന്നുപോയത്.
വിവരണം – മുഹമ്മദ് റഫീഖ് കെ.