യാത്രാവിവരണവും ചിത്രങ്ങളും – Arun Raj.
ഒരു സ്വപ്നയാത്ര – ഭൂതത്താൻകെട്ട് നിന്നും തുടങ്ങി ഇടമലയാറ് നിന്നും അതിരപ്പിള്ളി വരെ കൊടും കാട്ടിലൂടെ…. കിട്ടാത്തതിനോട് എന്നും ആഗ്രഹങ്ങൾ കൂടുതൽ ആയിരിക്കും . അങ്ങനെ ഒരുപാട് സഞ്ചാരികളുടെ തീരാനഷ്ട്ടങ്ങളിൽ ഒന്നാണ് ഇടമലയാർ. സുരക്ഷാ കാരണങ്ങൾ കാരണം അങ്ങോട്ട് യാത്ര വർഷങ്ങളായി അനുവദനീയമല്ല…പലതവണ ഞങ്ങൾ പോയിട്ട് തോൽവി ഏറ്റുവാങ്ങി തിരിച്ചു വരേണ്ടി വന്നു. അങ്ങനെ ഒരു കല്ല്യാണം കൂടി കൊണ്ടിരിക്കുമ്പോൾ ആണ് Ajas Muhammed ന്റെ ഒരു കോള്. അവന്റെ ഒരു കൂട്ടുകാരൻ ഇടമലയാറ് ജേസീബി വർക്ക് ചെയ്യുന്നുണ്ട്. ആ വണ്ടിക്ക് എന്തോ തകരാർ വർക്ഷോപ്പ്കാരനെ വിളിച്ചുകൊണ്ട് ചെല്ലാൻ.
മനസ്സിൽ ഒരു പത്തിരുപതു ലഡ്ഡു ഒരുമിച്ച് പൊട്ടി….ഇവിടെ തുടങ്ങുകയാണ് വർഷങ്ങളായി ആഗ്രഹിച്ച ആ യാത്ര.
ഭൂതത്താൻകെട്ടു കൂടി ഇടമലയാറ്, അവിടെ നിന്നും അതിരപ്പിള്ളി. ഞങ്ങൾ നാല് പേർ Ajas Muhammed, Jilshad Kunjumon, Ali Moosa, പിന്നെ ഞാനും. ഒപ്പം നമ്മുടെ വർക്ഷോപ്പ് ചേട്ടനും. 12:15ന് ഭൂതത്താൻ കെട്ടുനിന്ന് പച്ചപരവതാനി ഞങ്ങൾക്കായി വിരിച്ച് പ്രകൃതി ഞങ്ങളെ സീകരിക്കുന്നു..പലതവണ ഈ വഴി യാത്ര ചെയ്തിട്ടുണ്ട് ഇടമലയാറ് എന്ന സ്വപ്ന ഭൂമിയിലേക്ക്. അന്നെല്ലാം നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ രണ്ടു മണിയോടെ ഞങ്ങളുടെ ജീപ്പ് ഇടമലയാറ് എത്തി. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഡാമിലേക്ക്. അവിടെയും ഉണ്ട് പരിശോധന. കാര്യം പറഞ്ഞു അനുമതി വാങ്ങി തുടങ്ങുകയായി യാത്ര..വീതി കുറഞ്ഞ വഴിയിലൂടെയാണ് യാത്ര. കൊടും വളവും ഒരു വശത്ത് അഗാധമായ കൊക്കയും. അങ്ങനെ ആ യാത്ര തുരങ്കത്തിനോട് അടുത്തു..വാ പിളർന്നു നിൽക്കുന്ന രാക്ഷസനേ പോലെ തോന്നും തുരങ്കം. പണ്ട് ഡാം പണിയാൻ ആവശ്യമായ കരങ്കല്ലിന് വേണ്ടി തുരന്നതാണ് ഈ തുരങ്കം. നട്ടുച്ച സമയത്തും കൂരിരുട്ട് നിറഞ്ഞു നിൽക്കുന്ന അകത്തളം..എങ്ങനെ കുറച്ചു നേരം അവിടെ ഫോട്ടോ എടുക്കലും കൂകി വിളിക്കലുമായി.
ഇവിടെനിന്നും ആണ് ശരിക്കും ട്രക്കിങ്ങ് തുടങ്ങുന്നത്. കല്ലും മുള്ളും വന്യജീവികളും ഉള്ള വഴിയിലൂടെ അങ്ങനെ കോളനിയിൽ എത്തി. വർക്ഷോപ്പ് ചേട്ടനെ ഇറക്കി അവിടെ നിന്നും ആനകൂട്ടങ്ങളും കൂമനും കുറുക്കനും മറ്റു വന്യജീവികളും ഉള്ള ഉൾകാട്ടിലൂടെ അതിരപ്പിള്ളിക്ക്. മലകളും കാട്ടരുവികളും ഇല്ലികാടുകളും ആനകളെയും മുയലുകളെയും മാനുകളെയും കണ്ടുകണ്ട് മുക്കിയും മൂളിയും ഞങ്ങളുടെ വണ്ടി അങ്ങനെ അതിരപ്പിള്ളി എത്തി. മെയിൻ റോഡ് കണ്ടപ്പോൾ നമ്മുടെ അജാസിന് ഒരു ആഗ്രഹം. വന്ന വഴിയേ തിരിച്ചു പോവണം. എന്നാൽ അങ്ങനെ എന്ന് ഞങ്ങളും. ചങ്ക് പറഞ്ഞാൽ അപ്പീൽ ഇല്ലല്ലോ. വഴിയിൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. അതുവരെ ഉള്ള കാഴ്ചകൾക്ക് വിപരീതമായി ഇരുട്ട് കൂടി തുടങ്ങി. പേടിപ്പെടുത്തുന്ന ഒച്ചകളും കാട്ടാനകളുടെ ചിന്നം വിളികളും കേൾക്കാം. പക്ഷേ ഇത് ഞങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. ഇതിനു മുൻപും വനത്തിലൂടെ യാത്രചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
ഒരു കാട്ടരുവി മുറിച്ചു കടന്നു. അതിരപ്പിള്ളിക്ക് പോകുന്ന വഴിയിൽ ഈ അരുവിയിൽ കുറച്ചു മാൻകൂട്ടങ്ങളെ കണ്ടിരുന്നു. അരുവി കടന്നു ഇനിയുള്ളത് കഷ്ട്ടി 4 വീൽ ജീപ്പുകൾ മാത്രം കയറുന്ന ഒരു മലയാണ്. മലകയറി തുടങ്ങി. കഷ്ട്ടി 50 മീറ്റർ ചെന്നതേ ഒള്ളു. വഴിക്ക് കുറുകെ ഒരു മരം വീണിരിക്കുന്നു. പുറകോട്ട് പോവാനോ തിരിക്കാനോ കഴിയില്ല. ചുറ്റും കൂരിരുട്ട്. മരം അനക്കാൻ പോലും കഴിയുന്നില്ല. പക്ഷേ ഞങ്ങൾ പേടിക്കാൻ കാരണം അതല്ല. കാട്ടരുവിയിൽ വെള്ളം കുടിക്കാൻ ഏതുനിമിഷവും എത്താവുന്ന ആനകൂട്ടം. ആനച്ചൂര് നിറഞ്ഞു നിൽക്കുന്നു. ഞങ്ങളുടെ അടുത്തെവിടെയോ ആ ഇരുട്ടിൽ ആനകൾ നിൽപ്പുണ്ട്. സമയം കളയാൻ ഇല്ല. അങ്ങനെ ഞാനും അജാസും വണ്ടിക്ക് കാവൽ നിറുത്തി രണ്ടു ചങ്കുകളും ആദിവാസി കുടിലിലേക്ക്..അവർ തിരികെ എത്താൻ ഏകദേശം ഒരു മണിക്കൂർ എടുത്തു.
അതുവരെ നല്ല പേടി ഉള്ളിൽ ഉണ്ടെങ്കിലും അത് മുഖത്ത് കാണിക്കാതെ ഞങ്ങൾ ഓരോ ഗീർവാണം അടിച്ച് അവിടെയിരുന്നു. ഇടക്ക് എന്റെ സോക്സിന് ഒരു നനവുള്ള പോലെ ഒരു തോന്നൽ. മൊബൈൽ വെളിച്ചത്തിൽ നോക്കിയ ഞങ്ങളുടെ നല്ല ജീവൻ പോകുന്ന ഒരു കാഴ്ച. കാല് നിറയെ ചോര ഒഴുകുന്നു. തുടയിൽ ചോരകുടിച്ച് രണ്ട് അട്ടകൾ. ലൈറ്റർ അടുപ്പിച്ച് അട്ടകളെ കളഞ്ഞു. പിന്നെയും ഉണ്ടായിരുന്നു രണ്ടുപേരുടെയും ശരീരത്തിൽ ഒന്നു രണ്ടെണ്ണം. കുറച്ചു കഴിഞ്ഞു കാടിളകുന്ന രീതിയിൽ വലിയ ശബ്ദം. മരചില്ലകൾ ഒടിയുന്നു. അവരാണ് ആനകൂട്ടം. അത് വരെയുള്ള ഞങ്ങളുടെ ധൈര്യം തൽക്കാലം വേണ്ടന്നു വച്ച് ഞങ്ങൾ ഒരു മരത്തിൽ കയറി. അങ്ങനെ കുറച്ചു നേരം കഴിഞ്ഞു. അടുത്ത് നിന്ന് ആരൊക്കെയോ കൂകി വിളിക്കുന്നു. അവർ പടക്കം പൊട്ടിച്ചും മറ്റും ആനകളെ കാട്ടിലേക്ക് കയറ്റി. പിന്നെ കുറച്ചു നേരം കൊണ്ട് അവർ മരം മാറ്റി വണ്ടിയും കയറ്റി തന്നു..
എല്ലാവരുടെയും പേര് ഓർമ്മകിട്ടുന്നില്ല എന്നാലും ബിനോയ്, ജോസഫ് പിന്നെ അവരുടെ കൂടെയുള്ള മറ്റു ചേട്ടൻമാരോടും മനസറിഞ്ഞ് നന്ദി പറയുന്നു..അവർക്ക് ഇത്രയും കഷ്ട്ടപ്പെട്ടതല്ലേ എന്നുകരുതി പൈസ കൊടുക്കാൻ നോക്കി. പക്ഷേ അവർ വാങ്ങിയില്ല. ഞങ്ങൾക്ക് ആവശ്യമായ വെള്ളവും കുറച്ചു പഴങ്ങളും തന്ന് ഞങ്ങളെ യാത്രയാക്കി. നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒരുത്തൻ വണ്ടി ഇടിച്ചു കിടന്നാൽ അപ്പോൾ പോയി സെൽഫി എടുക്കുന്ന ആളുകൾ ആണ് കൂടുതൽ. എല്ലാവരും അങ്ങനെ ആണെന്നല്ല എനാലും ഇപ്പോൾ കൂടുതലും അങ്ങനെയാണ്. അവരുടെ ഇടയിൽ ഇന്നും ഇതുപോലെ നല്ല മനുഷ്യൻമാരുള്ളത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം നൽകുന്നു. ഒരിക്കൽ കൂടി ആ ചേട്ടൻമാരുടെ നല്ല മനസിന് നന്ദി പറയുന്നു. അങ്ങനെ പിന്നെയും യാത്ര തുടർന്നു.
കുറച്ചു ചെന്നപ്പോൾ വഴിയിൽ ഒരു ആന..അത് ഒരു പ്ലാവിന്റെ താഴെ കിടന്ന ഒരു ചക്ക പറിച്ചു തിന്നാൻ ഉള്ള തയാറെടുപ്പിലാണ്. ഞങ്ങൾ വണ്ടിയിൽ ലൈറ്റും വണ്ടിയും ഓഫാക്കാതെ അങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞ് ആന വഴിയിൽ നിന്നും മാറി കാട്ടിലേക്ക് കയറി. അവിടെ നന്നും ഞങ്ങൾ നാട്ടിലേക്കും…ഇതുവരെ പല സ്ഥലങ്ങളിൽ ഞങ്ങൾ യാത്ര ചെയ്തിട്ടുണ്ട് പക്ഷേ ഇതുപോലെ വശ്യമായ കാടിന്റെ ഭംഗിയും നല്ലതും പേടിപ്പെടുത്തുന്നതും ആയ അനുഭവങ്ങളും ഇത് ആദ്യമായാണ്..ഒരുപാട് ആഗ്രഹിക്കുന്നു ഇനിയും അതിലൂടെ പോകുവാൻ.. ഈ കാഴ്ചകൾ കാണാൻ.. അതുപോലെ നല്ലവരായ ആ മനുഷ്യരെ കാണാൻ.. ഇതെല്ലാം ഇനിയും സാധിക്കും എന്ന പ്രതീക്ഷയോടെ
ഞങ്ങൾ…