ഈ വിവരണം സ്വന്തം അനുഭവത്തിൽ നിന്നും നമുക്കായി പകർത്തി എഴുതി തയ്യാറാക്കിയത് കൂത്തുപറമ്പ് സ്വദേശിയും ഡ്രൈവറുമായ വിനോദ് കെ.പി.യാണ്.
ഒരു സഞ്ചാരിക്ക് കാഴ്ചകളുടെ വസന്തം സമ്മാനിക്കുന്നത് എന്നും ഗ്രാമങ്ങൾ തന്നെയാണ്. കർണ്ണാടകയിലെയും തമിഴ്നാട്ടിലെയും ഗ്രാമങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്.. നമ്മുടെ ഇന്നലെകളാണ് അവരുടെ ഗ്രാമങ്ങളിലെ ഇന്നുകൾ.. നമ്മുടെ പഴയ നാട്, ഗ്രാമീണത ഇതൊക്കെ അനുഭവിച്ചൊരു യാത്ര ആസ്വദിക്കുവാൻ ഒരവസം ലഭിച്ചാലോ? അങ്ങനെയൊരു റൂട്ടിനെക്കുറിച്ചതാണ് പറഞ്ഞുവരുന്നത്.
ഹുൻസൂരിൽ നിന്നും മൈസൂരിലേക്ക് പോകുന്ന റൂട്ടിൽ ” യെൽവാൽ ” എന്ന സ്ഥലത്തു നിന്നും ശ്രീരംഗപട്ടണത്തിലേക്ക് ഹൈവെ ടച്ച് ചെയ്യാതെ ഗ്രാമപ്രദേശങ്ങളിൽ കൂടി 23 കി.മി. ദൈർഘ്യം നിറഞ്ഞ ഒരു റോഡുണ്ട്. ഈ റോഡിന്റെ അവസാന ഭാഗത്താണ് പ്രശസ്തമായ ‘രംഗനത്തിട്ട് പക്ഷിസങ്കേതം’ സ്ഥിതി ചെയ്യുന്നത്. മണ്ഡ്യ ജില്ലയില് ശ്രീരംഗപട്ടണത്തിന് സമീപത്തായി കാവേരി നദിയുടെ കരയിലാണ് രംഗനത്തിട്ടു പക്ഷിസങ്കേതം. ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള് നിശ്ചയമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് ഇത്.
എന്റെ നാടായ കൂത്തുപറമ്പിൽ നിന്നും ബാംഗ്ളൂരിലേക്ക് എനിക്ക് നിറയെ ട്രിപ്പുകൾ ലഭിക്കുവാറുണ്ട്. അധികവും അവരുടെ വാഹനങ്ങളിൽ തന്നെ. ബാംഗ്ളൂരിലേക്ക് പോകുമ്പോൾ ചിലർ പറയും പകുതി ദൂരം കൊണ്ടു വിട്ടാൽ മതിയെന്ന്. പകുതി ദൂരം എന്നു പറയുമ്പോൾ മൈസൂരാണ്. പക്ഷെ മൈസൂരിലെ ട്രാഫിക്കിനെ കുറിച്ച് വ്യക്തമായി ധാരണയുള്ളതിനാൽ ഞാൻ അധികവും കൂടെയുള്ളവരെ ശ്രീരംഗപട്ടണത്തിൽ ഡ്രോപ്പ് ചെയ്ത ശേഷം ബസ്സിൽ നാട്ടിലേക്ക് തിരിച്ചു വരും. യെൽവാലിൽ നിന്നും മൈസൂർ സിറ്റിയിലേക്ക് പ്രവേശിക്കുന്ന അത്ര സമയം പോലും വേണ്ടി വരില്ല ഞാൻ മേൽപറഞ്ഞ ഗ്രാമപ്രദേശങ്ങളിലൂടെ ശ്രീരംഗപട്ടണത്തിലെത്തുവാൻ. അതു മാത്രമല്ല മൈസൂരിൽ നിന്നും ശ്രീരംഗപട്ടണത്തിലേക്ക് ഏകദേശം 18 കി.മി. ദൂരമുണ്ട്. ആ ഒരു സമയവും ലാഭിക്കാം.
ഈ കഴിഞ്ഞ ശനിയാഴ്ച ഇതു പോലെ ഒരു ട്രിപ്പ് എനിക്കു ലഭിച്ചു. ഞാൻ ശ്രീരംഗപട്ടണത്തിനും 3 കി.മി. മുൻപ് രംഗനത്തിട്ട് പക്ഷിസങ്കേതത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന ബസ്സ് സ്റ്റോപ്പിനു അരികിൽ വാഹനം നിർത്തിയതിനു ശേഷം കൂടെയുള്ളവരോട് യാത്ര പറഞ്ഞിറങ്ങി. ഇവിടെ വാഹനം നിർത്തുവാൻ പ്രധാന കാരണങ്ങൾ ഇവയാണ്. ഈ സ്റ്റോപ്പിൽ നിന്നും മൈസൂരിലേക്ക് പോകുന്ന റൂട്ടിലെ കാഴ്ചകൾ രസകരമാണ്. മറിച്ച് ശ്രീരംഗപട്ടണത്തിൽ ഇറങ്ങിയാൽ ഹൈവെയിലെ സ്ഥിരം കാഴ്ചകൾ കാണേണ്ടി വരും. ഈ ബസ്സ് സ്റ്റോപ്പിന്റെ പിൻഭാഗത്ത് നിറയെ വൃക്ഷങ്ങൾ ഉള്ളതിനാൽ ഇവിടെ ഇരിക്കുമ്പോൾ നല്ല തണുപ്പ് ഫീൽ ചെയ്യുവാറുണ്ട്. ഈ ബസ്സ് സ്റ്റോപ്പിലിരുന്നു കൊണ്ട് ചുറ്റും വീക്ഷിച്ചാൽ മനോഹരമായ കാഴ്ചകൾ കാണാം. ശനിയാഴ്ച രാവിലെ 5 : 30 നാണ് കൂത്തുപറമ്പിൽ നിന്നും യാത്ര ആരംഭിച്ചത്. വഴിയിൽ ചെറിയ രണ്ടു ഇടവേളകളും കഴിഞ്ഞ് ഇവിടെ ഇറങ്ങുമ്പോൾ സമയം 10 മണി കഴിഞ്ഞു. അന്നു രാത്രി 8 മണിക്ക് എനിക്കു ഒരു മംഗലാപുരം ട്രിപ്പുണ്ട്. അതിനാൽ രാത്രി 7 : 30 നു വീട്ടിലെത്തിയാലും മതിയെന്നു കരുതി.
സ്റ്റോപ്പിനു സമീപം തന്നെ ഇളനീർ വില്പന നടത്തുന്ന ഒരു വ്യക്തിയുണ്ട്. അയാളിൽ നിന്നും ഒരു ഇളനീരും വാങ്ങി കുടിച്ചതിനു ശേഷം 11 മണി വരെ ഈ ബസ്സ് സ്റ്റോപ്പിൽ കിടന്നുറങ്ങി. നല്ല തണുത്ത അന്തരീക്ഷമായിരുന്നു. 11 : 45 വരെ ഞാൻ ഈ സ്റ്റോപ്പിലിരുന്നു ചുറ്റുമുള്ള കാഴ്ചകൾ വീക്ഷിച്ചു കൊണ്ടിരുന്നു. അതിനു ശേഷം ഒരു ലോക്കൽ ബസ്സിൽ ഞാൻ മൈസൂർ ബസ്സ് സ്റ്റാൻഡിലേക്ക് പോയി. ഈ ബസ്സ് മൈസൂർ സിറ്റി സ്റ്റാൻഡിലാണ് നിർത്തുന്നത്. ഇവിടെ നിന്നും സബർബൻ ബസ്റ്റ് സ്റ്റാൻഡിൽ ചെന്നു നാട്ടിലേക്ക് ഉള്ള ബസ്സിൽ കയറി വീട്ടിൽ ചെന്നെത്തുമ്പോൾ സമയം രാത്രി 7 മണി. മൈസൂരിൽ രണ്ടു ബസ്സ് സ്റ്റാൻഡുകളുണ്ട്. 1 ) സിറ്റി ബസ്സ് സ്റ്റാൻഡ്. 2 ) സബർബൻ ബസ്സ് സ്റ്റാൻഡ്. ( ഇവിടെ നിന്നുമാണ് കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും, കേരളത്തിലേക്കും, തമിഴ്നാടിലേക്കും ഉള്ള ദീർഘദൂര ബസ്സ് സർവ്വീസുകൾ ലഭ്യമാകുന്നത്. )
ഞാൻ ഇരുന്ന സ്ഥലത്തു നിന്നും ഏകദേശം 400 മീറ്റർ അകലെ ഒരു വലിയ പാടത്തിനുമപ്പുറത്ത് റെയിൽവെ ട്രാക്കാണുള്ളത്. അല്പം ദൂരെ നിന്നും ട്രെയിൻ പോകുന്ന കാഴ്ച കാണുവാൻ ഒരു പ്രത്യേക ഭംഗിയാണ്. പാടത്തിന്റെ സമീപമുള്ള തെങ്ങുകളുടെ മുകളിൽ നിറയെ വാനരൻമാർ ഇരിക്കുന്ന കാഴ്ചയും ഇവിടെ നിന്നു കാണാമായിരുന്നു. സമീപം ഉള്ള ഒരു ജലാശയത്തിൽ നിന്നും നാൽകാലികളെ കുളിപ്പിക്കുന്ന കാഴ്ചയും, കാർഷിക ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന കർഷകരും കണ്ണുകൾക്ക് നല്ല വിരുന്നു തന്നെയാണ് സമ്മാനിച്ചത്.