പുതുവര്‍ഷ ദിനത്തില്‍ രാവിലെ പത്രമെടുത്ത് ആദ്യം നോക്കിയത് അപകട വാര്‍ത്തകളിലേക്കാണ്. ഞായറാഴ്ച്ച ( ഡിസംബര്‍ 31 ) രാത്രി വീട്ടിലേക്കു മടങ്ങുന്ന വഴി പേരൂര്‍ക്കടയില്‍ ഞാനുംകൂടിച്ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പൊലീസ് വണ്ടിയില്‍ വാരിയെടുത്തു കയറ്റിവിട്ട ആ ചെറുപ്പക്കാര്‍ക്ക് എന്തു സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ അത്രയ്ക്കുണ്ടായിരുന്നു. ഏതായാലും അങ്ങനെയൊരു വാര്‍ത്ത കണ്ടില്ല. അതിനര്‍ത്ഥം ആ കുട്ടികള്‍ ജീവിച്ചിരിക്കുന്നു എന്നുതന്നെയാകണമല്ലോ.
അപ്പോള്‍ അപകടം നടന്നിട്ടേയുണ്ടായിരുന്നുള്ളു. ബൈക്ക് അപ്പുറത്ത് മറിഞ്ഞുകിടക്കുന്നു. ആളുകള്‍ കൂടി വരുന്നതേയുള്ളു. ഞാനും വണ്ടി മാറ്റിനിര്‍ത്തി ഇറങ്ങി. അപ്പോള്‍ മുതല്‍ ഏതാണ്ട് ഇരുപത്- ഇരുപത്തിയഞ്ച് മിനിട്ടുകളോളം കഴിഞ്ഞ് ഒരു പൊലീസ് ജീപ്പിലും ഒരു ഓട്ടോയിലുമായി അവരെ കയറ്റി അയയ്ക്കുന്നതുവരെ നടന്ന കാര്യങ്ങളാണ് ഈയൊരു ചെറുകുറിപ്പിനു പ്രേരണ. നമ്മുടെ ഏതെങ്കിലും ഭരണാധികാരിയോ തീരുമാനമെടുക്കാന്‍ അധികാരവും പ്രാപ്തിയുമുള്ള ഉന്നത ഉദ്യോഗസ്ഥരോ അത്തരം ഏതെങ്കിലുമൊരു അനുഭവ സാഹചര്യത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാന്‍ ഇടവന്നിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്നു. എങ്കില്‍ ഒരുപക്ഷേ, നമ്മുടെ രക്ഷാപ്രവര്‍ത്തന രീതികളും സൗകര്യങ്ങളും ഇത്ര പോരെന്നും ഇങ്ങനെ പോരെന്നും മനസ്സിലാക്കി എന്തെങ്കിലുമൊരു മാറ്റത്തിന് അവര്‍ മുന്കൈയെടുത്തേനേ. മാത്രമല്ല, നമ്മള് ഓരോരുത്തരും കൈയില്‍ കൊണ്ടുനടക്കുന്ന ഫോണില്‍ അത്യാവശ്യം ഉണ്ടാകേണ്ട ഫോണ്‍ നമ്പറുകളേക്കുറിച്ച് മനസ്സിലാക്കി അടിയന്തരമായി വേണ്ടതു ചെയ്യുകയും വേണം.
100 എന്ന നമ്പറില്‍ പൊലീസ് കണ്ട്രോള് റൂമിലേക്ക് ആദ്യം വിളിച്ചു നോക്കിയത്. കിട്ടുന്നില്ല. ഒരുപക്ഷേ, നെറ്റുവര്‍ക്ക് പ്രശ്നമാകാം. എന്തായാലും തുടര്‍ച്ചയായി ശ്രമിച്ചിട്ടും കിട്ടുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ഫോണിലാണ് നിരവധി ഹെല്‍പ്പ് ലൈന്‍ നമ്പരുകളുണ്ടായിരുന്നത്. അവിടെ കൂടിയവരുടെ ആരുടെയും കൈയില്‍ പൊലീസ് നമ്പറുകളൊന്നുമില്ല. രണ്ടു പേര് അവരുടെ ബൈക്കില്‍ പെട്ടെന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേക്ക് പോയി. വിവരം അറിയിക്കാന്‍ ഏതാനും പേര് ചേര്‍ന്ന് രണ്ടു ശരീരങ്ങളും റോഡ് മധ്യത്തില്‍ നിന്നെടുത്ത് അടുത്ത കെട്ടിടത്തിനു മുന്നിലെ സിമന്റു തറയില്‍ കിടത്തി.
നെഞ്ചിടിപ്പല്ലാതെ വേറൊരു ചലനവുമില്ല. അത് എല്ലാവരെയും ഭയപ്പെടുത്തുന്നുണ്ട്. തലയ്ക്കാണ് പരിക്ക്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടിയിരിക്കുന്നു. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ അതിനിര്‍ണായകമാണ് എന്ന് മനസ്സിലാക്കിയത് ഞാനോര്‍ത്തു. അത് ‘ഗോള്‍ഡന്‍ അവര്‍’ ആണ്. ആ സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രമേ രക്ഷിക്കാനാകൂ എന്നാണ് ന്യൂറോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ആരോ 108 ആംബുലന്‍സിന്റെ നമ്പറിലേക്ക് വിളിച്ചു. ആ നമ്പര്‍ അവെയ്ലബിള് അല്ലാ എന്ന് പറയുന്നത്രേ. കണ്മുന്നില് രണ്ടു ജീവനുകള്‍ ചോര്‍ന്നു പോവുകയാണോ? പൊലീസ് ബീറ്റ് നോക്കുന്ന ജേര്‍ണലിസ്റ്റ് സുഹൃത്തായ മംഗളത്തിലെ ജയചന്ദ്രനെ വിളിച്ചു പറഞ്ഞു. ജയന് പെട്ടെന്നു തിരിച്ചു വിളിച്ചു പറഞ്ഞു, കണ്ട്രോള് റൂമിലെ മറ്റൊരു നമ്പറില്‍ അറിയിച്ചിട്ടുണ്ട്. അവര്‍ പാഞ്ഞെത്തും. അപ്പോള്‍ കുറച്ചൊരു ആശ്വാസമായി. എങ്കിലും അതിനു കാത്തു നില്‍ക്കാതെ ഏതെങ്കിലും കാറിലോ മറ്റോ അവരെ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചു നോക്കി. പക്ഷേ, കാറുകാര് ആരും തയ്യാറല്ല.
ചില ഓട്ടോറിക്ഷക്കാര്‍ തയ്യാറായി. എങ്കിലും ആ അവസ്ഥയില്‍ ഓട്ടോയില്‍ കൊണ്ടുപോകുന്നത് സുരക്ഷിതമായിരിക്കില്ല എന്ന അഭിപ്രായമുണ്ടായതുകൊണ്ട് അത് വേണ്ടെന്നുവച്ചു. അപ്പോഴേയ്ക്കും ജനക്കൂട്ടം വലുതായി. ആ കുട്ടികളെ അറിയാവുന്ന ചിലരും എത്തി. പക്ഷേ, അവരുടെ വേണ്ടപ്പെട്ടവരുടെ നമ്പറൊന്നുമില്ല. പത്തു മിനിറ്റുകഴിഞ്ഞിട്ടുണ്ടാകണം. പേരൂര്‍ക്കട സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ ബൈക്കിലെത്തി. അതേ സമയത്തുതന്നെ ജയന് വിളിച്ചു ചോദിച്ചു, അവരെത്തിയോ. രണ്ടു പോലീസുകാര്‍ ബൈക്കില്‍ വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ ഒന്നുകൂടി കണ്ട്രോള് റൂമില്‍ വിളിക്കാമെന്ന് പറഞ്ഞു ജയന് വച്ചു.
ഞാന്‍ ആ പൊലീസുകാരില്‍ ഒരാളോട് പറഞ്ഞു, സര് എത്രയും വേഗം ഒരു ആംബുലന്‍സ് വരുത്തണം, വളരെ ഗുരുതരാവസ്ഥയിലാണ്. തറയില്‍ കിടക്കുന്നവരെ കണ്ടപ്പോള്‍ പൊലീസുകാര്‍ക്കും അത് ബോധ്യമായി. ഏതോ ആംബുലന്‍സിനെ വിളിച്ച് വേഗം വരാന്‍ പറഞ്ഞു. വേറെയും ആരെയൊക്കെയോ അവര്‍ വിളിച്ചു നോക്കുന്നുണ്ട്. സമയം പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോഴേയ്ക്കും അപകടം നടന്നിട്ട് ഇരുപത്തിയഞ്ചു മിനിട്ടെങ്കിലും ആയിരിക്കുന്നു. ആംബുലന്‍സ് വന്നില്ല. പകരം പൊലീസിന്റെ കണ്ട്രോള് റൂം വെഹിക്കിള്‍ (ജീപ്പ്) പാഞ്ഞെത്തി. ഒരു എസ്ഐയും ഏതാനും പൊലീസുകാരും ചാടിയിറങ്ങി. ശരീരങ്ങള്‍ കണ്ടതേ എസ് ഐ ഞെട്ടലിന്റെ ഒരു ശബ്ദം പുറപ്പെടുവിച്ചു. പക്ഷേ, ആ ജീപ്പില്‍ ഒരാളെങ്കില്‍ ഒരാളെ കയറ്റൂ എന്ന് പറയുന്നതല്ലാതെ പൊലീസുകാര്‍ അത് ചെയ്യുന്നില്ല.
ഞങ്ങള്‍ ചിലര്‍ വേഗം അതിലൊരാളെ വാരിയെടുത്ത് ജീപ്പില്‍ കയറ്റി. ഒരു ഓട്ടോറിക്ഷ പൊലീസുകാര്‍ കൈകാണിച്ചു നിര്‍ത്തിയപ്പോള്‍ അതിലേയ്ക്ക് മറ്റു ചിലര്‍ ചേര്‍ന്ന് അടുത്തയാളെയും എടുത്തു കയറ്റി, ഒപ്പം കയറിയിരുന്നു. നേരത്തേ ഓട്ടോയില്‍ കൊണ്ടുപോകാതിരുന്നതിന്റെ കാരണം അപ്പോഴും ചിലര്‍ പറഞ്ഞു. പക്ഷേ, ഉള്ള സമയത്ത് വേഗം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാം എന്ന അഭിപ്രായമാണ് പൊലീസ് പറഞ്ഞത്. ജീപ്പും ഓട്ടോയും വേഗം വിട്ടുപോവുകയും ചെയ്തു.
അവിടെ കൂടിയവരോ വന്ന പൊലീസുകാരോ ആ ചെറുപ്പക്കാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരണം എന്ന് ആഗ്രഹിക്കാത്തവരല്ല. പക്ഷേ, ഏകദേശം അരമണിക്കൂറോളം നഷ്ടപ്പെട്ടത് നമ്മുടെ രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ വേണ്ട സമയത്ത് വേണ്ടവിധം ഉപകരിക്കുന്നില്ല എന്നതിന് തെളിവായി മാറി. സര്‍ക്കാരിനും പൊലീസിനും നമുക്കോരോരുത്തര്‍ക്കും ഇതില്‍ ചിന്തിക്കാനും പഠിക്കാനും ഏറെ കാര്യങ്ങളുണ്ട്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആദ്യത്തെയാളല്ല ഞാന്‍ എന്നറിയാം; ഇത് എന്റെയും ആദ്യത്തെ അനുഭവമല്ല. നാമൊക്കെ പലവട്ടം പല തലങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട് ഇതേ വിഷയം. പക്ഷേ, എന്നിട്ടും എന്താണ് കാര്യമായ മാറ്റിമില്ലാത്തത്.
ഒന്നാമതായി തോന്നുന്ന കാര്യം, ഓരോ പോസ്റ്റിലും നിര്‍ബന്ധമായും സമീപപ്രദേശങ്ങളിലെ ആംബുലന്‍സ് സര്‍വീസുകളുടെയും പൊലീസ് സ്റ്റേഷനുകളുടെയും ആശുപത്രികളുടെയും നമ്പറുകള്‍ സ്ഥിരം സംവിധാനമായി പ്രദര്‍ശിപ്പിക്കണം എന്നതാണ്. മറ്റൊന്ന് ഇത്തരമൊരു അപകട വിവരം അറിഞ്ഞാല്‍ ഉടനേ പാഞ്ഞെത്തി ഇടപെടാന്‍ പാകത്തില്‍ ആംബുലന്‍സും അപകടത്തില്‍പ്പെട്ടവരുടെ സ്ഥിതി കൂടുതല്‍ മോശമാകാതെ കയറ്റി കൂടെപ്പോകാന്‍ പരിശീലനം ലഭിച്ചവരുമായ പൊലീസുകാരും ഓരോ സ്റ്റേഷനിലും വേണം. ഓരോ ജീവനും വിലപ്പെട്ടതാണ്. കൈകാണിക്കുമ്പോള് വാഹനങ്ങള്‍ ഞാനും നിങ്ങളും പോകുന്നത് ഏറ്റവും വലിയ അനീതിയാണ്. ആ അപകടത്തിലെ ഇര അവരവര്‍ തന്നെയാണെങ്കിലോ എന്നൊന്ന് ഓര്‍ത്തു നോക്കണം.
നമ്മളെ കാത്തിരിക്കുന്നവരെയും. അതുപോലെ ആരൊക്കെയോ എല്ലാവരെയും കാത്തിരിക്കുന്നുണ്ടാകാം. ആ ചെറുപ്പക്കാരില്‍ ഒരാളുടെ ഫോണിലേക്ക് വന്ന കോള്‍ എടുത്ത് പൊലീസുകാരിലൊരാള്‍ പറയുന്നതു കേട്ടു, വേഗം വരണം, വളരെ സീരിയസാണ്. അതും അരുതാത്തതാണെന്ന് തോന്നുന്നു. അപ്പുറത്ത് അമ്മയോ അഛനോ ഭാര്യയോ കുട്ടികളോ ആണെങ്കിലോ. അപകട വിവരം ഭയപ്പെടുത്താത്ത വിധം അറിയിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വിവരം പറയുകയുമല്ലേ വേണ്ടത്.
അപകടങ്ങള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും എന്ന് നമുക്കെല്ലാം അറിയാം. പക്ഷേ, അപകടത്തില്‍ പെടുന്ന സഹജീവിയെ രക്ഷിക്കാന്‍ കൂടിയാണ് മനുഷ്യ നിയോഗം. മനുഷ്യന് ലഭിച്ച ആധുനിക സംവിധാനങ്ങളെല്ലാം മനുഷ്യരക്ഷയ്ക്ക് ഉതകണം. വൈകിയെത്തുന്ന രക്ഷ ഒരു ജീവന് രക്ഷിക്കാന്‍ പര്യാപ്തമല്ലെങ്കില്പ്പിന്നെ സാമൂഹിക പുരോഗതികൊണ്ട് എന്തുകാര്യം?