കുടകിന്റെ കുളിരും മലനാടിന്റെ അഴകും തൊട്ടറിഞ്ഞൊരു യാത്ര!!

അടിക്കടിയായി ലൈഫിൽ കിട്ടിക്കൊണ്ടിരിക്കുന്ന പണികൾ മനസ്സിനെ വല്ലാണ്ട് ഉലച്ചിരിക്കുന്നു. എപ്പോലത്തെയുംപോലെ ഇപ്രാവശ്യവും രക്ഷ ഞാൻ വായിച്ചറിഞ്ഞ തത്വചിന്തകളും യാത്രകളുമാണ്. എല്ലാം ഒന്നേന് തുടങ്ങുവാനും ചിലത് അവസാനിപ്പിക്കുവാനുമായി ഒരു യാത്ര. എന്നും എന്റെ മനസ്സിൽ സൂക്ഷിക്കുന്ന എന്റെ ശക്തിയായ ബുദ്ധഭഗവാന്റെ അടുത്തേക്കാകാമെന്നു തീരുമാനിച്ചു. കുടകിലെ നംഡ്രോളിങ് മൊണാസ്റ്ററി ആയിക്കോട്ടെ എന്നാൽ. ഒറ്റക്ക് മതി. വേറാരെയും കൂട്ടണ്ട. ബസിൽ പോകാം. ചിലവും കുറക്കാം. ഒരു ദിവസം അവിടെ തങ്ങണം. പിറ്റേന്നു മടക്കം. നിശ്ചയിച്ച പോലെ തന്നെ മുൻകൂട്ടി റൂം ബുക്ക്‌ ചെയ്തു. കുശാൽനഗറിൽ ഉള്ള ഹോട്ടൽ കൊടഗ് പ്ലാസ. പിറ്റേന്നു രാവിലെ 5:30 നു തലശ്ശേരി കെഎസ് ർ ടി സി ബസ്‌ സ്റ്റാൻഡിൽ നിന്നും രാവിലെ അഞ്ചരക് ബസ്‌. വെളുപ്പിന് സ്റ്റാൻഡിൽ കൊണ്ട് വിടാൻ സുഹൃത്തിനെ ചട്ടം കെട്ടി.
—————————————————————-
ദിവസം -1
പതിവുദിവസങ്ങൾക് വിപരീതമായി വെളുപ്പിന് 3:30 നു എണിറ്റു. 5 മണിക്ക് തന്നെ സ്റ്റാൻഡിൽ എന്നെ കൊണ്ട് വിട്ടിട്ടു അവൻ സലാം പറഞ്ഞു. 5:45നു ബസ്‌ സ്റ്റാൻഡിൽ നിന്നും എടുത്തു. മട്ടന്നൂർ എത്തിയപ്പോളേക്കും അതുവരെ തോർന്നു നിന്നിരുന്ന മഴ ഊക്കോടെ പെയ്യാൻ തുടങ്ങി. ഏഴരയോടെ മക്കുട്ടാ ചെക്‌പോസ്റ്റിൽ എത്തി. ഇനി പത്തു മിനിറ്റ് ഹാൾട്. എന്നാൽ ഒരു ചായ അടിക്കാൻ ഞാനും തീരുമാനിച്ചു. അങ്ങകലെ കോടയുടെ പുതപ്പ് മാറ്റി പശ്ചിമഘട്ടം ഉണർന്നുവരുന്നത് കാണാമായിരുന്നു. ബസ്‌ എടുത്തു. ഒരു അട്ടയെപ്പോലെ അത് കുടകിന്റെ ചുരങ്ങളിൽ പിടിച്ചുകയറി. ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴയും കാട്ടുപൂക്കളുടെ മണവും കുത്തിയൊലിച്ചുവരുന്ന അരുവികളും കോടമഞ്ഞും കുടകിന്റെ വളവുകളെ സുന്ദരിയാക്കി. 9 മണിയോടെ വണ്ടി വിരാജ്പേട്ട എത്തി. അവിടുന്ന് സിദ്ധാപുര ഇറങ്ങണം. 18കി മി. അടുത്ത ബസിൽ കയറി. അര മണിക്കൂർ യാത്ര ആയിരുന്നു സിദ്ധാപുര വരെ. അവിടുന്ന് 40 കി മി ഉണ്ട് കുശാൽനഗറിലേക്. ഒൻപത്തേമുക്കാലോടെ അടുത്ത ബസ്‌ പിടിച്ചു. 33 രൂപ ടിക്കറ്റ്. ഒരു 20 രൂപ നോട്ടും 10 ന്റെ നാണയവും 3 രൂപ ചില്ലറയും കണ്ടക്ടർക് നേരെ നീട്ടി. 10 രൂപ നാണയം കർണാടകത്തിൽ എടുക്കില്ല എന്ന സത്യം അപ്പോളാണ് ഞാൻ മനസ്സിലാക്കിയത്. അങ്ങനെ യാത്രയുടെ അവസാനം വരെ അതെന്റെ കൂടെ തന്നെ കൂടി ?. പതിനൊന്നു മണിയോടെ മണിയോടെ കുശാൽനഗറിൽ എത്തിച്ചേർന്നു. ബുക്ക്‌ ചെയ്‌ത ഹോട്ടൽ ടൗണിൽ തന്നെ ആയതുകൊണ്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. റൂമിൽ വേഗം തന്നെ ചെക്ക് ഇൻ ചെയ്തു.
നംഡ്രോളിങ് മൊണാസ്റ്ററി
**************************
പ്രാതലും കഴിച് മൊണാസ്ട്രയിലേക് പോകുവാനായി ഓട്ടോ പിടിച്ചു. കന്നഡക്കാരുടെ അറപ്പുകഥകൾ അവിടെ തുടങ്ങുന്നു ?70 രൂപ ഓട്ടോ ചാർജ്.
ടിബറ്റൻ ടെംപിളിൽ എത്തി. വലിയ ബുദ്ധവിഗ്രഹങ്ങൾ ഉള്ള ക്ഷേത്രത്തിൽ പുനരുദ്ധാരണം നടക്കുകയായതുകൊണ്ട് അതിലേക്കു പ്രവേശനം ഇല്ല. ചെറുതിൽ വൈകുന്നേരം വരെ എൻട്രി ഉണ്ട്. കുറച്ചുനേരം അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു. ചില സന്യാസിമാരുമായി സംസാരിച്ചു. മിക്കവരും ഭൂട്ടാനിൽ നിന്നും വന്നവർ. 3000തിൽ അധികം സന്യാസിമാർ ഉണ്ട്. ബുദ്ധിസത്തിന്റെ ശാഖയായ മഹായാനം പ്രചരിപ്പിക്കുന്നവർ. അവരുടെ കൈകൾ ചേർത്തുപിടിച്ചു നെറുകിൽ വയ്ക്കുന്ന അത്രേം സമാദാനം വേറെ ഒന്നിനും നൽകാൻ കഴിയില്ല. 12 മണി മുതൽ 3:30 വരെ ഞാൻ ആ വിഹാരത്തിൽ തന്നെ സമയം ചിലവിട്ടു. ഒരു മണിക്ക് അവരുടെ പ്രാർത്ഥനയിൽ പങ്കുകൊണ്ടു.
അവിടെ നിന്നും പുറത്തിറങ്ങി അടുത്തുള്ള ചൈനീസ് ഷോപ്പിൽ കയറി. ഒരു പ്രയർ വീലും ഫ്ലാഗും വാങ്ങി. ക്ഷേത്രത്തിനു പുറകുവശത്തായ് വലിയ പ്രയർ വീലും 16 സ്ഥൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അടുത്തുള്ള സെറ ജെ വിഹാരവും ടാസോ ലുമ്പോ വിഹാരവും സന്ദർശിക്കാം. എല്ലാം 5കി മി ചുറ്റളവിൽ തന്നെ.
ഇരുട്ട് വീഴാൻ തുടങ്ങ്യതുകൊണ്ട് വേഗം റൂം പിടിക്കണം. വീണ്ടും 70 രൂപ ചാർജിൽ ഓട്ടോ പിടിച്ചു റൂമിലെത്തി. യാത്രയ്ക്കു എന്തോ ഒരു അപൂർണത. ഗൂഗിൾ മാപ്പ് എടുത്തു. അടുത്തുള്ള സ്ഥലങ്ങൾ നോക്കി. മൈസൂർ —88കി മി. സ്റ്റേറ്റ് ബസുകൾ ഒരുപാടുണ്ട്. രണ്ടു മണിക്കൂർ യാത്ര. എന്നാൽ പിറ്റേന്നു വെളുപ്പിന് കുശാൽനഗർ വിട്ടാൽ ശ്രീരംഗപട്ടണവും രംഗനാഥസ്വാമിയെയും കണ്ടിട്ട് ശ്രവണബെലഗോള പിടിക്കാൻ തീരുമാനിച്ചിട്ടു കിടന്നു.


ശ്രാവണബെലഗോള. കർണാടകത്തിലെ ഹാസൻ ജില്ലയിലെ ജൈനതീർത്ഥാടകരുടെ കേന്ദ്രം. ഒരു ചെറിയ ഗ്രാമം. ചെന്നരയപട്നയിൽ നിന്നും 15 കി മി. ചെന്നരയപട്നയിൽ നിന്നും ശ്രവണബെലഗോളക്കുള്ള ബസിൽ കയറി. നല്ല തിരക്ക്. അടുത്തുള്ള ഏതോ കോളേജ് വിട്ട സമയമായിരുന്നു. ഒരുവിധം സീറ്റ്‌ ഒപ്പിച്ചു. പെട്ടെന്നൊരു പെൺകുട്ടി എന്റെ ശ്രദ്ധയിൽ പെട്ടു. എന്തോ ഒരു ആകര്ഷണത. എന്റെ നേർക്കുള്ള സീറ്റിൽ ആ കുട്ടിയും ഇരുന്നു. ഇടയ്ക്കിടെ മിന്നിമായുന്ന നോട്ടങ്ങൾ എല്ലാം ഗ്ലാസിലെ റിഫ്ലക്ഷനിലൂടെ ഞങ്ങൾക്ക് പരസ്പരം പിടിച്ചെടുക്കാനാകുമായിരുന്നു ?ബെലഗോള എത്തി. ആ കുട്ടിയോട് സംസാരിക്കണം എന്നുള്ള അതിയായ ആഗ്രഹം എന്റെ മനസിനെ കീഴ്പെടുത്തിക്കഴിഞിരുന്നു ? ഉദയഗിരി കുന്നുകളിലേക് പോകുന്ന വഴി ഇംഗ്ലീഷിൽ ആ കുട്ടിയോട് ചോദിച്ചു. ഒരു ചിരി പാസ്സാക്കിയിട് അവൾ വഴി പറഞ്ഞു തന്നു. എന്നേലും വീണ്ടും കണ്ടുമുട്ടാം എന്ന് അവളോട്‌ മനസ്സിൽ പറഞ്ഞിട്ട് എന്റെ യാത്ര തുടർന്നു.

രണ്ടു കുന്നുകളുടെ മുകളിൽ ആയിട്ടാണ് ജൈനക്ഷേത്രങ്ങൾ സ്ഥിതിചെയുന്നത്. വിന്ധ്യഗിരി -ഉദയഗിരി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റക്കൽ ശില്പമായ ബാഹുബലി പ്രതിമ സ്ഥിതി ചെയുന്നത് വിന്ധ്യഗിരിയിൽ ആണ്. 57 അടി ഉയരം. 600 ൽ പരം പടികൾ ചവിട്ടി വേണം വിന്ധ്യഗിരി കുന്നുകളുടെ മുകളിൽ എത്താൻ. മൗര്യ രാജവംശത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യൻ കിരീടവും ചെങ്കോലും ഉപേക്ഷിച് ജൈനമതപ്രചാരകനായി തന്റെ അവസാനകാലം കഴിച്ചുകൂട്ടിയത് ഇവിടെ ആയിരുന്നു. അര മണിക്കൂർ മതി മുകളിൽ എത്തിച്ചേരാൻ. കുന്നിന്റെ അടിവാരത്തു 800ൽ പരം ജൈനകുടുംബങ്ങൾ താമസമുണ്ട്. ആദ്യതീർത്ഥങ്കരൻ ആയ ആദിനാഥതീർത്ഥങ്കരന്റെ മകനായ ബാഹുബലിയുടെ പ്രതിമ ആണ് ആകർഷണം. ഉദയഗിരിയിൽ സഹോദരൻ ഭരതനും. എണ്ണൂറിൽ പരം പ്രാചീനശിലാലിഖിതങ്ങൾ ഇവിടെ സംരക്ഷിക്കപെട്ടുപോകുന്നു. വൈകുന്നേരം വരെ അവിടെ ചിലവഴിക്കാൻ ഞാൻ തീരുമാനിച്ചു. അവിടുത്തെ സമാദാനപരമായ അന്തരീക്ഷവും തണുത്ത കാറ്റും എന്റെ തീരുമാനത്തിന് ആക്കം കൂട്ടി. ക്ഷേത്രനടത്തിപ്പുകാരനായ ദേവരാജനുമായി സംസാരിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന മഹാഭിഷേകത്തിനു വരണമെന്നും അദ്ദേഹം പറഞ്ഞു. പാലും നെയ്യും കൊണ്ട് വിഗ്രഹത്തിനെ സംരക്ഷിക്കുന്ന ഉത്സവമാണ് അത്. നാലര വരെ അവിടെ ഞാൻ കഴിച്ചുകൂട്ടി. ആറരക്ക് ക്ഷേത്രം അടക്കും. ഗൂഗിൾ മാപ്പിൽ സ്ഥലങ്ങൾ നോക്കി. അടുത്ത ജില്ലാ ഷിമോഗ. പോകാൻ പറ്റിയ കാലാവസ്ഥയും. അവിടുന്ന് ജോഗ് ഫാൾസും കണ്ട് തിരികെ ആഗുംബെ വഴി മംഗളുരു വരാൻ തീരുമാനിച്ചു. മലനാടിന്റെ ഏകദേശം എല്ലാം ആയി അപ്പോൾ തന്നെ. അങ്ങനെ രാത്രി എട്ട് മണിയോടെ ചെന്നരയപട്നയിൽ നിന്നും ഷിമോഗാക്കുള്ള ബസ്‌ പിടിച്ചു. രാത്രി 12 മണിയോടെ ഷിമോഗ സ്റ്റാൻഡിൽ എത്തി. ശ്രാവണബെലഗോള -ഷിമോഗ (156കി മി ).

ഷിമോഗ സ്റ്റാൻഡിൽ നിന്നും വെളുപ്പിന് 4മണിക്ക് സിർസിക് പോകുന്ന ഒരു സ്ലീപ്പർ ബസ്‌ കിട്ടി. അതുവരെ നഷ്ടപ്പെട്ടിരുന്നു ഉറക്കം ഒന്നര മണിക്കൂർ കൊണ്ട് ഞാൻ ഉറങ്ങി തീർത്തു. അഞ്ചരക് സാഗർ ബസ്‌ സ്റ്റാൻഡിൽ എത്തി. ഇനി 7മണി വരെ പോസ്റ്റ്‌. 7 മണിക്കാണ് ജോഗിലേക്കുള്ള ആദ്യ ബസ്‌. സീസൺ ആയിട്ടും സഞ്ചാരികൾ കമ്മി ആയിരുന്നു. എട്ട് മണിയോടെ ജോഗ് സ്റ്റോപ്പിൽ എത്തി. ഇറങ്ങയപ്പോൾ തന്നെ ഒരു ടാക്സി ഡ്രൈവർ എന്നെ പിടികൂടി. ഭാഗ്യത്തിന് മലയാളിയായിരുന്നു. ഷിമോഗയിൽ വന്നു സെറ്റിൽ ആയ വടക്കാഞ്ചേരിക്കാരൻ മാത്യൂസ് ഏട്ടൻ. വേറെ ടൂറിസ്റ്റുകളെ ഒന്നും കാണാനില്ല. ഷെയർ ഇടാൻ ആളില്ല. കുറച്ചുനേരത്തെ വാഗ്‌വാദത്തിനു ശേഷം 500 രൂപ നിരക്കിൽ സ്ഥലങ്ങൾ എല്ലാം കാട്ടിത്തരാമെന്നു സമ്മതിച്ചു.

പ്രധാന സ്ഥലങ്ങൾ
************************
1)ജോഗ് ഫാൾസ് -3 വ്യൂ പോയിന്റുകളിൽ നിന്നും വ്യത്യസ്‌ത ഭംഗി ആസ്വദിക്കാം, 2)തൂക്കുപാലം
3)ചാമുണ്ഡി ക്ഷേത്രം -രണ്ടു മുഖമുള്ള ചാമുണ്ഡി ദേവി കർണാടകത്തിൽ ഇവിടെ മാത്രമാണുള്ളത്, 4)രാജ സീറ്റ്‌ -മടികേരിയിലുള്ള രാജ സീറ്റ്‌ പോലെ ഒരു വ്യൂ പോയിന്റ്. കൃഷ്ണരാജാവോഡയാർ സ്ഥാപിച്ചത്, 5)വൈദ്യുതിനിലയം. കർണാടകത്തിലെ വൈദ്യുതിയിലെ മിക്ക ഭാഗവും ഇവിടെ നിന്നാണ് ഉല്പാദിപ്പിക്കുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ വെള്ളച്ചാട്ടം ആണെ ജോഗ്. 253 മീറ്റർ ഉയരം. ശരവതി നദി അതിന്റെ എല്ലാ ഭംഗിയോടെയും പതിക്കുനതിവിടെ ആണ്. ആയിരം പടികൾ ഇറങ്ങി താഴെ എത്തിയാൽ ഈ വെള്ളച്ചാട്ടത്തിന്റെ യഥാർത്ഥ വലിപ്പം മനസ്സിലാകും.
മൊബൈൽ ഫോണിന്റെ സിഗ്‌നൽ കിട്ടാത്ത സ്ഥലം ആയതുകൊണ്ട് തികച്ചും സമാധാനം.
പോകാൻ ഉദ്ദേശിക്കുന്നവർ റൂം നേരത്തെ ബുക്ക്‌ ആകിയിട്ട് പോകുക. ജൂൺ -സെപ്റ്റംബർ ആണ് സീസൺ.
മടക്കം
************************
നിശ്ചയിച്ചതുപോലെ അഗുംബെ വഴി മടക്കം. സാഗർ —തീർത്തനഹള്ളി (78km), തീർത്തനഹള്ളി -ആഗുംബെ (33km). പതിനാലു ഹെയർപിൻ ബെന്റുകളും കോട നിറഞ്ഞ കാനനപാതയും രാജവെമ്പാലകൾ ഉള്ള കാടും. ഇതാണ് ആഗുംബെ. സണ്സെറ് വ്യൂ പോയിന്റ് മാത്രം സന്ദർശിച്ചിട്ട് അവിടുന്ന് മടക്കം.

അഗുംബെയിലെ മറ്റു സ്ഥലങ്ങൾ
******************************
1)കുഡ്‌ലു തീർത്ഥ ഫാൾസ്
2)ജോഗിഗുണ്ടി ഫാൾസ്
3)ഒനക്കെ അബി ഫാൾസ്
4)ബർകണ ഫാൾസ്
തിരികെ ഉഡുപ്പി വഴി വരുന്നവർക്ക് മൽപേ ബീച്ചും സൈന്റ്റ്‌ മേരീസ്‌ ദ്വീപ് കൂടി സന്ദർശിച്ചു മടങ്ങാം.
മടക്കം റൂട്ട്
*****************
അഗുംബെ —ഉഡുപ്പി (ബസ്‌ ), ഉഡുപ്പി —-മംഗളുരു (ബസ്‌ ),മംഗളുരു —-കണ്ണൂർ (മാവേലി എക്സ്പ്രസ്സ്‌ ).തിരികെ വീട്ടിലെത്തിയപ്പോൾ ബാക്കിയായത് കുറെ നല്ല ഓർമ്മകൾ മാത്രം. വീണ്ടും ദൈനംദിനജീവിതവും ഓട്ടങ്ങളും. എന്നാലും ഉടനെ തന്നെ അടുത്ത സംസ്ഥാനത്തിൽനിന്നു വിളിവരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രകൾ തുടരും. മനസെത്തുന്നിടത്തു ശരീരം എത്താത്ത സമയം വരെ..

©Sanchari

വരികളും ചിത്രങ്ങളും : Midhun Krishna, ലൊക്കേഷന്‍ :Thalassery,Kudagu,Mysuru,Shravanabelagola, Shimoga,Sagar,Jog Falls,Theerthanahally,Angumbe,Uduppi,Manglore ,Kannur, എടുത്ത ദിവസം -3
മൊത്തം ചിലവ്-3300 രൂപ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply