വിവരണം – ബിനു ഗോപാൽ.
മാമലകണ്ടത്തെ നാടൻ ഊണും കഴിച്ച്, കാഴ്ച്ചകളും കണ്ട് കറങ്ങിതിരിഞ്ഞു ഇരുമ്പുപാലം – അടിമാലി – വഴി കല്ലാർ എത്തിയപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു. ഇനി ലക്ഷ്യസ്ഥാനമായ ആനക്കുളതേക്ക് തിരിക്കണം. കല്ലാർ വെള്ളച്ചാട്ടവും കഴിഞ്ഞു കല്ലാർ വട്ടിയാർ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു മാങ്കുളം റോഡുവഴിയാണ് പോകേണ്ടത്. ഏഴെട്ടു വർഷം മുന്നേ പോയിട്ടുള്ളതാണ്, അതിനു ശേഷം ഇപ്പോഴാണ് അവസരം വന്നത്.
പോകുന്ന വഴിയുടെ ഇടതുവശം ചേർന്ന് കല്ലാർ വെള്ളച്ചാട്ടത്തിലേക്കുള്ള അരുവി കാണാം. റോഡിനു ഇരുവശങ്ങളിലും ഹോംസ്റ്റേകളും റിസോർട്ടുകളും ഇപ്പോൾ ഒരുപാട് ഉണ്ട്. നമുക്ക് ഓരോരുത്തരുടെയും ബഡ്ജറ്റിന് അനുസരിച്ചുള്ള ഹോംസ്റ്റേ, റിസോർട്ടുകളും ഇവിടെ ലഭിക്കും. ആനക്കുളത്തേക്കുള്ള offroad jeep സവാരിയും ഇവിടെ കിട്ടും. വിരിപ്പാറ വെള്ളച്ചാട്ടം, നക്ഷത്രക്കുത്തു, പെരുമ്പൻകുത്തു തുടങ്ങിയ ഒരുപാട് വെള്ളച്ചാട്ടങ്ങൾ ഇവിടെ ഉണ്ട്. ആനക്കുളം മാത്രം മനസിലുള്ളത് കൊണ്ട് എങ്ങും കയറിയില്ല. എല്ലാം അകലെ നിന്നുകണ്ടുകൊണ്ട് മെല്ലെ നീങ്ങി.
കുറച്ച് കഴിഞ്ഞപ്പോഴേക്കും മഴയും തുടങ്ങി. അതുപിന്നെ പെരുമഴയായി, മഴയത്തുള്ള ബൈക്ക് റൈഡ് ഞങ്ങളെ ആവേശം കൊള്ളിച്ചുകൊണ്ടിരുന്നു. അങ്ങനെ നക്ഷത്രകുത്തും, മുനിപ്പാറയും കഴിഞ്ഞു മാങ്കുളം എത്താറായപ്പോഴേക്കും തേയില തോട്ടങ്ങൾ കണ്ടുതുടങ്ങി. സമയം വൈകിട്ടു 3മണി ആകുന്നതേയുള്ളു, മലമുകളിൽ കോടമഞ്ഞു മൂടിത്തുടങ്ങിയിരിക്കുന്നു.
മാങ്കുളം യാക്കോബായ പള്ളിയരികിൽ എത്തിയപ്പോൾ മൂന്നു പയ്യന്മാർ ബൈക്കിൽ നിൽക്കുന്നത് കണ്ടു. വഴിസംശയം അവരോടു ചോദിച്ചപ്പോൾ, അവരും ആനക്കുളത്തേക്കാണ്. പരിചയപ്പെട്ടപ്പോൾ അവർ മൂവരും മാങ്കുളം നിവാസികൾ തന്നെ. മഴ ഉള്ളതുകൊണ്ട് ആന ഉണ്ടാക്കുവാൻ സാധ്യത ഇല്ലന്നും അവർ പറഞ്ഞു. സൺഡേ ആയതുകൊണ്ട് ആനകുളത്തിൽ ചുമ്മാ പോകുവാണ് അവന്മാർ. പിന്നെ ഞങ്ങൾ ഒരുമിച്ചായി യാത്ര.
ആനക്കുളം കല്ലാറിൽ നിന്നും 25 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ ആന ഓര് എന്നൊരു ഉറവയുണ്ട്, ഉപ്പ് വെള്ളം പോലെന്തോ ലവണാംശം ഉള്ളത്കൊണ്ട് ആന ഇതുകുടിക്കുവാൻ മിക്കവാറും ദിവസങ്ങളിൽ ഇവിടെ എത്തും, ബസ്റ്റോപ്പിൽ നിന്നും വെറും 50 മീറ്റർ അകലത്തിൽ ആനക്കൂട്ടങ്ങളെ നമുക്ക് വളരെ സുരക്ഷിതമായി നിന്നുകാണാം.
മൂന്നാറിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ഉണ്ട് ഇവിടേക്ക്, അതുകൊണ്ട് തന്നെ അധികമാരും ഇങ്ങോട്ടു വരവില്ല. മനോഹരവും അതുപോലെ തന്നെ ഭയാനകവുമായ ഇടതൂർന്ന വാനപ്രദേശങ്ങൾ ആണ് ഇവിടെയുള്ളത്. ആദിവാസി കുടികളും കുറേ ഉണ്ടിവിടെ. മൂന്നര മണിയോടുകൂടി ഞങ്ങൾ ആനക്കുളത്തു എത്തി. ജീപ്പ് സ്റ്റാന്റിൽ രണ്ടു ജീപ്പ് കിടക്കുന്നുണ്ട്. രണ്ടുമൂന്നു കടകളും ഉണ്ടിവിടെ. മഴ ആയതുകൊണ്ട് സന്ദർശകർ ആരുംതന്നെ ഇല്ല. അതുപോലെ ആനയും ഇല്ല. കുറച്ച് നേരം ചുമ്മാ അവിടെ നോക്കിനിന്നു. അപ്പോഴാണ് നമ്മുടെ പയ്യന്മാർ വേറൊരു സ്ഥലം പറഞ്ഞുതന്നു. ഒരു ചെറിയ ചെക്ക് ഡാം ഉണ്ട് കുറച്ച് മുകളിൽ, അവിടെ പോയിവരുമ്പോലേക്കും ആന വരുമായിരിക്കും ഇന്ന് വിചാരിച്ചു ഞങ്ങൾ അങ്ങോട്ട് തിരിച്ചു.
കോഴിയിലക്കുടി റോഡിലൂടെ ഞങ്ങൾ അങ്ങോട്ട് ബൈക്ക് ഓടിച്ചു. രണ്ടുകിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും അവന്മാര് പറഞ്ഞ ചെറിയ കെട്ടിനടുത്തെത്തി. ആ മനോഹരമായ ചെക്ക്ഡാമിൽ നിന്നും പതിഞ്ഞ ശബ്ദത്തോടെ വെള്ളം ഒഴുകുന്നുണ്ട്. കുറേ അകലെ മുകളിൽ ഇവിടേക്കുള്ള വെള്ളം കുത്തി ഒഴുകി വരുന്നത് കാണാം. ആ അരപൊക്കം വെള്ളത്തിൽ ഒരു കുളിപാസാക്കാൻ തോന്നിപ്പോകും. കുറച്ച് നേരം അവിടെ ഇരുന്നതിനു ശേഷം തിരിച്ചു ആനക്കുളത്തേക്കു പോന്നു.
തിരിച്ചു ആനക്കുളം എത്തുമ്പോൾ നമ്മുടെ പയ്യൻമാർ ഞങ്ങളെ നോക്കിനിൽപ്പുണ്ട്. അപ്പോഴും ആന മാത്രം വന്നിട്ടില്ല. സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. അപ്പോഴേക്കും പയ്യന്മാർ ഈ കരിന്തിരിയാറിൽ കുളിക്കാനുള്ള ഒരുക്കത്തിലാണ്. കാട്ടുമരത്തിൽ വള്ളികളിൽ തൂങ്ങി അവന്മാരുടെ അഭ്യാസങ്ങൾ നമ്മുടെ ടാർസനെയും മോഗ്ലിയെയും ഓർമിപ്പിക്കും. പിന്നെ ഒന്നും നോക്കിയില്ല, ആനവരുമ്പോൾ കാണാം എന്ന് വിചാരിച്ച് അവന്മാരുടെ കൂടെ വെള്ളത്തിൽ തിമിർത്തു. ആനയെ കാണാത്ത വിഷമം വെള്ളംകളികൊണ്ട് തീർത്തു, ഒരു ആറരയോടെ അവിടെനിന്നും ഞങ്ങൾ മടങ്ങി…