ഒരു ‘അഡാറ്’ മീശപ്പുലിമല യാത്ര; വിശേഷങ്ങളും ചിത്രങ്ങളും…

യാത്ര പോയത് ഇക്കഴിഞ്ഞ Mar 10,11 തീയതികളിൽ ആണ്. തിരികെ കൊച്ചി എത്തിയപ്പോഴാണ് കുരങ്ങിണിയിൽ കാട്ടുതീ പിടിപെട്ട വാർത്ത അറിഞ്ഞത്. ആ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ നമ്മുടെ സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങുന്നു.

ലക്ഷ്യം മീശപ്പുലി മലയാണെങ്കിലും കിട്ടുന്ന സമയം കൊണ്ട് കാണാൻ പറ്റുന്ന സ്ഥലങ്ങൾ എല്ലാം കണ്ടു തീർക്കണം എന്നാലല്ലേ പരിപാടി കളറാകൂ. അതുകൊണ്ടാണ് അഡാർ യാത്ര എന്ന് പറഞ്ഞത്. യാത്രയുടെ video മുൻപ് പോസ്റ്റ്‌ ചെയ്തിരുന്നു. ചാർളി സിനിമയോടെ ഇതിനു മുൻപ് കേട്ടുപരിചയമില്ലാത്ത സ്ഥലം സഞ്ചാരികളുടെ സ്വപ്നമായി മാറി. മനുഷ്യന് ചെന്നെത്താവുന്ന ദക്ഷിണേന്ത്യയിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. ആ മാമലയുടെ നെറുകയിൽ നിന്ന് മേഘങ്ങളെ തൊട്ടു തലോടാൻ ആഗ്രഹം തോന്നിയിട്ട് കാലം കുറച്ചായി.

ഇപ്പോൾ KFDC വഴി ബുക്ക്‌ ചെയ്താൽ മാത്രമേ അങ്ങോട്ട്‌ പ്രവേശനം സാധ്യമാകൂ. അനുമതി ഇല്ലാതെ കയറിയാൽ ഫോറെസ്റ്റുകാർ തൂക്കിയെടുത്തോണ്ട് പോകും. നേരായ വഴി തന്നെ തിരഞ്ഞെടുത്തു, ഓൺലൈൻ വഴി രണ്ടു പേർക്ക് ബുക്കിംഗ് റെഡിയാക്കി. രണ്ടു പേരെന്ന് പറഞ്ഞാൽ ഞാനും സുഹൃത്ത് ആദർശും. ടെന്റ് stay ആണ് ബുക്ക്‌ ചെയ്ത് അതാവുമ്പോ ഭൂമിയുടെ മാറിൽ തലചായ്ച്ചു ഉറങ്ങാല്ലോ. ഭക്ഷണം ഉൾപ്പെടെ 3500രൂപയാണ് ചാർജ്. കുറച്ചൂടെ കാശ് മുടക്കിയാൽ(6000rs) കോട്ടേജിൽ സ്റ്റേ ചെയ്യാം. അപ്പോ മറ്റൊരു യാത്രക്ക് തുടക്കം കുറിക്കുകയാണ് എന്റെ മൂന്നാമത്തെ ട്രെക്കിങ്ങിനും.

Mar 10(ശനി). മൂന്നാർ വരെ എത്താൻ വെളുപ്പിന് മൂന്നരക്ക് എറണാകുളം സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന KSRTC മിന്നൽ ബസ്സിൽ നേരത്തെ seat ബുക്ക്‌ ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് മിന്നൽ ബസ്സിൽ മൂന്നാർക്ക്. രണ്ടും ട്രെക്കിങ്ങിനു പോവാൻ തന്നെ. You see the irony. Dont you😁.

അലാറം വച്ചു എണീറ്റു കുളി കഴിഞ്ഞു വന്നപ്പോ കൃത്യം 3 മണി അതാ മൊബൈലിൽ കണ്ടക്ടറുടെ കാൾ. ബസ്സ് സ്റ്റാൻഡിൽ ഉണ്ട്, ഞാൻ വരുമോ എന്നുറപ്പിക്കാൻ വിളിച്ചതാ. ദിപ്പോ ശെരിയാക്കിത്തരാം എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്ത് ഠപ്പേന്ന് റെഡി ആയി. യൂബർ ടാക്സി എടുത്തു നേരെ സ്റ്റാൻഡിലേക്ക് വിട്ടു. 5മിനിറ്റ് ആയില്ല വീണ്ടും കണ്ടക്ടറുടെ കാൾ, എവിടെത്തി എന്നറിയാൻ ആണ്. ദൈവമേ KSRTC നന്നായോ. 3.20നു ഞാൻ സ്റ്റാൻഡിൽ എത്തി അപ്പോ കണ്ട കാഴ്ച ശെരിക്കും രോമാഞ്ചം വന്നു. എനിക്ക് വേണ്ടി റോഡിൽ കാത്തു കെട്ടി കിടക്കുവാണ് ആനവണ്ടി.

ജീവിതത്തിൽ ആദ്യമായാണ് KSRTC എനിക്ക് വേണ്ടി wait ചെയ്യുന്നത്. പടച്ചോനെ slow മോഷനും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഉണ്ടാരുന്നേൽ പൊളിച്ചേനെ. ചുമ്മാ തള്ളിയതാ മൂന്നര കഴിഞ്ഞിരുന്നേൽ എന്നെ പെരുവഴിയിലാക്കി മിന്നൽ അതിന്റെ പാട്ടിനു പോയേനെ.

കയറിയതും സ്പീഡ് പേടിയുണ്ടോ എന്ന ഭാവത്തിൽ ഡ്രൈവർ ചേട്ടന്റെ നോട്ടം. മിന്നൽ ബസ്സിന്റെ സ്പീഡ് അത്രക്കങ്ങു പിടിച്ചത് കൊണ്ടാ ഇതിനു തന്നെ ബുക്ക്‌ ചെയ്തത് വണ്ടി വിട്ടോ ചേട്ടാ. Luggage വെക്കുമ്പോൾ ഉറക്കം നഷ്ടപെടുത്തിയതിനു മറ്റു യാത്രക്കാരുടെ ചെറഞ്ഞുള്ള നോട്ടം. അതൊന്നും മൈൻഡ് ചെയ്യാതെ seat പിടിച്ചു. ബസ് കയറുമ്പോൾ വിളിക്കണേ എന്ന് പറഞ്ഞത് പ്രകാരം സഹയാത്രികനെ വിളിച്ചു. ആശാൻ ഉറക്കത്തിൽ ആണെന്ന് തോന്നുന്നു എടുക്കുന്നില്ല. ആ പിന്നെ നോക്കാം. വരാമെന്നു ഏറ്റാൽ ആശാൻ വന്നിരിക്കും.

എന്നേം കൊണ്ട് മിന്നൽ അങ്ങനെ പറക്കുകയാണ്. ഉറക്കം ഇടക്ക് കണ്ണുകളിൽ വന്നു ഉമ്മ വെക്കുന്നുണ്ട്. സാക്ഷാൽ Vin Diesel തോറ്റു പോകും മിന്നൽ ബസ് ഡ്രൈവറുടെ മുന്നിൽ. അതു മനസ്സിലായത് നേര്യമംഗലം ചുരം കയറിയപ്പോഴാണ്. നല്ല സ്പീഡിൽ ഹെയർപിൻ വളവൊക്കെ ആശാൻ നിസ്സാരമായി കൈകാര്യം ചെയ്തു. ഹെഡ് ലൈറ്റിനൊപ്പം എന്റെ കണ്ണും റോഡിൽ ആണ്. കഴിഞ്ഞ തവണ ഉറങ്ങിപോയത് കൊണ്ട് ഇതൊന്നും കാണാൻ പറ്റിയില്ലല്ലോ ഈശ്വരാ.

ഇടക്ക് ആദർശിനെ ഒന്നൂടെ വിളിച്ചു. നോ..ലവൻ എടുക്കുന്നില്ല. ആ ഇനി ഇങ്ങോട്ട് വിളിക്കട്ടെ. വീണ്ടും നോട്ടം പുറത്തേക്ക്. അടിമാലി കഴിഞ്ഞപ്പോൾ തിരിച്ചു വിളി വന്നു. ഹോ ഭാഗ്യം. മുവാറ്റുപുഴയിലാണ് കക്ഷിയുടെ വീട്. അവൻ മൂന്നാർ ടൗണിൽ ബൈക്കും കൊണ്ട് വരാം എന്നേറ്റു. 6 മണിക്ക് മിന്നൽ മൂന്നാർ എത്തി.

കാറും ബൈക്കുമില്ലാത്തവർക്ക് കൊച്ചിയിൽ നിന്ന് ഒരു ദിവസം കൊണ്ട് മൂന്നാറിൽ പോയി വരാൻ മിന്നൽ ബസ്സിനെ ആശ്രയിക്കാം. വെളുപ്പിന് 3.30നു പുറപ്പെടുന്ന ബസ് 6മണിക്ക് മൂന്നാർ എത്തി തിരികെ രാത്രി 8മണിക്ക് പുറപ്പെട്ട് പത്തരയോടെ കൊച്ചി എത്തും. ഒറ്റ ദിവസം കൊണ്ട് മൂന്നാർ ചുറ്റിയടിച്ചു വരാം.

ബസ്സിറങ്ങിട്ട് നടന്നതെല്ലാം പഴയതിന്റെ ആവർത്തനം ആയിരുന്നു. ഓടി ചായക്കടയിൽ കയറുന്നു, ചൂട് ചായ ഊതി കുടിക്കുന്നു, ജാക്കറ്റ് ഇട്ടു പുറത്തെ ബസ് ഷെഡിൽ പോസ്റ്റായി ഇരിക്കുന്നു. സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളു. ഞാൻ ഇരുന്നു വിറക്കുവാണ് ആ സമയം 16 ഡിഗ്രി തണുപ്പുണ്ടാവും. ശ്വാസത്തോടൊപ്പം മഞ്ഞും പുക പോലെ പുറത്തേക്ക്. കൊച്ചിയിലെ ചൂടോർത്തപ്പോ എല്ലാം സഹിച്ചു. ഒരു മണിക്കൂർ അവിടെയിരുന്ന് തണുപ്പ് കൊള്ളേണ്ടി വന്നു.

7മണിക്ക് ആദർശ് ബൈക്കുമായി(Gixxer) വന്നു. ഉച്ചക്ക് 2മണിക്ക് മൂന്നാർ ടൗണിലുള്ള KFDC ഓഫീസിൽ റിപ്പോർട്ട്‌ ചെയ്താൽ മതി. ചെറിയൊരു ഓട്ടപ്രദക്ഷിണത്തിനു ഈ സമയം ധാരാളം. ഇവിടുന്നങ്ങോട്ട് ഒരു അടാർ യാത്രക്ക് ഫസ്റ്റ് ഗിയർ ഇടുവാണ് സൂർത്തുക്കളെ. പുതിയ കാണാ കാഴ്ച്ചകളിലേക്കും.

ആദ്യം പോകുന്നത് ടോപ്‌ സ്റ്റേഷൻ വഴി വട്ടവട എന്ന കൊച്ചു ഗ്രാമത്തിലേക്കാണ്. ഉദയസൂര്യന്റെ കിരണങ്ങളേറ്റു തണുപ്പും കൊണ്ട് മാട്ടുപ്പെട്ടി ഡാമും കടന്നു തേയിലച്ചെടികൾക്ക് നടുവിലൂടെ വളഞ്ഞും പുളഞ്ഞും ഒരടിപൊളി ride. അതിരാവിലെ ആയതിനാൽ റോഡിൽ തിരക്കൊട്ടും ഉണ്ടായിരുന്നില്ല. ടോപ്‌ സ്റ്റേഷൻ എത്തിയിട്ടാണ് breakfast കഴിച്ചത്.

ഇനി പാമ്പാടും ചോല reserve വനത്തിലൂടെയാണ് യാത്ര. ചെക്പോസ്റ്റിൽ details കൊടുക്കുമ്പോൾ അടുത്ത 5km കഴിയുന്ന വരെ എങ്ങും നിർത്തരുത് എന്ന് വനപാലകരുടെ നിർദേശം. പക്ഷെ ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ടു പോകുന്തോറും നിർത്താൻ ആർക്കായാലും തോന്നും. മാനം മുട്ടെ വളർന്നു നിൽക്കുന്ന വന്മരങ്ങൾ, എങ്ങും കിളികളുടെ കലപില ശബ്ദം, കാടിന്റെ വന്യ ഭാവം. ശെരിക്കും വേറൊരു ലോകം. ക്യാമറ കൊണ്ടല്ലാതെ കണ്ണുകൾ കൊണ്ട് മാത്രം എല്ലാം ആസ്വദിച്ചു. ചില കാഴ്ചകൾ അങ്ങനാണ് ഒരിക്കലും മായാതെ മനസ്സിലോട്ടങ്ങു ഇടിച്ചു കയറും.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കൂറ്റൻ യൂക്കാലി മരങ്ങൾക്കു നാടുവിലൂടെയായി യാത്ര. ചെറിയ ദൂരമേ ഉള്ളുവെങ്കിലും ഒരിക്കലും അവസാനിക്കരുതേ എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചു പോയി. കാട് കഴിഞ്ഞതും ഇടതു വശത്തു വിശാലമായ പുൽമേടും വലിയ മലനിരകളും. ക്ഷമ കേട്ടിട്ടാണോ കൊതി മൂത്തിട്ടാണോ എന്തോ bike അവിടെ നിർത്തി അൽപനേരം ആ കാഴ്ച കണ്ടു നിന്നു.

എത്ര ഭംഗിയുള്ള ഭൂപ്രകൃതിയാണ് മൂന്നാറിൽ പലയിടത്തും ഒളിഞ്ഞു കിടക്കുന്നത്. എന്നാൽ പലരും വന്നിട്ട് സ്ഥിരം ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിച്ചു പോകാറാണ് പതിവ്. ഇടുക്കി മുഴുവൻ കണ്ടു തീർക്കാൻ ഒരുപാട് യാത്രകൾ വേണ്ടി വരും.

വണ്ടി എടുത്ത് അല്പദൂരം പിന്നിട്ടപ്പോൾ വട്ടവട എത്തി. ആദ്യമായാണ് വട്ടവട സന്ദർശനം. തട്ടുതട്ടായുള്ള കൃഷിയിടങ്ങളും, ചെറു വീടുകളും, ഇരു വശത്തും മലകളാൽ ചുറ്റപ്പെട്ട് ശാന്ത സ്വരൂപിണിയായ ചെറു ഗ്രാമം. വർഷത്തിൽ മുഴുവൻ സമയവും ഇവിടെ തണുപ്പുണ്ടാവും. കൃഷി തന്നെയാണ് പ്രധാന വരുമാനം. മൂന്നാർ വരുന്നവർ വട്ടവട, മറയൂർ, കാന്തല്ലൂർ എന്നീ സ്ഥലങ്ങളും കൂടി കണ്ടിട്ട് പോണം. ആ യാത്ര ഒരിക്കലും നിരാശപ്പെടുത്തില്ല.

വട്ടവട ടൌൺ പിന്നിട്ടു മുന്നോട്ടു പോയപ്പോഴാണ് ഒരു ബോർഡ്‌ കണ്ടത്. ചിലന്തിയാർ വെള്ളച്ചാട്ടം 5km. കൊള്ളാല്ലോ വീഡിയോൺ കേട്ടുപരിചയമില്ലാത്ത സ്ഥലം. സമയം ഇഷ്ടംപോലെയുണ്ട് വണ്ടി അങ്ങോട്ടേക്ക് തിരിച്ചു. ടാർ road അവസാനിക്കുന്നിടത്ത് bike നിർത്തി. അവിടെ നിന്ന ചേട്ടന്മാരോട് ചോദിച്ചപ്പോൾ താഴോട്ട് കാണുന്ന off road വഴി പോയാൽ മതിയെന്ന് പറഞ്ഞു. ജീപ്പ് മാത്രം പോകുന്ന വഴിയാണ്. ഞങ്ങൾ താഴേക്കു നടന്നു.

നടക്കുന്തോറും ആ ചെറിയ മൺപാതക്ക് വലതു വശത്തു വലിയ മലനിരകൾ കാണാം. താഴെ പച്ച നിറം പൊഴിയാത്ത മരങ്ങളും. എല്ലാം പുതിയ കാഴ്ചകളാണ്. വഴി പറഞ്ഞ് തരാൻ ആളുകളോ സഞ്ചാരികളോ ആരും ഇല്ല വെള്ളച്ചാട്ടത്തിന്റെ ശബ്ദം ലക്ഷ്യമാക്കി നടന്നു. അല്പം കഴിഞ്ഞു താഴേക്ക് ഒരു ചെറിയ വഴി കണ്ടു, രണ്ടും കല്പിച്ചു അതു വഴി ഇറങ്ങി. തെറ്റിയില്ല കറക്റ്റ് സ്ഥലത്താണ് എത്തിയത്.

ഞങ്ങൾ അല്ലാതെ മറ്റാരും ഇല്ല. സാധാരണ വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ ആണ് നമ്മൾ എത്തിപ്പെടുന്നത്. എന്നാൽ ഇവിടെ ഏറ്റവും മുകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. ഇപ്പോൾ വെള്ളം കുറവാണ്. താഴെ എത്താൻ വേറെ വഴി ഉണ്ടോ എന്നറിയില്ല.

കണ്ടാൽ അറിയാം സഞ്ചാരികൾ അധികം വരാത്ത സ്ഥലമാണെന്ന്. വല്ലാത്തൊരു ശാന്തത ആയിരുന്നു അവിടെ. പാറയിടുക്കിലെ ഉറവയിൽ നിന്നു വരുന്ന കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. എത്തിപ്പെടാൻ പറ്റുന്ന ഓരോ കോണിലും നടന്നു കയറി തണുത്ത വെള്ളത്തിൽ മുഖം തണുപ്പിച്ചു. ആരുടേം ശല്യമില്ലാതെ കാടിനുള്ളിൽ തണുപ്പും കൊണ്ട് ആ വെള്ളച്ചാട്ടത്തിനരികെ പക്ഷികളുടെയും വെള്ളമൊഴുകുന്ന ശബ്ദം മാത്രം കെട്ടു മാനം നോക്കി കിടന്നു. ഒരു യാത്ര മുതലാകാൻ ഇത് പോലൊരെണ്ണം മതി. മനസ്സിനേറ്റ ഏതു മുറിവും മാറ്റാൻ ഒരു യാത്ര മതിയെന്ന് പറയുന്നത് ചുമ്മാതല്ല. രണ്ടു മണിക്കൂറോളം അവിടെ ചിലവഴിച്ചു തിരികെ നടന്നു കയറി.

ഇനി ലക്ഷ്യം KFDC ഓഫീസ് ആണ്. കണ്ട കാഴ്ചകൾ ഒന്നൂടെ കണ്ടു തിരികെ വണ്ടി വിട്ടു. ടോപ്‌ സ്റ്റേഷനിൽ നിന്ന് തന്നെ ഉച്ചഭക്ഷണം കഴിച്ചു. ടോപ്‌ സ്റ്റേഷൻ ഇപ്പോൾ സഞ്ചാരികളെ കൊണ്ട് നല്ല തിരക്കായി. തിരികെ പോരുമ്പോൾ ആളൊഴിഞ്ഞു കിടന്ന മാട്ടുപ്പെട്ടി ഡാമിലും നല്ല തിരക്കും വാഹനങ്ങളുടെ നീണ്ട നിരയും. Bike ആയത് കൊണ്ട് ബ്ലോക്കിൽ നിന്ന് എളുപ്പത്തിൽ രക്ഷപെട്ടു.

മുന്നാർ ടൗണിൽ നിന്ന് സൈലന്റ് വാലി റൂട്ടിൽ രണ്ടു കിലോമീറ്റർ പോയാൽ KFDC ഓഫീസിൽ എത്താം. ചെന്നപ്പോൾ തന്നെ ബുക്ക്‌ ചെയ്ത കുറച്ചാളുകൾ പാസ്സിന് വേണ്ടി wait ചെയുന്നു. ഒരു ഗ്രൂപ്പ് പോയി കഴിഞ്ഞപ്പോൾ ഞങ്ങൾക്കും പാസ്സ് തന്നു. ജീവനക്കാരുടെ ജാടയില്ലാത്ത നല്ല പെരുമാറ്റം, വഴിയും അവർ കൃത്യമായി പറഞ്ഞു തന്നു.

ഇനി പോകുന്നത് സൂര്യനെല്ലി വഴി base ക്യാമ്പിലേക്കാണ്. ആദ്യത്തെ ചെക്‌പോസ്റ്റിൽ പാസ്സ് കാണിക്കണം എന്നാലേ കടത്തിവിടൂ. ഇനിയങ്ങോട്ട് Kanan Devan തേയില തോട്ടങ്ങളാണ് ഇരു വശവും. ഒന്നും പറയാനില്ല കിടുക്കാച്ചി ride.

കാഴ്ചയ്ക്കു അതിർത്തി തീർത്തു കൊണ്ട് നിൽക്കുന്ന വലിയ മലകൾക്കു താഴെ പച്ച വിരിച്ചു നിൽക്കുന്ന പുൽമേടുകളും തേയില തോട്ടവും. തോട്ടമെന്നു പറഞ്ഞാൽ കുറഞ്ഞു പോകും ഒരു കടലോളം പരന്നു കിടക്കുന്നു വഴിയിലുടനീളം. പോരാത്തതിന് വെള്ള മേഘങ്ങൾ നിറഞ്ഞ തെളിഞ്ഞ നീലാകാശം. വഴിയിൽ ഇടക്ക് തേയില ഫാക്ടറികളും തൊഴിലാളികളുടെ ചെറു വീടുകളും. ചെന്നെത്തുന്ന നാടിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന വഴികൾ തേടിയാണ് ഓരോ യാത്രയും. തോന്നിയിടത്തെല്ലാം വണ്ടി നിർത്തി കാഴ്ചകളെല്ലാം കണ്ണു കൊണ്ടും ക്യാമറ കൊണ്ടും ഒപ്പിയെടുത്തു.

തേയില തോട്ടത്തിൽ നിന്ന് തിരിഞ്ഞു കുത്തനെയുള്ള off road കയറി വേണം base camp എത്താൻ. നല്ല ground clearance ഉള്ള വാഹനങ്ങൾക്ക് ഈ വഴി സുഖമായി base camp വരെ എത്താം. അവിടുന്ന് കോട്ടേജിലോട്ടു 5km ജീപ്പ് മാത്രേ പോകൂ.

വളരെ മനോഹരമാണ് base camp. ക്യാമ്പിലെ ജീവനക്കാർ നട്ടു വളർത്തിയ പൂവിട്ടു നിൽക്കുന്ന പല തരം ചെടികൾ, ചെറിയൊരു ആമ്പൽക്കുളം. നീലയും വെള്ളയും ചുവപ്പും നിറത്തിൽ പൂക്കൾ പിടിച്ചു നിൽക്കുന്ന പുൽച്ചെടികൾക്ക് നടുവിലായി കെട്ടിയ ടെന്റുകൾ. ചുറ്റും electric fencing ഉണ്ട് അതു കൊണ്ട് മൃഗങ്ങളെ പേടിക്കേണ്ട.

അവർ തന്ന ചൂട് കട്ടൻ ചായ കുടിച്ചു ക്ഷീണം മാറ്റി. അപ്പോഴേക്കും ഫോറെസ്റ്റ് ഓഫീസർ ടെന്റ് കാട്ടി തന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം base ക്യാമ്പിൽ വരുന്നവർ bath towel, soap, tooth paste, brush പിന്നെ കയറ്റം കയറുമ്പോൾ ആവശ്യമായ glucose, chocolates ഇതൊക്കെ കയ്യിൽ കരുതണം. അടുത്തൊന്നും കടയില്ല.

Luggage എല്ലാം ടെന്റിൽ വച്ചു ഞങ്ങൾ ചുമ്മാ നടക്കാൻ ഇറങ്ങി. മുകളിൽ നിന്നാൽ ഫോണിൽ range കിട്ടും. ഞാൻ ഇങ്ങോട്ട് പോന്നത് ഇത് വരെ വീട്ടിൽ പറഞ്ഞിട്ടില്ല. ശനിയാഴ്ച എന്നെ നോക്കിയിരിക്കുന്നവർക്ക് എന്തിനാ ടെൻഷൻ കൊടുക്കുന്നെ. ഏറിയ സമയവും range ഇല്ലാത്ത സ്ഥലത്തായത് കൊണ്ട് Range വന്നപ്പോൾ ഒരു ലോഡ് notification. വന്ന മെസ്സേജുകൾക്കെല്ലാം മറുപടി കൊടുത്തു. മൂന്നാറിൽ ഉണ്ടെന്ന് പറഞ്ഞു കൂട്ടുകാരേം വെറുപ്പിച്ചു. അതല്ലേ നമുക്കൊരാശ്വാസം.

മരങ്ങൾക്ക് ഇടയിൽ നല്ല വ്യൂ പോയിന്റ് ഇല്ലാത്തതിനാൽ സൂര്യാസ്തമയം കാണാൻ പറ്റിയില്ല. ഇരുട്ട് വീണപ്പോൾ തിരികെ ക്യാമ്പിലേക്ക് നടന്നു.

തണുപ്പ് കൂടി തുടങ്ങി പലരും camp fireനു ചുറ്റും ഇരുന്നു കത്തി അടിക്കുന്നു. തണുപ്പ് 10ഡിഗ്രി ഉണ്ട്. പറ്റിയ company കിട്ടാത്ത കൊണ്ട് ഞങ്ങൾ അവിടുന്ന് വിട്ടു നിന്നു.
എട്ടരയോടെ അത്താഴം റെഡിയായി. ഭക്ഷണം കൊള്ളാം വയറു നിറയെ കഴിച്ചു. Sleeping bag കിടക്കുന്നതിനു മുൻപായി അവർ തരും. അതും വാങ്ങി ടെന്റിൽ കയറി നാളത്തെ കാഴ്ചകളും സ്വപ്നം കണ്ടു ഉറക്കത്തിലേക്ക് ഊളിയിട്ടു.

Mar 11(ഞാറാഴ്ച) – അതിരാവിലെ 4 മണിക്ക് ഉണർന്നു റെഡി ആയി ഇറങ്ങി സൂര്യോദയം കാണാൻ. പുറത്തു നല്ല തണുപ്പും കാറ്റും. 8 മല കയറിയിറങ്ങി വേണം മീശപ്പുലി മലയുടെ നെറുകയിൽ എത്താൻ. വിറച്ചു കൊണ്ട് mobile flash വെളിച്ചത്തിൽ ആദ്യത്തെ മല കയറാൻ തുടങ്ങി.

High altitude കയറുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചു തുടങ്ങി. വിയർക്കുന്നില്ലങ്കിലും നന്നായി കിതച്ചു. Rhodo Mansion കോട്ടേജിനരികെ ഉള്ള മലയിൽ ആണ് ഒരു sunrise വ്യൂ പോയിന്റുള്ളത്. അവിടെയെത്താൻ നന്നേ കഷ്ടപ്പെട്ടു. പക്ഷെ എത്തിയതും വീശിയടിക്കുന്ന ഉഗ്രൻ കാറ്റ്. ചുവടുറപ്പിച്ചു നിന്നില്ലെങ്കിൽ കാറ്റ് നമ്മളേം കൊണ്ട് പോകും. അഞ്ചര മണി ആയിട്ടുള്ളൂ ആകാശം തെളിഞ്ഞിട്ടില്ല. കുറച്ച് നേരം കാറ്റു കൊണ്ടപ്പോൾ ക്ഷീണം മാറി. ഇങ്ങനെ നിന്നാൽ വന്ന ഉദ്ദേശം നടക്കില്ല Mobile flash വെളിച്ചത്തിൽ വീണ്ടും നടന്നു. Guide പുറകെ ഉണ്ട്.

അറിയാത്ത വഴിയിൽ വെളിച്ചം കിട്ടാൻ ആണ് mobile കയ്യിൽ പിടിച്ചത്. പക്ഷെ കൈ തണുത്തു മരവിച്ചു. ചുറ്റും മൊട്ടക്കുന്നും പുൽമേടും കാറ്റിന്റെ ഇരമ്പലും അല്ലാതെ ഒന്നുമില്ല. ഒരു horror സിനിമയുടെ അന്തരീക്ഷം. തണുത്തു മരവിച്ചു പോയെങ്കിലും വളരെ ആസ്വദിച്ച ഒരു നടപ്പായിരുന്നു അത്.

കാറ്റിൽ പലവട്ടം ബാലൻസ് പോയെങ്കിലും വീഴാതെ ശ്രദ്ധിച്ചു. പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത് മുൻപിലും പിന്നിലും അടുത്തെങ്ങും ആരുമില്ല. കൂടെ ഉണ്ടായിരുന്നവനേം കാണാനില്ല. വിളിക്കാൻ ഫോണിൽ റേഞ്ച് ഇല്ല. ആവേശം ഭയത്തിനു വഴിമാറി. വഴിതെറ്റിയോ മുന്നിൽ വന്യ മൃഗങ്ങൾ ഉണ്ടാകുമോ ചിന്തകൾ പല വഴിക്ക് പോയി. വല്ല പുലിയും breakfast തിരക്കി ഈ വഴി വന്നാൽ തീരുമാനം ആയി. പക്ഷെ കുറച്ചു കാഷ്ടം കണ്ടതല്ലാതെ ഒന്നും വന്നില്ല ഭാഗ്യം.

അങ്ങനെ ശങ്കിച്ചു നിൽകുമ്പോൾ മുന്നിലെ മലയിൽ flash വെളിച്ചം കണ്ടു. ഹോ ഭാഗ്യം വഴി തെറ്റിയില്ല. മുന്നിലെ കുഞ്ഞരുവി ചാടിക്കടന്നു അടുത്ത മലയിലേക്ക് കയറി. വെറുതെ flash ഒന്ന് ഓഫാക്കി നോക്കി. ഹോ അരണ്ട വെളിച്ചത്തിൽ ആ പുൽമേട് കാണാൻ എന്തു ഭംഗി.

ഇരുട്ടിൽ വഴി കണ്ടുപിടിക്കുന്നതാണ് വലിയ കഷ്ടപ്പാട്. ഒന്നോർത്താൽ ഈ അനുഭവങ്ങളാണ് യാത്രയെ നെഞ്ചോടു ചേർത്ത് പിടിക്കാൻ തോന്നുന്നത്. ഓരോ ഉയരം കീഴടക്കുമ്പോഴും പിന്നിട്ട വഴി ഒന്ന് തിരിഞ്ഞു നോക്കും വീണ്ടും നടക്കാൻ അപ്പോൾ ഒരു ധൈര്യം വീണുകിട്ടും. സമയം പോകുന്തോറും സൂര്യന്റെ വരവറിയിച്ചു ആകാശം ചുവപ്പ് നിറമണിഞ്ഞു. പതിയേ വെളിച്ചം വീണു തുടങ്ങി.

അങ്ങ് ചെമ്പ്ര മലയിൽ മാത്രമല്ല ഇങ്ങു മീശപ്പുലി മലയിലും ഉണ്ട് ഹൃദയതടാകം. വെളിച്ചം വീണപ്പോഴാണ് കണ്ടത്. സമയം കളയാനില്ലാത്ത കൊണ്ട് അങ്ങോട്ട്‌ പോയില്ല അത് ഇനിയൊരിക്കലാവാം. കുറച്ചു മുന്നിലായി ഇപ്പോ മലകയറുന്ന പലരേം കാണാം കൂട്ടത്തിൽ ആദർശിനേം. ശ്ശെടാ ഇവനിതെപ്പോ കയറിപ്പോയി🤔.

അങ്ങനെ 8 മലകൾ കയറി അവസാനത്തെ കയറ്റവും കയറുകയാണ്. പുലർച്ചെ കയറിയത് കൊണ്ട് വല്യ ക്ഷീണം അനുഭവപ്പെട്ടില്ല. ഉയരം കൂടുന്തോറും കാറ്റിന്റെ ശക്തി കൂടി വരുന്നു. പകുതി കയറിയപ്പോ ആദർശ് കൈ കാട്ടി വിളിക്കുന്നു വേഗം വാ. സൂര്യൻ ഉദിച്ചു തുടങ്ങി. പിന്നെ ബാക്കി ദൂരം ഒറ്റ ഓട്ടമായിരുന്നു. ചെറുതായി അണച്ചു ആകാശത്തിലോട്ടു നോക്കിയപ്പോ പിന്നെ ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല.

മേഘങ്ങൾക്കിടയിലൂടെ ചുവപ്പ് നിറം അണിഞ്ഞു ഭൂമിക്ക് പ്രകാശം പരത്തി സൂര്യൻ പുറത്തേക്കു വരുന്നു. സമുദ്ര നിരപ്പിൽ നിന്നു 8661 അടി മുകളിൽ നിന്ന് മണിക്കൂറിൽ 60/70km വേഗത്തിൽ വീശിയടിക്കുന്ന കാറ്റും കൊണ്ട് സൂര്യോദയം കാണണം. ഹൂ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. ലോകം കാൽച്ചുവട്ടിൽ ആണെന്ന് തോന്നും. മനസ്സിന്റെ ഭാരം മുഴുവൻ ആ കാറ്റിൽ പറത്തി വിട്ടു കൊച്ചു കുട്ടിയെ പോലെ ആർത്തു വിളിക്കാൻ തോന്നും.

ഇഷ്ടമുള്ള അത്രേം നേരം ഞാൻ മേലെക്ക് നോക്കി നിന്നു. പിന്നെയാണ് ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞത്. തൊട്ടു താഴെ തിബട മലയും, കൊളുക്കുമലയും അടങ്ങുന്ന പശ്ചിമഘട്ട മലനിരകൾ. പിന്നെ ടോപ്‌ സ്റ്റേഷൻ, ആനയിറങ്ങൽ ഡാം, കൊളുക്കുമല താഴ്വരയിലായി കാട്ടു തീ 11 പേരുടെ ജീവനെടുത്ത കുരങ്ങിണി ഗ്രാമം എന്നീ സ്ഥലങ്ങളുടെ വിദൂര ദൃശ്യം.

ഉയരത്തിൽ നിക്കുമ്പോൾ ഈ ലോകം എത്ര ചെറുതാണ് എന്ന് തോന്നിപോകും. ആകെ ഒരു പോരായ്മ മ്മടെ ചാർലി പറഞ്ഞ “മഞ്ഞു പെയ്യുന്നത്” കാണാൻ പറ്റിയില്ല ഇപ്പോ അതിന്റെ സമയമല്ല. ഓഗസ്റ്റിൽ വന്നാൽ കാണാം എന്ന് guide പറഞ്ഞു. ഒരു മണിക്കൂറോളം അവിടെ നിന്ന ശേഷം ഏറ്റവും അവസാനമായി ഞങ്ങൾ ഗൈഡ്നൊപ്പം തിരിച്ചിറങ്ങി.

പോയ വഴിക്കല്ല തിരിച്ചിറങ്ങുന്നത്. പക്ഷെ കണ്മുന്നിൽ ഇത് കേരളത്തിൽ തന്നെയാണോ എന്ന് തോന്നി പോകുന്ന പ്രകൃതി ഭംഗി. വെയിലേറ്റു കരിഞ്ഞു തുടങ്ങിയ പുല്ലുകൾ ഇളം മഞ്ഞ നിറത്തിൽ ആ താഴ്‌വരയാകെ നിറഞ്ഞു നില്കുന്നു. താഴെ എത്തി ഒന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് ആ മലയുടെ വലുപ്പം മനസ്സിലാകുന്നത്. ഇപ്പൊ മനുഷ്യൻ വളരെ ചെറുതായത് പോലെ തോന്നും.

തിരികെ നടത്തം വളരെ എളുപ്പത്തിൽ കഴിഞ്ഞു. പൈൻ മരക്കാടുകൾ ഇല പൊഴിച്ചിട്ടിരിക്കുന്നത് കണ്ടപ്പോൾ ആ തണലിൽ ഇരിക്കാൻ ആഗ്രഹം മൂത്ത് ഒരു break എടുത്തു. കണ്ട കാഴ്ചകൾ ഒന്ന് അയവിറക്കി 15 മിനുട്ടോളം ചുമ്മാ മാനം നോക്കി കിടന്നു. മഴ മാറി പച്ച വിരിച്ചു നിക്കുമ്പോൾ ഒരിക്കൽ കൂടി ഇവിടേക്ക് വരണം എന്ന് അപ്പോഴേ ഉറപ്പിച്ചു.

Base camp എത്തിയപോ 11 മണിയായി. Breakfast ഞങ്ങളെ കാത്തു ആമാശയത്തിലേക്ക് ചാടി ആത്‍മഹത്യ ചെയ്യാൻ വെമ്പി നില്കുന്നു. നല്ല പുട്ടും കടലക്കറിയും നിർദയം വാരി വലിച്ചു തിന്നു. തീറ്റി കഴിഞ്ഞു നേരെ ടെന്റിൽ പോയി വിശ്രമം. നല്ല തലവേദനയുണ്ട് ഒന്നുറങ്ങി എണീറ്റാൽ ശെരിയാകും. ഞാനും ആദർശും വീണ്ടും ഒരു ചെറിയ മയക്കത്തിലേക്ക്.

2 മണിയോടെ ഉണർന്നെണീറ്റു റെഡിയായി. ഫോറെസ്റ്റ് ഓഫീസർമാരോട് ടാറ്റ പറഞ്ഞു വന്ന വഴി തിരികെ ഇറങ്ങി. മൂന്നാർ ടൗണിൽ നല്ല പൂ പോലെ soft ആയ ഉഴുന്ന് വട കിട്ടുന്ന കടയുണ്ട്. മുന്നാറിൽ നിന്ന് തിരികെ പോകുമ്പോൾ അവിടുന്നു ചായകുടി പതിവാ. തിരിച്ചു ഇഷ്ട റൂട്ടുകളിൽ ഒന്നായ Letchmi Estate വഴി പോകാം എന്ന് fix ചെയ്തു.

KSRTC ക്കു എതിർവശം കാണുന്ന റോഡിൽ കൂടെ പോയാൽ Letchmi Estate വഴി അടിമാലി എത്താം. അല്പം ചുറ്റി പോവാൻ റെഡിയാണെങ്കിൽ എറണാകുളത്തു നിന്നു വരുന്നവർക്കു മാങ്കുളം റൂട്ടിൽ വിരിപാറയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ Letchmi Estate വഴി മൂന്നാർ എത്താം.

മൂന്നാർ പോകുന്ന പലർക്കും അറിയാത്ത അതിമനോഹരമായ റൂട്ട് ആണിത്. Private road ആണ് പക്ഷെ permission ഒന്നും വേണ്ട. കുറെ ദൂരം ടാർ ഇളകി road അല്പം മോശമാണ് എങ്കിലും മനോഹരമായ യാത്രയാണ്. മൊത്തം 2068 ഹെക്ടറിൽ പരന്നു കിടക്കുന്ന തേയിലത്തോട്ടം. ഇടുക്കി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്ന്. എങ്ങും തേയിലത്തോട്ടങ്ങളുടെ പച്ചപ്പ്‌ മാത്രം. ഇപ്പോഴും ഒരു ride എന്ന് കേട്ടാൽ ആദ്യം ഓർമ വരുന്നത് ഈ റൂട്ട് ആണ് അത്രക്കങ്ങു പിടിച്ചുപോയി. അടിമാലി എത്തി വീണ്ടും ചായകുടിക്കുമ്പോഴാണ് ആഷ്‌ലിയുടെ ഇഞ്ചത്തൊട്ടി തൂക്കുപാലം പോസ്റ്റ്‌ കാണുന്നത്. ന്നാ പിന്നെ പോണ വഴി അവിടെ കയറി sunset കാണാം എന്നൊരാഗ്രഹം. പിന്നെ Bike ഒറ്റ പറപ്പിക്കലാരുന്നു.

കോതമംഗലം – തട്ടേക്കാട് റൂട്ടിൽ പുന്നേക്കാട്‌ കവലയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നേര്യമംഗലം പോകുന്ന വഴിയിൽ ആണ് ഈ പാലം. കേരത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം. കോതമംഗലത്തിനടുത്ത് കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയിൽ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപ്പുതൂക്ക് പാലം. പെരിയാറിനു കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. പാലം കാണാനും പെരിയാറിൽ boating നടത്താനും ആളുകൾ ഉണ്ട്. കുറച്ച് വൈകിപോയതിനാൽ അസ്തമയം കാണാൻ പറ്റിയില്ല.

എറണാകുളത്തുള്ളവർക്ക് ഒരു അവധി ദിവസം സമയം കളയാനുള്ളതൊക്കെ ഇവിടെയുണ്ട്. ഇരുട്ട് വീണു തുടങ്ങി കുറച്ചു നേരം പാലത്തിൽ നിന്ന് കാഴ്ചകളൊക്കെ കണ്ടു മടങ്ങി കോതമംഗലം ബസ് സ്റ്റാൻഡിലേക്ക്. ആദർശിനോട് bye പറഞ്ഞു ഞാൻ അടുത്ത ബസ് പിടിച്ച് കൊച്ചിയിലേക്ക് പോന്നു.

അടിക്കുറുപ്പ്- ട്രെക്കിങ് പോവുമ്പോൾ അധികൃതരുടെ അനുവാദത്തോടെ, അവർ പറയുന്ന വഴിയേ പോവുക. കാട് മനോഹരമാണ് എന്നാലത് അപകടങ്ങൾ പതിയിരിക്കുന്നതുമാണ്. ട്രെക്കിങ്ങിന് ഇറങ്ങുന്നവർ വനപാലകരുടെ അനുമതിയും ഗൈഡിന്റെ സഹായവും ഉറപ്പാക്കണം. ശാന്തമായ പ്രകൃതിയുടെ ഭാവം എപ്പോൾ വേണമെങ്കിലും മാറാം. സ്വയം അപകടത്തിലേക്ക് നടന്നു കയറരുത്. വിവരണം ©Shyam Raj.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply