കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം : പഴയ കാലത്തിന്റെ മറ്റൊരു മായാത്ത മുഖം..

പുലരിമഞ്ഞു മൂടിയ പാഞ്ചാലിമേടിറങ്ങി വരുമ്പോഴാണ് അമ്മച്ചിക്കൊട്ടാരം കണ്ടുവരാമെന്നു കരുതിയത്. തലേ രാത്രി മലകയറി വന്നപ്പോൾ തണുത്ത രാത്രിയിൽ ഒരു തണു തണുത്ത ജിൻജർ സോഡാ കഴിക്കാനായിറങ്ങിയത് സാബു ചേട്ടന്റെ കുഞ്ഞിക്കടയിലായിരുന്നു. അമ്മച്ചിക്കൊട്ടാരത്തെപ്പറ്റി ഒരു ചെറു സ്റ്റഡി ക്ലാസ്സെടുത്താണ് സാബുച്ചേട്ടൻ എന്നെ യാത്രയാക്കിയത്. ( ഈ സാബുചേട്ടനൊക്കെ എത്രപാവമാണെന്നോ…” കൊച്ചീക്കാരാ അല്ലിയോ ..? കൊച്ചിന് വിശക്കുന്നില്ലിയോ ..”എന്നൊക്കെ ചോദിച്ചു നമ്മെ വീഴ്ത്തിക്കളയും).

കുട്ടിക്കാനം ജങ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ യാത്ര ചെയ്‌താൽ ഇവിടെയെത്താം. അമ്മച്ചിക്കൊട്ടാരം കണ്ടുപിടിക്കാൻ കുറച്ചു പാടുപെട്ടു .ഓരോ വഴിയിലൂടെയും കാടുകയറി ചെല്ലുമ്പോൾ കാർ പോകാനുള്ള വഴി അവിടെ അവസാനിക്കുന്നു .നിറമുള്ള തൂവലുകളുള്ള ചിറകടിച്ചു കാട്ടുകോഴികൾ പറക്കുന്നതും കണ്ടു കുറെ നേരം നിന്നു ..വഴിതെറ്റി വഴിതെറ്റി അവസാനം യുറേക്കാ..

ഈ കാട്ടിനുള്ളിൽ വിസ്മയമൊരുക്കി ഇങ്ങനെയൊന്നുണ്ടെന്നു ഞാൻ തീരെ കരുതിയില്ല .പായൽ പടർന്ന നിറം മങ്ങിയ ചുമരുകളും ചിമ്മിനികളും പൊളിഞ്ഞുപോയ പടവുകളും ഒക്കെയായി ഒരു പഴയ കൊട്ടാരം.രാത്രിയിൽ കണ്ടാൽ ശരിക്കും ഒരു ഹൊറർ ബംഗ്ലാവ് .

റൊമാനിയയിലെ കാർപാത്യൻ മലനിരകളും വ്ലാദ്‍ ഡ്രാക്കുൾ മൂന്നാമനും കുതിരപ്പുറത്തു വരുന്ന ഓട്ടോമൻ തുർക്കുകളും എല്ലാം സ്ഥിരമായി വായിച്ചു ആരാധിച്ചിരുന്നത് കൊണ്ട് ചെറിയ ചങ്കിടിപ്പോടെയാണ് വരാന്ത കയറി ചെന്നത്. മങ്ങിപ്പോയ പ്രതാപകാലത്തിന്റെ അവശിഷ്ട സ്വപ്നം പോലെ ഒരു കൊട്ടാരം. .ഇടതൂർന്ന മരങ്ങൾക്കിടയിൽ പഴയ പ്രതാപി ചിറകൊടിഞ്ഞു കിടപ്പാണ് .(കാർബൺ മൂവിയിൽ ഫഹദ് ഫാസിലിറങ്ങി വരുന്ന ആ മഞ്ഞു മൂടിയ വീട് ഇതന്നെ.)

വരാന്തകളിലൂടെ നടക്കുമ്പോൾ അകത്തെവിടെയോ വാതിൽ തുറന്നടയുന്ന ശബ്ദം. ഓടാൻ തയ്യാറായാണ് നിന്നത്. 210 വർഷങ്ങൾ പഴക്കമുള്ള തിരുവിതാംകൂർ മഹാരാജാക്കൻമാരുടെ പഴയ വേനൽക്കാല വസതിയാണിത്. 8 മാസം നാട്ടിലും ചൂടുള്ള 4 മാസം കുട്ടിക്കാനത്തു നിന്നുമുള്ള രാജഭരണം . .സഹോദരിക്ക് സ്ഥാനമുള്ള തിരുവിതാംകൂർ മാട്രിയാർക്കി സിസ്റ്റത്തിൽ രാജപത്നി അമ്മച്ചിയെന്നറിയപ്പെടുന്നു .അടുത്തുതന്നെ സർ സി.പി യുടെ കഥാവശേഷമായ വസതിയും കാണാം .

25 ഏക്കറിൽ പരന്നു കിടക്കുന്ന കൊട്ടാരവളപ്പ്. കേരളീയ വാസ്തുവിദ്യയും വിക്ടോറിയൻ രീതികളും സമന്വയിച്ച വാസ്തുകല .ജോ മൺറോ ആണിത് പണികഴിപ്പിച്ചിരിക്കുന്നത്. വാതിൽ മണിച്ചിത്രത്താഴ് മൂവി പോലെ തുറന്നു .ഉള്ളിൽ നിന്നും എത്തിയ വൃദ്ധൻ ഞങ്ങളെ ഹാർദ്ദമായി സ്വീകരിച്ചു. ശ്രീ ചിത്തിരതിരുന്നാളിന്റെ സേവകനെന്നു അഭിമാനപൂർവം സ്വയം പരിചയപ്പെടുത്തിയ ധർമ്മലിംഗം വളരെ പെട്ടന്ന് ഞങ്ങളുടെ ഹൃദയം കവർന്നു .

തമിഴ്‌നാട്ടിലെ കമ്പചുരുളിപ്പെട്ടി സ്വദേശിയായ ധർമ്മലിംഗം തലമുറകളായി തിരുവിതാംകൂറിലെ കട്ടപ്പ ഫാമിലിയെന്നാണ് പുള്ളിയുടെ ഭാഷ്യം. ശ്രീചിത്തിര തിരുന്നാൾ ആണ് പുള്ളിയുടെ ബാഹുബലി. മഹാരാജാവിന്റെ പേര് പറയുമ്പോൾ രാജഭക്തി കൊണ്ട് തിളങ്ങുന്ന കണ്ണുകൾ .

വിശാലമായ അകത്തളങ്ങൾ .മണ്ണിന്റെ തണുത്ത ചുമരുകൾ.ചൂട് തരുന്ന വുഡൻ പാനലിങ്ങിന്റെ മേൽക്കൂരകൾ. എല്ലാ മുറിയിലും ഫയർ പ്ലേസുകൾ .അതും കഴിഞ്ഞു കനകാംബരപ്പൂക്കൾ വിടർന്നു നിൽക്കുന്ന നടുമുറ്റം .അതിനു ചുറ്റുമായി റാണിയുടേയും തോഴിമാരുടെയും മുറികൾ. നാശോന്മുഖമായ ,രാജപ്രൗഢി വെളിവാക്കുന്ന സാധന സാമഗ്രികൾ ..ഇറ്റാലിയൻ ടൈൽസും ബ്രിട്ടണിൽ നിന്ന് ഇറക്കുമതി ചെയ്ത വസ്തുവകകളും ഒക്കെ ആവേശത്തോടെ ധർമ്മലിംഗം കാണിച്ചു തന്നു. മൂവികളിലെ ട്രാൻസ്ഫോർമേഷൻ രംഗം പോലെ ഗതകാലം തെളിഞ്ഞു വന്നു..

രാജ്ഞി കുളികഴിഞ്ഞു മുടിയുണക്കുന്ന പുറംതളത്തിലിരുന്നു ഞങ്ങൾ കഥകൾ പറഞ്ഞു. എല്ലാജാതി പാമ്പുകളും ചുറ്റുമുണ്ടെന്നു സന്തോഷത്തോടെ ഇദ്ദേഹം പറയുന്നുണ്ട്.പുള്ളി നട്ടു വളർത്തിയ ഡാലിയപ്പൂക്കളാണ് അവിടം നിറയെ.ധർമ്മലിംഗത്തിനു രണ്ടുമക്കൾ.മകൾ കല്യാണം കഴിഞ്ഞു.മകൻ സ്പോർട്സ് താരമാണ്. ഭാര്യ പത്മയുമായി 52 വർഷമായി ഈ കൊടുംകാടിനുള്ളിലെ ബംഗ്ലാവിൽ നിധി കാക്കുന്ന ഭൂതത്താനെപ്പോലെ കഴിയുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.

പുറമെ നിന്ന് നോക്കിയപ്പോൾ ചെറുതെന്നു തോന്നിയ ഇതിനുള്ളിൽ ഒത്തിരി വിസ്മയങ്ങളുണ്ട്. സുരക്ഷകാരണങ്ങളാൽ അടച്ചിട്ട ഭൂഗർഭ പാത. രാജാക്കന്മാരുടെ അരക്ഷിത ജീവിതത്തിന്റെ സ്ഥിരം ലോഗോ. ഈ തുരങ്കം പീരുമേട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം വരെ നീളുമത്രെ. ജീർണ്ണിച്ചു പോയ ഒരു കൊട്ടാരം. അതിൽ പുരാവസ്തു പോലെ അതിന്റെ സൂക്ഷിപ്പുകാരൻ.

റാണിയുടെ ഉദ്യാനത്തിലെ തണൽമരങ്ങൾ ഇന്ന് ഇടതൂർന്ന കാടായിക്കഴിഞ്ഞു.പല പ്രേതപ്പടങ്ങളുടെയും ലൊക്കേഷൻ ആണിത്.( ഇന്ദ്രിയം ഓർമ്മയില്ലേ ?). സൈപ്രസിൽ നിന്നും കൊണ്ട് വന്ന മരങ്ങൾ വളർന്നു നിൽക്കുന്നത് കാട്ടി ധർമ്മലിംഗം വാചാലനായി.വിറകു കത്തിച്ചാൽ സുഗന്ധപുക പരക്കുന്ന മരങ്ങൾ…ആകാശത്തേക്ക് കൈയ്യുയർത്തി നിൽക്കുന്ന വന്മരങ്ങൾ…

ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായ ഒരു ഐ റ്റി കമ്പനിയുടെ ഉടമസ്ഥതയിലാണീ ബംഗ്ലാവ്. യാതൊരു പരിഗണനയും കൊടുക്കാതെ മൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചരിത്ര സ്മാരകം. പിരിയുമ്പോൾ പാവക്കുളത്തമ്പലത്തിൽ ഉത്സവം കാണാൻ വരുമ്പോൾ ഓഫീസിൽ വന്നു എന്നെക്കാണാമെന്നു വാക്കുതന്നു ധർമ്മലിംഗം.

വിവരണം – രമ്യആനന്ദ്.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply