സൂപ്പർ എക്സ്പ്രസ്സ് – ലോറി അപകടം; മരിച്ചത് KSRTC ജീവനക്കാരും ലോറി ഡ്രൈവറും…

കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച്‌ മൂന്ന് മരണം. കെ എസ്‌ആര്‍ടിസി കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ്, ബസ് ഡ്രൈവര്‍ അബ്ദുല്‍ അസീസ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു . അപകടത്തിൽ ഏഴ് പേരുടെ നില ഗുരുതരമാണ്‌.

രാവിലെ ആറരയോടെയാണ്‌ അപകടം. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്സ് ബസും തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപെട്ടത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ സ്ഥലത്തേക്ക് ഓടിക്കൂടി. ലോറിയുടേയും ബസിന്റേയും മുൻവശങ്ങൾ പൂർണമായും തകർന്ന അവസ്ഥിലായിരുന്നു.

ബസ് ലോറിയിലേക്ക് ഇടിച്ച് കയറിയ അവസ്ഥയിലായിരുന്നതിനാൽ തന്നെ ലോറി ഡ്രൈവറെ പുറത്തെടുക്കാൻ വളരെ ബുദ്ധിമുട്ടുകയായിരുന്നു. ലോറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ ഒന്നരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. കെഎസ്ആർടിസിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്നും പരാമർശമുണ്ട്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

അതെ സമയം തങ്ങളുടെ സഹപ്രവർത്തകരുടെ അകാല മരണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ രാത്രിയിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ഇരുവരുടേയും യാത്ര അന്ത്യയാത്ര ആയതിൽ മനം നൊന്തിരിക്കുകയാണ് സഹപ്രവർത്തകർ. ഇന്ന് രാവിലെ 6.10 നാണ് കൊല്ലം കൊട്ടിയത്തിന് സമീപം വച്ച് കെഎസ്ആർടിസി ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ് (47), കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ് എന്നിവർ മരണപ്പെട്ടത്.

ഇരുവരും സഹപ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരരായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് എത്തിയാൽ വാഹനം വൃത്തിയാക്കി ഇടുന്നതും രണ്ടുപേരും ചേർന്നായിരുന്നു. കൂടാതെ യാത്രക്കാരോടെല്ലാം സൗമ്യമായി ഇടപെടുന്നതിനാൽ സ്ഥിര യാത്രക്കാർക്കും ഇവരെ പറ്റി മതിപ്പായിരുന്നു. ഡ്രൈവർ അബ്ദുൽ അസീസ് ജനറൽ ട്രാൻസഫർ കിട്ടി താമരശ്ശേരിയിലേക്കെത്തിയിട്ട് രണ്ട് മാസം മാത്രം പൂർത്തിയാകുന്നതേ ഉള്ളൂ.

ഏറെ നാളായി താമരശ്ശേരി ഡിപ്പോയിലെ എക്സ്പ്രസ്സ് ബസിൽ സ്ഥിരം കണ്ടക്ടറായി തുടർന്നു വരികയായിരുന്നു സുഭാഷ്. കൃത്യ നിഷ്ഠയോടെയുള്ള കൃത്യ നിർവ്വഹണമായിരുന്നു മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കിയത്. കൂടാതെ വാഹനം വൃത്തിയോടെ സൂക്ഷിക്കാൻ തന്റെയൊപ്പം ഡ്യൂട്ടിക്കെത്തുന്ന ഡ്രൈവറോടു പറയുമായിരുന്നു. രാത്രിയിൽ ഉറങ്ങാതെ ഡ്രൈവറോട് സംസാരിച്ചിരിക്കുന്നതും സുഭാഷിന്റെ പ്രത്യേകതയായിരുന്നു. അതിനാൽ എല്ലാവർക്കും സുഭാഷ് കണ്ടക്ടറായി പോകുന്ന ദീർഘദൂര ബസിൽ ജോലി ചെയ്യാൻ പ്രത്യേക താൽപര്യവുമായിരുന്നു. അപകട സ്ഥലത്തും ആശുപത്രിയിലും ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ, മേഴ്സി ക്കുട്ടിയമ്മ, സിഎംഡി ടോമിൻ തച്ചങ്കരി എന്നിവർ സന്ദർശിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും വേണ്ട അടിയന്തിര സഹായം ഉടൻ നൽകുമെന്ന് മന്ത്രി പറഞ്ഞു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply