ലേഖകൻ – ജോൺ എബനേസർ.
ഭാരതീയ വ്യോമസേനയുടെ നമ്പർ വൺ ടൈഗേഴ്സ് സ്ക്വാഡ്രൺ അംഗം ആയിരുന്ന സ്ക്വാഡ്രൺ ലീഡർ അജ്ജമാട ബോപ്പയ്യ ദേവയ്യ 1932 ഇൽ കുടകിൽ ആണ് ജനിച്ചത്. 1965 ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഓപ്പറേഷൻ Riddle ന്റെ ഭാഗമായി 1965 സെപ്റ്റെംബർ 7 നു ഇന്ത്യൻ കരസേനയുടെ നീക്കങ്ങളെ സഹായിക്കാനായി ഇന്ത്യൻ വ്യോമസേനാ, പാകിസ്ഥാൻ വ്യോമ താവളം ആയ സർഗോധ ആക്രമിക്കാനായി തീരുമാനിച്ചു. പുലർച്ചെ 5 .55 ഇന്ത്യൻ വ്യോമസേനയുടെ ഫ്രഞ്ച് നിർമ്മിത വിമാനങ്ങൾ ആയ മിസ്റ്റയറുകളുടെ പന്ത്രണ്ട് പേര് അടങ്ങുന്ന ഒരു വലിയ വ്യൂഹം സർഗോധയിലെക്ക് പുറപ്പെട്ടു.
പങ്കെടുത്ത ഇന്ത്യൻ പൈലറ്റുമാർ ഭൂരിഭാഗവും മുൻപ് വളരെയധികം ദൂരം സഞ്ചരിച്ചു പാകിസ്ഥാൻ മണ്ണിൽ ഇത്തരം ഏതെങ്കിലും ഒരു ആക്രമണ ദൗത്യത്തിൽ പങ്കെടുത്തിട്ടുള്ളവർ അല്ലായിരുന്നു. 1965 ഇൽ ഇന്ത്യൻ വ്യോമസേനയുടെ ശേഷി പാകിസ്താനെ അപേക്ഷിച്ചു കുറവായിരുന്നു. ഇന്ധന ശേഷി കുറഞ്ഞ ഇന്ത്യൻ മിസ്റ്റയറുകൾ യഥാർത്ഥത്തിൽ ആത്മഹത്യാപരമായ ഒരു ദൗത്യം തന്നെ ആണ് ഏറ്റെടുത്തത്. സർഗോധ വ്യോമത്താവളം തകർക്കണം, അതിലുപരി ഇന്ധനം തീരാതെ തിരിച്ചെത്തണം, എതിർപക്ഷത്തു നിന്നുള്ള വ്യോമ ആക്രമണം നേരിടണം, കൂടാതെ വിമാനങ്ങൾക്ക് നേരെയുള്ള ഗ്രൗണ്ട് അറ്റാക്കിൽ നിന്നും രക്ഷപ്പെടണം. ഇതായിരുന്നു ലക്ഷ്യം.
കൃത്യ സമയത്തു ലക്ഷ്യത്തിൽ എത്തിയ ഇന്ത്യൻ വിമാനങ്ങൾ രൂക്ഷമായ ആക്രമണം സർഗോധയിൽ നടത്തി. അതിശക്തമായ പാകിസ്താനി വിമാന വേധ തോക്കുകളുടെ ആക്രണമം മറികടന്ന് ഇന്ത്യൻ വിമാനങ്ങൾ തിരിച്ചു എയർബേസിലേക്ക് പറക്കാൻ ആരംഭിച്ചു. ഇന്ത്യൻ വിമാന നിരയിൽ ഏറ്റവും അവസാനമായി പറന്ന വിമാനം പറത്തിയിരുന്നതു കുടക് സ്വദേശിയായ സ്ക്വാഡ്രൺ ലീഡർ അജ്ജമാട ദേവയ്യ ബൊപ്പയ്യ ആയിരുന്നു. ഫ്ലയിങ് ഇൻസ്ട്രക്റ്റർ കൂടിയായിരുന്ന ദേവയ്യ സമർത്ഥനായ പൈലറ്റ് ആയിരുന്നു. സർഗോധ ആക്രമണം നടത്തിയ ശേഷം ഇന്ധനത്തിന്റെ അളവ് കണക്കാക്കി അതിവേഗം തിരിച്ചു പറന്ന ഇന്ത്യൻ വ്യോമ വൂഹത്തെ സർഗോധയിൽ നിന്നും പറന്നുയർന്ന ഒരു പാകിസ്ഥാനി വിമാനം പിന്തുടർന്നു.
പാകിസ്താനി ഫ്ളൈറ് ലെഫ്റ്റനെന്റ് അംജദ് ഹുസ്സൈന്റെ അമേരിക്കൻ നിർമ്മിത സൂപ്പർ സോണിക് സ്റ്റാർ ഫൈറ്റർ (എഫ്-104 )ആയിരുന്നു അത്. അക്കാലത്തെ ഒരു അദ്ഭുതമായിരുന്ന സ്റ്റാർ ഫൈറ്ററിന്റെ വേഗതയ്ക്കും കൃത്യതക്കും പ്രഹരശേഷിക്കും മുന്നിൽ ഇന്ത്യൻ വിമാനങ്ങൾ ശെരിക്കും ‘വിന്റേജ് മോഡൽ’ ആയിരുന്നു. തങ്ങളുടെ പുറകെ എത്തിയ അപകടം തിരിച്ചറിഞ്ഞ ദേവയ്യ അംജദ് ഹുസ്സൈനുമായി ഏറ്റു മുട്ടി. മറ്റു ഇന്ത്യൻ വിമാനങ്ങളിൽ നിന്നും ശ്രെദ്ധ തിരിഞ്ഞ അംജദ് ഹുസൈൻ ഒരു അമേരിക്കൻ നിർമ്മിത സൈഡ് വിൻഡർ മിസൈൽ ദേവയ്യക്ക് നേരെ തൊടുത്തു. അതിവിദഗ്ധമായി ദേവയ്യ അതിൽ നിന്നും ഒഴിഞ്ഞു മാറി.
കുറച്ചു നേരം ദേവയ്യയെ ചേസ് ചെയ്ത ശേഷം അംജദ് തന്റെ വിമാനത്തിലെ 20 എം.എം മെഷീൻ ഗൺ ഉപയോഗിച്ച് ആക്രമണം തുടങ്ങി. ആ ആക്രമണത്തിൽ ദേവയ്യയുടെ മിസ്റ്റെയറിനു വെടിയേറ്റു. അതോടെ ദേവയ്യക്ക് ഒരു കാര്യം മനസിലായി. തിരിച്ചുള്ള പോക്ക് ഇനി അസാധ്യം..ഇന്ധനവും കുറവ്..ഏതു നിമിഷവും വിമാനവും തകരാം. അതോടെ ദേവയ്യ പ്രതിരോധം അവസാനിപ്പിച്ചു. അംജദിനെ ഞെട്ടിച്ചു കൊണ്ട് ദേവയ്യ ആക്രമണം തുടങ്ങി. പുക വമിപ്പിച്ചു കൊണ്ട് ദേവയ്യയുടെ മിസ്റ്റെയർ അംജദിന്റെ സ്റ്റാർ ഫൈറ്ററിനെ പിന്തുടരാൻ തുടങ്ങി. ദേവയ്യയുടെ എണ്ണം പറഞ്ഞ മെഷീൻ ഗൺ ഫയറിങ്ങിൽ അംജദിന്റെ സ്റ്റാർ ഫൈറ്റർ തകർന്നു. ഇജെക്ട് ചെയ്ത അംജദ് ഹുസൈൻ സാഹസികമായി രക്ഷപെട്ടു.
സ്ക്വാഡ്രൺ ലീഡർ എ.ബി ദേവയ്യയെക്കുറിച്ചോ അദ്ദേഹത്തിന്റെ വിമാനത്തെ കുറിച്ചോ പിന്നീട് ആരും കേട്ടിട്ടില്ല. സർഗോധയ്ക്ക് സമീപം ഏതോ ഗ്രാമത്തിൽ ദേവയ്യയുടെ വിമാനം തകർന്നു വീണതായി കരുതപ്പെടുന്നു.’മിസ്സിംഗ് ഇൻ ആക്ഷൻ’ എന്നാണ് ഭാരതീയ വായുസേന അദ്ദേഹത്തിനെ കുറിച്ച് റിപ്പോർട്ട് നൽകിയത്. യുദ്ധത്തിന് ശേഷം നീണ്ട ഇരുപത്തിമൂന്നു വർഷങ്ങൾക്ക് ശേഷം സ്ക്വാഡ്രൺ ലീഡർ എ.ബി ദേവയ്യ മരിച്ചതായി ഇന്ത്യൻ വ്യോമസേനാ സ്ഥിരീകരിച്ചു. 1988 അദ്ദേഹത്തിന്റെ വിധവയ്ക്ക് മരണാന്തര പുരസ്ക്കാരമായി മഹാവീര ചക്രം നൽകി രാജ്യം ആദരിച്ചു. ഇന്ത്യൻ വ്യോമ സേനയ്ക്ക് ലഭിച്ച ഏക മരണാനന്തര മഹാവീര ചക്ര പുര്സ്ക്കാരം ദേവയ്യ നേടിയതാണ്.
സ്ക്വാഡ്രൺ ലീഡർ എ.ബി ദേവയ്യയ്ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഇന്നും കൃത്യമായി അറിയപ്പെടാതെ തുടരുന്നു. ഒരു പക്ഷെ ദേവയ്യ അംജദ് ഹുസൈനെ നേരിട്ടില്ലായിരുന്നെങ്കിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് സർഗോധ ആകാശ യുദ്ധത്തിൽ കനത്ത നാശം നേരിടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആയിരുന്നു. സർഗോധയ്ക്ക് സമീപം ഏതോ ഗ്രാമത്തിൽ കർഷകർ സ്ക്വാഡ്രൺ ലീഡർ എ.ബി ദേവയ്യയുടെ ഭൗതിക ശരീരം മറവ് ചെയ്തതായി കരുതപ്പെടുന്നു. സ്ക്വാഡ്രൺ ലീഡർ ദേവയ്യ തന്റെ സാദാ സബ് സോണിക് വിമാനം കൊണ്ട് നേരിട്ടത് ഒരു സൂപ്പർ സോണിക് വിമാനത്തെയാണ്. വെടിയേറ്റ് ബാലൻസ് നഷ്ടമായ ഗുരുതര യന്ത്ര തകരാർ സംഭവിച്ച ഇന്ത്യൻ വിമാനമാണ് പാകിസ്ഥാൻ വ്യോമസേനയെ ഞെട്ടിച്ചു ഒരു ശബ്ദാതി വേഗ വിമാനത്തെ വെടി വെച്ചിട്ടത്. അതിലൂടെ ബാക്കിയുള്ള ഇന്ത്യൻ വിമാനങ്ങളും രക്ഷപെടാൻ ഇടയായി. കൂർഗ് -മടിക്കേരിയിൽ ഉള്ള പ്രൈവറ്റ് ബസ്റ്റാന്റ് ഇന്ന് ഈ ധീര ദേശാഭിമാനിയുടെ പേരിൽ അറിയപ്പെടുന്നു.