കെഎസ്ആർടിസി എംഡിയ്ക്ക് ടെക്‌നോപാർക്ക് ജീവനക്കാരിയുടെ കത്ത് – വൈറൽ..

നിരവധിയാളുകൾ ജോലി ചെയ്യുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ ടെക്‌നോപാർക്ക്. ഇവിടെ ജോലി ചെയ്യുന്ന സ്വന്തമായി വാഹനങ്ങളില്ലാത്തവർ എല്ലാം ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസ് സർവ്വീസുകളെയാണ്. എന്നാൽ അടുത്തിടെ ബസ്സുകളുടെ എണ്ണം കുറയുകയും ഓടുന്ന ബസുകൾ സമയക്രമം പാലിക്കാതെ വരുന്നതും കാരണം സ്ഥിരയാത്രക്കാർക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ കാരണം ചൂണ്ടിക്കാട്ടി ടെക്‌നോപാർക്ക് ജീവനക്കാരിയും കാട്ടാക്കട സ്വദേശിനിയുമായ ആവണി വിഷ്‌ണു എന്ന യുവതി കെഎസ്ആർടിസി എംഡിയ്ക്ക് ഒരു കത്തെഴുതി അത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. പൊതുവെ സോഷ്യൽ മീഡിയയിൽ ആക്ടീവായ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ ശ്രദ്ധയിൽ ഈ കത്ത് പെടും എന്ന വിശ്വാസമുള്ളതു കൊണ്ടാണ് ഇത്തരത്തിൽ ഒരു കത്തെഴുതുവാൻ ആവണിയെ പ്രേരിപ്പിച്ചത്. ആവണിയുടെ കത്ത് താഴെ കൊടുത്തിരിക്കുന്നു.

കെ.എസ്.ആർ.ടി.സി .എം.ഡിക്ക് ഒരു തുറന്ന കത്ത് – സാർ, ഞാൻ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നു. ഞാനടക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരുടെ യാത്രാദുരിതം അങ്ങയെ ബോധ്യപ്പെടുത്താനാണ് ഈ കത്ത്. രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നിറങ്ങിയാലേ കാട്ടാക്കട പോങ്ങുംമൂട് നിന്നും ടെക്നോപാർക്കിലെ എന്റെ ഓഫീസിൽ എത്താനാകൂ. എന്നും ഇതിനായി കെ.എസ്. ആർ.ടി.സി ബസിനെയാണ് ആശ്രയിക്കുന്നത്.

പോങ്ങുംമൂട് നിന്നും ഊരൂട്ടമ്പലം വഴി കരമന എത്തുകയും അവിടെ നിന്നും ഓഫീസ് വാഹനത്തിലുമാണ് ടെക്നോപാർക്കിലെത്തിച്ചേരുന്നത്. തിരിച്ചും ഇതേ മാർഗ്ഗത്തിലാണ് വീട്ടിലേക്ക് വരുന്നതും. എന്നാൽ അടുത്തിടെയായി ബസുകളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ഉള്ള ബസുകൾ സമയക്രമം പാലിക്കാത്തതിനാലും ഞാനടക്കമുള്ള ജോലിക്കാരും വിദ്യാർത്ഥികളുമായ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്.

രാവിലെയുള്ള യാത്ര അൽപ്പം താമസിച്ചാലും എങ്ങനെയെങ്കിലും കൃത്യ സ്ഥലത്തെത്താൻ കഴിയും. ഏറെ ദുരിതം വൈകുന്നേരമാണ്. ജോലി കഴിഞ്ഞ് കരമന എത്തുമ്പോൾ 6.30 pm യൊക്കെ ആകാറുണ്ട്. ഈ സമയം നിരവധി യാത്രക്കാർ ഇവിടെ ബസു കാത്തു നിൽക്കാറുണ്ട്. മുൻപ് 15 മിനിട്ട് ഇടവിട്ട് ബസുണ്ടായിരുന്ന റൂട്ടിൽ ഇപ്പോൾ മണിക്കൂറുകൾ ഇടവിട്ടായി സർവ്വീസ്. ഇതു മൂലം രണ്ട് ബസുകൾക്കുള്ള ആളുകൾ ഒരു ബസിൽ കയറേണ്ടുന്ന അവസ്ഥയാണ്. പലർക്കും ബസിൽ കയറാൻ പറ്റാത്ത സാഹചര്യമാണ് പലപ്പോഴും. ഇതു മൂലം ഞാനടക്കമുള്ള സ്ത്രീകൾ വീടുകളിൽ എത്തുന്നത് ഏറെ വൈകിയാണ് (ഈ ഇടക്ക് 8.30 ഒക്കെ ആകാറുണ്ട്) .

നേരം ഇരുട്ടി തുടങ്ങിയാൽ സ്ത്രീകളേ മറ്റൊരു കണ്ണിൽ കാണുന്ന ഒരു വിഭാഗത്തിന്റെ കമൻറടിയും തുറിച്ച നോട്ടവും നേരിടേണ്ടി വരുന്ന അവസ്ഥ. ബസിനുള്ളിൽ തിരക്കുകൾക്കിടയിലെ കൈ ക്രിയകൾ വേറെയും. ഈ കഴിഞ്ഞ 17 / 01/2019 ൽ വൈകിട്ട് 6.15 മുതൽ ബസു കാത്തു നിന്നത് 7.20 വരെയാണ്. ഇത്രയും തിരക്കുള്ള റൂട്ടിൽ അവശ്യത്തിനുള്ള ബസുകൾ ഇറക്കി എന്നെ പോലെയുള്ള നിരവധി യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിച്ചു തരണം.

കെ.എസ്.ആർ.ടി.സി ബസുകൾ സമയത്ത് ഇല്ലാത്തതു കാരണം ഓട്ടോറിക്ഷകളാണ് ബസ് ചാർജിന്റെ നിരക്കിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്. ഓട്ടോ ചേട്ടന്മാർ പറയുന്നതെ, “എന്തിനാ പെങ്ങളെ ഇങ്ങനെ ബസിനു നോക്കി നില്കുന്നെ ഇപ്പോ എങ്ങും ഇനി ബസ് ഇല്ല എന്ന് അറിഞ്ഞുടെ.. . ഇങ്ങോട്ട് വേണേൽ കേറിക്കോ..” എന്നൊക്കെയാണ്. (ആ ‘കേറിക്കോ’ എന്ന് പറയുമ്പോൾ ആ ഭാവം കൂടെ നമ്മൾ ഒന്ന് ശ്രേദ്ധിച്ചേക്കണം). എന്നാൽ വൈകുന്നേരങ്ങളിൽ മദ്യപിച്ച് എത്തുന്ന പുരുഷന്മാരോടൊപ്പം തിങ്ങി നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയില്ല. അതിനാൽ ഞങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്ന് അഭ്യർത്ഥിക്കുന്നു. മേൽ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ട് എന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മറക്കണ്ട… അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. എന്ന് ആവണി എം.ആർ നായർ.

ഈ കുറിപ്പ് ഫേസ്‌ബുക്കിൽ വൈറൽ ആയതോടെ സംഭവം കെഎസ്ആർടിസി എംഡി തച്ചങ്കരിയുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഈ കുറിപ്പിനു മറുപടിയെന്നോണം അദ്ദേഹം ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു – ” ആവണി എംആർ നായർ എന്ന ടെക്നോപാർക്ക് ജീവനക്കാരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപെടുകയുണ്ടായി. അവർ പറഞ്ഞിരിക്കുന്ന റൂട്ടിലെ യാത്രാ ക്ലേശത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ഡി.ടി.ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ ടെക്നോ പാർക്കിലെ ജീവനക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായി ആവശ്യമായ സർവ്വീസുകൾ പുനരാരംഭിക്കുന്നതുമാണ്. ഇത് സംബന്ധിച്ച കഴിഞ്ഞ ദിവസം കൂടിയ മീറ്റിങ്ങിൽ തീരുമാനം ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങൾക്ക് യാത്രാ സംബന്ധമായ എന്ത് പരാതിയും അതാത് ഡിപ്പോകളിൽ അറിക്കാവുന്നതാണ്. പരാതി ബോധ്യപ്പെട്ടാൽ ഉചിതമായ നടപടി കൈക്കൊള്ളുന്നതാണ്. കെ.എസ്.ആർ.ടി.സി എന്നും ജനങ്ങൾക്കൊപ്പമാണ്.”

ഈ പരാതിയുടെ അടിസ്ഥാനത്തിൽ വേണ്ട കാര്യങ്ങൾ എത്രയും വേഗം ചെയ്യണമെന്ന് ഡിടിഒ ആയ ചന്ദ്രബാബുവിനോട് എംഡി നിർദ്ദേശിച്ചു. കൂടാതെ ടെക്‌നോപാർക്ക് ജീവനക്കാരുടെ ഗതാഗത പ്രശ്നങ്ങൾക്ക് ഉടൻതന്നെ വേണ്ട പരിഹാരങ്ങൾ കണ്ടെത്തുമെന്നും തച്ചങ്കരി അറിയിച്ചു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply