പ്രവാസിയുടെ യാത്ര മുടങ്ങാതെ കാത്ത് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും..

പരാതികൾ ഒത്തിരിയുണ്ടെങ്കിലും കെഎസ്ആർടിസിയും ജീവനക്കാരും ചില സമയങ്ങളിൽ നന്മയുടെ കാവലാളാകാറുണ്ട്. പല സംഭവങ്ങളിലായി അവയെല്ലാം സോഷ്യൽ മീഡിയ വഴി പുറംലോകം അറിയുന്നുമുണ്ട്.

ഇപ്പോഴിതാ 2019 ലെ ആദ്യത്തെ കെഎസ്ആർടിസി നന്മ പുറത്തു വന്നിരിക്കുകയാണ്. വാർത്തയിലെ താരങ്ങൾ കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴി എറണാകുളത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന Jn 412 KURTC ലോഫ്‌ളോർ വോൾവോ ബസും ജീവനക്കാരുമാണ്.

എയർപോർട്ടിൽ യാത്രക്കാരെ ഇറക്കി തിരികെ ഹൈവേയിലെത്തി യാത്ര തുടരുന്നതിനിടെ ഗൾഫിലേക്ക് പോകുകയായിരുന്ന ഏതോ ഒരു പ്രവാസി യാത്രക്കാരൻ ബസ്സിൽ മറന്നുവെച്ച പാസ്പോർട്ട് അടങ്ങിയ കിറ്റ് തിരികെ എയർപോർട്ടിലെത്തി കൈമാറിയാണ് ഇത്തവണ മലയാളിയുടെ സ്വന്തം ആനവണ്ടിയും ജീവനക്കാരും ജനഹൃദയങ്ങളിൽ കയറിക്കൂടിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ബസ്സിലെ യാത്രക്കാരനായിരുന്ന അനീഷ് അഷറഫ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യാത്രക്കാരന് ബാഗ് തിരികെ നൽകുന്നതിൽ അനീഷും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അനീഷിന്റെ പോസ്റ്റ് ഇങ്ങനെ…

“06/01 /2019 രാത്രി 11 മണി ആയിക്കാണും. കോഴിക്കോട്ട് നിന്ന് JN 412 ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുമ്പാശേരി എയർപോർട്ടിൽ എത്തി, ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോൾ കണ്ടക്ടർ നിസാർ സാറിനോട് എന്റെ മൊബൈൽ ചാർജ് ചെയ്യണമെന്ന് പറഞ്ഞു. പുള്ളി ചാർജ് ചെയ്യാൻ സ്ഥലം കാണിച്ചപ്പോൾ അവിടെ നിന്നും ഒരു കിറ്റ് കിട്ടി.

യാത്രക്കാരിൽ ഒരാൾ കിറ്റ് തുറന്നു നോക്കി. കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്. ബസ് ഉടനെ സൈഡൊതുക്കി. അതിൽ മൊയ്തീന്റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. പിന്നീട് കുറച്ചു നേരം ബസിൽ ഇതിനെക്കുറിച്ച് ചർച്ചയായിരുന്നു.

ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടർ നിസാർ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു. ബസ് ഒന്നുകൂടി എയർപോർട്ട് ലക്ഷ്യം വെച്ചു നീങ്ങി .എയർ പോർട്ടിലെത്തി ബസ് ഹോണടി തുടങ്ങി. ഞാനുൾപ്പെടെ രണ്ട് മൂന്ന് യാത്രക്കാർ പുറത്തിറങ്ങി മൊയ്തീൻ എന്ന യാത്രക്കാരനെ അന്വേഷിച്ചു.

കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ കണ്ടുപിടിക്കുകയും പാസ്പോർട്ടും രേഖകളും കൈമാറുകയും ചെയ്തു. അയാൾക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും. ഈ ബസിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും ബാഗ് തിരികെ ലഭിച്ച മൊയ്തീനും യാത്രക്കാരായ ഞങ്ങളും ഒരിക്കലും മറക്കില്ല. നിങ്ങൾക്കൊരു… ബിഗ് സല്യൂട്ട്..”

അനീഷ് അഷറഫ്.

സമയത്ത് രേഖകൾ ലഭിച്ചില്ലായിരുന്നെങ്കിൽ മൊയ്തീൻ എന്ന ആ പ്രവാസി സുഹൃത്തിന്റെ അന്നത്തെ യാത്ര മുടങ്ങുമായിരുന്നു. എന്നാൽ ബസ് ജീവനക്കാരും ഒപ്പം യാത്രക്കാരും ഒത്തൊരുമിച്ച് നീങ്ങിയപ്പോൾ ആ പാവം മനുഷ്യന്റെ ജീവിതമാർഗ്ഗമാണ് തിരികെ ലഭിച്ചത്. ഇനിയും ഇതുപോലുള്ള നന്മനിറഞ്ഞ അനുഭവങ്ങൾ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും യാത്രക്കാരിൽ നിന്നും ഉണ്ടാകട്ടെ.

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply