അനന്തപുരിയുടെ പച്ചപ്പ്; മലദൈവങ്ങളുടെ സ്വന്തം പൊന്മുടി…

മനോഹരമായ ഈ വിവരണം എഴുതിയത് – അജോ ജോർജ്ജ്.

അനന്തപുരിയെ സുവർണ്ണ ചെങ്കോൽ അണിയിച്ച പൊന്മുടി..പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടവും സഞ്ചാരികളെ സ്വാഗതം അരുളുന്ന പൊന്മുടി..മഞ്ഞ് തലപ്പാവാക്കിയ മലനിരകളും, കോടമഞ്ഞില്‍ ഒളിച്ചുകളിക്കുന്ന വൃക്ഷതലപ്പുകളും..പച്ചപ്പട്ട് പുതച്ചുകിടക്കുന്ന താഴ്വാരങ്ങളും..പട്ടില്‍ തുന്നിച്ചേര്‍ത്ത കല്ലുകള്‍ പോലെ താഴ്വാരങ്ങളില്‍ പൂത്തുനില്‍ക്കുന്ന പൂക്കളും… കളകളം പാടിയൊഴുകുന്ന കല്ലാറും… മലമ്പാമ്പിനെ പോല വളഞ്ഞുപുളഞ്ഞുകിടക്കുന്ന മലമ്പാത കയറിയത്തെുന്ന സന്ദര്‍ശകന്‍ മിഴിതുറക്കുന്നത് കാഴ്ചകളുടെ സ്വര്‍ഗഭൂമിയിലേക്കായിരിക്കും..ഉറപ്പ്..

അനന്തപുരിയെ സുവര്‍ണ ചെങ്കോലയണിയിച്ച് നില്‍ക്കുന്ന പൊന്‍മുടി,കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്‍ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് പൊന്‍മുടി . ശാന്തമായ കാലാവസ്ഥയും പച്ചപ്പ് വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹില്‍സ്റ്റേഷനായ പൊന്‍മുടിയിലേക്ക് വേനല്‍ക്കാല സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം പൊന്‍മുടിക്കടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയിലേക്ക് സാഹസികര്‍ക്ക് ട്രക്കിംഗ്നടത്താന്‍ അവസരമുണ്ട്. നിരവധി ഒൗഷധസസ്യങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ജന്തുജീവജാലങ്ങളുടെയും കലവറയാണ് പൊന്‍മുടി. കല്ലാറില്‍ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. മഴ തുടങ്ങിയാല്‍ ഉറവപൊട്ടിയെന്നവണ്ണം അവിടവിടെ കാണുന്ന ചെറുവെള്ളച്ചാട്ടങ്ങളും കൈതോടുകളും പൊന്‍മുടി കാഴ്ചകളെ ആകര്‍ഷകമാക്കുന്നു. കാഴ്ചകള്‍ക്കൊപ്പം ആയുര്‍വേദ ചികില്‍സകള്‍ കൊണ്ടും പ്രശസ്തമാണ്.

യാത്ര അത് അറിവിലേക്ക് ഉള്ളതാവണം.. അന്തപുരിയിൽ നിന്നും വിനോദ് സെബാന്റെ ബുള്ളു മോനും കൊണ്ടാണ് ഞാൻ യാത്ര തുടങ്ങിയത്..പതിയെ പതിയെ തിരക്കുള്ള റോഡുകൾ മാറി വന്നു..ദൂരെ കോട നിറഞ്ഞ മലനിരകൾ കാണാം..മഴക്കാറ് ഇടക്ക് എത്തി നോക്കി പോകുന്നുണ്ട്…ദൂരം താണ്ടുതോറും ഇരുവശവും പച്ച പുതച്ചു തുടങ്ങി..വീതിയുള്ള വഴികൾ മാറി വളഞ്ഞ പുളഞ്ഞ വഴികളായി..മൂന്നാമത്തെ ഹെയർ പിൻ കഴിഞ്ഞത് മുതൽ തണുപ്പ് എന്നെ ആവരണം ചയ്തു തുടങ്ങി..മുകളിലേക്കു പോകുംതോറും കാറ്റിന്റെയും തണുപ്പിന്റെയും ശക്തി കൂടി വരുന്നുണ്ടായിരുന്നു..അങ്ങിനെ കാറ്റിനോടും മഞ്ഞിനോടും കിന്നാരം പറഞ്ഞു മലമുകളിൽ എത്തി..

എന്നെ വരവേറ്റത് കോടയാണ്..തൊടത്തു ഉള്ളവരെ പോലും കാണാൻ പറ്റാത്ത അത്രയും കോട…ഇവിടത്തെ കോടമഞ്ഞിനു ഒരു പ്രേത്യേകത ഉണ്ട്..ഇവിടെ നമ്മൾ തന്നെ നമ്മളെ മറക്കും..കോടമഞ്ഞു കൂട് കൂട്ടിയ ആ പാറകൾക്കിടയിൽ ഞാൻ ഇരുപ്പുറപ്പിച്ചു..കണ്ണുകൾ അടച്ചു ശാന്തമായി ഞാൻ വായിച്ചറിഞ്ഞ പൊന്മുടിയുടെ ചരിത്രം ഒരു ചലച്ചിത്രം കണക്കെ മനസിലേക്ക് കൊണ്ടു വന്നു..

“മല ദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്.

ആദിയിൽ ബുദ്ധമത കേന്ദ്രമായിരുന്നു പൊൻമുടി എന്നൊരു വാദമുണ്ട്. വിതുരയിൽനിന്ന് ബോണക്കാട് പോകുന്ന വഴിയിൽ മണ്ണിനടിയിൽ നിന്നും പ്രദേശവാസികൾക്ക് ലഭിച്ച ബുദ്ധവിഗ്രഹം അവിടത്തെ ശാസ്താ ക്ഷേത്രത്തിൽ പൂജിച്ചു വരുന്നു ആദിവാസി വിഭാഗമായ കാണികൾ ഇവിടെ നിവസിക്കുന്നു. വിതുരയിൽ നിന്ന് വോണക്കാട് പോകുന്ന വഴിയിൽ ഒര് ബുദ്ധക്ഷേത്രം ഉള്ളതായിപ്പറയുന്നു

തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യകുടം മലയിൽ ( പൊതിയൽ മല ) അവലോകിനെശ്വര വിശ്വാസ സമ്പ്രദായം നിലവിൽ ഇരുന്ന ബുദ്ധ മത കേന്ദ്രം ആയിരുന്നു എന്ന് തെളിവുകൾ സഷ്യപ്പെടുതുന്നു . അവിടെ നില നിന്നിരുന്ന ആരാധനയെ പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ ( ഏപ്രിൽ – മേയ് ) ആയിരുന്നു തീർത്ഥാടനം ആയി ഭക്തർ വന്നു ചേർന്നിരുന്നത് . മഹായാന സംബ്രധയത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നില നിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം . സ്വയം നിർമ്മലീകരിച്ചു ബുദ്ധനവുകയും പക്ഷെ നിർവാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യ വേദന ഇല്ലാതാക്കുക എന്നാ വിശ്വാസം ആന്നു ബോധിസത്വത്തിൽ ഉള്ളത് .

സംഗം കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌ . ശ്രിലങ്കയിൽ നിന്നു മാത്രം അല്ല ടിബറ്റ്‌.. ലാസയിൽ നിന്ന് വരെ ബുദ്ധ മത അനുയായികളും ലാമമാരും പൊതിയൽ മല സന്ദർശിച്ചിരുന്നു . ടിബെടുകർ ചെരൻസി എന്നാണ് പോതിയൽമലയിലെ ബുദ്ധ വിഹാരത്തെ വിളിച്ചിരുന്നത്‌ എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവൽ തോമസ്‌ ജൂനിയരിന്റെ ഗ്രന്ഥത്തിൽ തെളിവ് സഹിതം വിവരിച്ചിട്ടുണ്ട് . കുടാതെ ലാസയിലെ പർവ്വതത്തിനു ദർശനമായ ഒരു കൊട്ടാരത്തിന്റെ പേര് തന്നെ ഈ ബുദ്ധ വിഹാരവും ആയി ബന്ധപ്പെട്ടത് ആണെന്ന് ഈ പുസ്തകത്തിൽ പറയുന്നു .

മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയിൽ മല തീർത്ഥാടനത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഹുയാൻ സിയാങ് ഇവിടെ തീർത്ഥാനടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു . പക്ഷെ അദ്ദേഹം കേട്ടു കേൾവി വിവരണം നൽകിയിരുന്നു അതിനെ പറ്റി . അത് ഇങ്ങനെ ആണ് മലയപർവ്വതത്തിനു കിഴക്കുവശത്താണ് പൊതിയിൽ മല. പർവ്വതപാതകൾ കിഴക്കാംതൂക്കും ദുർഗ്ഗമവും ചെങ്കുത്തായ കൊക്കകൾ നിറഞ്ഞതുമാണ്. മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്. ഒരു മലയിടുക്കിൽ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ സന്ദർശിച്ച മാന് ലൻസ് പോ ആണ് ഔദ്യോഗിക ഭാഷ്യപ്രകാരം അവസാന തീർത്ഥാടകൻ.”

ഇത്ര നേരം ഞാൻ അങ്ങിനെ ഇരുന്നു എന്നറിയില്ല..പതിയെ കണ്ണ് തുറന്നു..ചുറ്റും കോട മാറിയിരിക്കുന്നു..നല്ല തെളിഞ്ഞ ആകാശം..ദൂരെ വളഞ്ഞു പുളഞ്ഞ വഴിയിലൂടെ ഒരു മഞ്ഞ നിറമുള്ള സ്കൂൾ ബസ് വരുന്നത് കാണാം..മുകളിൽ അതിനെ വിഴുങ്ങാൻ നിൽക്കുന്ന കോട..ഇരുവശവും തേയില തോട്ടങ്ങൾ..ഓഫ്‌ എന്താ നമ്മുടെ നാടിന്റെ ഒരു ഭംഗി.. പതിയെ എഴുനേറ്റു നടക്കാൻ തുടങ്ങി..ഓരോ നോട്ടത്തിലും അവൾ വളരെ വളരെ വത്യസ്തയാണ്..ഇടക്ക് തെളിഞ്ഞും..ഇടക്ക് വെള്ള പുതച്ചും..ഇടക്ക് മഴയായ് പെയ്തും..നമ്മളെ സന്തോഷിപ്പിക്കും..

കുറച്ചു നേരം ചിലവഴിച്ച ശേഷം ഞാൻ മലയിറങ്ങി..ഓരോ വളവിലും എന്നെ വരവേറ്റത് കോട മഞ്ഞു തന്നെയാണ്..വിട്ടുപോരാൻ മനസ്സ് വരുന്നില്ലങ്കിലും..പൊന്നല്ലേ പറ്റു..വളവും തിരിഞ്ഞു താഴെ എത്തി..ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ തെളിഞ്ഞ ആകാശത്തോടെ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു..എന്റെ മനസ്സും ഒരു തെളിഞ്ഞ ആകാശം തന്നെ ആയിരുന്നു..

മല ദൈവങ്ങളെ.. നിങ്ങളുടെ പൊന്മുടിയെ നിങ്ങൾ തന്നെ കാക്കണം..അവൾ നിങ്ങളുടെ കയ്യിൽ സുരക്ഷിതയാണ്..മലിനമാകാതെ നോക്കണേ..കളങ്കപ്പെടാതെ നോക്കണേ..അവൾ സുന്ദരിയായി ലോകാവസാനം വരെ അങ്ങിനെ തുടരട്ടെ..ഞങളുടെ വരും തലമുറയെ കോട മഞ്ഞിൽ പൊതിയാൻ അവൾ വേണം..അവൾ സുന്ദരിയായി ലോകാവസാനം വരെ ഇരിക്കട്ടെ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply