കനത്ത മഴ; താമരശ്ശേരി ചുരമിടിഞ്ഞു, തിരുവമ്പാടി KSRTC ഡിപ്പോ മുങ്ങി..

കേരളത്തിൽ കാലവർഷം അതിന്റെ പരമോന്നത ശക്തിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വടക്കൻ കേരളത്തിലാണ് കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കോഴിക്കോട്ട് നാലിടത്തും മലപ്പുറത്ത് ഒരുസ്ഥലത്തും ഉരുള്‍പൊട്ടി. കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്.

ഇതിനിടെ കോഴിക്കോട് കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 13 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാല് വീടുകള്‍ ഒലിച്ചു പോയി. ദുരിതം നേരിടുന്നതിന് ​48 അംഗ കേന്ദ്ര ദുരന്ത നിവാരണ സേന കോഴിക്കോട്ട് എത്തി.

Photo – Kamal Mangalassery.

നിലവില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണുള്ളത്. ചുരത്തിലെ റോഡിന്റെ ഒരു ഭാഗം തന്നെ ഇടിഞ്ഞുപോയ അവസ്ഥയിലാണുള്ളത്. ചുരത്തിൽ ഒന്നാം വളവിനു സമീപം ചിപ്പിലിത്തോട് ആണ് മണ്ണിടിഞ്ഞത്. 30 മീറ്റർ നീളത്തിൽ റോഡ് പൊട്ടിയിട്ടുണ്ട്. മഴ ഇതുപോലെ തുടരുകയാണെങ്കിൽ റോഡ് ഇത്രയും ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നു. റോഡ് പൂർവസ്ഥിതിയിലാവാൻ ആഴ്ചകളെടുക്കുമെന്നത് സാധാരണക്കാരായ യാത്രക്കാരെ കുഴക്കുന്നുണ്ട്. ചുരത്തിലുള്ള ഗതാഗതം തടസപ്പെട്ടതോടെ വയനാട് ജില്ല ഏകദേശം പൂര്‍ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇപ്പോൾ താമരശ്ശേരി ചുരം വഴി വരേണ്ട വാഹനങ്ങൾ കുറ്റ്യാടി വഴി തിരിച്ചു വിട്ടിരിക്കുകയാണ്. മഴ കനത്തതോടെ വയനാട്ടിലേക്കുള്ള മറ്റൊരു പാതയായ നാടുകാണി ചുരത്തിലും ഗതാഗതം നിരോധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ തോരാതെ പെയ്യുന്ന മഴയിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശമായ തിരുവമ്പാടിയിലെ കെഎസ്ആർടിസി ഡിപ്പോ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഡിപ്പോയില്‍ വെള്ളം നിറഞ്ഞതോടെ പുറത്തുവരാനാവാതെ ജീവനക്കാര്‍ അതിനകത്ത് കുടുങ്ങി. പുതിയ കൊണ്ടോടി നിർമ്മിത ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസ്സുകൾ പൂര്‍ണമായും മുങ്ങുന്ന അവസ്ഥയിലാണ് ഡിപ്പോയിൽ വെള്ളം നിറഞ്ഞിരിക്കുന്നത്. ഡിപ്പോയ്ക്കകത്ത് കുടുങ്ങിയ ജീവനക്കാർ മുങ്ങാത്ത ബസ്സിനുള്ളിലും മറ്റു ബസ്സുകളുടെ മുകളിലുമായാണ് അഭയം കണ്ടെത്തിയത്. പിന്നീട് ഇവരെ ആളുകൾ ചേർന്ന് വളരെ പണിപ്പെട്ടാണ് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. കെഎസ്ആർടിസിയ്ക്ക് വൻ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

കനത്ത പേമാരിയില്‍ കര്‍ണാടക കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായതിനെത്തുടർന്നു ഇതുവഴിയുള്ള ഗതാഗതം താറുമാറായിരിക്കുകയാണ്. കുട്ട, വിരാജ്‌പേട്ട് വഴി കേരളത്തിലേക്കുള്ള പ്രധാനപാതയിലും മണ്ണിടിഞ്ഞതോടെ റമസാന്‍ അവധിക്കു സ്വന്തം വാഹനങ്ങളിലും ബസുകളിലുമായി നാട്ടിലേക്കു തിരിച്ച നിരവധി പേരാണ് വഴിയില്‍ കുടുങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ മറ്റൊരു പ്രധാന പാതയായ കൂട്ടുപുഴ-കുടക് പാതയും അടച്ചു.കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ മാക്കൂട്ടം ചുരം റോഡ് ജൂലൈ 12 വരെ അടച്ചു. കിലോമീറ്ററുകളോളം ദൂരത്തില്‍ റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകുകയും കൂറ്റന്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് പാത താല്‍ക്കാലികമായി അടച്ചത്. ഇരുചക്ര വാഹനങ്ങള്‍പോലും ഇതിലൂടെ കടത്തിവിടില്ല. നിലവിലെ സാഹചര്യത്തില്‍ അപകട സാധ്യത മുന്നില്‍ക്കണ്ടാണ് കേരള- കര്‍ണാടക അന്തര്‍ സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് അടച്ചത്. ഇക്കാലയളവില്‍ കേരളത്തില്‍നിന്ന് കുടകിലൂടെ മൈസൂരിലേക്കുള്ള യാത്രക്കാര്‍ക്ക് മാനന്തവാടി തോല്‍പ്പട്ടി കുട്ട ഹുഡിക്കേരി ഗോണികൊപ്പ തിത്തിമത്തി മൈസൂര്‍ റൂട്ട് ഉപയോഗിക്കാവുന്നതാണ്.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകള്‍ക്ക് ദുരന്തനിവാരണ സേന റെഡ് അലര്‍ട്ട് നല്‍കി. ജൂണ്‍ 18 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പു നല്‍കി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply