അധികൃതരുടെ അവഗണനയില്‍ ശ്വാസം മുട്ടി ആര്യനാട് കെ എസ് ആര് ടി സി ഡിപ്പോ. 2000ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഡിപ്പോയുടെ അടിസ്ഥാന അസൌകര്യങ്ങളുടെ അഭാവവും ശോച്യാവസ്ഥയും യൂണിറ്റ് ഓഫീസറും കെ എസ് ആര് ടി ഇഎ പ്രതിനിധികളും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ ഇടിഞ്ഞുവീഴാറായി അപകടാവസ്ഥയിലാണ്. വര്‍ക്ഷോപ്പ് കെട്ടിടം ചോര്‍ന്നൊലിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ ശൌചാലയം വൃത്തിഹീനമായിട്ടും കെ എസ് ആര് ടി സിയിലെ സിവില്‍ വിംഗിനോ വിജിലന്‍സിനോ അനക്കമില്ല. ബസിന്റെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനുളള സ്ഥലം നനഞ്ഞ് ചെളിക്കെട്ടായി. 41 ഷെഡ്യുളുളള ഇവിടെ ഒരു ഹൈഡ്രോളിക് ജാക്കി മാത്രമാണുളളത്. ആര്യനാട് ഡിപ്പോയിലെ ടിക്കറ്റ് ആന്റ് ക്യാഷ് പ്രവര്‍ത്തനവും അവഗണനയിലാണ്.
ഒരു കംപ്യൂട്ടര്‍ മാത്രമേ ഡിപ്പോയിലുളളൂ. ഇത് മിക്കപ്പോഴും പണിമുടക്കിലാണ്. പ്രിന്റര്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ചീഫ് ഓഫീസില്‍ നിന്നുളള അറിയിപ്പുകളുടെ പ്രിന്റ് എടുക്കാനും കഴിയില്ല. 41 ഇ ടി എം വേണ്ടിടത്ത് 32 എണ്ണമാണുളളത്. തകരാര്‍ നീക്കാന്‍ നല്കിയ 9 ഇ ടി എമ്മുകള്‍ ഡിപ്പോയില്‍ നല്‍കാതെ പമ്പയ്ക്ക് അയച്ചു. എ ടി ഒ വെളളനാടേക്ക് മാറിയെങ്കിലും പകരം എ ടി ഒ ആര്യനാട്ട് ചാര്‍ജ് എടുത്തിട്ടില്ല. ആറുമാസം മുമ്പ് രാജിവച്ചുപോയ പ്യൂണിനു പകരക്കാരനുമെത്തിയില്ല.
ഡിപ്പോയുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കെ എസ് ആര് ടി ഇ എ (സി ഐ ടി യു) പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി.
KSRTC ആര്യനാട് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളുടെ സമയ വിവരങ്ങൾക്ക്: www.aanavandi.com
News: Deshabhhimani