ട്രെയിനുകൾ വൈകിയാൽ ഇനി റെയിൽവേ ഉദ്യോഗസ്ഥർക്ക് കിടിലൻ പണി

ഇന്ത്യൻ റെയിൽവേയുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ എല്ലാവരും ആദ്യം പറയുന്നത് ട്രെയിനുകളുടെ വൈകിയോട്ടമായിരിക്കും. ഇനിയെങ്ങാനും ട്രെയിനുകൾ കൃത്യസമയത്തു വന്നാൽ എല്ലാവര്ക്കും അത് അത്ഭുതമായിരിക്കും. മണിക്കൂറുകള്‍ പതിവായി വൈകുന്ന ട്രെയിനുകളില്‍ നരകിക്കുന്ന യാത്രക്കാര്‍ക്ക്‌ ആശ്വാസകരമായി ഇപ്പോൾ ഒരു വാർത്ത വന്നിരിക്കുകയാണ്. തീവണ്ടികള്‍ അരമണിക്കൂറും ഒരു മണിക്കൂറും അതിന് മുകളിലും താമസിക്കുമെന്ന പരാതി ഇനി മുതല്‍ വേണ്ട. ട്രെയിനുകള്‍ പതിവായി വൈകി ഓടിയാല്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മുട്ടന്‍പണിയുമായി കേന്ദ്രം വരുന്നു. ബന്ധപ്പെട്ട ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യോഗത്തില്‍ മന്ത്രി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇനിമുതല്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തിയാല്‍ തീവണ്ടികള്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിനുകള്‍ വൈകിയോടുന്നതു കൂടി പരിഗണിച്ചായിരിക്കും ഇനി ഇവര്‍ക്കു സ്‌ഥാനക്കയറ്റം നല്‍കുക. കഴിഞ്ഞസാമ്പത്തിക വര്‍ഷം 30 ശതമാനം ട്രെയിനുകളും വൈകി ഓടിയെന്നാണു റെയില്‍വേയുടെ കണക്ക്‌. ട്രെയിനുകള്‍ വൈകിയോടുന്നതു സംബന്ധിച്ചു കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി റെയില്‍വേ മന്ത്രിയോട്‌ വിശദീകരണം തേടിയിരുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ സമയംപാലിച്ച്‌ ഓടുന്ന ട്രെയിനുകള്‍ 26 ശതമാനമാണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

കേരളത്തിലെ കാര്യമെടുത്താൽ എറണാകുളം ജംഗ്‌ഷൻ സ്റ്റേഷനിൽ എത്തുന്ന 43 ശതമാനം ട്രെയിനുകളും വൈകിയെത്തുന്നതായി ഈയടുത്ത് ഒരു റിപ്പോർട്ട് വന്നിരുന്നു. ഇത് തന്നെയാണ് എല്ലാ സ്റ്റേഷനുകളുടെയും അവസ്ഥയും. ട്രെയിനുകൾ ഇങ്ങനെ വൈകുമെന്ന പേടിയുള്ളതിനാൽ ആളുകൾ ബസ്സുകളെ ധാരാളമായി ആശ്രയിക്കേണ്ട അവസ്ഥ വരുന്നുണ്ട്. ഇതുമൂലം ബസ്സുകളിൽ നല്ല തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. ബെംഗളൂരു പോലുള്ള സ്ഥലങ്ങളിലേക്ക് ഇപ്പോൾ ചിലർ വിമാനമാർഗ്ഗമാണ് സഞ്ചരിക്കുന്നത്.

അതോടൊപ്പം ട്രെയിനുകള്‍ വൈകിയോടുന്നതിന് കാരണം സിഗ്നലിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ കണ്ടെത്തല്‍. ഇതിനുളള ശാശ്വത പരിഹാരവുമായി എത്തുകയാണ് റെയില്‍വേ. ഇതിനായി യൂറോപ്യന്‍ രീതിയിലുളള സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോവുകയാണെന്ന് റെയില്‍വേ അറിയിച്ചു. കണ്‍ട്രോള്‍ സിസ്റ്റം-2 (ഇടിസിഎസ്-2) എന്നാണ് അവതരിപ്പിക്കാന്‍ പോകുന്ന സിസ്റ്റത്തിന്‍റെ പേര്. ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനും ഒരേ ഇന്‍ഫ്രാസ്ട്രക്ചറിലൂടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും ഇടിസിഎസ്-2 വഴി സാധിക്കും.

സുരക്ഷയുടെ കാര്യത്തിലും പുതിയ സിംഗ്നലിംഗ് സമ്പ്രദായം കൊണ്ടുവന്നാല്‍ വലിയ പുരോഗതിയുണ്ടാവും. 2017-18 കാലയിളവുകളില്‍ റെയില്‍വേ പാളങ്ങളില്‍ 73 അപകടങ്ങളാണ് ഉണ്ടായത്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

വാർത്തകൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply