ആനവണ്ടി കരുണചെയ്യാന്‍ ശരണംവിളി

ചെങ്ങന്നൂര്‍: പറയുന്ന കാശും കൊടുത്ത് യാത്രചെയ്യാന്‍ ശബരിമല തീര്‍ത്ഥാടകന്‍ എത്തിയാലും കെ.എസ്.ആര്‍.ടി.സി. കനിയണമെന്നില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് തീവണ്ടിമാര്‍ഗം ചെങ്ങന്നൂരിലിറങ്ങുന്ന തീര്‍ത്ഥാടകന് ബസ്സിനായി ചിലപ്പോള്‍ ഏറെ കാത്തുനില്‍ക്കേണ്ടിവരും. ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ കൂട്ട ശരണംവിളി മുഴക്കും. ‘യാത്രാദുരിതം തീരാന്‍ കനിയുക ദേവാ’ എന്ന് പ്രാര്‍ത്ഥിക്കേണ്ടതായും വരും. ഇത്രയൊക്കെ ചെയ്താലും കെ.എസ്.ആര്‍.ടി.സി. കനിയാന്‍ പിന്നെയും കാക്കണം. ബസ്സില്ലായ്മതന്നെ കാരണം.

ബസ്സില്ലായ്മയ്ക്ക് ന്യായീകരണമായി കെ.എസ്.ആര്‍.ടി.സി. സ്ഥിരം പറയുന്ന ചില പല്ലവികളുണ്ട്. പമ്പയ്ക്കു പോയ ബസ് തിരികെ വന്നിട്ടില്ലെന്നും അവിടെ ഭയങ്കര ഗതാഗതക്കുരുക്കാണെന്നുമാണ് ഒരു മറുപടി. നേരത്തെ വന്ന ട്രെയിനിന് നല്ല തിരക്കായതുകൊണ്ട് എല്ലാ വണ്ടിയും പമ്പയ്ക്ക് പോയെന്നായിരിക്കും മറ്റൊരു മറുപടി. രണ്ടായാലും തീര്‍ത്ഥാടകര്‍ സര്‍ക്കാര്‍ ബസ്സിന് കാത്തുനിന്നേ പറ്റൂ. കാത്തുനിന്ന് മുഷിയുമ്പോള്‍ ഒടുവില്‍ അവര്‍ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കും. തീര്‍ത്ഥാടകരില്‍ നല്ലൊരു ഭാഗം പോയിക്കഴിയുമ്പോള്‍ ആനവണ്ടി വരികയും ചെയ്യും.

KSRTC-CHENGANNUR-PAMBA-SERVICE

സ്വകാര്യവാഹനങ്ങളെ സഹായിക്കാന്‍ കെ.എസ്.ആര്‍.ടി.സി.യുടെ തന്ത്രമാണിതെന്ന് പലപ്പോഴും പരാതി ഉയരാറുണ്ടെങ്കിലും അതാരും ഗൗനിക്കാറില്ല. തീവണ്ടിമാര്‍ഗം ചെങ്ങന്നൂരിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഇങ്ങനെ എത്തുമ്പോഴും അതിന്റെ പ്രയോജനമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. മുന്‍വര്‍ഷത്തെ വരുമാനത്തില്‍നിന്ന് പിന്നാക്കം പോകാതിരിക്കാനുള്ള ശ്രമമേ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുള്ളൂ. ഇതിന് കഴിഞ്ഞവര്‍ഷങ്ങളിലെ കണക്കുകള്‍ തെളിവാണ്.

2012-13 ലെ തീര്‍ത്ഥാടനകാലത്ത് 4850 പമ്പാ സര്‍വീസുകള്‍ അയച്ചു. വരുമാനം 3,34,07,413 രൂപ. യാത്രക്കാര്‍. 5,52,580. 2013-14 ല്‍ വര്‍ധിച്ചത് 379 സര്‍വീസുകള്‍. വരുമാനം 3,57,65,905 രൂപ. യാത്രക്കാര്‍ 5,73,226. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് 5662 സര്‍വീസുകളാണ് അയച്ചത്. 3,88,026,48 രൂപയായിരുന്നു വരുമാനം. യാത്രക്കാര്‍ 5,80,689. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പമ്പയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും ക്രമാതീതമായി പെരുകുമ്പോഴാണ് നാമമാത്രമായ വരുമാന വര്‍ധനവുമായി കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നത്.

കഴിഞ്ഞവര്‍ഷം പമ്പ സര്‍വീസിന് അറുപതോളം ബസ്സാണ് അനുവദിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ ഇത് വളരെ പരിമിതം. ചെങ്ങന്നൂര്‍ ഡിപ്പോയില്‍നിന്നുള്ള സ്ഥിരം ഫാസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയാണ് പലപ്പോഴും പമ്പാ സര്‍വീസ് അയയ്ക്കാറുള്ളത്. തീര്‍ത്ഥാടനകാലമായാല്‍ പിന്നെ ഇവിടെ യാത്രാക്ലേശം വളരെ രൂക്ഷമാണ്. 71 ഷെഡ്യൂളുകള്‍ കണക്കിലുണ്ടെങ്കിലും ബസ് 61 മാത്രം. പത്തോളം സര്‍വീസുകള്‍ സ്ഥിരമായി റദ്ദാക്കുന്നു. തീര്‍ത്ഥാടനകാലമായാല്‍ റദ്ദാക്കുന്ന സര്‍വീസുകളുടെ എണ്ണം പെരുകും. എന്നിട്ടും പമ്പാ സര്‍വീസിന് വേണ്ടത്ര ബസ് നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇത്തവണ 100 ബസ്സെങ്കിലും വേണമെന്ന് ഡിപ്പോ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

തീര്‍ത്ഥാടനകാലത്ത് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പമ്പാ ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന പതിവുണ്ട്. ശബരിമല സ്‌പെഷ്യല്‍ ട്രെയിനുകള്‍ വരുന്ന മുറയ്ക്ക് ഇവ റെയില്‍വേ സ്റ്റേഷന്‍ വളപ്പിലേക്ക് എടുക്കുകയാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിന് മുന്നില്‍ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ ഇറക്കി മനഃപൂര്‍വം ഗതാഗതക്കുരുക്കുണ്ടാക്കുക പതിവാണ്. കെ.എസ്.ആര്‍.ടി.സി. ബസ് താമസിപ്പിക്കാന്‍ സ്വകാര്യവാഹനലോബി ആവിഷ്‌കരിക്കുന്ന തന്ത്രമാണ് ഈ ഗതാഗതക്കുരുക്ക്. പോലീസ് മനസ്സുവച്ചാല്‍ മാത്രമേ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ.

News: Mathrubhumi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply