രണ്ടു പതിറ്റാണ്ടുകാലത്തെ ജോലിക്കിടയിൽ ഇത്ര ഭയാനകമായ അനുഭവം ആദ്യമാണു കെഎസ്ആർടിസി ഡ്രൈവർ ടി.ലൂക്കോസിനും കണ്ടക്ടർ ഡോജി ജേക്കബിനും. പാലായിൽ നിന്നു രാവിലെ ആനക്കട്ടിയിലെത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ജീവനക്കാരാണിവർ.
ഞായറാഴ്ച പുലർച്ചെ അഞ്ചേകാലോടെ അട്ടപ്പാടി ചുരത്തിലായിരുന്നു തിങ്ങിനിറഞ്ഞ എൺപതോളം യാത്രക്കാരോടൊപ്പം ഇരുവരും മരണത്തെ മുഖാമുഖം കണ്ടത്. അഞ്ചിനു മണ്ണാർക്കാട്ടെത്തി അഞ്ചു മിനിറ്റ് ഇടവേളയിലെ ചായകുടിപോലും ഒഴിവാക്കിയാണു വണ്ടിയെടുത്തതെന്നു ഡ്രൈവർ ലൂക്കോസ് ഓർത്തു.

ഒട്ടാകെ 81 യാത്രക്കാരുണ്ടായിരുന്നു ചുരം കയറുമ്പോൾ. അതിൽ 60 സ്ത്രീകൾ. ഒരു കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികൾ. ഭൂരിഭാഗവും സെഹിയോൻ ധ്യാനകേന്ദ്രത്തിലേക്കുള്ളവർ. മിക്കവരും ഉറക്കത്തിലായിരുന്നു. പുറത്തു കനത്തമഴ. ബസിന്റെ ഷട്ടറുകളെല്ലാം അടച്ചിരുന്നു. ബസ് പത്താം മൈലിലെ വളവിനോടടുക്കുകയായിരുന്നു. മുൻപിൽ ദൂരെ മിനിലോറി നിർത്തിയിട്ടിരിക്കുന്നതു വെളിച്ചത്തിൽ കണ്ടു.
ബ്രേക്കിൽ കാലമർത്താനൊരുങ്ങുമ്പോൾ മുന്നിലെ ചില്ലിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളത്തിന്റെ നിറം ചെളിനിറഞ്ഞ കറുപ്പായി മാറുന്നതു ലൂക്കോസ് അറിഞ്ഞു. മുന്നിലേക്ക് വലിയൊരു മരം മറിഞ്ഞുവീണതോടെ സഡൻ ബ്രേക്കിട്ടു. വണ്ടി നിന്നു. ഇതിനിടെ കൺമുന്നിൽ മണ്ണും പാറയും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞിറങ്ങി. ബസിൽ നിന്നു കൂട്ടക്കരച്ചിലുയർന്നു. യാത്രക്കാർ പുറത്തിറങ്ങി രക്ഷാമാർഗം തേടി അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു.
തോരാമഴയത്ത് പുലരിയുടെ അരണ്ട വെളിച്ചത്തിൽ റോഡരികിൽ ഒഴിഞ്ഞ ഇടംനോക്കി നിൽക്കാൻ എല്ലാംവരോടും നിർദേശിച്ചതായി കണ്ടക്ടർ ഡോജി പറഞ്ഞു. ദൂരെ മലമുകളിലായിരുന്നു കണ്ണുകൾ. പ്രാർഥനകൾ ഉരുവിട്ടായിരുന്നു നിൽപ്. രക്ഷയ്ക്കായി കിട്ടാവുന്ന നമ്പരുകളിലെല്ലാം വിളിച്ചു. മണിക്കൂറുകൾ കഴിഞ്ഞാണ് അഗ്നിശമന സേനയും പൊലീസും എത്തിയത്.
സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും ആളുകളെത്തി. റോഡിൽ കൂമ്പാരമായ മണ്ണിലൂടെ എല്ലാവരെയും പുറത്തെത്തിച്ചു. വാഹനത്തിൽ എല്ലാവരെയും ധ്യാനകേന്ദ്രത്തിലെത്തിച്ചു. വണ്ടി ഉപേക്ഷിച്ചുപോകാൻ ആകാത്തതിനാൽ ലൂക്കോസും ഡോജിയും 36 മണിക്കൂർ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തകരോടൊപ്പം ചുരത്തിൽ തന്നെയാണ്. ഇന്നു ബസുമായി മടങ്ങാനാവുമെന്നാണു പ്രതീക്ഷ.
© http://www.manoramaonline.com/news/kerala/2017/09/19/attapadi-rain-incident.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog