മണാലിയിലെ ഹിന്ദു/ബുദ്ധമത ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര..

സോളംഗ് വാലിയിലെ കാഴ്ചകള്‍ ഒക്കെ ആസ്വദിച്ചതിനുശേഷം പിന്നീട് ഞങ്ങള്‍ പോയത് മനാലിയിലെ വസിഷ്ഠ് ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് ആയിരുന്നു. ബീയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വസിഷ്ഠ് ഗ്രാമത്തിലേക്ക് മണാലിയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഈ ഗ്രാമത്തില്‍ പലപല ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നുണ്ട്. തടിയും കല്ലും ഉപയോഗിച്ചാണ് ഇവിടത്തെ ക്ഷേത്രങ്ങളുടെ നിര്‍മ്മിതി. നീരുറവയില്‍നിന്നു വരുന്ന ചൂടു വെള്ളത്തിന് പ്രശസ്തമാണ് ഈ ക്ഷേത്രം. വര്‍ഷം മുഴുവന്‍ ചൂടുവെള്ളം ഈ നീരുറവ വഴി ലഭിക്കുമത്രേ. വല്ലാത്തൊരു അത്ഭുതമാണ് ഇത് കണ്ടപ്പോള്‍ തോന്നിയത്. ഇത്രയും തണുപ്പുള്ള ഈ സ്ഥലത്ത് പ്രകൃതി തന്നെ ചെറുചൂട് വെള്ളത്തില്‍ ഒരു സ്നാനം വരമായി തരുന്നു. ശാസ്ത്രമോ ഐതിഹ്യമോ എന്തുമായ്‌ക്കൊള്ളട്ടെ, തണുത്തുറഞ്ഞ മലമുകളിലെ പ്രകൃതിദത്തമായ ഈ ചൂടുവെള്ള ഉറവ ആരെയും അത്ഭുതപ്പെടുത്തും.. അത് ഉറപ്പാണ്.

ഇവിടെ വരുന്ന വിശ്വാസികളില്‍ ചിലര്‍ ഈ ഉറവകളില്‍ കുളിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്ക് കുളിക്കുവാനായി പ്രത്യേകം സ്ഥലവും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. നിങ്ങള്‍ ഇവിടെ എന്നെങ്കിലും സന്ദര്‍ശിക്കുകയാണെങ്കില്‍ ഈ ചൂട് നീരുറവ ഒന്ന് അനുഭവിച്ച് അറിയുക തന്നെ വേണം.

വസിഷ്ഠ് ക്ഷേത്രത്തിന്‍റെ അടുത്തുതന്നെ രാമാ ടെമ്പിള്‍ എന്നൊരു ക്ഷേത്രവും നമുക്ക് കാണാം. കല്ലും തടിയും ഉപയോഗിച്ചു തന്നെയായിരുന്നു രാമാ ടെമ്പിളിന്‍റെ നിര്‍മാണവും. അമ്പലത്തിനുള്ളിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഞങ്ങള്‍ പതിയെ പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് ഇറങ്ങി കുറച്ചു നടന്നപ്പോള്‍ ആണ് ഒരു കാര്യം മനസ്സിലായത്. അമ്പലത്തിനുള്ളില്‍ മാത്രമല്ല ആ ചൂടുറവയുടെ ചാലുകള്‍ വഴി പുറത്തും ചൂട് വെള്ളം ലഭിക്കും. രാമായണവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യമാണ് ഈ ചൂട് നീരുറവകള്‍ക്ക് പിന്നിലെന്ന് അനിയന്‍ അഭി ഗൂഗിളില്‍ തപ്പി ഇതിനിടെ മനസ്സിലാക്കിയിരുന്നു.

അമ്പലത്തിനു പുറത്ത് ധാരാളം കടകളും ഹോട്ടലുകളും സഞ്ചാരികളെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. നല്ല ചൂടുള്ള ചോളം മാത്രമായിരുന്നു ഞങ്ങള്‍ വാങ്ങിയത്. അഭിയുടെ പല്ലില്‍ കമ്പിയിട്ടിരിക്കുന്നതിനാല്‍ അവനു ഇതൊന്നും കഴിക്കുവാന്‍ സാധിച്ചില്ല. പാവം… കുറച്ചു സമയംകൂടി അവിടെ കറങ്ങിയശേഷം ഞങ്ങള്‍ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് യാത്രയായി.

മനാലിയിലെത്തന്നെ ഹഡിംബ ക്ഷേത്രത്തിലേക്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. മനാലിയിലെ ഏറ്റവും പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ഹഡിംബ ക്ഷേത്രം. ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. ദിവസേന നിരവധിയാളുകളാണ് ഇവിടെ സന്ദര്‍ശകരായി വരുന്നത്. ഹഡിംബ ക്ഷേത്രത്തിനുള്ളില്‍ ക്യാമറ അനുവദനീയമല്ല.ഘോര്‍ പൂജയാണ് ഹഡിംബ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ ആചാരം. ദേവി ഹഡിംബയുടെ ജന്മദിനമായ ഫെബ്രുവരി 14 നാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്. ഇവിടെ ക്ഷേത്രത്തിനു ചുറ്റുമായി ധാരാളം സിതാര്‍ എന്ന മരങ്ങളാണുള്ളത്. വളരെ മനോഹരമായ കാഴ്ചകളാണ് നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കുന്നത്.

ക്ഷേത്രത്തിനു സമീപമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ട്. സോഫ്റ്റ്‌ രോമങ്ങളുള്ള മുയലിനെ കയ്യിലെടുത്തും ഭീമന്‍ യാക്കിന്‍റെ പുറത്ത് കയറിയും ഒക്കെ ഫോട്ടോ എടുക്കുവാന്‍ ഇവിടെ സൗകര്യമുണ്ട്. അതുപോലെതന്നെ ഇവിടത്തെ ഒരു പ്രത്യേകതരം വേഷമായ പട്ടു എന്ന ഡ്രസ്സ്‌ ധരിച്ച് നിന്നുകൊണ്ടും നമുക്ക് ഫോട്ടോകള്‍ എടുക്കാവുന്നതാണ്. മണാലിയില്‍ ട്രിപ്പ്‌ വരുന്നവര്‍, പ്രത്യേകിച്ച് ഹണിമൂണ്‍ ദമ്പതികള്‍ ഉറപ്പായും ഇങ്ങനെ ഒരു ഫോട്ടോ എടുത്തിരിക്കും. ഇതൊക്കെയല്ലേ നമുക്ക് എന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയ സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നത്.

ഇവിടത്തെ കാഴ്ചകള്‍ കണ്ടതിനുശേഷം ഞങ്ങള്‍ പിന്നീട് പോയത് ഒരു ബുദ്ധക്ഷേത്രത്തിലേക്ക് ആയിരുന്നു. കുളുവിനും മനാലിയ്ക്കും ഇടയിലുള്ള ഒരു ടിബറ്റന്‍ ബുദ്ധക്ഷേത്രമായിരുന്നു അത്. വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടം മുഴുവന്‍. അതിനകത്ത് കയറിയാല്‍ നമ്മള്‍ മറ്റേതോ സന്തുഷ്ടമായ ഒരു ലോകത്ത് എത്തിയതുപോലെ തോന്നും. ബുദ്ധക്ഷേത്രത്തിലെ കാഴ്ചകള്‍ കണ്ടതിനു ശേഷം ഞങ്ങള്‍ തിരികെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. ഈയൊരു ദിവസം മുഴുവന്‍ വല്ലാത്തൊരു ഊര്‍ജ്ജം നിറഞ്ഞ കാഴ്ചകള്‍ ആയിരുന്നു ആസ്വദിച്ചത്. മനസ്സിനും ശരീരത്തിനും ഒരു പോസിറ്റീവ് എനര്‍ജി കൈവന്നതുപോലെ…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply