വിവരണം – Dr.Rabeebudheen.
സൗദി അറേബ്യയിൽ മരുഭൂമിയല്ലാതെ കാണാൻ എന്തുണ്ട് എന്ന ചോദ്യം എന്റെ മനസ്സിൽ കുറെ മുൻപേ കടന്നു കൂടിയതാണ്. പക്ഷെ അതിനു നല്ല കാഴ്ചയുടെ മറുപടി തന്ന് പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട് ഈ മരുഭൂമി. അതിൽ ഏറ്റവും പുതിയതാണ് ഒരിക്കലും പ്രതീക്ഷിക്കാതെ ഞാൻ എത്തിപ്പെട്ട #ബലദ് എന്ന ചരിത്രമുറങ്ങുന്ന നഗരത്തിലെ കാഴ്ചകൾ.
തായിഫ് പോകാനുള്ള ഉദ്ദേശവും കൂടെ മനസ്സിൽ വച്ചാണ് അവധി ദിവസം ഞാൻ ജിദ്ദ യിലേക്ക് പുറപ്പെട്ടത്. അവിടെ നാട്ടിലെ സുഹൃത്തുക്കളെ വിളിച്ചു വരവറിയിച്ചു.
ജിദ്ദയിൽ എത്തിയ ശേഷം കൂട്ടുകാരൻ Sameer ന്റെ കൂടെ city ഒന്ന് കാണാൻ ഇറങ്ങിയതായിരുന്നു. ഇവിടെ ഒരു historic city ഉണ്ട്… അതിലെ പോയിനോക്കാം ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു നടന്നു. പുരാതനമായ ഒരു പ്രവേശന കവാടം കടന്നു നേരെ നടന്നു. ആ കവാടംത്തിനടുത്തു പർദ്ദയിട്ട ഇംഗ്ലീഷ്കാരി ടൂറിസ്റ്റും അവരുടെ ഗൈഡ് ഉം എന്തൊക്കെയോ പഠനം നടത്തുന്നുണ്ട്… അതു കണ്ടപ്പോൾ മനസ്സിലായി… ഇതൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് എന്ന്. ഇടുങ്ങിയ വഴിയിലൂടെ നേരെ നടക്കുമ്പോൾ നൂറ്റാണ്ടുകളുടെ പഴക്കം വിളിച്ചു പറയുന്ന കെട്ടിടങ്ങൾ ഇരുവശത്തുമുണ്ട്…
ചിലത് പൊളിഞ്ഞു വീഴാറായ മട്ടാണ്. അവക്കുമുന്നിൽ മരത്തണലിൽ നിറപ്പകിട്ടാർന്ന സോഫകളിൽ ചാരിയിരുന്നു കാവ കുടിക്കുകയും വർത്താനം പറയുകയും, സന്ദർശകരെ വീക്ഷിക്കുകയും ചെയ്യുന്ന വയസ്സായ അറബികൾ.
പാതി തുറന്ന വാതിലുകളിലൂടെ എത്തിനോക്കുന്ന കുട്ടികൾ, DSLR ക്യാമറയും തൂക്കിപിടിച്ചു വാതിലുകളിലെ കൊത്തുപണികളുടെ പടം പിടിക്കുന്ന ഫോട്ടോഗ്രാഫർമാർ, അവധി ദിവസം ചിലവഴിക്കാൻ വന്ന ഫിലിപ്പീനികൾ…. ഇതൊക്കെയാണ് ബലദ് സമ്മാനിച്ച വരവേൽപ്പ് കാഴ്ചകൾ. നഗരത്തിന്റെ ഈ ഭാഗം ശാന്തമാണെങ്കിലും നേരെ ചെല്ലുന്നത് ഷോപ്പിംഗ് സെന്ററിലേക്കാണ് അവിടെ കച്ചവടക്കാരുടെ ബഹളം ആണ്.
മരുഭൂമിയിൽ കോൺക്രീറ്റിൽ പടുത്തുയർത്തിയ ജിദ്ദ നഗരത്തിൽ നിന്നും തികച്ചും അപ്രതീക്ഷിതമായി വേറെ ഒരു ലോകത്ത് എത്തിയപ്പോൾ ബലദിന്റെ അകത്തളങ്ങളിലേക്ക് കയറിച്ചെല്ലാൻ എനിക്ക് കൊതിയായി. അതിലൂടെ പുരാതന അറബികളുടെ ജീവിതത്തിലൂടെ ഒരു സാങ്കല്പിക യാത്ര പോകാനും. പഴയ വീടുകൾ സന്ദർശിക്കുമ്പോൾ,, അവിടുത്തെ അറകളും കൊത്തുപണികളും നോക്കി നിൽകുമ്പോൾ നാം ആ കാലഘട്ടത്തിലൂടെ ഒരു സാങ്കല്പിക സഞ്ചാരം നടത്തും… അത് നൽകുന്ന ലഹരി ഒന്ന് വേറെ തന്നെയാണ്.
അങ്ങനെ ഒരു വീട്ടിലേക്ക് ഞങ്ങൾ കയറിച്ചെന്നു. ദാറുസലൂം -1880 ൽ നിർമ്മിച്ച വീടാണ്. അന്നത്തെ ഷെയ്ഖിന്റെ പേരക്കുട്ടിയായ ഒരു സ്ത്രീ യാണ് ഇപ്പോൾ ഈ വീടിന്റെ ഉടമസ്ഥ. ഈ വീട്ടിൽ താമസക്കാരില്ല സന്ദർശകർക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണ്. നിറയെ കൊത്തുപണികളുള്ള മരത്തിൽ നിർമ്മിച്ച വാതിൽ തുറന്നു ഞങ്ങളും അവിടുത്തെ ഗൈഡ് പയ്യനും കൂടി വീടിനകത്തു കയറി. പുരാവസ്തുക്കളുടെയും നിറപ്പകിട്ടുകളുടെയും ഒരു ശേഖരമാണ് ആ വീടിനുള്ളിൽ. കടലിൽ നിന്നും, കായലിൽ നിന്നും വെട്ടിയെടുത്ത കല്ലുകൾ കൊണ്ടും മരം കൊണ്ടുമാണ് ചുമരുകൾ നിർമ്മിച്ചിരിക്കുന്നത്. മരങ്ങളും ഉരുപ്പടികളും അധികവും ഇന്ത്യ യിൽ നിന്നും കടൽ മാർഗ്ഗം കൊണ്ടുവന്നവയാണ് എന്ന് ഗൈഡ് പറഞ്ഞു. ചുമരുകളുടെ പകുതിയും കൊത്തുപണികളാൽ അലങ്കരിച്ച തടി കൊണ്ടാണ് മറച്ചിരിക്കുന്നത്. ഇത് വീടിനുള്ളിലെ ചൂട് പരമാവധി കുറക്കുന്നു.
വീടിനുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മജ്ലിസ്കളുണ്ട് . കൂട്ടമായി ഇരുന്നു കാവ കുടിക്കുകയും ഹുക്ക വലിക്കുകയും tv കാണുകയും ഒക്കെ ചെയ്യുന്ന സ്ഥലമാണ് മജ്ലിസ്. നിരവധി അലങ്കാര വിളക്കുകൾ, വെള്ളി പാത്രങ്ങൾ, അന്നത്തെ റേഡിയോ, tv,ഫ്രിഡ്ജ്… തുടങ്ങി കുറെ സാധനങ്ങൾ വീട്ടിനകത്തു ഉണ്ട് . ബലദ് നഗരത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ വീടായിരുന്നു ബൈത്തു നസീഫ് -ഇത് ഇന്ന് ഒരു മ്യൂസിയമായി സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
ബലദ് എന്ന പദത്തിനർത്ഥം രാജ്യം എന്നാണ്. അതെ, പണ്ട്.. എണ്ണ വിപ്ലവം നടക്കുന്നതിന് മുൻപ്, ജിദ്ദ എന്ന പട്ടണം രൂപപ്പെടുന്നതിനു മുൻപ്, ഇവിടെ യായിരുന്നു വ്യാപാരകേന്ദ്രം. പിന്നീട് ഇവിടുത്തെ സമ്പന്നർ എണ്ണയും തേടി സൗദിയുടെ പല ഭാഗങ്ങളിലേക്ക് ചേക്കേറിയപ്പോൾ പാവപ്പെട്ടവരും കച്ചവടക്കാരും കുടിയേറ്റക്കാരും ഈ വീടുകളിലേക്ക് താമസം മാറ്റി. അവരുടെ പിൻ തലമുറക്കാർ ഇപ്പോളും ഇവിടെ താമസിക്കുന്നുണ്ട്.
AD 7ആം നൂറ്റാണ്ടിൽ രൂപപ്പെട്ട ബലദ് എന്ന ഈ തുറമുഖനഗരം 2014 ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ബാബ് മദീന എന്നും ബാബ് മക്ക എന്നും പേരുള്ള രണ്ടു പ്രധാന കവാടങ്ങളാണ് ഇന്നും സജീവമായ ഈ വ്യാപാര കേന്ദ്രത്തെ തൊട്ടടുത്ത നഗരത്തിൽ നിന്നും വേർതിരിക്കുന്നത്. ജിദ്ദ നഗരത്തിലെ ബോറടി മാറ്റാൻ ബലദ് മാർക്കറ്റിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതി.. കൂടെ ഇവിടുത്തെ സ്പെഷ്യൽ ആയ ‘കബുദ് ‘ കൂടി കഴിക്കണം.