ഹിമ സാഗർ എക്സ്പ്രസ്സിൽ പാലക്കാട് നിന്നൊരു 60 മണിക്കൂർ കശ്മീർ യാത്ര…!!

വിവരണം – അബ്ദുൽ നാസർ മുഹമ്മദ്.

മാധ്യമം ദിനപ്പത്രത്തിൽ വന്ന ഇന്ത്യൻ റെയിൽവേ കുറിച്ചുള്ള ഒരു വിവരണമാണ് എന്റെ ഈ യാത്രക്ക് പ്രചോദനം. ഇന്ത്യൻ റെയിൽവേ കുറിച്ചും തീവണ്ടി മുതൽ ഇലക്ട്രിക് ട്രെയിനുകളെ കുറിച്ചു വിവരിക്കുന്ന ആ സപ്ലിമെന്റ് പേജ് അവസാനം ഇങ്ങനെ കാണുന്നു. ‘ഇന്ത്യയുടെ ഒരൊറ്റ മായ കന്യാകുമാരിയിൽ നിന്നും മറ്റൊരു അറ്റമായ ജമ്മു കാശ്മീരിലേക്ക് ഒരു ട്രെയിൻ ഓടുന്ന ‘ഹിമസാഗർ എക്സ്പ്രസ്’ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിലൊന്നാണ് ഇത്. ദൂരം 3830 കിലോമീറ്റർ. ഈ വാർത്തയെ കൂടാതെതന്നെ കാശ്മീർ കാണാനുള്ള ആഗ്രഹം മനസ്സിൽ ഒളിപ്പിച്ചു നടക്കുന്ന ഒരു യാത്ര പ്രേമി കൂടിയാണ് ഞാൻ. യാത്രകൾ ചെറുപ്പം തൊട്ടേ എനിക്ക് ഹരമാണ് ഓരോ യാത്രയും ജീവിതത്തിൽ പുതിയ പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരുപാട് വെല്ലുവിളികൾ നേരിടുന്ന ഒരു ആഗ്രഹമാണ് ഇത്. ഒന്ന് ചുരുങ്ങിയത് എട്ടു പത്തു ദിവസത്തെ യാത്ര വേണ്ടിവരും. ടാപ്പിംഗ് ജോലിചെയ്യുന്ന എനിക്ക് ഇത്രയും കൂടുതൽ ലീവ് കിട്ടണമെങ്കിൽ ചൂടുകൂടുതലുള്ള കാലം വരണം. അപ്പോൾ ടാപ്പിങ് തൽക്കാലത്തേക്ക് ഒന്നോ രണ്ടോ മാസം നിർത്തിവയ്ക്കും. പിന്നെ പണത്തിന്റെ കാര്യം അതൊരു വിധത്തിൽ പരിഹരിക്കാം. കാരണം എന്റെ യാത്രകൾ ഒരു നല്ല ശതമാനവും കടം വാങ്ങിയ കാശ് കൊണ്ടായിരിക്കും. പതിയെ കൊടുത്തു തീർത്താലും സമ്മതിക്കുന്ന ഉമ്മയും പെങ്ങന്മാരും കടം തരാൻ ഉള്ളപ്പോൾ പിന്നെ പണത്തിന്റെ കാര്യം പ്രശ്നമില്ല. മൂന്നാമത്തെ പ്രശ്നം യാത്രക്കുള്ള കൂട്ടാണ്. അതൊരു വലിയ പ്രശ്നമാണ്. നമ്മുടെ കൂട്ടുകാരാരും ഇങ്ങനെ ഒരു യാത്രക്ക് പോരാൻ സാധ്യതയില്ല. പിന്നെ ഭാര്യയെ കൂട്ടി പോരാൻ ആണെങ്കിൽ വല്ല ട്രാവെൽസ് ന്റെ കീഴിൽ അല്ലേ നടക്കൂ അത് ഭാരിച്ച ചിലവും വരും.


അവസാനം കടം വാങ്ങിയ കുറച്ചു കാശും ആയി 2014 ഏപ്രിൽ മാസം പതിനെട്ടാം തീയതി ഞാൻ യാത്രതിരിച്ചു. അങ്ങനെ മുൻപു പറഞ്ഞ മൂന്ന് പ്രശ്നങ്ങൾക്കും ഞാൻ പരിഹാരം കണ്ടു. സത്യത്തിൽ കാശ്മീരി യാത്രയ്ക്കുവേണ്ടി വീട്ടിൽ നിന്നും ഇറങ്ങിയത് അല്ല. മറിച്ച് മനസ്സ് കലുഷിതം ആയ ഒരു വൈകുന്നേരം എവിടെയെങ്കിലും യാത്ര ചെയ്ത് അല്പം മനസ്സമാധാനത്തിനു വേണ്ടി ബൈക്കും കുറച്ച് ഡ്രെസ്സും എടുത്ത് ഇറങ്ങിയതാണ്. കൂട്ടിന് അന്വേഷിച്ചവർ എല്ലാം ഓരോ ഒഴിവുകഴിവ് പറയുകയും കാലാവസ്ഥ മഴക്ക് വഴി മാറുകയും ചെയ്തപ്പോൾ തനിച്ചുള്ള ബൈക്ക് യാത്ര ഒഴിവാക്കി ട്രെയിൻ മാർഗ്ഗം എവിടെയെങ്കിലും കറങ്ങാം എന്നുകരുതി. അങ്ങനെ വഴിയിൽ വച്ച് സഹോദരിയുടെ വീട്ടിൽ ബൈക്ക് വിട്ട് നല്ല ബിരിയാണിയും തട്ടി അവരോട് യാത്ര പറഞ്ഞ് റോഡിലേക്കിറങ്ങിയതാണ്. ഇവിടെയാണ് ഈ യാത്രയുടെ യഥാർത്ഥ തുടക്കം.

ബിരിയാണി കഴിച്ച അവരോട് യാത്രയും പറഞ്ഞു റോഡിലേക്കിറങ്ങുമ്പോൾ സമയം 7 13. ഇവിടെ നിന്ന് 4 കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വരുന്ന സമയം 7 30. ബസ് കാത്തു നില്ക്കാൻ സമയം ഉണ്ടെന്നു തോന്നുന്നില്ല. ആത്മവിശ്വാസത്തോടെ റോഡിൽ വരുന്ന ഓട്ടോകൾക്കും കൂട്ടത്തിൽ ബൈക്കിനും കൈകാണിച്ചു. പരിചിതരെയും അപരിചിതരെ യും ബൈക്കിൽ കൂടെ കയറ്റാൻ മടിയില്ലാത്ത എനിക്ക് ഒരു ബൈക്കുകാരൻ ലിഫ്റ്റ് തരാതിരിക്കില്ല എന്ന് മനസ്സ് പറഞ്ഞു. എന്റെ പ്രതീക്ഷ തെറ്റിയില്ല. ഒന്ന് സംശയിച്ചെങ്കിലും ഒരു ബൈക് നിർത്തി. യാത്രയിൽ ഞങ്ങൾ പരിചയപ്പെട്ടു. ആളുടെ പേര് സലിം, സൗദിയിൽ ഡ്രൈവർ ആണെത്രേ. ആറു വർഷം മുൻപ് ഉംറ വിസയിൽ സൗദിയിൽ പോയി ജോലി ചെയ്തതും സംഭവബഹുലമായ രണ്ടുവർഷം കഴിഞ്ഞ് തിരിച്ചു വന്നതുമായ കഥ ഞാനും കാച്ചി. ഏതായാലും സ്ഥലത്തെത്തി. സലീമിനോട് സലാം പറഞ്ഞ് ഞാനിറങ്ങി.

സ്റ്റേഷൻലേക്കുള്ള എന്റെ നടത്തത്തിന്റെ വെപ്രാളം കണ്ടിട്ടാവാം അവിടെ നിന്നും ഓട്ടം എടുക്കാൻ പോകുന്ന ഒരു ഓട്ടോക്കാരൻ എന്നെ കണ്ടു നിർത്തി എന്നെയും ഓട്ടോയിൽ കയറ്റി. പരിചയപ്പെടലിൽ നിന്നും അയാളെ ആരും ട്രിപ്പ് വിളിച്ചത് അല്ലെന്നും ട്രെയിനിൽ വരുന്ന യാത്രക്കാരുടെ ട്രിപ്പ് പ്രതീക്ഷിച്ച പോവുകയാണെന്നും മനസ്സിലായി. പണ്ട് ഞാൻ രണ്ടു രണ്ടര വർഷം ഓട്ടോ ഓടിച്ച കഥ ഞാൻ ഫ്‌ളാഷ്ബാക്കിൽ നിന്നും കിണഞ്ഞു പുറത്തെടുത്തപ്പോഴേക്കും സ്റ്റേഷനെത്തി. അയാളുടെ ഭാഗ്യം. ട്രെയിൻ പത്തു പതിനഞ്ചു മിനിറ്റെങ്കിലും വയ്കണെ എന്നു റോഡിൽ നിന്നും ഞാൻ പ്രാർത്ഥിച്ചത് ഒക്കെ ഞാൻ മറന്നു. ഇപ്പോൾ എന്റെ മനസ്സിൽ കൃത്യനിഷ്ഠയില്ലാത്ത ഇന്ത്യൻ റെയിൽവേ യോടുള്ള കടുത്ത അമർഷമാണ്. ഇതൊരു ചെറിയ സ്റ്റേഷൻ ആണെങ്കിലും പത്തമ്പത് യാത്രക്കാർ വണ്ടി കാത്തു നിൽക്കുന്നുണ്ട്. അവരിൽ കുട്ടികളുടെ കലപിലയും മറ്റും ഉണ്ട്. എന്നെ പോലുള്ള യുവാക്കൾ അതിലൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ കയ്യിലുള്ള നോക്കിയയുടെയും സാംസങ്ങിന്റെയും ചെറിയ സ്ക്രീനിലൂടെ ഈ വലിയ പ്രപഞ്ചത്തിൽ ചുറ്റിക്കറങ്ങുന്നു. ഇന്റർനെറ്റ് എന്ന മാരക അസുഖം എനിക്ക് പിടി പെടാത്തതിന് പടച്ചവന് സ്ഥിതി.

ഏതായാലും ട്രെയിൻ വന്നു നിന്നു. തന്റെ മുന്നിലുള്ള ഒരു കമ്പാർട്ട്മെന്റിൽ ഞാൻ കയറി. മുഴുവനും കാലിയാണ്. അവിടെവിടെയായി ഒന്നോ രണ്ടോ പേർ ഇരിക്കുന്നു. ഞാൻ ഒരു മൂലയിലിരുന്നു. ട്രെയിൻ ഇളകിത്തുടങ്ങി. ഇരുമ്പുകൾ തമ്മിൽ ഇണചേരുന്ന ശബ്ദം കാതുകളിൽ മുഴങ്ങി. ഞാൻ എന്റെ അടുത്ത് ഉള്ള രണ്ടു സ്വിച്ച്കളും ഓഫ് ചെയ്തു. അപൂർവ്വങ്ങളിൽ അപൂർവ്വമായി നിശ്ചലമാകുന്ന ട്രെയിനിലെ രണ്ടു ഫാന്കളും നിശ്ചലമായി. ഫാനിന്റെ കാറ്റിൽ എനിക്ക് പണ്ടേ അലർജിയാണ്. അതിന്റെ പേരിൽ എന്റെ ശ്രീമതിക്ക് എന്നോട് ചെറിയ സൗന്ദര്യ പിണക്കം ഉണ്ട് താനും. അവൾ ഭക്ഷണം കഴിച്ചില്ലെങ്കിലും ഫാൻ ഇട്ട് കിടന്നുറങ്ങാൻ പറ്റിയാൽ അതാണ് പെരുന്നാൾ. ഞാനാണെങ്കിൽ കല്യാണം കഴിഞ്ഞതിനു ശേഷം ഫാൻ ഇട്ട് ഉറങ്ങാൻ ആ പാവത്തിന് അനുവദിച്ചിട്ടില്ല. ഇന്ന് ഞാൻ ഇല്ലാത്തതുകൊണ്ട പുള്ളിക് ഫാനിട്ട് സുഖമായി കിടന്നുറങ്ങാം.

ഒന്നുരണ്ടു സ്റ്റേഷൻ കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ഒരു സഹയാത്രികൻ എത്തി. അപ്പോൾ ഞങ്ങളുടെ ട്രെയിൻ വെയിറ്റിങ്ങിൽ ആയിരുന്നു. അപ്പുറത്തെ ട്രാക്കിൽ മറ്റൊരു ട്രെയിൻ വന്നുനിന്നു. അയാളെന്നോട് ട്രെയിൻ മാറിയതാണെന്ന് പറഞ്ഞു. അപ്പുറത്തെ ട്രെയിനിലേക്ക് പോയി അതിൽ കയറാൻ നേരം എന്നോട് പറഞ്ഞു എനിക്ക് ശൊർണ്ണൂർലേക്കാണ് പോകേണ്ടതെന്ന്. ഞാൻ പറഞ്ഞു ഭായി ഇതുതന്നെയാണ് ഷൊർണൂർലേക്കുള്ള വണ്ടി. അയാൾ വീണ്ടും എന്റെ അടുത്ത് വന്നിരുന്നു. ആൾ ചെറിയ ലൂസ് ആണെന്ന് എനിക്ക് തോന്നി. പെരിന്തൽമണ്ണയിലെ ഏതോ ഡെന്റൽ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്ത്രേ. എന്നും പോക്കും വരവും ട്രെയിനിൽ തന്നെ. എന്നിട്ടാണ് ട്രെയിൻ മാറി കയറാൻ നോക്കുന്നത്. നിങ്ങൾക്ക് കുട്ടികളുണ്ടോ എന്റെ പെട്ടന്നുള്ള ചോദ്യം അയാൾ പ്രതീക്ഷിച്ചിരിക്കില്ല. എന്റെ കല്യാണം കഴിഞ്ഞില്ല അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. കാരണം അയാളുടെ ജാതിയിൽ പെട്ട പെണ്ണിനെ ഇതുവരെ കിട്ടിയിട്ടില്ല. പാവം ഇറങ്ങാൻ നേരം ഞാൻ പേര് ചോദിച്ചു. രാജേഷ്.. യാത്രപറഞ്ഞ് രാജേഷ് പോയി നല്ല മനുഷ്യൻ എന്റെ യാത്രയെ കുറിച്ച് ഒന്നും ചോദിച്ചില്ല.

വണ്ടി ഷൊർണൂർ ജംഗ്ഷനിൽ എത്തിയിരിക്കുന്നു. ഞാൻ നേരെ വിവരങ്ങൾ നൽകുന്ന സ്ഥലത്തുപോയി. മനസ്സിൽ എത്രയോ നാൾ താലോലിച്ച് ഹിമസാഗർ എക്സ്പ്രസ്നെ കുറിച്ച് ചോദിച്ചു. എവിടേ പോവാൻ ആണെന്നുള്ള ചോദ്യത്തിന് ഞാൻ കാശ്മീരിലേക്ക് ആണെന്ന് ഉത്തരം പറഞ്ഞു. അത് ഇവിടെയല്ല പാലക്കാട് ചെല്ലണമെന്ന് മറുപടി. പാലക്കാട്ടേക്ക് ഇവിടെനിന്നും 9 30 വണ്ടിയുണ്ട്. ഒരുമണിക്കൂർ നേരത്തെ യാത്ര കൊണ്ട് അവിടെ എത്താം. അവിടെ നിന്ന് പതിനൊന്നു മണിക്ക് നമ്മുടെ വണ്ടി ഉണ്ടെന്ന് മറുപടി എന്നെ സന്തോഷിപ്പിച്ചു. 30 രൂപ പാലക്കാട്ടേക്ക് ടിക്കറ്റെടുത്തു. വണ്ടിയിൽ കാലു കുത്താൻ സ്ഥലമില്ല. നിറയെ പല പല ഭാഷക്കാർ. ഞാൻ ഒരു മൂലയിൽ വാതിലും ചാരി നിന്നു. മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ കിടന്ന അഗാധമായ ഉറക്കത്തിലേക്ക് പോകുന്ന ഒരു പിടി ആണും പെണ്ണുമായ മനുഷ്യജന്മങ്ങൾ എല്ലാ ട്രെയിനിലെയും മൂന്നാം ക്ലാസിലെ പതിവു കാഴ്ചയാണിത്. ഇവരൊക്ക എവിടെ പോവുന്നോ എന്തോ.. മുൻപിലുള്ള ചെറുപ്പക്കാരന്റെ മൊബൈലിനും നോക്കി ഞാനിരുന്നു. അവൻ ഏതോ ഗെയിം കളിക്കുകയാണ്. എന്റെ പെങ്ങളുടെ മകൻ ഉണ്ടങ്കിൽ അവനു വേണ്ട ഏറ്റവും പുതിയ ഉപദേശങ്ങളും ഗെയിമുകളും ഒക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. അവൻ ഐടിയിൽ താൽപര്യമുള്ളവനാണ്. നിന്ന് കാലു കടഞ്ഞെങ്കിലും അടുത്ത സീറ്റിൽ തിരക്കി ഇരിക്കാൻ ഞാൻ ശ്രമിച്ചില്ല. കാരണം ഞാൻ ഈ വണ്ടിയിൽ സ്ഥിരം അല്ലല്ലോ. ഏതായാലും വണ്ടി ഷൊർണ്ണൂരിൽ നിന്നും പോന്നിട്ട് എവിടെയും നിർത്തിയില്ല. നേരെ പാലക്കാട് വന്നു നിന്നു. സമയം 10 20 ആയി ഉള്ളൂ. ഞാൻ നേരെ പോയി നമ്മുടെ വണ്ടിയെ കുറിച്ച് അന്വേഷിച്ചു. 12 മണിക്ക് ട്രെയിൻ എന്ന് മറുപടി. ഞാൻ ലോക്കൽ ടിക്കറ്റ് എടുത്തു 475 രൂപ, 3229 കിലോമീറ്റർ. ടിക്കറ്റ് റിസർവേഷൻ ആക്കണമെങ്കിൽ ട്രെയിനിൽ കയറിയ ശേഷം ടി ടി യെ കാണണം എന്നും പറഞ്ഞു.

സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങി സാധനങ്ങളൊക്കെ വാങ്ങി ഞാൻ വീണ്ടും സ്റ്റേഷനിൽ വന്നു. ഒരു ഇരിപ്പിടത്തിൽ ഇരുന്നു. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് വണ്ടി വരാറായി എന്ന വിവരം കിട്ടിയപ്പോൾ ഞാൻ അങ്ങോട്ട് നടന്നു. അധികം യാത്രക്കാരോ ഒന്നും ഇല്ല. ഉള്ളവരിൽ കൂടുതലും റിസർവ് ചെയ്തവരും ആണ്. ട്രെയിൻ വന്നു നിന്നപ്പോൾ ഏറ്റവും പിറകിലായി ഞാൻ കയറി. സീറ്റുകൾ ഒരുപാട് കാലിയാണ്. ഞാൻ എന്റെ ബാഗ് ഒരു ബർത്തിൽവെച്ച് പുറത്തേക്കിറങ്ങി. അപ്പുറത്തെ കോച്ചിന്റെ മുൻപിൽ ടിടി യെ കണ്ട് ഞാൻ അവിടേക്ക് നടന്നു. അദ്ദേഹത്തോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. മറ്റ് ആരുമായോ സംസാരിച്ച അയാൾ എസി കോച്ചിലേക്ക് കയറി. ഞാനും പിറകേ ചെന്ന് വീണ്ടും കാര്യം പറഞ്ഞു .സീറ്റില്ല എന്ന ഒറ്റവാക്കിൽ മറുപടി കേട്ട് ഞാൻ തിരിച്ചുപോന്നു. വരുമ്പോഴേക്കും എന്റെ ബാഗിൽ തലയും വച്ച് ഒരാൾ കിടന്നുറങ്ങുന്നു. ഞാൻ കാര്യം പറഞ്ഞു. അയാൾ ഒരു പ്രായമായ ആളാണ്. കാൽ ഓപ്പറേഷൻ ചെയ്തതൊക്കെ എനിക്ക് കാണിച്ചു തന്നു. കൂടുതൽ തർക്കത്തിന് ഞാൻ പോയില്ല. കാരണം സീറ്റ് വേറെയും ആ കമ്പാർട്ട്മെന്റിൽ തന്നെ ഉണ്ടാവണം. അങ്ങനെ ഞാൻ മറ്റൊരു ബർത്ത് കണ്ടെത്തി. താഴെ സീറ്റിൽ ഒക്കെ ആളുകൾ കിടക്കുന്നു. മുകളിൽ പലകയാണ്. അവിടെയൊരു ഒഴിവുണ്ട് ഞാൻ ബാഗ് അവിടെ വെച്ചു പുറത്തുപോയി ഒരു ചായയും കുടിച്ചു. അപ്പോഴേക്കും ട്രെയിൻ ഇളകാൻ തുടങ്ങിയിരിക്കുന്നു. സമയം 12 20. പാലക്കാട് നിന്നും കാശ്മീർലെ ജമ്മു തവി എന്ന സ്ഥലത്തേക്കുള്ള യാത്ര ഇവിടെ തുടങ്ങുകയാണ്. ഞാൻ ബാത്രൂമിൽ പോയി വന്നു മുഖം ഒക്കെ കഴുകി എന്റെ ബർത്തിലേക്ക് ഉറങ്ങാൻ വേണ്ടി കയറി.

സമയം 1:30. വണ്ടി കോയമ്പത്തൂരിൽ എത്തിയിരിക്കുന്നു. എന്റെ ഉറക്കം ചെറിയ മയക്കം ആയിരുന്നു. ഞാൻ പുറത്തേക്കിറങ്ങി. ഇവിടെ നിന്ന് അധികമാരും കയറിയില്ല. കുറച്ച് ആളുകൾ ഇറങ്ങുകയും ചെയ്തു. ഞാൻ മുകളിലെ പലകയിൽ നിന്നും താഴെ സീറ്റിലേക്കു മാറി. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്നും വണ്ടി തമിഴ്നാട്ടിലേക്ക് കടന്നിരിക്കുന്നു. നേരം പുലർന്നാൽ വണ്ടിയിൽ ഉണ്ടാവാൻ പോകുന്ന തിരക്കിനെ കുറിച്ചോർത്ത് മനസ്സമാധാനം ഇല്ല. ഞാൻ വീണ്ടും ഒരു കാപ്പി കുടിച്ചു. അടുത്ത സ്റ്റോപ്പ് തിരിപ്പൂർ ആണെന്ന് തോന്നുന്നു. പണ്ട് കൂട്ടുകാരുമൊത്ത് തിരിപ്പൂർലേക്ക് വന്നതും ബനിയൻ കമ്പനിയിൽ ജോലി ചെയ്തതും ഞാൻ ഓർത്തു. ഞാൻ വീണ്ടും ഓരോന്ന് ആലോചിച്ച് ഉറങ്ങുവാനുള്ള ശ്രമം തുടങ്ങി.

സമയം ആറു മണി കഴിഞ്ഞിരിക്കുന്നു. ബാഗിൽ നിന്നും മൊബൈലിന്റെ ഞരക്കം കേട്ടാണ് ഞാനുണർന്നത്. വീട്ടിൽ നിന്നും ഉമ്മയാണ്. അതിനുമുമ്പ് രണ്ടുമൂന്നു തവണ വിളിച്ചിട്ടുണ്ട്. മൊബൈൽ സൈലന്റ് ആയതുകൊണ്ട് ഞാൻ അറിഞ്ഞില്ല. വീട്ടിലേക്ക് വിളിച്ചു ഉമ്മയോടും ഭാര്യയോടും സംസാരിച്ചു കഴിഞ്ഞു ഞാൻ പുറത്തേക്കു നോക്കുമ്പോൾ വണ്ടി ജോലാർപേട്ടി ജംഗ്ഷനിലാണ്. ഇത് ഏത് സംസ്ഥാനം ആണോ എന്തോ.. ബ്രഷും പേസ്റ്റും എടുത്ത് ഞാൻ വാഷ് ബേസിൻ അരികിലേക്ക് നടന്നു. സ്റ്റേഷൻ വിടുന്നതിനു മുമ്പ് ഒരു കാപ്പി വാങ്ങി കുടിച്ചു. ഇനി പ്രാഥമിക കർമ്മത്തിലേക്ക് പോകണം. അതിനെ ട്രെയിനിൽ നിന്നു തന്നെ ഞാൻ ഒരു കാലി ബോട്ടിൽ തരപ്പെടുത്തി അതുമായി പോയി ഒന്നും രണ്ടും ഒരു കുളിയും പാസാക്കുമ്പോൾ വാതിലിൽ മുട്ടു വന്നു. ഞാൻ പെട്ടെന്നു മതിയാക്കി സീറ്റിലേക്ക് തിരിച്ചുപോന്നു.

പുറത്തേക്കു നോക്കുമ്പോൾ തമിഴ്നാട് സ്റ്റേറ്റ് കഴിഞ്ഞിട്ടില്ലെന്ന് തോന്നി. ഒരുപാട് കുന്നും മലകളും പാറക്കെട്ടുകളും അങ്ങിങ്ങായി ചെറിയ ടെറസിന്റെ വീടുകളും. ചുവരിൽ കാണുന്ന എഴുത്തുകൾ തമിഴോ കന്നടയോ എന്ന് എനിക്ക് സംശയം. ഫലം കുറവാണെങ്കിലും ഒരുപാട് സ്ഥലങ്ങളിൽ തെങ്ങു നട്ടു പിടിപ്പിച്ചിരിക്കുന്നു. അല്പം കഴിഞ്ഞ് വണ്ടി ഒരു സ്റ്റേഷനിൽ നിന്നപ്പോൾ ഞാൻ പ്രാതൽ വാങ്ങാനായി ഇറങ്ങി. അപ്പോൾ വാതിലിനടുത്ത് തന്നെയുണ്ട് ഭക്ഷണവുമായി കച്ചവടക്കാർ. അവരിൽനിന്ന് 25 രൂപയുടെ ഒരു പാക്കറ്റ് വാങ്ങി. മൂന്ന് ഇഡ്ഡലിയും ഒരു ഉഴുന്നുവടയും സാമ്പാറും അല്പം ചമ്മന്തിയും. സംഗതി തമിഴ്നാട് കഴിഞ്ഞിട്ടില്ലെന്ന് എനിക്ക് തോന്നി. സൈഡിലെ സീറ്റിൽ ഒരു കാലില്ലാത്ത ചെറുപ്പക്കാരൻ ഇരിക്കുന്നു. മുഷിഞ്ഞ വേഷം. ഞാൻ അയാളോട് കാപ്പി വേണോ എന്നു ചോദിച്ചു. അയാൾ എന്തോ മറുപടി പറഞ്ഞു. ഞാൻ ഒരു കാപ്പി വാങ്ങി അയാൾക്കും കൊടുത്തു. എന്റെ സീറ്റിന് അടുത്ത് ഒരു തമിഴ്നാട്ടു കാരനും ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്. അവരും ഇഡ്‌ഡലി കഴിക്കുകയാണ്. ഞാനവരുടെ തമാശകളും നോക്കി ഇരിക്കുമ്പോൾ മൊബൈലിൽ മെസേജ് വന്നു ആന്ധ്രാപ്രദേശിലെക്ക് സ്വാഗതം.

ആന്ധ്രാപ്രദേശിലെക്ക് കടന്നതും ഒരു സ്റ്റേഷൻ എത്തി. രാമപുരം. അവിടെ നിന്നും വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ വളരെ അത്ഭുതം ഉള്ള രസകരമായ ഒരു കാഴ്ച കാണാമായിരുന്നു. റോഡിന്റെ വശങ്ങളിലുള്ള കൃഷിയിടങ്ങളിൽ നിറയെ ചെറിയ ചെറിയ മാവിൻതൈകൾ. അതിലാണെങ്കിൽ നിറയെ വലിയ മാമ്പഴങ്ങളും. അതിൽ ചിലത് ഭൂമിയിൽ മുട്ടിയിരിക്കുന്നു. ഇത് പ്രത്യേകതരം കൃഷിയായിരിക്കും. മൊബൈലിൽ ചിത്രം പകർത്താൻ നിൽക്കുമ്പോഴേക്കും വണ്ടി സ്പീഡ് എടുത്തിരുന്നു. മാമ്പഴ കൃഷി ആന്ധ്രാപ്രദേശിന്റെ മുഖ്യവരുമാനമാണെന്ന് എനിക്ക് തോന്നി. കാരണം രണ്ടു വശങ്ങളിലുമായി നിറയെ മാവിൻ തോട്ടങ്ങൾ കാണാമായിരുന്നു. അതിനിടയിൽ വണ്ടിയിൽ ഒരു ഹിജഡ കയറിക്കൂടിയിരിക്കുന്നു. അവൾ അവളുടെ ഡ്യൂട്ടി തുടങ്ങി. ഓരോരുത്തരെ തൊട്ടും തലോടിയും അവൾ പണം പിരിക്കാൻ തുടങ്ങി. എന്റെ മുന്നിലുള്ള ഹിന്ദിക്കാരൻ അഞ്ചു രൂപ കൊടുത്തു. ഞാന് പേടിച്ചു വിറച്ചു ഒരു അഞ്ചു രൂപ കോയിൻ എടുത്തു കൊടുത്തു. മുകളിൽ കിടക്കുന്ന ചെറുപ്പക്കാരൻ ഒന്നും കൊടുത്തില്ല അതുകൊണ്ടായിരിക്കാം അയാൾക്ക് ഹിന്ദിയിൽ നല്ല തെറി വിളി കേൾക്കേണ്ടി വന്നു.

വണ്ടി ഇപ്പോൾ പനാപാകം എന്ന സ്റ്റേഷനിലാണ്. എന്തോ ശബ്ദം കേൾക്കുന്നു. നോക്കിയപ്പോൾ ഹിജഡ തന്നെയാണ്. അവൾ കുറച്ചു കൂടി കടുത്ത രൂപം പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത്തവണ സാരി പൊക്കി കാണിക്കലാണ് മുഖ്യ ഐറ്റംസ്. എന്റെ അടുത്തുവന്നു. നേരത്തെ തന്നെ തന്നതല്ലേ മേം ഹൂം ഹേയ്… ഒരു വിധത്തിൽ പറഞ്ഞു ഞാൻ തടിയൂരി. മനുഷ്യന് ഏതെല്ലാം കോലത്തിലാണ് പടച്ചവൻ പടച്ചിരിക്കുന്നത്. ആണുങ്ങളും പെണ്ണുങ്ങളും ഇതുരണ്ടും അല്ലാത്തവരും ഇതുരണ്ടും കൂടിയവരും അങ്ങനെ എന്തെല്ലാം രഹസ്യങ്ങൾ ദുനിയാവിൽ അവൻ കാണിച്ചു വച്ചിരിക്കുന്നു. ഇതിനെല്ലാം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് അവൻ പറയുകയും ചെയ്തല്ലോ.

സമയം 10:05, വണ്ടി തിരുപ്പതി സ്റ്റേഷനിൽ എത്തിയിരിക്കുന്നു. ഈ സ്റ്റേഷനിൽ എത്തിയാൽ ആർക്കും സ്ഥലപ്പേര് ചോദിക്കേണ്ട ആവശ്യം വരില്ല. കാരണം തിരുപ്പതിയിൽ വന്ന് മൊട്ട അടിച്ചവരുടെ ഒരു നീണ്ട നിര തന്നെ ഇവിടെയുണ്ട്. കുട്ടികളും സ്ത്രീകളും യുവാക്കളും വയസ്സായവരും എല്ലാം ഇതിൽ പെടും. ആന്ധ്രക്കാർ അവരുടെ തനി സ്വഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു. വണ്ടിയിലെ തമിഴ് എല്ലാം ഇറങ്ങി പകരം എവിടെയും ഹിന്ദിക്കാർ മാത്രം. പോരാത്തതിന് തിരക്കും ബഹളവും. കാപ്പി കാപ്പി എന്നു പറയുന്ന കൂട്ടത്തിൽ പാഞ്ജ് റുപ്പിയ എന്നുകൂടി കേട്ടപ്പോൾ ഞാനൊരു കാപ്പി വാങ്ങി. കാരണം അതുവരെ കുടിച്ച് തൊക്കെ 7 , 8 രൂപ ഒക്കെ ആയിരുന്നു. വണ്ടിയിൽ സമൂസയും പരിപ്പുവടയും മാത്രമല്ല ഹാൻസും ഗുത്കയും മുതൽ എല്ലാ ലഹരി വസ്തുക്കളും കിട്ടുന്നുണ്ടായിരുന്നു.

തൊട്ടടുത്ത ജംഗ്ഷനിൽ വണ്ടി നിൽക്കുമ്പോൾ തൊട്ടടുത്ത് ഒരു പുതിയ ട്രെയിൻ ഉണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ഡബിൾ ഡക്കർ ട്രെയിൻ ആണെന്ന് മനസ്സിലായി. അതിൽ രണ്ടുതട്ടിൽ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നു. എൻജിനും ബോഡിയുമെല്ലാം പുത്തൻ പുതിയതാണെന്നു തോന്നുന്നു. ഇന്ത്യൻ റെയിൽവേ ലാഭത്തിനും വികസനപാതയിലും ആണെന്ന് ഈ ട്രെയിൻ കണ്ടാൽ മനസ്സിലാക്കാം. സമയം 12 മണിയോടടുത്ത ട്രെയിൻ ഇപ്പോൾ ഒരു സ്റ്റേഷനിൽ നിർത്താനുള്ള ഒരുക്കത്തിലാണ്. വണ്ടിയിൽ മുഴുവൻ കച്ചവടക്കാരുടെ ബഹളം. ബിരിയാണി വില്പനക്കാരനോട് വില ചോദിച്ചു 30 രൂപ കൊടുത്ത് ഒരു ലെമൺ റൈസ് വാങ്ങി കഴിച്ചു. അതിനിടയിൽ ഒന്നു മയങ്ങിയത് കൊണ്ടാവണം വണ്ടിയിലെ തിരക്കൊന്നും ഞാനറിഞ്ഞിരുന്നില്ല. ഭക്ഷണം കഴിച്ചശേഷം ബാത്റൂമിൽ പോകുന്ന വഴിക്കു മനസ്സിലായി ട്രെയിനിലെ തിരക്ക്. കമ്പാർട്ടുമെന്റ് നിറഞ്ഞ് കവിഞ്ഞ് നിലത്തു മറ്റുമായി ആളുകൾ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇരിക്കാൻ സീറ്റ് കിട്ടിയതിനു ഞാൻ പടച്ചവനെ സ്തുതിച്ചു.

ഞാൻ പുറത്തേക്കു നോക്കി. എല്ലാം പഴയതുപോലെ തന്നെ. നെല്ലു വിളയുന്ന പാടമെല്ലാം കൊയ്ത്തുകഴിഞ്ഞ ഉണങ്ങി വൈക്കോലും വറ്റും കൂട്ടിയിട്ടിരിക്കുന്നു. ആന്ധ്രാപ്രദേശിൽ നിന്നാണ് കേരളത്തിലേക്കുള്ള നല്ലൊരു ശതമാനം അരിയും വരുന്നത് എന്നു ഞാനോർത്തു. ട്രെയിൻ ഉത്തരേന്ത്യയിലൂടെ ഇന്ത്യയുടെ മുകൾ ഭാഗത്തേക്ക് കുതിച്ചു കൊണ്ടിരുന്നു. അതിനുള്ളിൽ പലപല ആവശ്യങ്ങളുമായി ആയിരക്കണക്കിന് മനുഷ്യർ അതിൽ ഒരാളായി ഞാനും ഇരുന്നു. 40 നു മുകളിൽ പ്രായമുള്ള ഒരു സ്ത്രീ കടലയും ആയി ഒരുപാട് തവണ അടുത്തു വന്നു. അവസാനം പത്തുരൂപ കൊടുത്ത് ഞാനും അല്പം കടല വാങ്ങി. സംഗതി എനിക്ക് ഇഷ്ടപ്പെട്ടില്ല പിന്നീട് കഴിക്കാമെന്നു കരുതി ബാഗിൽ വച്ചു. അടുത്തു കണ്ട ഒരു സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ അവിടെ ഇറങ്ങി ഒരു ബ്രൂ കോഫി വാങ്ങി കുടിച്ചു വീണ്ടും സീറ്റിലേക്ക് വന്നു. സഹയാത്രികൻ എല്ലാം അന്യഭാഷക്കാർ ആയതുകൊണ്ട് ഞാൻ എന്റെ ചിന്തയെ എന്റെ മാത്രം ലോകത്തേക്ക് വിട്ട് സീറ്റിലിരുന്നു. അപ്പോൾ സമയം 2: 30.

മണിക്കൂറുകൾ ഒന്നിച്ചുള്ള യാത്രയായതുകൊണ്ട് ഞാൻ ഭാഷ പ്രശ്നമാക്കാതെ സഹയാത്രികരോട് അറിയാവുന്ന ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് പറ്റിയ അമളി മനസ്സിലാകുന്നത് അവരിൽ അധികംപേരും സംസാരിക്കുന്നത് ഹിന്ദിയല്ല തെലുങ്കോ കന്നടയോ ഒക്കെയാണ്. ചിലർ തിരുപ്പതിയിൽ പോയി മൊട്ട അടിച്ചുള്ള മടക്കമാണ്. അവർ ഭൂരിഭാഗവും വിജയവാഡ എന്ന സ്ഥലത്ത് ഇറങ്ങും എന്ന് മനസ്സിലായി. ഒരു കാര്യം ഉറപ്പായി ഒന്നുകിൽ തിരക്ക് കുറയും അല്ലെങ്കിൽ കൂടും. രണ്ടായാലും വരും പോലെ വരും എന്ന് കരുതി ഞാൻ ഇരുന്നു.

ട്രെയിനിലെ എന്റെ ആദ്യ ദിവസത്തെ വൈകുന്നേരം നാലു മണിയായി. ഏതോ ഒരു പൗരാണിക നഗരിയുടെ തലയെടുപ്പോടെ മായാൻ പോകുന്ന വെയിലുമേറ്റ് ഒരു സുന്ദരമായ കാഴ്ച എന്നെ തേടിയെത്തി. ചെങ്കുത്തായ മലകൾ ആണ് വിദൂരതയിൽ കാണുന്നത്. അതിനു മുകളിലേക്ക് കയറിപ്പോകാൻ പ്രത്യേകം ചവിട്ടുപടിയുള്ളത് ദൂരെ നിന്ന് തന്നെ കാണാം. ഏറ്റവും കുത്തനെയുള്ള സ്ഥലത്ത് ചെറിയ ഒരു അമ്പലമോ കോകിലോ സ്ഥിതിചെയ്യുന്നു. അവിടേക്ക് താഴെ നിന്നും നേരെ കയറി പോകാൻ കഴിയില്ല. അതുകൊണ്ട് മലയുടെ പാർഷങ്ങളിലൂടെ വേണ്ടിവരും അവിടേക്കെത്താൻ. അതിനുള്ള വഴി വളരെ ചെറിയതായി ട്രെയിനിൽ ഇരുന്നു കൊണ്ട് തന്നെ കാണാമായിരുന്നു. മലയുടെ താഴ്‌വാരം വലിയ ഒരു കായലാണ്. അതിനുമുകളിൽ കിലോമീറ്ററോളം നീളത്തിൽ വലിയ അഞ്ചോ ആറോ ബ്രിഡ്ജുകൾ ഉണ്ട്. അതിലൊന്നിലാണ് ഇപ്പോൾ നമ്മുടെ വണ്ടി നിൽക്കുന്നത്. ചിലത് റോഡ് മാർഗ്ഗം യാത്ര ചെയ്യാനുള്ളതാണെങ്കിൽ മറ്റുചിലത് ട്രെയിനിനു വേണ്ടി മാത്രമുള്ളതാണ്. ഓരോ പാലവും അത്യാധുനിക സംവിധാനത്തിൽ നിർമിച്ചതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. വിജയവാഡയുടെ സൗന്ദര്യം കാണിച്ചു തന്ന നമ്മുടെ വണ്ടി പതിയെ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരുന്നു.

ട്രെയിൻ സ്റ്റേഷൻ അടുക്കുംതോറും റോഡിനോട് ചേർന്ന് ചെറിയ ചെറിയ കൂരകൾ കാണാം. കഷ്ടിച്ചു നിവർന്നു നിൽക്കുവാനുള്ള ഉയരം മാത്രമേ ആ കൂരകൾ കൊള്ളൂ. ഒരു വലിയ ഒട്ടകത്തെ മാത്രം ഉൾക്കൊള്ളാനുള്ള വലിപ്പവും കാണും. പക്ഷേ കൂരകൾ ഒട്ടകങ്ങൾക്കു ഉള്ളതല്ല ഇവിടെ താമസിക്കുന്ന മജ്ജയും മാംസവുമുള്ള ആദം നബിയുടെ സന്താന പരമ്പരയിൽ ഉള്ള ഒരു പറ്റം മനുഷ്യർക്ക് താമസിക്കുവാൻ ഉള്ളതാണ്. മുൻപ് ഞാൻ സൂചിപ്പിച്ച ഒരു ബ്രിഡ്ജ് നിർമ്മിക്കാൻ ഉപയോഗിച്ച പണമുണ്ടെങ്കിൽ ഇവർക്കെല്ലാം ചോർന്നൊലിക്കാത്ത നാണം മറയുന്ന രൂപത്തിൽ ഓരോ വീട് വെക്കാമായിരുന്നു. ഇന്ത്യാ മഹാരാജ്യത്തെ 20 കോടി ജനങ്ങൾ ഇന്നും തുറന്ന സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ എന്റെ നാട്ടിലെ രാഷ്ട്രീയ കാരനോട് ബഹുമാനം തോന്നി. കാരണം ഒരു ചെറുപ്പക്കാരൻ ട്രെയിനിലെ ആളുകൾ നോക്കി നിൽക്കെ തന്നെ അയാളുടെ പ്രാഥമിക കർമ്മങ്ങൾക്കായി സ്റ്റേഷന്റെ ഒരു അറ്റത്ത് തുണിയും പൊക്കിയിരിക്കുന്നു.

വിജയവാഡയിൽ നിന്ന് വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ തിരക്ക് വളരെ കുറവായിരുന്നു. അതുകൊണ്ട് ഞാൻ അല്പം കിടന്നു ഉണർന്നപ്പോൾ വണ്ടി കമ്മം എന്ന സ്റ്റേഷനിലാണ്. വലിയ തിരക്കൊന്നും അപ്പോഴും ആയിട്ടില്ല. സമൂസയും കടലയും മറ്റുമായി കച്ചവടക്കാർ മത്സരിച്ചു. കേരളത്തെ അപേക്ഷിച്ച് കൊടുക്കുന്ന കാശിനുള്ള മൂല്യം കാണുന്നുണ്ട്. കാരണം നാലു സമൂസയും ഒരു മുളകും 10 രൂപക്കു നമ്മുടെ കയ്യിൽ എത്തുന്നു. നാട്ടിൽ ഒരു സമൂസയുടെ വില ആറും എട്ടും ചില സ്ഥലങ്ങളിൽ പത്തും ഒക്കെയാണ്. കച്ചവടക്കാരെ പ്രശംസിക്കേണ്ട മറ്റൊരു കാര്യം ചില്ലറ ബാക്കി തരുന്ന വിഷയമാണ്. അത് ഒരു രൂപയാണെങ്കിലും 50 പൈസയാണ് എങ്കിലും ഇവർ നമുക്ക് ബാക്കി കൃത്യമായി തിരിച്ചു തരുന്നു. ഈ കാര്യത്തിലും കേരളത്തിലെ കച്ചവടക്കാർക്ക് ചില ദുസ്വഭാവങ്ങളുണ്ട്. ബാക്കിയുള്ള എട്ട് രൂപക്കും മിഠായി നിർബന്ധിച്ച് തരുന്നവർ. അതുപോലെ ഒന്നും രണ്ടും രൂപ തിരിച്ചു തരാൻ ഉണ്ടെങ്കിൽ പിന്നീട് തരാം എന്നു പോലും പറയാതെ ഉള്ള കച്ചവടക്കാരും കേരളത്തിൽ കുറവല്ല. അവരെ വെറുതെ കുറ്റപ്പെടുത്തി സമയം കളയണ്ട. ഞാൻ പത്തു രൂപക്ക് ചോളാ പൊരി വാങ്ങി കൊറിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടുകാരെ കുറിച്ചോർത്തു. അങ്ങനെ അവർ ഉറങ്ങുന്നതിനു മുൻപ് ഉമ്മയോടും ഭാര്യയോടും സംസാരിച്ചു.

പിന്നീട് വളരെ അത്ഭുതവും അതിലേറെ സന്തോഷവും ഉള്ള ഒരു കാര്യം സംഭവിച്ചു. ഒരു മലയാളിയെ അതും മലപ്പുറം ജില്ലയിൽ മൂത്തേടത്തുകാരനായ ഒരാളെ പരിചയപ്പെട്ടു. ആൾക്ക് അത്യാവശ്യം പ്രായം ആയിട്ടുണ്ട്. ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. പുള്ളിയുടെ പേര് സണ്ണി. പത്തിരുപത്തഞ്ച് വർഷം മുൻപ് നാടുവിട്ടതാണ്ത്രെ. പിന്നീട് തിരിച്ചു പോയിട്ടുമില്ല. കല്യാണവും കഴിച്ചിട്ടില്ല. ഇന്ത്യയിലെ മിക്ക സ്റ്റേഷനുകളെ കുറിച്ചു അവിടെക്കുള്ള വഴികളും ഒരു നല്ല പരിചയം സണ്ണി ചേട്ടൻ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി. കുഞ്ഞുണ്ണി മാഷിനെ പോലെയുള്ള താടിയും മീശയും ഒക്കെയുള്ള അദ്ദേഹത്തോട് ഞാൻ എന്റെ യാത്ര ഉദ്ദേശം പറഞ്ഞു. അദ്ദേഹത്തിന്റെ അറിയുന്ന പല കാര്യങ്ങളും എനിക്കു പറഞ്ഞുതന്നു. അതിൽ പ്രധാനപ്പെട്ടത് ഈ വണ്ടിയുടെ അവസാന സ്റ്റേഷൻ ജമ്മു തവിയാണ്. അവിടെ നിന്നും കാശ്മീരിലേക്ക് ബസ് മാർഗ്ഗം യാത്ര ചെയ്യണം. കാശ്മീരിലെ ശ്രീനഗർ ആണ് കാഴ്ചക്കാരെ ആകർഷിക്കുന്ന സ്ഥലം എന്നും അവിടെ മുഴുവൻ തണുപ്പും മഞ്ഞും മലകളും വലിയ വലിയ കുന്നുകളും ആണെന്നും അദ്ദേഹം വിവരിച്ചു.

ഇപ്പോൾ എന്റെ മനസ്സിൽ സന്തോഷവും അതോടൊപ്പം ചെറിയ ഭയവും തോന്നുന്നു. ഭയത്തിന് രണ്ടു മൂന്നു കാരണങ്ങളുണ്ട്. 1) ബസ് യാത്രയും അവിടെ റൂം ചാർജ്ജും മറ്റും നല്ല ഒരു സംഖ്യ വന്നാൽ അതെന്റെ സാമ്പത്തികത്തിൽ ഒതുങ്ങില്ല. 2) തണുപ്പ് അധികമായി വന്നാൽ അതിനെ ചെറുക്കുവാനുള്ള വലിയ സംവിധാനമൊന്നും എന്റെ കയ്യിലില്ല. സമയം രാത്രി 12 മണി ഈ വണ്ടിയിലുള്ള എന്റെ യാത്ര 24 മണിക്കൂർ പിന്നിട്ടിരിക്കുന്നു. ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ ആളുകൾ കേറുന്ന ശബ്ദം കേട്ടു. ഈ സമയം ഞാനും സണ്ണിച്ചായനും ഓരോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ഗുജറാത്തിൽനിന്നു ഉണക്കമീൻ രാജ്യത്തിന്റെ പലഭാഗത്തും കൊണ്ടുപോയി വിൽക്കുന്ന ബിസിനസ് തുടങ്ങുന്നതിന് പറ്റിയായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ഞാനപ്പോഴും എനിക്കറിയണ്ട പല കാര്യങ്ങളും അദ്ദേഹത്തിൽ നിന്നും ചോദിച്ചു മനസ്സിലാക്കി കൊണ്ടിരുന്നു. ആളുകളുടെ വണ്ടിയിലേക്ക് കയറിയപ്പോൾ ഞാനെന്റെ സംസാരം നടത്തി ഒരു ബർത്തിലേക്ക് പോയി. മുകളിലെ ബർത്തയതുകൊണ്ട് പലകയാണ്. എന്തായാലും ഉറങ്ങുക തന്നെ. ഞാൻ കണ്ണുകളടച്ചു കിടന്നു.

സമയം നേരം പുലർന്നു. 9 45 വണ്ടി ഭോപ്പാൽ സ്റ്റേഷനിലാണ്. നല്ല തിരക്കുണ്ട്. കച്ചവടക്കാരുടെ ബഹളം. ഞാൻ രണ്ടു സമൂസ വാങ്ങി. ഒരു ചായ വാങ്ങാൻ വേണ്ടി പുറത്തിറങ്ങി. പക്ഷേ അവിടെ അടുത്തൊന്നും ചായ കിട്ടിയില്ല. സത്യത്തിൽ ഇന്ന് ഞാൻ ഇതിനുമുമ്പ് എണീറ്റതാണ്. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് പ്രാഥമിക കർമങ്ങൾ ഒക്കെ കഴിഞ് ഏതെങ്കിലും സ്റ്റേഷനിൽ എത്തിയാൽ ചായ കുടിക്കാമെന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷേ 6 30 വരെ കാത്തിരുന്നിട്ടും ഒരു സ്റ്റേഷനിലും വണ്ടി നിർത്തിയില്ല. അവസാനം ഞാൻ വീണ്ടും ഉറങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇപ്പോഴുള്ള രണ്ടാമത്തെ ഉണരൽ. സമയം 12 മണി, ഉച്ചഭക്ഷണം കഴിക്കാനായി. പക്ഷേ എന്റെ ഇന്നത്തെ ചായ ഇതുവരെ കുടിക്കാൻ കഴിഞ്ഞിട്ടില്ല. ചായ കിട്ടിയില്ലെങ്കിലും നന്നായിട്ട് ഉറങ്ങാൻ കഴിഞ്ഞു. വണ്ടി അതിന്റെ പരമാവധി വേഗതയിൽ ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് കുതിച്ചുകൊണ്ടിരുന്നു.

ഞാൻ പുറത്തേക്കു നോക്കി. വെയിലേറ്റ് ചുവന്ന നെൽപ്പാടങ്ങൾ. അതിലൂടെ മേഞ്ഞുനടക്കുന്ന പശു, എരുമ തുടങ്ങിയവ. എവിടെയെങ്കിലുമുള്ള ചെറിയ വെള്ളക്കെട്ടുകളിൽ പോത്തും എരുമകളും നീരാടുന്നു. കുറെ സ്ത്രീകൾ ചാണകത്തിന്റെ കട്ടകൾ ഉണക്കി അടുക്കി വയ്ക്കുന്നുണ്ട്. ശ്രദ്ധിച്ചപ്പോൾ പല സ്ഥലങ്ങളിലും ചാണക കട്ടകൾ ഉണക്കാനിട്ടതും ഉണങ്ങിയത് വലിയ കൂട്ടമായി ഇട്ടതും കാണാൻ പറ്റി. സമയം നാല് മണി കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണം ഇതുവരെ കഴിക്കാൻ പറ്റിയില്ല. അതിനു പറ്റിയില്ല. സ്റ്റേഷനിൽ ഒന്നും വണ്ടി നിർത്തിയില്ല. അല്ലെങ്കിൽ നിർത്തിയ സ്റ്റേഷനിൽ എല്ലാം ഞാൻ ഉറക്കത്തിലായിരുന്നു. മൂന്നുമണിയായപ്പോൾ ഒരു ചായ കുടിച്ചിരുന്നു. ട്രെയിൻ മഹാരാഷ്ട്ര സ്റ്റേറ്റ് കടന്നു പോയോ എന്ന് സംശയമാണ്. ചുറ്റുപാടും മുഴുവനും കണ്ണെത്താദൂരത്തോളം നെൽപ്പാടങ്ങൾ. എല്ലാം കൊയ്ത്തു കഴിഞ്ഞ് കിടക്കുകയാണ്. ചെറിയ ചെറിയ വൈക്കോൽ കൂരകളും ഇഷ്ടികകൊണ്ടുള്ള ഒറ്റമുറി വീടുകളും കാണാം. മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് ഉറങ്ങാൻ ഉള്ളതായിരിക്കും.

വണ്ടിയിൽ ഇപ്പോൾ ഒരുവിധം തിരക്കുണ്ട്. ഭക്ഷണം കിട്ടിയാൽ കഴിക്കാം എന്ന പ്രതീക്ഷയോടെ ഞാനെന്റെ മുകളിലെ പലക കൊണ്ടുള്ള ബർത്തിൽ കിടക്കുകയും ഇരിക്കുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു. മഹാരാഷ്ട്രയും കഴിഞ്ഞു വണ്ടി മധ്യപ്രദേശിലൂടെയാണ് വണ്ടി ഓടിക്കൊണ്ടിരിക്കുന്നത് എന്ന സണ്ണിയേട്ടനുമായുള്ള സംസാരത്തിൽ മനസ്സിലായി. സമയം ആറു മണിയോടെ അടുത്തപ്പോൾ വണ്ടി ഒരു സ്റ്റേഷനിൽ നിർത്തിയിട്ടു. അവിടെനിന്ന് പൂരിയും കറിയും കോളയും ഒക്കെ വാങ്ങി തൽക്കാലം വിശപ്പടക്കി. വണ്ടി വീണ്ടും മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു. മഹാരാഷ്ട്ര പോലെ തന്നെ മധ്യപ്രദേശിലും എവിടെയും നോക്കിയാൽ കടൽപോലെ പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ. ഇടയ്ക്ക് ചെറിയ ഫാക്ടറികൾ കാണാം. ചെറിയ ചെറിയ വീടുകളും അവയ്ക്ക് സമീപം തൊഴിലാളികൾ ഉപയോഗിക്കുന്ന ട്രാക്ടറും മറ്റു കൃഷി ഉപകരണങ്ങളും വീടുകൾ മിക്കതും ഇഷ്ടിക കൊണ്ടാണ്. ഇഷ്ടിക കുഴിച്ചെടുക്കാൻ ഉപയോഗിച്ച് മൺ കുഴികളും ഇഷ്ടിക കളങ്ങളും കാണാം. ഇവിടത്തുകാർ യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകൾ മുഴുവനും പഴയതും എന്നാൽ എല്ലാം ചില്ലു കൊണ്ട് കവർ ചെയ്തതുമാണ്. പുതിയ വണ്ടികൾ വളരെ അപൂർവമാണ്. ട്രാക്ടറിൽ വൈക്കോലും മറ്റു സാധനങ്ങളും കൂട്ടത്തിൽ തൊഴിലാളികളെയും കുത്തിനിറച്ച് കൊണ്ടുപോകുന്നു.

സംസ്ഥാനങ്ങൾ ഇനിയും പലതും കടക്കേണ്ടി വരും നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താൻ. എന്റെ കൈയിലാണെങ്കിൽ സമയം കളയാൻ വേണ്ടി ഒന്നുമില്ല. മൊബൈലിൽ ചാർജ്ജ് കുറവായതുകൊണ്ട് അത് സ്വിച്ചോഫ് ചെയ്തുവച്ചു ഇരിക്കുകയാണ്. വീട്ടിലുള്ള കുട്ടികളുടെ പുസ്തക ശേഖരത്തിൽ നിന്ന് കുറച്ചു നോവലുകൾ എടുത്ത് ബാഗിൽ വെക്കാൻ ഞാൻ മറക്കുകയും ചെയ്തു. സമയം 7. 30, വണ്ടി ഇപ്പോൾ ആഗ്രയിൽ എത്തിയിരിക്കുന്നു. ആഗ്ര ഉത്തർപ്രദേശിൽ പെട്ട സ്ഥലമായതുകൊണ്ട് മധ്യപ്രദേശ് കഴിഞ്ഞെന്നു മനസ്സിലായി. അവിടെനിന്നും വണ്ടി നീങ്ങി തുടങ്ങുമ്പോൾ തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു. എന്റെ ബർത്തിൽ എന്നെക്കൂടാതെ മറ്റു രണ്ടുപേർ കൂടി ഇരിക്കുന്നു. ഞാൻ ഒരു മൂലയിൽ ബാഗും ചാരിയിരുന്നു. യാത്രയിൽ സഹയാത്രികരെ പരിചയപ്പെട്ടു. ആഗ്രയിൽ പോയി താജ് മഹൽ കണ്ട് മടങ്ങി വരുന്ന ആളാണ്. ആഗ്ര റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും പത്ത് കിലോമീറ്റർ ചുറ്റളവിലാണ് താജ് മഹൽ സ്ഥിതി ചെയ്യുന്നത് എന്നതു് എനിക്കൊരു പുതിയ അറിവായിരുന്നു. മടക്കയാത്രയിൽ സൗകര്യപ്പെട്ടാൽ താജ് മഹൽ കാണാമെന്ന പ്രതീക്ഷയിൽ ഞാൻ ഇരുന്നു.

ചെറിയ മയക്കത്തിലായിരുന്ന ഞാനുണർന്നപ്പോൾ ഏതോ ഒരു വലിയ സ്റ്റേഷനിൽ എത്തിയിരിക്കുന്നു. അപ്പോൾ സമയം രാത്രി 11 മണി കഴിഞ്ഞു. ഞാൻ പുറത്തിറങ്ങി നോക്കി നിസാമുദ്ദീൻ സ്റ്റേഷൻ ആണ്. ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ യോടുള്ള ബഹുമാനാർത്ഥം സ്റ്റേഷന് ഈ പേരു വന്നതായിരിക്കാം. സ്റ്റേഷന്റെ പേര് എഴുതിയ ബോർഡ് ഹസ്രത്ത് നിസാമുദ്ദീൻ എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നും കഷ്ടിച്ച് പതിനഞ്ച് മിനുട്ട് മാത്രമാണ് ഡൽഹിയിലേക്കുള്ള യാത്ര. ന്യൂഡൽഹി എന്ന പേര് എഴുതിയ ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ വലിയ റെയിൽവേ സ്റ്റേഷനിൽ വണ്ടി. ഒരു മണിക്കൂറോളം താമസം ഉണ്ടായിരുന്നു. അത്യാവശ്യം നല്ല തണുപ്പുള്ള കാറ്റ് ഉണ്ടായിരുന്നു. ചില മാസങ്ങളിൽ ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തണുത്തു വിറക്കാറുള്ളത് പത്രങ്ങളിൽ വായിച്ച എനിക്ക് അറിയാമായിരുന്നു. വണ്ടി നീങ്ങി തുടങ്ങുമ്പോൾ ഞാൻ എന്റെ സീറ്റിലേക്ക് വന്നു . വണ്ടിയിൽ നല്ല തിരക്കായിരിക്കുന്നു.

സമയം 12 30 ഈ വണ്ടിയിലെ എന്റെ യാത്ര 48 മണിക്കൂർ പിന്നിട്ടിരിക്കുന്നു. ഞാൻ എന്റെ ബാഗും ചാരി കണ്ണുകളടച്ചു കിടന്നു. സമയം പുലർച്ചെ 2.30, ഞാൻ സണ്ണിയേട്ടന്റെ സീറ്റിലേക്ക് നോക്കി. അവിടെ ഒരു സിക്കുകാരൻ വലിയ തലയിൽ കെട്ടുമായി ഇരിക്കുന്നു. സണ്ണിയേട്ടൻ ഡൽഹി കഴിഞ്ഞുള്ള ഏതോ സ്റ്റേഷനിൽ ഇറങ്ങിയിരിക്കുന്നു. ഇറങ്ങുമ്പോൾ എന്നോട് പറയും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. തിരക്കു കാരണം അതിന് പറ്റിയിട്ടുണ്ടാവില്ല. ഞാൻ ഇരുന്നും നടന്നും ഒക്കെയായി സമയം തള്ളി നീക്കി. പുലർച്ചെ നാലിന് തിരക്കിന് ചെറിയ ഒരു ശമനം കിട്ടിയപ്പോൾ ഞാൻ എന്റെ ബെർത്തിൽ പോയി ഉറങ്ങാൻ വേണ്ടി കിടന്നു.

കച്ചവടക്കാരുടെ ബഹളം കേട്ട് ഞാൻ മറന്നപ്പോൾ സമയം 7.30 ആയിട്ടുള്ളൂ. ഞാൻ പുറത്തേക്കിറങ്ങി നോക്കി. വണ്ടി ലുധിയാന സ്റ്റേഷനിൽ എത്തിയിരിക്കുന്നു. ഡൽഹി കഴിഞ്ഞ് പഞ്ചാബ് സംസ്ഥാനത്തിലൂടെയാണ് ഇപ്പോൾ യാത്ര. ഇവിടുന്നങ്ങോട്ട് തണുപ്പ് കുറേശ്ശെ കൂടി വരാൻ സാധ്യതയുണ്ട്. ഒരു ചായ കുടിച്ചു ഞാൻ പ്രാഥമിക കർമ്മങ്ങൾക്കായി ബാത്ത് റൂമിലേക്ക് പോയി. ഒരു കുളിയും കഴിഞ്ഞ് തിരിച്ചുവന്നു വീട്ടിലേക്ക് വിളിക്കുമ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു. അത്യാവശ്യം തിരക്ക് ഇപ്പോഴും വണ്ടിയിൽ ഉണ്ട്. സമയം 1.30, ഞാൻ ഉണർന്നു നോക്കിയപ്പോൾ വണ്ടിയിൽ തിരക്ക് വളരെ കുറവാണ്. രാത്രി ഉറങ്ങാൻ കഴിയാത്ത കാരണം ഞാൻ നേരം പുലർന്ന് ശേഷം നന്നായി ഉറങ്ങിയിരിക്കുന്നു. ഞാൻ പുറത്തേക്കു നോക്കി. പാടങ്ങളും മറ്റും കണ്ടിരുന്ന രണ്ടുവശങ്ങളും കെട്ടിടങ്ങൾ സജീവമാണ്. ഇടക്ക് റെയിൽവേ കോളനി ഓർമിപ്പിക്കുന്ന ചെറിയ ചെറിയ കൂരകളും കാണാം.

ഏതോ വലിയ സ്റ്റേഷൻ എത്താറായെന്ന് എനിക്കു തോന്നി. ജമ്മുവിലേക്ക് ഇനിയെത്ര യാത്രയുണ്ടാവും എന്ന് ഞാൻ ഒരു ചെറുപ്പക്കാരനോട് അന്വേഷിച്ചു. ഇപ്പോൾ എത്താറായി എന്ന് മറുപടി. അല്പം കഴിഞ്ഞ് ദൂരെനിന്നു തന്നെ കാണാമായിരുന്നു വലിയ നെയിംബോർഡ് ജമ്മു തവി എന്ന് എഴുതി വച്ചത്. വണ്ടിയിലുള്ള എന്റെ യാത്ര 60 മണിക്കൂറുകൾ കടന്നു. ഞാൻ പുറത്തിറങ്ങി. ജമ്മു കാശ്മീരിനെ ഓർമിപ്പിക്കുമാർ പല സ്ഥലങ്ങളിലും പട്ടാളക്കാർ തോക്കുമായി റോന്തുചുറ്റുന്ന ഞാൻ പുറത്തേക്കുള്ള വഴി അന്വേഷിച്ചു നടന്നു. ഇതുവരെ കടന്നുവന്നതിൽ വെച്ച് ഏറ്റവും വലിയ സ്റ്റേഷൻ ഇതാണ് എന്ന് എനിക്ക് തോന്നി. പുറത്തുകടക്കുമ്പോൾ വലിയ ലഗേജുകൾ എല്ലാം സ്കാൻ ചെയ്യുന്നുണ്ടായിരുന്നു. താടി വച്ച ഒരു പോലീസ് വേഷധാരിയെ ഞാൻ കണ്ടു. നമ്മുടെ നാട്ടിൽ പോലീസുകാർക്ക് താടി പാടില്ലല്ലോ.

സണ്ണിയേട്ടനിൽ നിന്നുള്ള അറിവ് ഉപയോഗപ്പെടുത്തി ഞാൻ ബസ് സ്റ്റാൻഡിലേക്ക് ഉള്ള വണ്ടികൾ വരുന്ന സ്ഥലം അന്വേഷിച്ചു. ചെറിയ ചെറിയ ബസുകളും പഴയ വാനുകളും പല സ്ഥലങ്ങളിലേക്കും ആളുകളെ വിളിക്കുന്നു. ഞാൻ ഒരു ബസ് കാരനോട് ബസ് സ്റ്റാൻഡിലേക്കു ള്ള ചാർജ്ജ് അന്വേഷിച്ചു. 10 രൂപ എന്ന മറുപടിയിൽ തൃപ്തനായി. ഞാൻ ആ ബസ്സിൽ കയറി. ബസ് യാത്രയിൽ പല കാഴ്ചകളും കാണാമായിരുന്നു. അത്ഭുതപ്പെടുത്തിയത് ഒരു ദന്തഡോക്ടറാണ്. വഴിയരികിൽ ഇരുന്നു കൊണ്ടു തന്നെ ഒരാളുടെ പല്ല് പറിക്കുന്നു. പിന്നെ ബാർബർമാർ മുടി വെട്ടുന്നു തുടങ്ങി നമ്മുടെ നാടുകളിൽ ഷോപ്പുകളിൽ മാത്രം ചെയ്യുന്ന പല പണികളും നാട്ടിലെ ചെരുപ്പുകുത്തികളെപ്പോലെ വഴിയിൽ ഇരുന്നു ചെയ്യുന്നുണ്ടായിരുന്നു. 15 മിനിറ്റ് യാത്ര കൊണ്ട് ബസ് സ്റ്റാൻഡിൽ എത്തി. അവിടെ കവാടത്തിൽ തന്നെ പല സ്ഥലങ്ങളിലേക്കും ടാക്സിക്കാർ ആളുകളെ ക്ഷണിക്കുന്നു. ശ്രീനഗറിലേക്ക് ഞാൻ ചാർജ് ചോദിച്ചു. 500 രൂപയാണത്രെ. ഞാൻ ബസ്റ്റാന്റിന്റെ ഉള്ളിൽ പോയി പല സ്ഥലങ്ങളിലും അന്വേഷിച്ചു. എവിടെയും വിശ്വസിക്കാൻ പറ്റാത്ത പ്രവർത്തിയുള്ള മനുഷ്യർ. ഞാൻ അവിടെയൊക്കെ കറങ്ങി വീണ്ടും കവാടത്തിലേക്ക് തിരിച്ചുവന്നു. കാറുകളിലും മറ്റും യാത്ര ചെയ്താൽ എട്ടു മണിക്കൂറും ബസിൽ ആണെങ്കിൽ 12 മണിക്കൂർ സമയം വേണം ശ്രീനഗറിൽ എത്താൻ എന്നെനിക്കു മനസ്സിലായി.

വഴിയരികിലെ ഒരു ഓട്ടോക്കാരനും ആയി ഞാൻ പരിചയപ്പെട്ടു. ടാക്സിക്കാരെ പലരെയും വിശ്വസിക്കാൻ പറ്റില്ലെന്ന് ഇരിക്കാനും ഉറങ്ങാനും ഒക്കെ സൗകര്യമുള്ള ബസ് യാത്രയാണ് നല്ലതെന്നും ആ നല്ല മനുഷ്യൻ എനിക്ക് പറഞ്ഞുതന്നു. അങ്ങിനെ അയാളോട് യാത്ര പറഞ്ഞ് ഞാൻ ഒരു ട്രാവൽസിലേയ്ക്ക് പോയി. രാത്രി 8.30നുള്ള ഒരു ബസ് ബുക്ക് ചെയ്തു. ടിക്കറ്റ് ചാർജ് 450 രൂപ. അവിടുത്തെ റിസപ്ഷനിൽ ഉള്ള ആളുമായി പരിചയപ്പെട്ടു കാശ്മീരിനെക്കുറിച്ച് ടൂർ പ്രോഗ്രാമുകളെ കുറിച്ചും കൂടുതൽ മനസ്സിലാക്കി. കയ്യിലുണ്ടായിരുന്ന 2 മൊബൈലുകളും അവിടെ ചാർജ് ചെയ്യാൻ കഴിഞ്ഞത് വലിയ ഉപകാരം ആയി. ഒന്നോ രണ്ടോ ദിവസങ്ങൾക്ക് വേണ്ടി കാശ്മീരിലേക്ക് വന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് ഞാനിപ്പോൾ മനസിലാക്കുന്നു. ചുരുങ്ങിയത് ഒരാഴ്ചയോ അതിലധികമോ ദിവസങ്ങളും അത്യാവശ്യത്തിനുള്ള കാശും കയ്യിൽ ഉണ്ടെങ്കിൽ ഇവിടെ കാശ്മീരിലെ ലഡാക്കിലോ ഹിമാചൽ പ്രദേശിലോ കുളു മണാലിയോ ഏതെങ്കിലും ഒരു ഭാഗത്ത് കറങ്ങാൻ പോകാം.

അടുത്ത ഭാഗത്ത് പോവണമെങ്കിൽ വീണ്ടും വേണം കാശും സമയവും. ഏതായാലും ശ്രീനഗറിൽ പോയി ഒന്നു കറങ്ങി വൈകാതെ ജമ്മുവിലേക്ക് മടങ്ങാൻ ഞാൻ തീരുമാനിച്ചു. രാത്രി 8 ന് ബസ് പുറപ്പെടുന്ന സമയം പ്രതീക്ഷിച്ച് ഞാൻ ഇരുന്നു. സമയം കളയുന്നതിനു വേണ്ടി ഞാൻ ബസ്റ്റാന്റ് മാർക്കറ്റിലൂടെ ഒന്നു കറങ്ങാൻ തീരുമാനിച്ചു. കാശ്മീരിലെ രുചിയുള്ള ഭക്ഷണവും കഴിക്കാം എന്നു തീരുമാനിച്ചു. അങ്ങിനെ ഞാൻ ഒരു പാത്രം പച്ചരി ചോറ് കഴിച്ച മാർക്കറ്റിലൂടെ നടന്നു. എവിടേയും ഗുണ്ടായിസം തന്നെ. വില ചോദിച്ചാൽ പിന്നെ ആ സാധനം വാങ്ങിയിരിക്കണം. ഇല്ലെങ്കിൽ തെറി വിളിയാണ്. നല്ല കച്ചവടക്കാരും ഇടയ്ക്ക് ഇല്ലാതിരുന്നില്ല. ഞാൻ തിരിച്ചു ട്രാവെൽസിലേക്ക് വരുമ്പോൾ എന്നെയും കാത്ത് അവിടെ ഒരാൾ ഉണ്ടായിരുന്നു. ട്രാവൽസ് വെറും ഏജന്റുമാർ ആയിരുന്നു. എന്റെ കയ്യിൽ നിന്ന് വാങ്ങിയ 450 രൂപയിൽ 100 രൂപയും ട്രാവൽസ്കാരുടെ കമ്മീഷനാണ്. ബാക്കി 350 രൂപയുമായി എന്നെയും കൂട്ടി അയാൾ കുറെ അപ്പുറത്തുള്ള ഒരു ബസ്സിനടുത്തേക്ക് നടന്നു. എന്നെ വിട്ടിട്ട് അയാളുടെ കമ്മീഷനും എടുത്ത് ബാക്കി ബസ്സുകാരനു കൊടുത്ത് അയാൾ മടങ്ങി. (തുടരും…).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply