എന്തിനും ഏതിനും ബംഗാളികൾ വേണമെന്നിരിക്കെ കെഎസ്ആർടിസിക്ക് മാത്രമെങ്ങനെ മാറിനിൽക്കാനാകും. ഏറ്റവും പുതിയ സ്കാനിയ ബസുകൾ ഇനി അന്യസംസ്ഥാനക്കാരായ ഡ്രൈവർമാരെ കൊണ്ട് ഓടിപ്പിക്കാനാണ് തീരുമാനം. സ്കാനിയ കമ്പനിയിൽ നിന്നും കെഎസ്ആർടിസി വാടകയ്ക്കെടുക്കുന്ന ബസുകളാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ ഓടിക്കുക.
കോടികളുടെ നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ഇനി പുതിയ ബസുകൾ വാങ്ങേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്വകാര്യ കമ്പനികളിൽ നിന്ന് ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാനാണ് കെഎസ്ആർടിസി തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 10 ബസുകളാണ് സ്കാനിയ കമ്പനി കെഎസ്ആർടിസിക്ക് വാടകയ്ക്ക് നൽകുന്നത്. ഈ ബസുകളിലെ ഡ്രൈവർമാരെ സ്കാനിയ നേരിട്ടാണ് നിയമിക്കുന്നത്.

മലയാളി ഡ്രൈവർമാര ജോലിക്കെടുത്താൽ ചിലവ് വർദ്ധിക്കുമെന്ന കാരണത്തലാണ് അന്യസംസ്ഥാന ഡ്രൈവർമാരെ സ്കാനിയ നിയമിച്ചിരിക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പരസ്യം നൽകി തിരഞ്ഞെടുത്ത പത്ത് ഡ്രൈവർമാർ ഉടൻ സ്കാനിയ ബസുകളുമായി കേരളത്തിലെത്തും. ആദ്യഘട്ടത്തിൽ ബംഗാളിൽ നിന്ന് നാലുപേരും, ആന്ധ്രയിൽ നിന്ന് രണ്ടു പേരും, മഹാരാഷ്ട്രയിൽ നിന്ന് നാലുപേരുമാണ് സ്കാനിയ ബസുകളോടിക്കാൻ എത്തുന്നത്.

ബാക്കിയുള്ള 90 ബസുകളിലേക്കുള്ള ഡ്രൈവർമാരെയും സ്കാനിയ ഇതിനോടകം നിയമിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ബസുകളിലെ കണ്ടക്ടർമാരെ കെഎസ്ആർടിസിയാണ് നിയമിക്കുന്നത്. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് വാടകയ്ക്കെടുത്ത ബസുകൾ സർവ്വീസ് നടത്തുന്നത്. കിലോമീറ്ററിന് 27 രൂപ നിരക്കിലാണ് കെഎസ്ആർടിസി സ്കാനിയ ബസുകൾ വാടകയ്ക്കെടുത്തിരിക്കുന്നത്.
Source – https://malayalam.oneindia.com/news/kerala/other-state-drivers-will-join-with-ksrtc-scania-rental-bus-183051.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog