അർജന്റീനയിൽ ജനിച്ച വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെ ഗെവാറ എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗെവാറ ഡി ലാ സെർന. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.
1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഏണസ്റ്റോ ഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. പ്രസരിപ്പുള്ള കുട്ടിയായിരുന്ന ഗുവേരയെ കളിയാക്കി പിതാവ് ഇങ്ങനെ പറയുമായിരുന്നു. “അവന്റെ ശരീരത്തിൽ ഐറിഷ് വിപ്ലവകാരികളുടെ രക്തമാണ്”. ചെറുപ്പകാലത്തിലേ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള ഒരു താൽപര്യം കുട്ടിയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടിയാണ് ആ കുടുംബത്തിൽ ചെ വളർന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ, ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ഗുവേരയ്ക്കുണ്ടായിരുന്നു.
തന്റെ പിതാവിൽ നിന്നും ചെസ്സ് കളി പഠിച്ച ചെ, പന്ത്രണ്ടാം വയസ്സു മുതൽ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ തുടങ്ങി. എന്നാൽ മുതിർന്നുവരുന്തോറും അദ്ദേഹത്തിന്റെ താല്പര്യം സാഹിത്യത്തിലേക്കു മാറി. പാബ്ലോ നെരൂദ , ജോൺ കീറ്റ്സ് , ഫെഡറികോ ഗാർസിയ , ഗബ്രിയേലാ മിസ്ത്രൽ , വാൾട്ട് വിറ്റ്മാൻ തുടങ്ങിയവരുടെ കവിതകളിൽ അദ്ദേഹം ആകൃഷ്ടനായി.. റുഡ് യാർഡ് കിപ്ലിംഗിന്റേയും , ഹൊസെ ഹെർണാണ്ടസിന്റേയും കൃതികൾ അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. വീട്ടിൽ ഏതാണ്ട് 3,000 ത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഇത് ചെ യെ ഒരു ഉത്സാഹിയായ ഒരു വായനക്കാരനാക്കി. ഈ പുസ്തകങ്ങളിലൂടെ അദ്ദേഹം കാറൽ മാർക്സിനേയും , ജൂൾസ് വെർനെയെയുമെല്ലാം മനസ്സിലാക്കിത്തുടങ്ങി. കൂടാതെ , ജവഹർലാൽ നെഹ്രു, ആൽബർട്ട് കാമു , റോബർട്ട് ഫ്രോസ്റ്റ് , എച്.ജി.വെൽസ് തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും അദ്ദേഹം ആസ്വദിച്ചു.
കുറേക്കൂടി മുതിർന്നപ്പോൾ ലത്തീൻ അമേരിക്കൻ സാഹിത്യത്തിലായി അദ്ദേഹത്തിന്റെ താല്പര്യം. അതിന്റെ ഫലമായി, ഹൊറാസിയോ ക്വിറോഗ , സിറോ അലെഗ്രിയാ , ജോർജെ ഇക്കാസ, റൂബൻ ഡാരിയോ, മിഗൽ അസ്തൂരിയസ് തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം ഇഷ്ടപ്പെടാൻ തുടങ്ങി . ഈ എഴുത്തുകാരുടെ പല ആശയങ്ങളും അദ്ദേഹം തന്റെ നോട്ട്ബുക്കിൽ കുറിച്ചു വെക്കുമായിരുന്നു. ബുദ്ധന്റേയും അരിസ്റ്റോട്ടിലിന്റേയും ആശയങ്ങളും അദ്ദേഹത്തിന്റെ കുറിപ്പുകളിൽ പെടുന്നു. ബെർട്രാണ്ട് റസ്സലിന്റെ സ്നേഹത്തേയും, ദേശപ്രേമത്തേയും സംബന്ധിച്ചുള്ള ആശയങ്ങളും ചെ യെ ഇക്കാലത്ത് ആകർഷിച്ചിരുന്നു. കൂടാതെ സ്വപ്നവ്യാഖ്യാനത്തേയും , ഈഡിപ്പസ് കോംപ്ലക്സിനേയും സംബന്ധിച്ചുള്ള സിഗ്മണ്ട് ഫ്രോയിഡിന്റെ മനശാസ്ത്ര പരികല്പനകളും അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിലും രചനകളിലും കടന്നുവരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രം , കണക്ക് , രാഷ്ട്രീയം , സമൂഹശാസ്ത്രം , ചരിത്രം എന്നിവയായിരുന്നു സ്കൂൾ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ പഠനവിഷയങ്ങൾ. ചെ എന്ന ചെല്ലപ്പേര് പിന്നീട് ക്യൂബൻ സഖാക്കൾ ഏണസ്റ്റോവിന് നല്കിയതാണ്. സ്പാനിഷ് ഭാഷയിൽ ചെ എന്ന പദത്തിന് ചങ്ങാതി, സഖാവ്, സഹോദരൻ എന്നൊക്കെ സന്ദർഭാനുസരം വിവക്ഷകളുണ്ട്.
1948 ൽ ചെ , ബ്യുനോസ് ഐറിസ് സർവ്വകലാശാലയിൽ വൈദ്യം പഠിക്കാനായി ചേർന്നു. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ രണ്ട് ലോകയാത്രകൾ അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ മാറ്റിമറിച്ചു. ലാറ്റിനമേരിക്കയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയേയും ജനങ്ങളുടെ ജീവിതത്തെയും അടുത്തറിയാൻ ഈ യാത്രകൾ സഹായിച്ചു. ചെറിയ മോട്ടോർ ഘടിപ്പിച്ച ഒരു സൈക്കിളിലായിരുന്നു ആദ്യയാത്ര. അർജന്റീനയുടെ വടക്കൻ പ്രവിശ്യകളിൽ ഏതാണ്ട് 4,500 കിലോമീറ്റർ താണ്ടിയ ഈ യാത്ര 1950 ലായിരുന്നു. 1951-ൽ നടത്തിയ രണ്ടാമത്തെ യാത്ര പെട്ടെന്നായിരുന്നു. ഇത്തവണ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയും കൂടെയുണ്ടായിരുന്നു. ഈ സഞ്ചാരത്തിനു വേണ്ടി സഞ്ചാരികൾ അവരുടെ പഠനക്ലാസ്സിൽ നിന്നും ഒരു വർഷത്തെ അവധി എടുത്തു. പെറുവിലെ ഒരു കുഷ്ഠരോഗികളുടെ കോളനിയിൽ സന്നദ്ധപ്രവർത്തനം നടത്തുക എന്ന ഉദ്ദേശവും ഈ യാത്രയ്ക്കുണ്ടായിരുന്നു. ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും.
ചെ ഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ചിലിയിലൂടെയുള്ള യാത്രയിൽ ഖനിതൊഴിലാളികളുടെ കഷ്ടപ്പാടുകൾ കണ്ട ചെ കുപിതനായി. അത്രക്ക് ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. മാച്ചുപിച്ചുവിലെ വിദൂര ഗ്രാമങ്ങളിലെ കഷ്ടതകൾ അദ്ദേഹത്തെ വിഷമിപ്പിച്ചു. ഭൂപ്രഭുക്കളുടെ പീഡനത്തിനിരയാകുന്ന കർഷകരെ അദ്ദേഹം കണ്ടു. ഈ യാത്രയിൽ കണ്ട സംഭവങ്ങളെക്കുറിച്ച് അദ്ദേഹം കുറിപ്പുകൾ സൂക്ഷിച്ചിരുന്നു. “മോട്ടോർസൈക്കിൾ ഡയറീസ്” എന്ന പേരിൽ പുസ്തകമായി ഇവ പിന്നീട് പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെ ആശ്രയിച്ച് ഇതേ പേരിൽ പിന്നീട് സിനിമയായി പുറത്തിറങ്ങിയ സിനിമ, ഒട്ടേറെ അവാർഡുകൾ നേടി.
ബ്യൂനോസ് ഐറിസിലുള്ള വീട്ടിൽ തിരിച്ചെത്തുന്നതിനു മുമ്പായി , ചെ പെറു, ചിലി, ഇക്വഡോർ, വെനിസ്വേല, പനാമ, ഐക്യനാടുകളിലെ മിയാമി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയുടെ അന്ത്യത്തിൽ, ചിതറിത്തെറിച്ചു കിടക്കുന്ന ചില രാഷ്ട്രങ്ങളെന്നതിലുപരി ലാറ്റിനമേരിക്കൻ പ്രദേശം എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനു ഉരുത്തിരിഞ്ഞു വന്നു. അതിർത്തികളെ അതിലംഘിച്ചു നിൽക്കുന്ന ഒരു ഏകീകൃത ലാറ്റിനമേരിക്കൻ സംസ്കാരം എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ മനസ്സിൽ രൂപപ്പെട്ടു. തിരിച്ചു വന്ന് പുനരാരംഭിച്ച പഠനം 1953-ൽപൂർത്തിയാക്കിയതോടെ ചെഗുവേര, “ഡോക്ടർ:ഏണസ്റ്റോ ചെ ഗുവേര” ആയി മാറി.ലാറ്റിനമേരിക്കൻ യാത്രകളിൽ നിന്ന് ദാരിദ്ര്യത്തേയും , പട്ടിണിയേയും, രോഗപീഢകളേയും കുറിച്ചു ലഭിച്ച അറിവാകാം, ഇത്തരം ദുരനുഭവങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കണം എന്ന തോന്നൽ അദ്ദേഹത്തിൽ ഉളവാക്കിയത്. മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.
1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻമ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
ഫെലിക്സ് റോഡ്രിഗ്സ് എന്ന ഉദ്യോഗസ്ഥനാണ് ചെ ഗുവേരയെ പിടിക്കാനുള്ള സെന്റ്രൽ ഇന്റലിജൻസ് ഏജൻസിയുടെ സേനയുടെ തലവനായിരുന്നത്. ബൊളീവിയൻ കാടുകളിൽ െച ഗുവേരയെ ഏതുവിധേനയും പിടിക്കുക എന്നതായിരുന്നു ദൗത്യം. നാസി യുദ്ധ കുറ്റവാളിയായിരുന്ന ക്ലോസ് ബാർബി എന്നയാളായിരുന്നു അവസാനം ചെ ഗുവേരയെ പിടിക്കാനായി ഈ സേനയെ സഹായിച്ചത്. ഇയാൾക്ക് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത്, ഗറില്ലായുദ്ധമുറകളിൽ പരിചയം നേടിയിട്ടുണ്ടായിരുന്നു.
1967 ഒക്ടോബർ 7ന്, ഒരു ഒറ്റുകാരൻ ബൊളീവിയൻ പ്രത്യേക സേനയെ ചെ ഗുവേരയുടെ ഒളിത്താവളത്തിലേക്കു നയിച്ചു. ഒക്ടോബർ 8ന് ഏതാണ്ട് 1,800 ഓളം വരുന്ന പട്ടാളക്കാർ ചെ ഗുവേരയുടെ ഒളിസങ്കേതം വളഞ്ഞു. ബൊളീവിയൻ പട്ടാളമേധാവി ബെർനാർദിനോ ഹുൻകാ യുടെ വാക്കുകൾ ചെ ഗുവേരയുടെ ജീവചരിത്രകാരൻ ജോൺ ലീ ആൻഡേഴ്സൺ ഇങ്ങനെ വിവരിച്ചിരിക്കുന്നു. മുറിവേറ്റു, തോക്കുപയോഗിക്കാൻ കഴിയാതെയായ ചെ പട്ടാളക്കാരെ കണ്ട് ഉച്ചത്തിൽ പറഞ്ഞു ഞാൻ ചെ ഗുവേരയാണ്, എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ് നിങ്ങൾ കൂടുതൽ വിലപ്പെട്ടത്.
അന്നു രാത്രിതന്നെ ചെ ഗുവേരയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല. എന്നാൽ സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയിൽ സംസാരിച്ചു. ബൊളീവിയൻ സേനാംഗമായ ഗുസ്മാന്റെ വാക്കുകളിൽ ആ സമയത്തെല്ലാം ചെ , അക്ഷ്യോഭ്യനായി കാണപ്പെട്ടു. ഗുസ്മാന്റെ വിവരണങ്ങളിൽ ചെ ഗുവേരെ പിടിക്കുമ്പോൾ , അദ്ദേഹത്തിന്റെ വലതു കാൽവെണ്ണയിൽ വെടിയേറ്റ മുറിവുണ്ടാിരുന്നു, മുടി പൊടികൊണ്ട് കട്ടപിടിച്ചിരുന്നു, വസ്ത്രങ്ങൾ കീറിപറിഞ്ഞിരുന്നു, ഒരു പഴയ പാദരക്ഷകളാണ് കാലിൽ ധരിച്ചിരുന്നത്. എങ്കിലും അദ്ദേഹം, തല ഉയർത്തിപിടിച്ച് എല്ലാവരുടേയും കണ്ണുകളിൽ നോക്കി ആണ് സംസാരിച്ചിരുന്നത്. ദയ തോന്നിയ ആ പട്ടാളക്കാരൻ അദ്ദേഹത്തിന് ?കഞ്ചാവ് നൽകി. അതു സ്വീകരിച്ച ചെ , ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു. ചെ ഗുവേര പുകവലിച്ചുകൊണ്ടിരുന്ന പൈപ്പ് വായിൽ നിന്നെടുക്കാൻ ശ്രമിച്ച എസ്പിനോസ എന്ന ബൊളീവിയൻ പട്ടാളക്കാരനെ ചെ ചവിട്ടിത്തെറിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിരുന്നിട്ടുപോലും. വെടിവെച്ചുകൊല്ലുന്നതിനു തൊട്ടുമുമ്പ്, അഡ്മിറൽ ഉഗാർത്തെയുടെ മുഖത്ത് ചെ ധിക്കാരത്തോടെ തുപ്പുകയുണ്ടായി.
പിറ്റേ ദിവസം രാവിലെ , ചെ ആ ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപികയെ കാണണമെന്ന് ആവശ്യപ്പെട്ടു. 22 കാരിയായ ജൂലിയ കോർട്ടസ് ഈ സംഭവത്തെ പിന്നീട് ഇങ്ങനെ വിവരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കാൻ എനിക്കാവുമായിരുന്നില്ല, തുളച്ചു കയറുന്ന ഒരു തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു. ഇമകൾ അനങ്ങാതെ നിന്ന പ്രശാന്തമായ നോട്ടം. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചെ ജൂലിയയോട് സംസാരിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ആഡംബര കാറുകളിൽ സഞ്ചരിക്കുമ്പോൾ ഈ സ്കൾ ഇങ്ങനെ കിടക്കുന്ന ഒരു ശരിയായ രീതി അല്ലെന്ന് ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ് ഞങ്ങൾ ഈ വ്യവസ്ഥിതിക്കെതിരായി യുദ്ധം ചെയ്യുന്നതെന്നും കൂടി കൂട്ടിച്ചേർത്തു.
ഒക്ടോബർ 9ന്റെ പ്രഭാതത്തിൽ ബൊളീവിയൻ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാൻ ഉത്തരവിട്ടു. മാരിയോ തെരാൻ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്. ചെ ഗുവേരയെ കൊല്ലാനുള്ള അധികാരം അയാൾ ചോദിച്ചു വാങ്ങുകയായിരുന്നു. അയാളുടെ മൂന്നു സുഹൃത്തുക്കുൾ മുമ്പ് ചെ ഗുവേരയുടെ ഗറില്ലാസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുള്ള വിരോധമായിരുന്നു, ഈ തീരുമാനമെടുക്കാൻ കാരണം. ചെ ഗുവേര കൊല്ലപ്പെട്ടത് ഒരു ഏറ്റുമുട്ടലിലൂടെയാണെന്ന് ലോകത്തോടു വെളിവാക്കാനായി മുറിവുകളുടെ എണ്ണം പൊരുത്തമുള്ളവയായിരിക്കണമെന്ന് ഫെലിക്സ് റോഡ്രിഗ്സ് ആ പട്ടാളക്കാരനോട് പറഞ്ഞിരുന്നു. യാതൊരുവിധേനെയും ചെ രക്ഷപ്പെടാതിരിക്കാനായാണ് ബൊളീവിയൻ പ്രസിഡന്റ് ആ കൃത്യം വളരെ പെട്ടെന്ന് തന്നെയാക്കിയത്. കൂടാതെ വിചാരണ എന്ന നാടകത്തെയും ഒഴിവാക്കാൻ ഈ തീരുമാനം കൊണ്ട് അവർക്ക് കഴിഞ്ഞു.
വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്.
മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്. വല്ലൈഗ്രാൻഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയിൽ ആണ് ചെ ഗുവേരയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗുവേര തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാർഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗുവേരയെ കണ്ട ഏക സാക്ഷി എന്നും പറയപ്പെടുന്നു. മരിച്ചു കിടന്ന ചെ ഗുവേരയെ അവിടുത്തെ ആളുകൾ ഒരു വിശുദ്ധനെപ്പോലെയാണ് നോക്കിക്കണ്ടത്. ഇംഗ്ലീഷ് നിരൂപകനായ ജോൺ ബെർഗർ, ചെ ഗുവേരയുടെ പോസ്റ്റ്മോർട്ടത്തിന്റെ ചിത്രങ്ങളെ വിശ്വവിഖ്യാതമായ രണ്ടു ചിത്രങ്ങളോടാണ് ഉപമിച്ചത്. അതിൽ ഒന്ന് ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആൻഡ്രിയ മാന്റെഗ്ന വരച്ച ഒരു ലോകപ്രശസ്ത്ര ചിത്രം കൂടിയായിരുന്നു.
ചെ ഗുവേരയെ കൊല്ലാനുള്ള തീരുമാനത്തെ വിഡ്ഢിത്തം എന്നാണ് അമേരിക്കയുടെ 36ാമത്തെ പ്രസിഡണ്ടായിരുന്ന ലിൻഡൻ.ബി.ജോൺസൺ അഭിപ്രായപ്പെട്ടത്. എന്നാൽ ബൊളീവിയയുടെ ഭാഗത്തുനിന്നുനോക്കിയാൽ ശരിയും എന്നദ്ദേഹം കൂട്ടിച്ചേർത്തു. ചെ ഗുവേരയുടെ കൊലപാതകശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന പല വസ്തുക്കളും റോഡ്രിഗ്സ് തന്റേതാക്കുകയുണ്ടായി. അതിലൊന്നായിരുന്നു ചെ ഉപയോഗിച്ചിരുന്ന റോളക്സ് ജി.എം.ടി.മാസ്റ്റർ വാച്ച്. അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു. പിന്നീട് ഈ വക വസ്തുക്കളെല്ലാം സി.ഐ.എ യുടെ പക്കൽ എത്തിച്ചേർന്നു. ഒരു സൈനിക ഡോക്ടർ ചെ ഗുവേരയുടെ കൈകൾ ഛേദിച്ചെടുത്തു. അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി. മൃതശരീരം കത്തിച്ചോ , മറവുചെയ്തോ എന്നുപോലും അവർ പുറത്തു പറഞ്ഞില്ല. മുറിച്ചെടുത്ത കരങ്ങൾ വിരലടയാളപരിശേധനക്കായി ബ്യൂനസ് ഐറിസിലേക്ക് അയച്ചു. അവിടെ അർജന്റീന പോലീസിന്റെ കയ്യിൽ ചെ ഗുവേരയുടെ വിരലടയാളം സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു.
ഒക്ടോബർ 15ന് ഫിഡൽ ഔദ്യോഗികമായി ചെ ഗുവേരയുടെ മരണം പ്രഖ്യാപിച്ചു കൂടാതെ മൂന്നു ദിവസത്തെ ദുഃഖാചരണവും ക്യൂബയിലെങ്ങും അചരിക്കാൻ നിർദ്ദേശം നൽകി. മരണത്തിനു കൊല്ലങ്ങൾക്കു ശേഷവും, ചെ ഗുവേരയുടെ ജീവിതം വിവാദപൂർണ്ണമായി തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ള വൈരുദ്ധ്യം അദ്ദേഹത്തെ ഇന്നും പിടികിട്ടാത്ത ഒരു പ്രത്യേക തരം വ്യക്തിത്വമായി നിലനിർത്തുന്നു. ക്യൂബയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന ഒരു ജനപ്രിയനായകനായി ചെ മാറി. സ്കൂൾ കുട്ടികൾ “‘ഞങ്ങൾ ചെ ഗുവേരയെപ്പോലെ ആകും”‘ എന്ന് എല്ലാ ദിവസവും പ്രതിജ്ഞ എടുക്കുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ അർജന്റീനയിൽ ചെ ഗുവേരയുടെ പേരിൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു. ചെ ഗുവേരയുടെ ജന്മനാടായ റൊസാരിയോയിൽ അദ്ദേഹത്തിന്റെ ചെമ്പിൽ തീർത്ത 12 അടി നീളമുള്ള പൂർണ്ണകായ പ്രതിമ ഉണ്ട്. ബൊളീവിയയിലെ ചില കർഷക ഗോത്രങ്ങൾ ചെ ഗുവേരയെ വിശുദ്ധനായി കാണുന്നു, അദ്ദേഹത്തിന്റെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി. ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.