KSRTC നിര്‍ത്തിയില്ല; അര്‍ധരാത്രി കൈക്കുഞ്ഞുമായി വലഞ്ഞത് മണിക്കൂറുകള്‍

കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് യാത്രക്കാരന്റെ ആവശ്യപ്രകാരം രാത്രി സ്റ്റോപ്പില്‍ നിര്‍ത്തിക്കൊടുക്കാത്തതിനേ തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും കുഞ്ഞുമായി വലഞ്ഞത് മണിക്കൂറുകള്‍. മാനുഷിക പരിഗണനയുടെ പേരില്‍ മിന്നല്‍ ബസ് നട്ടപ്പാതിരക്ക് പെണ്‍കുട്ടിയെ ഇറക്കാതെ പോയ സംഭവം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം. ഇതേത്തുര്‍ന്നാണ് എല്ലാ സമയത്തും ചട്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ഹേമചന്ദ്രന്‍ സര്‍ക്കുലര്‍ ഇറക്കിയത്.

എറണാകുളം വൈറ്റില സ്വദേശി അരുണ്‍ കെ. വാസുവും ഭാര്യ ലസിതയും രണ്ട് വയസ്സായ മകളുമാണ് യൂണിവേഴ്‌സിറ്റിയില്‍ ഇറങ്ങാന്‍ കഴിയാതെ കോഴിക്കോട്ട് ഇറങ്ങേണ്ടി വന്നത്. കഴിഞ്ഞ 26 തിങ്കളാഴ്ച രാത്രിയാണ് സംഭവം. അരുണും ഭാര്യയും കുഞ്ഞുമാണ് കോഴിക്കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌കാനിയ ബസില്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത് കയറിയത്. യൂണിവേഴ്‌സിറ്റിയില്‍ നിര്‍ത്താമോയെന്ന് അരുണ്‍ ചോദിച്ചെങ്കിലും സ്റ്റോപ്പില്ലെന്ന മറുപടിയാണ് ഡ്രൈവര്‍ പറഞ്ഞത്. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ ചിലര്‍ ബസ് നിര്‍ത്താന്‍ അവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ല.

 

ഒടുവില്‍ രണ്ട് കിലോമീറ്ററിനുശേഷം ഒഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തിയെങ്കിലും സുരക്ഷിതമല്ലാത്ത സ്ഥലമായതിനാല്‍ അവര്‍ കോഴിക്കോട്ട് ഇറങ്ങി. കെ.എസ്.ആര്‍.ടി.സി. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കാന്‍ പോയെങ്കിലും അവിടെയും ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല. പരാതി വെള്ള പേപ്പറിലെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി കടകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് പേപ്പര്‍ ലഭിച്ചില്ല. ആദ്യം പേപ്പര്‍ നല്‍കാന്‍ അധികൃതര്‍  വിസമ്മതിച്ചു. യാത്രക്കാര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ഒടുവില്‍ കടലാസ് നല്‍കിയെന്ന് അരുണ്‍ പറഞ്ഞു. പരാതി നല്‍കിയശേഷം മറ്റൊരു കെ.എസ്.ആര്‍.ടി.സി.യില്‍ കയറി പുലര്‍ച്ചയോടെ യൂണിവേഴ്‌സിറ്റിക്ക് പോകുകയായിരുന്നു.

അരുണ്‍ ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

ഈയിടെ പയ്യോളിയില്‍ വിദ്യാര്‍ഥിനിയെ ഇറക്കാതെ പോയ മിന്നല്‍ ബസ് വിവാദത്തില്‍ വനിതാ കമ്മീഷനുള്‍പ്പെടെ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് എല്ലാം നിയമത്തിന്റെ വഴിയിലല്ല സഞ്ചരിക്കേണ്ടതെന്നും ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉള്‍ക്കാഴ്ചയുണ്ടാകണമെന്നും വിശദീകരിക്കുന്ന സര്‍ക്കുലര്‍ കെഎസ്ആര്‍ടിസി എംഡി ഹേമചന്ദ്രന്‍ ഇറക്കിയത്. യാത്രക്കാരുമായി മെച്ചപ്പെട്ട ബന്ധമുണ്ടാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Source – http://www.mathrubhumi.com/kozhikode/driver-refuses-to-stop-ksrtc-scania-couple-with-two-year-old-child-complaints–1.2639217

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply