1988 ലെ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഇന്ത്യയിലെ പൊതു നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ ഒരു ആധികാരിക ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമാണ്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ 17 റീജണല്‍ ഓഫീസുകള്‍ വഴിയും 42 സബ് റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുകള്‍ വഴിയും ഡ്രൈവിങ് ലൈസന്‍സ് എടുക്കാം.
ലൈസന്‍സിനായി മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ : 16 നും 18 വയസിനും പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ സമ്മത പത്രത്തോടെ 50 സി സിയ്ക്കു താഴെയുളള മോട്ടോര്‍ സൈക്കിള്‍ ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 18 വയസിനുമേല്‍ പ്രായമുളളവര്‍ക്ക് സ്വകാര്യ വാഹനം(non trasport vehicle) ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. 20 വയസിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാന്‍ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന നിയമവും ഉണ്ട്.
ലേണേഴ്സ് ലൈസന്‍സ് : ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനു മുന്‍പ് ലേണേഴ്സ് ടെസ്റ്റ് എഴുതേണ്ടതുണ്ട്. അപേക്ഷ നല്‍കിയശേഷം ലേണേഴ്സ് ലൈസന്‍സിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എഴുതാം. ട്രാഫിക് നിയമങ്ങള്‍, സിഗ്നലുകള്‍, വാഹനം ഓടിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടാകും.(ടെസ്റ്റിന് പ്രാക്ടീസ് ചെയ്യണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലെ കിയോസ്കിലും വെബ്സൈറ്റിലും ചെയ്യാനാകും). പരീക്ഷ പാസായാല്‍ ലേണേഴ്സ് ലൈസന്‍സ് ലഭിക്കും. ആറുമാസമാണ് ഇതിന്റെ കാലാവധി. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഫീസ് അടച്ച് വീണ്ടും പരീക്ഷ എഴുതാം. ലൈസന്‍സ് എടുക്കാനുള്ള റോഡ് ടെസ്റ്റിന്റെ തീയതി ലേണേഴ്സ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കും. ലേണേഴ്സ് ലൈസന്‍സ് പുതുക്കാനാവില്ല.
ഡ്രൈവിങ് ടെസ്റ്റ് : ലേണേഴ്സ് ലൈസന്‍സ് എടുത്തയാള്‍ക്ക് 30 ദിവസങ്ങള്‍ക്കുശേഷം ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാം. ഇതിന് അപേക്ഷ നല്‍കേണ്ടതുണ്ട്. ഗ്രൗണ്ട് ടെസ്റ്റാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗം റോഡ് ടെസ്റ്റ്. ഒന്നാം ഭാഗമായ റോഡ് ടെസ്റ്റില്‍ വാഹനം നിയന്ത്രിക്കാനുളള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ 8 ആകൃതിയിലുള്ള ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഓടിക്കേണ്ടിവരും. ഫോര്‍വീലര്‍ വാഹനങ്ങള്‍ H ട്രാക്കിലൂടെയാണ് ഓടിച്ചു കാട്ടേണ്ടത്. ടെസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ റോഡിലൂടെ വാഹനം ഓടിക്കാനുള്ള കഴിവാണ് പരിശോധിക്കപ്പെടുന്നത്. ടെസ്റ്റിന്റെ രണ്ടു ഭാഗങ്ങളും വിജയിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കൂപ്പണ്‍ ലഭിക്കും. ഒരാഴ്ചയ്ക്കകം ലൈസന്‍സ് കാര്‍ഡ് തപാലില്‍ അയച്ചുതരും. (ഇപ്പോൾ അന്നുതന്നെ ലൈസൻസ് ലഭ്യമാക്കുന്നുണ്ട്.).
ആവശ്യമായ ഫോമുകളും രേഖകളും : ഫോം 1- 50 വയസില്‍ താഴെയാണ് നിങ്ങളെങ്കില്‍ സ്വകാര്യവാഹനമോടിക്കുന്നതിന് ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണിത്. ഫോം 1 എ- 50 വയസിനുമേല്‍ പ്രായമുളളവര്‍ ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം ഈ ഫോമിനൊപ്പം നല്‍കണം. ഫോം 2- ലേണേഴ് സ് ലൈസന്‍സിനുളള അപേക്ഷ (സ്വയം പൂരിപ്പിക്കണം). ഫോം 3- ലേണേഴ്സ് ലൈസന്‍സ് ഫോം (ഏതാനും കോളങ്ങള്‍ സ്വയം പൂരിപ്പിക്കണം). ഫോം 4- ഡ്രൈവിങ് ലൈസന്‍സിനുളള അപേക്ഷ (സ്വയം പൂരിപ്പിക്കണം)ഈ ഫോം എല്ലാം തന്നെ മോട്ടോര്‍ വാഹനവകുപ്പ് വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനാകും. കാഴ്ചശക്തി സംബന്ധിച്ച നേത്രരോഗ വിദഗ്ദ്ധന്റെ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടിവരും. ഇതുകൂടാതെ മേല്‍വിലാസം, വയസ്, പൗരത്വം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും ഹാജരാക്കേണ്ടിവരും.(കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പുകള്‍ ).
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കേണ്ടവര്‍ അറിയാന്‍ : സാധാരണ ഗതിയില്‍ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിയുന്നതിനു ഒരു മാസത്തിനുമുമ്പോ ശേഷമോ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. കാലാവധി തീര്‍ന്നശേഷം ഒരുമാസം കഴിഞ്ഞാല്‍ അപേക്ഷ ലഭിക്കുന്ന ദിവസംമുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം കഴിഞ്ഞാന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനാകില്ല. വീണ്ടും പുതിയ ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടി വരും.
കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്.