വാഹനങ്ങള്‍ ഓടിക്കുന്നതിന് ലൈസന്‍സ് കിട്ടണമെങ്കില്‍ മാനസികാരോഗ്യ, ഭാഷാ പരീക്ഷകള്‍ പാസാകണമെന്ന് ദുബൈ ആര്‍ടിഎ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്ക് വ്യാപക പിന്തുണ. മാനസികാരോഗ്യം, ഭാഷ എന്നിവ ഡ്രൈവിങ് ടെസ്റ്റിന് അനിവാര്യ ഘടകമാണെന്ന് കണ്ടെത്തുകയായിരുന്നു ദുബൈ ആര്‍ടിഎ.
വൈദ്യമേഖലയിലുള്ളവരും പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. ഇതിനു വേണ്ടി തയാറാക്കിയ മാന്വലുകള്‍ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങള്‍ക്ക് ഉടന്‍ നല്‍കും. ഒക്ടോബറോടെ സ്ഥാപനങ്ങള്‍ പരിശീലനം ഈ രീതിയിലേക്ക് മാറ്റണം.
സുരക്ഷിതവും സുഗമവുമായ ഗതാഗതത്തിനൊപ്പം വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കര്‍ക്ക് തൃപ്തികരമായ സേവനം ഉറപ്പാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ആര്.ടി.എയില്‍ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്ന വിഭാഗത്തിന്റെ ഡയറക്ടര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ മീര്‍ പറഞ്ഞു.
ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പ്രാഥമിക പരീക്ഷയിലെ ചോദ്യങ്ങള്‍ 192 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സംവിധാനവും ആര്.ടി.എ. ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷും അറബിയും അറിയാത്തവര്‍ക്കും ലൈസന്‍സ് ലഭിക്കുന്നത് എളുപ്പമാക്കാനാണ് ഈ നടപടി.
സ്കൈപ്പ് വഴിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. നിലവില്‍ 10ഭാഷകളില്‍ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിഭാഷകരാണ് ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തി നല്‍കുന്നത്.
500പേരാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ആളുകളെ ഇതുമായി സഹകരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതുവരെ 300 അപേക്ഷകര്‍ 33 ഭാഷകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
അപേക്ഷകന് ആവശ്യമുള്ളതില്‍ കൂടുതല്‍ സഹായം കിട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇവ റിക്കോര്‍ഡ് ചെയ്യുകയും ചെയ്യും. പരീക്ഷക്കുള്ള തീയതി കിട്ടിയവരില്‍ ഈ സഹായം ആവശ്യമുള്ളവര്‍ ഒരാഴ്ച മുമ്പ് ബുക്ക് ചെയ്യണം. 400 ദിര്‍ഹമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
Source – http://www.evartha.in/2017/09/30/dubai-rti.html