ഒരാൾക്ക് പോലീസിൽ ജോലി ലഭിക്കുവാൻ കടക്കേണ്ട കടമ്പകൾ..

പോലീസ് എന്നു കേൾക്കുമ്പോൾ പേടി മാത്രം മനസ്സിൽ വരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുടെ സമൂഹത്തിൽ. എന്നാൽ ഇന്ന് പോലീസ് എന്നത് നമ്മുടെ സുഹൃത്തുക്കളെപ്പോലെ ആയിരിക്കുന്നു. സുഹൃത്തുക്കളെപ്പോലെ എന്നു പറഞ്ഞത് മര്യാദയ്ക്ക് ജീവിക്കുന്നവരുടെ കാര്യമാണ്. കുറ്റവാളികൾക്ക് എന്നും പോലീസ് ഒരു പേടിസ്വപ്‌നം തന്നെ. എങ്ങനെയാണ് ഒരാൾക്ക് പോലീസ് ആകുവാൻ സാധിക്കുന്നത്? അതിനായി എന്തെല്ലാം കടമ്പകൾ കടക്കണം? ഇതിനുള്ള ഉത്തരങ്ങൾ കഴിഞ്ഞ ദിവസം കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ കൃത്യമായി പോസ്റ്റ് ചെയ്തിരുന്നു. ആ പോസ്റ്റ് നമുക്കൊന്ന് നോക്കാം.

ഒരു പോലീസ് ട്രെയിനിങ് അപാരത @ ഒരാൾ പോലീസ് ആകുന്ന കഥ – കുഞ്ഞും നാളിൽ കള്ളനും പോലീസും കളിക്കുമ്പോൾ എന്നും പോലീസാകാനായിരുന്നു ഏവരും ആഗ്രഹിച്ചിരുന്നത്. ബാല്യത്തിൽ നിന്നും യൗവനത്തിലേക്കു കടക്കുമ്പോൾ ജോലിനേടണമെന്ന മോഹത്തോടൊപ്പം കാക്കിയണിഞ്ഞു നീതിപാലകനാകാനുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്നവരുമുണ്ട്. ആഗ്രഹത്തോടൊപ്പം കഠിനപ്രയത്നവും പരീക്ഷകളും നിരവധി കടമ്പകളും താണ്ടിയാണ് ഒരാൾ പോലീസ് ഉദ്യോഗസ്ഥനാകുന്നത്.

പൊതുവിജ്ഞാനം. ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലീഷ്, ലഘുഗണിതം, മാനസികശേഷി പരിശോധന തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പരീക്ഷ പി.എസ്.സി. പരീക്ഷയെഴുതി ആകാംക്ഷയോടെ കാത്തിരിപ്പാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുമോ എന്നറിയാൻ. പക്ഷെ വീണ്ടും കടമ്പകൾ കടക്കണം.. കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും… അതാണ് അടുത്ത വെല്ലുവിളി. 100 മീറ്റര്‍ ഓട്ടം : 14 second, High Jump: 1.33 m, Long Jump: 4.60m, ഷോട് പുട്ട് , റോപ് ക്ലൈമ്പിങ്, ക്രിക്കറ്റ് ബോൾ ത്രോ, ചിന്നിങ്/പുൾ അപ്സ്, 1500 മീറ്റർ ഓട്ടം എന്നീ ഇനങ്ങളാണ് കായികക്ഷമതാ പരീക്ഷയിലുള്ളത്. ഇതിൽ അഞ്ചെണ്ണത്തിലും ശാരീരിക അളവെടുപ്പിലും വിജയിച്ചാലാണ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുക..

കായികക്ഷമതയിൽ വിജയിച്ച ശേഷം അഡ്വൈസ് മെമ്മോ ലഭിക്കും. തുടർന്നാണ് മെഡിക്കൽ പരിശോധന. ശാരീരിക വൈകല്യങ്ങളും, കാഴ്ചശേഷി തിരിച്ചറിയുന്നതിനുo വേണ്ടിയാണ് ഈ പരിശോധന. ഇത് പൂർത്തിയായതിനു ശേഷം ട്രെയിനിങിനുള്ള അറിയിപ്പ് ലഭിക്കും. ഒരു വ്യക്തിയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥനിലേക്കുള്ള പരിണാമാവസ്ഥയാണ് പോലീസ് ക്യാമ്പിലെ പരിശീലനകാലം. അതുവരെ കണ്ടതും ശീലിച്ചതും ഇഷ്ടപ്പെട്ടതുമെല്ലാം മറന്നു മറ്റൊരു ജീവിതത്തിലേക്ക്..

ത്യാഗസന്നദ്ധമായ, കർമ്മനിരതമായ, സേവനസന്നദ്ധമായ പുതിയജീവിതത്തിലേക്കുള്ള അവസ്ഥാന്തരമാണ് പോലീസ് പരിശീലനകാലത്തിലൂടെ ഓരോ ട്രെയിനിക്കും സംഭവിക്കുന്നത്. പേരുകൾക്കു പകരം വെള്ള കുപ്പായത്തിലെ ആ നമ്പറുകളാണ് പിന്നെ ഓരോരുത്തരുടെയും മേൽവിലാസം. നിക്കറും ബനിയനും ആദ്യയൂണിഫോം ആയി അണിഞ്ഞു തുടങ്ങും. പിന്നെ ബൂട്ടണിഞ്ഞ കാലുകൾ ആജ്ഞകൾക്കനുസരിച്ചു ഇടതും വലതും വേഗത്തിലും പതിയെയും ഒരേ താളത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഏതു അവസ്ഥയുമായി പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള കരുത്തു പകർന്നുതരുന്ന കഠിനമായ പരിശീലന മുറകൾ പുത്തൻ അനുഭവങ്ങളാകും.. ഗൃഹാതുരമായ ഓർമ്മകളും നൊമ്പരങ്ങളും വിരഹവുമൊക്കെ ഉള്ളിലൊതുക്കി ദിനങ്ങളെണ്ണി തുടങ്ങും..

ഒമ്പതു മാസത്തെ പരിശീലന കാലയളവിൽ പരേഡ്, ആയുധങ്ങൾ ഉപയോഗിച്ചുള്ള ഡ്രിൽ, വിവിധയിനം തോക്കുകൾ ഉപയോഗിച്ചുള്ള ഫയറിംഗ്, ഫീൽഡ് ക്രാഫ്റ്റ് ആൻഡ് ടാക്ടിക് എന്നിവക്ക് പുറമേ ഡ്രൈവിംഗ് നീന്തൽ, മാർഷ്യൽ ആർട്സ്, യോഗ, കമ്പ്യൂട്ടർ, ഫയർ ഫൈറ്റിങ്, ഡിസാസ്റ്റർ മാനേജ്മെൻറ് , പ്രഥമശുശ്രുഷ, ട്രാഫിക് റൂൾസ് ആൻഡ് സിഗ്നൽ, സി.ആർ.പി.സി., ഐ.പി.സി, എവിഡൻസ് ആക്ട്, ഇന്ത്യൻ ഭരണ ഘടന, മൈനർ ആക്ടുകൾ, ശാസ്ത്രീയ കുറ്റാന്വേഷണ മാർഗങ്ങൾ എന്നീ വിഷയങ്ങളിലും വിദഗ്ധ പരിശീലനം നേടുകയും പരീക്ഷകൾ പാസാവുകയും വേണം.

ഒരു പൊലിസുകാരനിലേക്കുള്ള രൂപമാറ്റം ധാരാളം അറിവുകളും അനുഭവങ്ങളും കൂടി ആർജിച്ചാണ് സാധ്യമാകുന്നത്. ട്രെയിനിംഗ് ദിനങ്ങൾ എണ്ണിയുള്ള കാത്തിരിപ്പിനൊടുവിൽ പോലീസ് സേനയിലെ അംഗമാവുകയെന്ന വലിയ സ്വപ്നം യാഥാർഥ്യമാകുന്ന ദിവസമാണ് പാസിംഗ് ഔട്ട് ദിനം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിനം…പോലീസ് മുദ്രയണിഞ്ഞു, പ്രതിജ്ഞചൊല്ലി, കർമ്മപഥത്തിലേക്ക് ചുവട് വയ്ക്കുന്ന അവിസ്മരണീയ മുഹൂർത്തമാണ് പാസിംഗ് ഔട്ട് പരേഡ്…

കടപ്പാട് – കേരള പോലീസ് ഫേസ്‌ബുക്ക് പേജ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply