മനസ്സിൽ കൊണ്ട… കണ്ണ് നനയിച്ച… ഒരു മഴക്കാല കുട്ടനാട് യാത്ര..

വിവരണം – ഹാഷിം എ. മജീദ്.

ജീവിക്കുന്നത് കുട്ടനാടിന്റെ സമീപത്തും ജീവിതത്തിന്റെ ഭൂരിഭാഗവും പുഴയിലും, കായലിലും ആവുന്നത് കൊണ്ടു യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ജലയാത്രയും ബോട്ട് യാത്രയും മനസ്സിൽ വരാറില്ലാരുന്നു.. അത് കാഴ്ചകൾ കൊണ്ടു വിസ്മയിപ്പിക്കുന്ന കുട്ടനാടിന്റെ മനോഹാരിത വിസ്മരിച്ചു സഹ്യന്റെ മടിത്തട്ടിലേക്ക് കോടയിൽ കുളിച്ച മലമുകളിലേക്ക് ആയിരിക്കും യാത്രകൾ ഒക്കെയും… അതിനൊരു പേരു ദോഷം കണക്കെ മധുവിധു ആഘോഷിക്കുന്ന യുവ മിധുനങ്ങളായ സുഹൃത്തിന്റെ കൂടെ സി കുട്ടനാട് ബോട്ട് യാത്ര പോയാലോ എന്നാലോജിച്ചത് അവർക്കൊരു ചെറിയ ട്രീറ്റ് ആവും എന്നുകരുതി പ്ലാനും ചെയ്തു..

നിലവിലെ സാഹചര്യം വെച്ചിട്ട് വെള്ളപ്പൊക്കത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടനാടിനെ പലതവണ നേരിൽ പോയി കാണാൻ ശ്രമിച്ചെങ്കിലും റോഡിൽ പോലും തോണിയിൽ സഞ്ചരിക്കേണ്ട വളരെ ദയനീയമായ അവസ്ഥ കാരണം പാതി വഴിയിൽ ശ്രമം ഉപേക്ഷിച്ചു തിരിച്ചു വന്നിരുന്നു. അതിനൊരു പരിഹാരം കൂടി ആവാം എന്ന് കരുതി വെറും 80രൂപാ ചിലവിൽ ജലഗതാഗത വകുപ്പ് നടത്തുന്ന സി കുട്ടനാടിന്റെ ബോട്ടിൽ ഞങ്ങൾ പോകാൻ തീരുമാനിച്ചു…

അടുത്താണല്ലോ എന്നാ അഹങ്കാരം മനസ്സിൽ ഉള്ളത് കൊണ്ടു സമയത്തിന് എത്താൻ ശ്രമിച്ച ഞങ്ങൾക്ക് ആലപ്പുഴ ടൗണിലെ നൂതന ഗതാഗത സൗകര്യം കാരണം 10:45ണ് ഉള്ള ബോട്ടിൽ പോകാൻ ചെന്നത് 11:20 ന്.. ആലപ്പുഴ ജെട്ടിയിൽ നിന്നു രാവിലെ 10:45 am ന് പാണ്ടിശ്ശേരിക്കും 1:45pm കൈനകരി റോഡ്‌ മുക്കിലേക്കും ആണ് സി കുട്ടനാട് ബോട്ട് പോകാറുള്ളത്…. ഒന്നേകാൽ മണിക്കൂർ കൊണ്ടു കൈനകരി ജെട്ടി എത്തും. അവിടെ നിന്നു അതെ ബോട്ട് തിരികെ 3:20 pm ന് തിരിച്ചു ആലപ്പുഴക്കും പോകും. ആദ്യ ബോട്ട് പോയ കാരണം ഇനി ഉള്ളത് 1:45ന് ഉള്ള ബോട്ട് ആണ്. അതുവരെ ഉള്ള ബാക്കി സമയം കൈനകരിക്ക് അടുത്തുള്ള കോലത്തു ജെട്ടിയിലെ ഹൌസ് ബോട്ട് ടെർമിനൽ കാണാൻ പോയി. അവിടെയും റോഡിൽ ഒരാൾ പൊക്കത്തിലേറേ വെള്ളം കയറി കിടക്കുന്ന കൊണ്ടു ആ ശ്രമം ഉപേക്ഷിച്ചു തിരികെ വന്നു ബോട്ടിനുള്ള കാത്തിരിപ്പ് ആയി.ദിവസവും പത്രങ്ങളിലൂടെ കിഴക്കൻ വെള്ളത്തിന്റെ വരവും മഴയുടെ ശക്തിയും വെള്ളപൊക്കത്തിന്റെ ദുരിതവും അറിയുന്നു ഉണ്ടെങ്കിലും ഇത്രയും ഭീകര അവസ്ഥ എന്നത് ഞെട്ടിക്കുന്നതായിരുന്നു..

നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകൾ എന്ന് ബെന്യാമിൻ പറയുന്നത് എത്രത്തോളം ശെരി വെക്കുന്നതായിരുന്നു ഞങ്ങളുടെ മുന്നോട്ടുള്ള യാത്ര….. 1:45 pm തന്നെ ബോട്ട് വന്നു ടൂറിസ്റ്റ് കൾക്ക് ആയി സജ്ജീകരിച്ച ബോട്ടിൽ മുകളിൽ ഞങ്ങൾ നാല് പേരു കയറി .. ഒരാൾക്ക് 40 രൂപാ ആണ് ടികെറ്റ് ചാർജ്. തിരിച്ചും അത്ര തന്നെ താഴെ ഡെക്കിൽ ചാർജ് കുറവാണു.. ഒന്നര മണിക്കൂറോളം കായൽ കാഴ്ച കണ്ടു ഇളം കാറ്റത്ത് സുന്ദര യാത്ര നമുക്ക് അനുഭവിക്കാം ഈ യാത്രയിൽ.

ആലപ്പുഴ ജെട്ടിയിൽ നിന്നു ഇറങ്ങി നെഹ്‌റു പവലിയൻ വലം വെച്ചു ബോട്ട് അതിൽ വേഗം പൊയ്ക്കൊണ്ടിരുന്നു നെഹ്‌റു ട്രോഫി ജലോത്സവത്തിനുള്ള ട്രാക്ക് നിർമാണം ഒക്കെ തകൃതി ആയി നടക്കുന്നുണ്ട് . എല്ലാ വർഷവും ആഗസ്ത് മാസം രണ്ടാം ശനിയാഴ്ച ആണ് പുന്നമട കായലിൽ നെഹ്‌റു ട്രോഫി ജലമേള നടക്കുന്നത്. ഇത്തവണ ചീഫ് ഗസ്റ്റ്‌ സച്ചിൻ ടെണ്ടുൽക്കർ ആണെന്നുള്ളതും നെഹ്‌റു ട്രോഫിക്ക് മാറ്റ് കൂട്ടുന്നു…ചെറുതും വലുതുമായി 75ഓളം വള്ളങ്ങൾ പങ്കെടുക്കുന്ന ഏറ്റവും കൂടുതൽ മത്സാർത്ഥികൾ പങ്കെടുക്കുന്ന കായിക ഇനമാണ് വള്ളം കളി. ഒരു മാസം കൊണ്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ കാഠിന്യമേറിയ പരിശീലനം കഴിഞ്ഞു വെള്ളിക്കപ്പിൽ മുത്തമിടാൻ പുന്നമടയുടെ നെട്ടയത്തിൽ അവർ എത്തും കരിനാഗങ്ങളെ പോലെ.വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടമായിട്ടും ഓളപ്പരപ്പിലെ ഒളിമ്പിക്സ് നായി കുട്ടനാടിന്റെ മക്കൾ കായലിൽ ട്രയൽ നടത്തുന്നത് കാണാൻ സാധിക്കും .

ബോട്ട് കായൽ കടന്നു താരതമ്യന വീതികുറഞ്ഞ കായലിലേക്ക് വരുംതോറും കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന്റെ ബാക്കി പത്രം കണ്ടു തുടങ്ങി. വെള്ളം കയറാണ്ട് ഇരിക്കാൻ മണൽ ചാക്ക് വെച്ചു തിട്ട പിടിച്ചിരിക്കുന്ന കായൽക്കരയിലെ വീട്ടുകാർ ഒരു ചെറു ബോട്ട് പോയാൽ കരയിലേക്കു കയറാൻ കൊതിച്ചു കൊതിച്ചു നിക്കണ കായൽ. വെള്ളം ഇറങ്ങിയ വീടിന്റെ മുൻവശത്തെ ചളി നീക്കുന്നവർ.. ഒക്കെ കണ്ടു ബോട്ട് ആദ്യം അടുപ്പിച്ച ജെട്ടിയിൽ തന്നെ 8പേരോളം അടങ്ങുന്ന വെള്ളപ്പൊക്ക ദുരിദ്വാശാസ ക്യാമ്പ്. ആ പ്രദേശത്തെ ഏറ്റവും പൊക്കം കൂടിയ ജെട്ടിയിൽ ഏത് സമയവും വെള്ളം കേറാവുന്ന ഇത്തിരി പോണ സ്ഥലത്തു അവർ ഉണ്ടും ഉറങ്ങിയും ആരോടും പരാതി ഇല്ലാതെ വെള്ളത്തോട് മല്ലടിച്ചു വെള്ളം ഇറങ്ങുന്നതും നോക്കി സമയം പോക്കുന്നു..

മുന്നോട്ടു പോകും തോറും സുന്ദര കാഴ്ചകൾക്ക് അപ്പുറം കരളലിയിക്കുന്ന കാഴ്ചകൾ ആയിരുന്നു കണ്ണിനെ നനയിച്ചത്.
സാമാന്യം ഉയരമുള്ള റോഡുകളിലും ഉയർന്ന പ്രതലങ്ങളിലും പാർട്ടി ഓഫീസുകളിലും, ഒക്കെ തന്നെയും നിരവധി ക്യാമ്പുകൾ കൊച്ചു കുട്ടികൾ ഉൾപെടെ കിടക്കാൻ കൂടെ ഇടമില്ലാതെ കഴുത്തറ്റം മുങ്ങിയ തങ്ങളുടെ വീടിനെ നോക്കി പരിതപിച്ചു ചെറു ഷീറ്റിന്റെ സംരക്ഷണയിൽ കഴിയുന്നു… അവർക്കായി നിരവധി സന്നദ്ധ സംഘടനകൾ ഭക്ഷണം എത്തിക്കുന്നു. അമ്പലവും ചർച്ചും സ്കൂളുകളും ഒക്കെ തന്നെയും മുക്കാൽ ഭാഗം വെള്ളത്തിനു അടിയിൽ തന്നെ. തങ്ങളുടെ രക്ഷക്ക് വിളിക്കുന്ന ഭക്തരെ കൊഞ്ഞനം കുത്തി തങ്ങളുടെ ജീവൻ രക്ഷിച്ചു ദൈവങ്ങൾ അമ്പലത്തിനും പള്ളിക്കും ചർച്ചിനും മുകളിയായി ഇരിക്കുന്നു…. അതൊക്കെ ഫോട്ടോകളിൽ നിന്നു വ്യക്തമാണ്. വെള്ളകൾപൊക്കത്തിന്റെ ദുരിതങ്ങൾ എല്ലാം ഓരോ ഫോട്ടോസിലും കാണാൻ ആകും.

ബോട്ട് അടുക്കുന്ന മിക്കവാറും ജെട്ടികളിലും ഉയർന്ന പ്രതലങ്ങളിലും ക്യാമ്പ് ഉണ്ടായിരുന്നു… കേരള ദുരന്ത നിവാരണ സേനയും റവന്യു വകുപ്പിന്റെയും ഗവണ്മെന്റ് ന്റെയും മറ്റു സന്നദ്ധ സങ്കടന കളുടേം ഇടപെടൽ ഒരു പരിധി വരെ വെള്ളപ്പൊക്കം കൊണ്ടുള്ള ദുരിതങ്ങളിൽ നിന്ന് അവരെ കൈപിടിച്ചു ഉയർത്തുന്നു….
ഒരു കാലത്ത് കേരളത്തിന്റെ നെല്ലറ ആയ കുട്ടനാടിനു ഓരോ വെള്ളപ്പൊക്കവും കോടിക്കണക്കിനു നഷ്ട കഥകളും പകർച്ച വ്യാധികളും ആണ് നൽകിയിട്ട് പോകുന്നത്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. അത് തന്നെയാണ് വർഷങ്ങളിൽ ഉള്ള ഈ വെള്ളപ്പൊക്കവും കുട്ടനാടിനെ അപ്പാടെ വിഴുങ്ങുന്നത്.

സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. നാല് പ്രധാന നദികളായ പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. ജലം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന അവസ്ഥ ആണ് കുട്ടനാടിന്റെത്. കാലാവര്ഷങ്ങളിൽ മുടങ്ങാതെ ഉള്ള കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുട്ടനാട് വെള്ളത്താൽ നിറയുമെങ്കിലും പ്രതീക്ഷിക്കാതെ ഉള്ള മഴ അപ്പാടെയും മുക്കി കളഞ്ഞിരുന്നു. ആലപ്പുഴ ജില്ലയുടെ പ്രധാന റോഡുകളിൽ ഒന്നായ എ സി റോഡ്‌ 20ദിവസമായി ഭാഗികമായി ഇപ്പോഴും വെള്ളത്തിനു അടിയിലാണ്….

ബണ്ട് തകർന്നും മട വീണും വീടുകൾ തകർന്നും കൃഷി നാശം ഉണ്ടായും അതിന്റെ വ്യാപ്തി ഇത്തവണ പ്രതീക്ഷിക്കുന്നതിലും അപ്പുറം ആയിരിക്കും . സന്തോഷവും നല്ല ഓർമകളും പ്രതീക്ഷിച്ചു പോയ ഒരു യാത്ര വിഷമത്താൽ അവസാനിപ്പിക്കേണ്ടി വന്നു എങ്കിലും പുഴയുടെ തീരത്തു വെറും നാല് മീറ്റർ ദൂരത്തിൽ വീടുള്ള നമ്മൾക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടായില്ല എന്നോർത്ത് സമാധാനിച്ചു അവരുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് തിരികെ ആലപ്പുഴയ്ക്ക്..

പോകാൻ ആഗ്രഹിക്കുന്നവർ മഴ മാറി വെള്ളം ഇറങ്ങി കഴിയുമ്പോൾ പോകാൻ ശ്രമിക്കുക കുറഞ്ഞ ചിലവിൽ മനസിനെ തൃപ്തി പെടുത്തുന്ന ഒരു യാത്ര നമുക്ക് ജലഗതാഗത വകുപ്പ് നൽകും എന്നത് 100%ഉറപ്പു. ബോട്ടിലെ താഴത്തെ ടക്ക് ചാർജ് വളരെ കുറവാണു. അതും പ്രയോജനപ്പെടുത്താം. മുകളിൽ ആണ് കാഴ്ചകൾക്കും ഫോട്ടോസ് എടുക്കുന്നതിനും ഒക്കെ നല്ലത് കൂടാണ്ട് നല്ല ഇളം കാറ്റും.. ഏറ്റവും അനുയോജ്യമായ യാത്ര രാവിലെ ഉള്ള കന്നിട്ട ജെട്ടിയിലേക്കുള്ള യാത്ര ആണ് നല്ലത് …

തിരികെ വരുമ്പോൾ കുട്ടനാടിന്റെ മക്കളായ കാരിരുമ്പിന്റെ കരുത്തുള്ള കരുമാടികുട്ടന്മാർ തങ്ങളുടെ അതിജീവനത്തിനായി, നിലനിൽപ്പിനായി, പിറന്നു വീണ മണ്ണിൽ ജീവിക്കാൻ ഉള്ള കൊതികൊണ്ടു പ്രകൃതിയോട് മല്ലിട്ടു മടകുത്തിയും ബണ്ട് നിർമിച്ചും വെള്ളം പമ്പ് ചെയ്തു കളഞ്ഞും ആരുടെ മുന്നിലും തോൽക്കാതെ പിടിച്ചു നില്കുന്ന കാഴ്ചകൾ ആണ് മനസിനെ ഏറെ പിടിച്ചു കുലുക്കിയത്. അവർക്ക് ആരോടും പരിഭവം ഇല്ല. ആരെയും കുറ്റപ്പെടുത്താൻ വരില്ല . അവർക്ക് ഇന്ന് ഇതൊക്കെ ജീവിതതിൽ ദിനചര്യ ആയതു പോലെ അവർ അതിൽ ജീവിക്കുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply