കേരളം മൊത്തം പ്രളയക്കെടുതിയിൽപ്പെട്ടവർക്കുള്ള സഹായവുമായി ഓടുമ്പോൾ മിക്കവരും മറന്ന ഒരു വിഭാഗമാണ് അന്യസംസ്ഥാന തൊഴിലാളികൾ. എന്നാൽ കഴിഞ്ഞ ദിവസം എറണാകുളം റെയിൽവേ സ്റ്റേഷനിൽ വിശന്നു വലഞ്ഞു കണ്ണീരോടെ നാട്ടിലേക്ക് ട്രെയിൻ കയറുവാനായി നിന്ന നിരവധി ഭായിമാർക്ക് ആഹാരവും വെള്ളവും ഒരു കൂട്ടം സുമനസ്സുകളുടെ സഹായത്താൽ എത്തിച്ചു കൊടുക്കുകയുണ്ടായി. എറണാകുളത്ത് ട്രാവൽ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന ഷിജി വിക്ടറും സംഘവുമാണ് കണ്ണീരൊപ്പി വയറും മനസും നിറച്ച് ഭായിമാരെ യാത്രയാക്കിയത്. ഈ സംഭവത്തെക്കുറിച്ച് ഷിജി വിക്ടർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ…
“ഒരു തുള്ളി വെള്ളത്തിനായി ആളുകൾ നിങ്ങളുടെ കയ്യോ കാലോ പിടിച്ചു യാചിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരു കഷ്ണം ബ്രെഡ് ചവക്കുമ്പോൾ കണ്ണീരും ചിരിയും ഒരുമിച്ചു കണ്ടിട്ടുണ്ടോ? ഈ ഒരു രാത്രി കൊണ്ട് എല്ലാം ഞങ്ങൾ അനുഭവിച്ചറിഞ്ഞു.. കൂടെ ഒരു ട്രെയിൻ നിറയെ സ്നേഹവും..
ഈ പോസ്റ്റ് എഴുതി തുടങ്ങുമ്പോൾ സമയം 3.30am, 21/08/18. തൈക്കൂടത്തെ വോളന്റിയർ സുഹൃത് മുഹമ്മദിന്റെ വീട്ടിൽ ചോറ് ഉണ്ടാക്കി കഴിക്കാൻ പോകുന്നു. രാവിലെ ഭക്ഷണം കഴിച്ചതാണ്. പല സ്ഥലത്തേക്കുള്ള സാധനങ്ങൾ പാക് ചെയ്തു കഴിഞ്ഞു നാളത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റ് എത്തിച്ചു രാത്രി 12. 20 നു സുഹൃത്തിനെ തൈക്കൂടത്തെ വീട്ടിൽ ഡ്രോപ്പ് ചെയ്യുമ്പോഴാണ് സൗത്ത് റെയിൽവേ സ്റ്റേഷൻ നിന്നും യൂസഫിനു ജിന്ധ്യയുടെ call വരുന്നത്. ആയിരത്തിൽ അധികം ഇതര സംസ്ഥാന തൊഴിലാളികൾ ഭക്ഷണമോ വെള്ളമോ പണമോ ഇല്ലാതെ റെയിൽവേ സ്റ്റേഷൻ ഉണ്ട്. 12.30 നുള്ള ട്രെയിനിൽ അവരെ കയറ്റി വിടുന്നു ഭക്ഷണമോ വെള്ളമോ എത്തിക്കാൻ കഴിയുമോ എന്ന്. പ്രളയ ദുരിതത്തിൽ ജോലിയും ഭക്ഷണവും ഇല്ലാതെ കഷ്ട്ടപെട്ടവർ നാട്ടിലേക്കു പോകുകയാണ്.
10 മിനുട്ടിൽ സൗത്തിൽ എത്താനായി മരണ പാച്ചിലായിരുന്നു. കടവന്ത്രയിലെ വീട്ടിൽ നിന്നും ഷിജി കഴിക്കാനായി മാറ്റിവെച്ച ഭക്ഷണവുമെടുത്തു നേരെ കലൂരിലെ ഓഫീസിലേക്ക്, 10 കേസ് വെള്ളവും കുറച്ചു ബിസ്ക്കറ്റ്, ഞങ്ങൾക്ക് കഴിക്കാൻ വാങ്ങിയ ഏഴു പേക്കറ്റ് ഭക്ഷണം എടുത്തു ഉടനെ സ്റ്റേഷനിലേക്ക്.. പ്ലേറ്റ്ഫോമിൽ എത്തിയപ്പോൾ ഞെട്ടിപ്പോയി.. കാലുകുത്താൻ ഇടമില്ല.. ഡാമിലേക്ക് പൊരിയിട്ടപോലെ എന്ന് കേട്ടിട്ടേ ഉള്ളൂ. ഒരു കുപ്പി വെള്ളം നാലും അഞ്ചും പേർക്ക് വീതിക്കുമ്പോൾ കണ്ടത് ഒരു യുദ്ധം തന്നെ ആയിരുന്നു.. ഞങ്ങൾ ഏഴുപേർ ചുറ്റും ആയിരത്തിൽ അധികം പേര്..
ഒന്നും പറയാൻ വാക്കുകൾ ഇല്ല. കണ്ണീരും യാചനയും.. വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. അവസ്ഥ കണ്ടു മുഹമ്മദും ഭാര്യയും നേരെ സ്റ്റേഡിയത്തിലേക്ക് ഓടി.ലോഡുകണക്കിനും വെള്ളമുണ്ടിവിടെ. അവിടുന്ന് വെള്ളം തരാൻ പറഞ്ഞപ്പോൾ കിട്ടിയില്ല. നേരെ അവിടെയുള്ള കളക്റ്ററുടെ അടുത്തേക്ക് ഇടിച്ചു കയറി ബഹളം വെച്ചു.. അവിടെ ലോഡ് ചെയ്ത ഒരു ടിപ്പർ നിറയെയുള്ള വെള്ളകുപ്പികൾ തന്നു.. നേരെ അതി വേഗത്തിൽ സ്റ്റേഷനിലേക്ക്, പുറകെ ഒരു ലോഡ് ബ്രെഡ്..
വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു മെസേജ് പോയപ്പോഴേക്കും കൊച്ചിയുടെ പല ഭാഗത്തു നിന്നും പത്തോളം യുവാക്കൾ ഓടിയെത്തി.. വെള്ളകുപ്പികളും ബ്രെഡ് പെട്ടികളും ചുമന്നു നാലാം പ്ലേറ്റ് ഫോമിലേക്ക്.. ട്രെയിൻ മൂന്നു മണിവരെ പിടിച്ചിട്ടതിനാൽ എല്ലാവരിലേക്കും ഇതെത്തിക്കാൻ കഴിഞ്ഞു. ഭക്ഷണപൊതികളും വെള്ളം നൽകുമ്പോൾ ആ കണ്ണുകളിലെ കണ്ണീരും സന്തോഷവും കണ്ടു കരച്ചിൽ വന്നു.
കുറച്ചു സമയംകൊണ്ട് ഇത്രയും പേരിലേക്ക് സ്നേഹത്തിന്റെ ഉറവനൽകാൻ പരിശ്രമിച്ച ആതിര, ടോണി അച്ചായൻ, യൂസഫ്, മുഹമ്മദ്, നിസാർ,ഷിജി ഒരു മെസേജിനൊപ്പം ഓടിയെത്തിയ ചിപ്പു, ശങ്കർ പേരുകൾ ഓര്മയില്ലാത്ത മറ്റു ചങ്കുകൾ ( പേരിലല്ലല്ലോ നിങ്ങളുടെ പ്രവർത്തിയിൽ ആണല്ലോ കാര്യം. )നിങ്ങളൊക്കെ വേറെ ലെവലാണ്. ആസാമി കലർന്ന ഹിന്ദിയിലെ ആ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ” ഈ സ്നേഹമാണ് ഞങളുടെ കേരളം, ഞങ്ങൾ പെട്ടന്ന് തന്നെ തിരിച്ചു വരും, ഇതാണ് ഞങളുടെ ലോകം.. “”