ഏറെ കൊതിച്ചിരുന്ന ‘ലേ – ലഡാക്ക്’ യാത്രയും അവിടെ കണ്ട കാഴ്ചകളും…

യാത്രാവിവരണം – ബിജുകുമാർ സി. എസ്സ്.

ലേ – ലഡാക്ക് എന്ന വിസ്മയം മനസിൽ കയറികൂടിയിട്ട് കുറച്ചധികം കാലമായി. ഇപ്പൊഴാണ് ഹിമവാന്റെ മടിത്തട്ടിലേയക്ക് ഒരു യാത്ര തരമായത്. നീണ്ടനാളത്തെ തയ്യാറെടുപ്പിനു ശേഷം May 29 ന് കാലത്ത് 6 മണിക്ക് ലെയിലെ ഇന്ത്യൻ ആർമിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ കാലുകുത്തി. വിമാനത്തിൽ നിന്നുമുള്ള ഹിമവാന്റെ ആകാശകാഴ്ച വിവരണാതീതമാണ്. ഡൽഹിയിലെ 44°C ൽ നിന്നും 3°C ലേയ്ക്ക്, തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങളിൽ അഭയം പ്രാപിച്ചുകൊണ്ട് ഹോട്ടലിൽ എത്തിച്ചേർന്നു. അവിടെ ഒരു ദിവസത്തെ വിശ്രമം. 12000 അടി ഉയരത്തിലായി സ്ഥതി ചെയ്യുന്ന ലേ പട്ടണത്തിലെ കാലാവസ്ഥയുമായി ചേർന്നു പോകുന്നതിനും Acute Mountain Sickness(AMS) നെ പ്രതിരോധിക്കാനും ശരീരത്തെ സജ്ജമാക്കാൻ 24 മുതൽ 48 മണിക്കൂർ വരെ ആ കാലാവസ്ഥയിൽ വിശ്രമം അത്യാവശ്യമാണ്. AMS ന്റെ ഭാഗമായി ശാരീരികാസ്വാസ്ഥ്യങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നതുകൊണ്ടാണ് ഈ നിർബന്ധിത വിശ്രമം നിർദ്ദേശിയ്ക്കപ്പെട്ടിരിക്കുന്നത്. മുകളിലേയക്കു പോകും തോറും ഓക്സിജന്റെ അളവുകുറയുന്നതിനാൽ ശ്വാസതടസം അനുഭവപ്പെടാതിരിക്കാനുള്ള മുൻ കരുതലും യാത്രികർ എടുക്കേണ്ടതുണ്ട്.

ലഡാക്ക് എന്ന വാക്കിനർത്ഥം Land of high Passes എന്നാണ്. 11400 അടി മുകളിൽ കിടക്കുന്ന പീഠഭൂമിയാണിത്. 19500 അടി ഉയരമുള്ള കൊടുമുടികൾ. 58,000 ച.കി.മീറ്റർ വിസ്തീർണ്ണം. ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ വലിയ രണ്ടാമത്തെ ജില്ലയാണ് ലേ. വ്യോമമാർഗ്ഗമല്ലാതെയും ലേയിൽ എത്തിച്ചേരാം. മണാലി – ലേ ഹൈവെയാണ് ഇതിലൊന്ന്. 464KM ആണു നീളം. 350 കിലോമീറ്ററോളം പാത വിജനമാണ്. ദുർഘട പാതയായതിനാൽ ലേയിലെത്താൻ 48 മണിക്കൂറോളം വേണ്ടിവരും. Tanglang La പാസ് പോലുള്ള കൊടുമുടികളും താഴവരകളും താണ്ടിയാണ് യാത്ര. Manali യിൽ നിന്നും Keylongൽ നിന്നും ബസ് സൗകര്യം ഉണ്ട്. ഈ വഴിയിൽ 30 അടിയോളം കനത്തിൽ മഞ്ഞ് വീണുകിടക്കും. ഇത് മാറ്റിയാണ് മെയ് മാസം മുതൽ സെപ്റ്റമ്പർ അവസാനം വരെയുള്ള കാലയളവിൽ റോഡ് തുറന്നുകൊടുക്കുന്നത്.

ശ്രീനഗർ – ലേ റോഡാണ് ഇവിടെയെത്താനുള്ള മറ്റൊരു മാർഗ്ഗം. Drass, Kargil എന്നീ സ്ഥലങ്ങളിലൂടെ റോഡ് കടന്നുപോകുന്നു. 434 KM നീളം. ഏപ്രിൽ അവസാനം മുതൽ ഡിസംബർ വരെ ഈ വഴിയിലൂടെ സഞ്ചരിക്കാം. Border Road Organization (BRO) ആണ് ഈ റോഡുകളുടെ നിർമ്മാണവും പരിപാലനവും നിയന്ത്രണവും.

ചൈന, പാകിസ്ഥാൻ, എന്നീ രാജ്യങ്ങളോട് അതിർത്തി പങ്കിടുന്നവയാണ് ലഡാക്കിലെ പല പ്രദേശങ്ങളും, അതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യൻ പട്ടാളക്കാർ അതീവ ജാഗ്രത പുലർത്തുന്നു. NUBRA VALLEY, KHARDUNG LA , TURTUK , PANGONG LAKE … തുടങ്ങിയ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് കൂടിയേ തീരു. തിരിച്ചറിയൽ കാർഡിന്റെ കോപ്പിയോടൊപ്പം പരിസ്ഥിതി ഫീ ആയ 400 രൂപയും ഒരു ദിവസത്തിന് ഇരുപത് രൂപ എന്ന കണക്കിലുള്ള തുകയും അടച്ചാൽ TIC (ടൂറിസം ഇൻഫർമേഷൻ സെന്റർ, Opp. J & K Bank,Main Market, Leh) ഓഫീസിൽ നിന്ന് പെർമിറ് എടുക്കാം. ഓൺലൈൻ ആയി ചെയ്യുവാനുള്ള സൗകര്യവും ഉണ്ട്. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് അതിന്റെ പ്രിന്റ് ഔട്ടുമായി TIC ഓഫീസിൽ പണവും അടച്ച് പെർമിറ് കൈപ്പറ്റാം.

ലേയിൽ കാഴ്ചകൾ ധാരാളമുണ്ട്. മഞ്ഞു മൂടിയ കൊടുമുടികളും താഴ്‌വരകളും സമ്മാനിക്കുന്ന ദ്യശ്ര്യങ്ങൾ തന്നെ മനോഹരമാണ്. ലേ പട്ടണത്തിൽ വിമാനത്താവളത്തിനടുത്താണ് ഹാൾ ഓഫ് ഫെയിം. കാർഗിൽ രക്തസാക്ഷികളുടെ ദീപ്ത സ്മരണകൾ മായാതെ കാത്തു വെക്കുന്ന സ്മാരകമാണിത്. രണ്ടു നിലയിൽ തീർത്തിരിക്കുന്നു ഈ സ്മാരകത്തിൽ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളം ഉപയോഗിച്ച യുദ്ധോപകരണങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ, ഹെലികോപ്റ്ററുകളുടെ മോഡലുകൾ, യുദ്ധഭൂമിയുടെ ചിത്രങ്ങൾ തുടങ്ങി എല്ലാം വളരെ ചിട്ടയായി പ്രദർശിപ്പിച്ചിരിക്കുന്നു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ ചിത്രങ്ങളും വിവരണങ്ങളും ഇവിടെ ഉണ്ട്. ജീവൻ വെടിയുന്നതിനും ദിവസങ്ങൾക്കു മുൻപ് 22 വയസ്സുള്ള ക്യാപ്റ്റൻ വിജയാനന്ദ് താപ്പർ തന്റെ മാതാപിതാക്കൾക്കെഴുതിയ (28 / 06 / 1999) ദേശസ്നേഹ നിർഭരമായ കത്ത് നാമറിയാതെ കണ്ണിൽ നനവ് പടർത്തുന്നു.

ഏറ്റവും തണുപ്പേറിയ പർവത മേഖലകളിൽ ( സിയാച്ചിൻ) മാതൃരാജ്യത്തിന്റെ സുരക്ഷക്കായി കാവൽ നിൽക്കുന്ന സൈനികർ ഉപായോഗിക്കുന്ന വസ്ത്രങ്ങളും ആയുധങ്ങളും ടെന്റുകളും മറ്റു സാധന സാമഗ്രികളും ഭംഗി ആയി പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു ഭാഗത്ത് പാക്കിസ്ഥാൻ പട്ടാളത്തിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും കാണാം. മറ്റൊരു ഭാഗത്ത് ലഡാക്കിന്റെ ചരിത്രവും സംസ്കാരവും വെളിപ്പെടുത്തുന്ന വസ്തുക്കളുടെ പ്രദർശനവും കാണാവുന്നതാണ്. ഇന്ത്യൻ സൈനികർ നടത്തുന്ന ഒരു ചെറിയ കടയും ഉണ്ട് ഇവിടെ പുസ്തകങ്ങൾ, തൊപ്പികൾ, ടീഷർട്, ഷാളുകൾ എന്നിവയൊക്കെയാണ് ഇവിടുത്തെ വില്പന വസ്തുക്കൾ. ഇരുപത്തഞ്ചു രൂപയാണ് സ്മാരകത്തിലേക്കുള്ള പ്രവേശന ഫീസ്.

ലേയിൽ നിന്നും എട്ടു കിലോമീറ്റര് അകലെയാണ് പതിനൊന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ SPITUK ബുദ്ധവിഹാരം. കാളി മാതാവിന്റെ വലിയൊരു പ്രതിമ ഇവിടെയുണ്ട്. ഇവിടുത്തെ പ്രത്യേകതയാണ് GUSTOR ആഘോഷം. ടിബറ്റൻ കലണ്ടർ പ്രകാരം പതിനൊന്നാം മാസത്തിലെ 27 , 28 , 29 ദിവസങ്ങളിലാണ് ഈ ഉത്സവം ആഘോഷിക്കപ്പെടുന്നത്. ഈ ബുദ്ധവിഹാരത്തിലെ 19 മത്തെ റിംപോച്ചെ ആയ കൗഷോക് ബാകുള റിംപോച്ചെ(Kushok Bakula Rinpoche) മത പണ്ഡിതൻ, മംഗോളിയൻ അംബാസിഡർ, ന്യൂനപക്ഷ ക്ഷേമ കമ്മിറ്റി ചെയർമാൻ, പാർലമെന്റ് മെമ്പർ തുടങ്ങി പല നിലകളിലും പ്രസിദ്ധനായിരുന്നു. ഇദ്ദേഹത്തെ രാഷ്ട്രം പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ലെ വിമാനത്താവളത്തിന് കൗഷോക് ബാകുള റിംപോച്ചെ എന്ന പേരാണ് നൽകിയിരിക്കുന്നത്.

ZANSTAR നദിയും INDUS (സിന്ധു) നദിയും ഒന്നായി ചേരുന്ന സുന്ദര ദൃശ്യം വാക്കുകൾക്കതീതമാണ്. ലേ – കാർഗിൽ റോഡിൽ നിമ്മു വില്ലേജിനു മൂന്നു കിലോമീറ്റർ മുൻപേ ആണ് ഈ സംഗമം. തെളിഞ്ഞ നീല നിറമാണ് സിന്ധു നദിയിലെ വെള്ളത്തിന്. ചെളി കലങ്ങിയ നിറത്തിൽ ZANSTAR നദിയും ഒഴുകുന്നത്. രണ്ടും കൂടി ചേർന്നതിന് ശേഷവും കുറച്ചു ദൂരം രണ്ടു നദിയിലെ വെള്ളവും വേറെ വേറെ തന്നെ ഒഴുകുന്നത് പോലെ തോന്നും. അരികിലുള്ള കുന്നിൻ മുകളിൽ നിന്നും ഈ സുന്ദര ദൃശ്യം കാണാം. റിവർ റാഫ്റ്റിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഇതേ റോഡിൽ ലേയിൽ നിന്ന് ഇരുപത്തേഴു കിലോമീറ്റർ ദൂരെ ആയി ഒരു ഗുരുദ്വാരയുണ്ട്. സിക്ക് ആചാര്യൻ ഗുരു നാനാക്കിന്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളതാണിത്. ഇന്ത്യൻ ആർമിയുടെ സിക്ക് റെജിമെൻറ് ആണ് ഇത് പരിപാലിക്കുന്നതും ഇവിടെ എത്തുന്നവർക്ക് അന്നദാനം (ലങ്കർ) നടത്തുന്നതും. ഈ ഗുരുദ്വാരയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ അകലെയായി ഒരു മാഗ്നെറ്റിക് ഹിൽ ഉണ്ട്. ഒരു പ്രത്യേക സ്ഥലത്ത് വാഹനം ന്യൂട്രൽ മോഡിൽ നിർത്തിയിട്ടാൽ അത് തനിയെ ഒരു ചെറിയ ദൂരം മല മുകളിലേക്ക് കയറിപ്പോകും. മണ്ണിന്റെ കാന്തിക ശക്തി ആണ് ഇതിനു കാരണമായി പറയുന്നത്.

ലേയിലെത്തുന്ന സന്ദർശകർ TISEMO മലമുകളിലെ കൊട്ടാരം കാണാതെ മടങ്ങാറില്ല. പതിനേഴാം നൂറ്റാണ്ടിൽ ടിബറ്റൻ വാസ്തു വിദ്യാ ശൈലിയിൽ SENGGE NAMGYAL രാജാവ് പണി കഴിപ്പിച്ചതാണ് ഇത്. മണൽ, കല്ല്, ചെളി, മരത്തടികൾ എന്നിവയാണ് നിർമാണ വസ്തുക്കൾ. പുറത്തേക്കു തള്ളി നിൽക്കുന്ന തടിയിൽ തീർത്ത ബാൽക്കണി ഈ കൊട്ടാരത്തിന്റെ ഒരു സവിശേഷതയാണ്. മരത്തടികളും ചെളിയും ഉപയോഗിച്ച് നിർമ്മിച്ച മച്ചുകളും ചുമരുകളും അതിശൈത്യത്തെ അതിജീവിക്കാൻ കഴിയുന്നതാണ്. കല്ലുകൾ പൊടിച്ചെടുത്തും പഴച്ചാറുകളും ഇലകളും സംസ്കരിച്ചെടുത്തും വരച്ചെടുത്ത ചിത്രങ്ങൾ ഇപ്പോഴും മങ്ങാതെ അവിടുത്തെ ചുമരുകളിൽ കാണാവുന്നതാണ്. ആയുധങ്ങളും വസ്ത്രാഭരണങ്ങളും മറ്റു വസ്തുക്കളും കൊട്ടാരത്തിലെ ഹാളുകളിലും ഇടനാഴികളിലുമായി പ്രദർശിപ്പിച്ചിട്ടുണ്ട്. 1685 ലെ ടിബറ്റ് – മംഗോളിയൻ ആക്രമണവും, 1936 ലെ DOGRA കയ്യേറ്റവും കൊട്ടാരത്തിനു സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഈ ആക്രമണത്തെ തുടർന്ന് രാജകുടുംബം കൊട്ടാരം ഉപേക്ഷിച്ച് STOK ഗ്രാമത്തിലേക്ക് പാലായനം ചെയ്തു. ഇന്ത്യൻ പുരാവസ്തു വകുപ്പിന് കീഴിലാണ് ഇപ്പോൾ ഈ കൊട്ടാരം. ലേ പാലസ് ന്റെ പ്രവേശന ഫീസ് ഇരുപത് രൂപയാണ്.

ലേയിൽ മെയിൻ മാർക്കറ്റിൽ നിന്ന് മൂന്നു കിലോമീറ്റര് അകലെയായി ഒരു ശാന്തി സ്തൂപം ഉണ്ട്. വെളുത്ത നിറത്തിലുള്ള കുംഭഗോപുരത്തോടുകൂടി തീർത്ത നിർമിതി. 1991 ലാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. താഴത്തെ നിലയിൽ ധ്യാനത്തിനുള്ള സൗകര്യം ഉണ്ട്. ഇവിടെനിന്നുമുള്ള താഴവരയുടെ നേർക്കാഴ്ച വിവരണാതീതമാണ്. 2500 വർഷം പഴക്കമുള്ള ബുദ്ധമതത്തിന്റെ പ്രചാരണം ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുള്ള ഈ സ്തൂപം ലോക സമാധാനത്തിന്റെയും കൂടി പ്രതീകമാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply