ഈ വിവരണം എഴുതി തയ്യാറാക്കിയത് – Julius Manuel. (ചരിത്രാന്വേഷികൾ).
നൂറ്റാണ്ടുകൾക്ക് മുൻപ് (1498) വാസ്കോഡ ഗാമാ ആഫ്രിക്കൻ തീരത്തെ ഒരു ചെറു ദ്വീപിൽ അവിടെ താമസമാക്കിയ ഒരു അറബ് വ്യാപാരിയെ കണ്ടുമുട്ടി , മൂസാ ഇബ്നിൻ മാലിക് . പിന്നീടാ ദ്വീപിനെ പോർട്ടുഗീസുകാർ അയാളുടെ പേര് ചേർത്ത് മൂസാബിക്ക് എന്ന് വിളിച്ചു . അതിനഭിമുഖമായി കിടന്ന ആഫ്രിക്കൻ വൻകരയിലൊരു രാജ്യം അവർ സ്വന്തമാക്കിയപ്പോൾ അതേ പേര് ചൊല്ലിയവർ ആ ദേശത്തെ വിളിച്ചു , മൊസാംബിക്ക് ! ആ രാജ്യം എന്ന് സ്വാതന്ത്ര്യം നേടിയോ അന്നുമുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഏതാനും വർഷങ്ങൾക്ക് മുൻപാണ് തെല്ലൊന്ന് ശമിച്ചത് . നഗരം വിട്ടാൽ നേരെചൊവ്വേ ഒരു റോഡുപോലും ഇല്ലാത്ത ഒരു രാജ്യത്തെ ഭൂരിഭാഗം വരുന്ന വനങ്ങൾ അങ്ങിനെ പുറംലോകത്തിന് യാതൊരു പിടിയും തരാതെ പല നൂറ്റാണ്ടുകൾ നമ്മിൽ നിന്നും മറഞ്ഞിരുന്നു . ഗൂഗിളിന്റെ ഉപഗ്രഹക്കണ്ണുകൾ ആകാശത്തുനിന്നും ഒപ്പിയെടുത്ത ചിത്രങ്ങൾ മാത്രമായിരുന്നു പ്രകൃതിഗവേഷകർക്ക് മൊസാബിക്ക് വനങ്ങളെക്കുറിച്ചുള്ള ലഭിക്കാവുന്ന ഏക വിവരസ്രോതസ് !
അങ്ങിനെ ക്ഷമനശിച്ച് ഗൂഗിൾ എർത്തിൽ പരതിക്കൊണ്ടിരുന്ന കൺസർവെർഷൻ ബയോളജിസ്റ്റ് ജൂലിയൻ ബേലിസിന് പുതൊയൊരാശയം മനസ്സിൽ തോന്നി . സുഖനിദ്രപ്രാപിച്ച അനേകം അഗ്നിപർവ്വതങ്ങൾ മൊസാമ്പിക്കിലുടനീളം ചിതറിക്കിടപ്പുണ്ട് . ആ മലകളുടെയൊക്കെ മുകളിൽ ഇപ്പോൾ മഴക്കാടുകൾ ഉണ്ടാവണം . അങ്ങിനെയെങ്കിൽ അതൊക്കെ കന്യാവനം തന്നെയാവണം . കാരണം തകർന്നു കിടക്കുന്ന റോഡുകളും , നിരന്തര യുദ്ധങ്ങളും കാരണം കാട്ടുകൊള്ളക്കാർക്കിത് ബാലികേറാ മലകളാവും . മാത്രവുമല്ല കുത്തനെയുള്ള ചെരിവുകൾ മനുഷ്യർക്ക് തീർത്തും അപ്രാപ്യവും ആണ് . അങ്ങിനെയെങ്കിൽ നൂറ്റാണ്ടുകളോളം മനുഷ്യസ്പർശമേൽക്കാതെ കിടക്കുന്ന ഈ നിബിഡവനങ്ങളിൽ ഇപ്പോൾ ഏതൊക്കെയാവും ഉണ്ടാവുക ? നാമിനിയും തിരിച്ചറിയാത്ത അനേകം ജീവികളുടെയും , സസ്യങ്ങളുടെയും കലവറയാവും ഇത് !
അങ്ങിനെ അദ്ദേഹവും സംഘവും 1,600 മീറ്ററുകളിൽ കൂടുതൽ ഉയരമുള്ള മലനിരകളെ ഗൂഗിളിൽ പരതിയെടുക്കുവാൻ തീരുമാനിച്ചു . അവസാനം രണ്ടു മലകൾ അവരുടെ ശ്രദ്ധയിൽപെട്ടു. നിരപ്പായ സമതലത്തിൽ പൊടുന്നനെ ഉയർന്നു നിൽക്കുന്ന ആ മലകളുടെ ചെരിവുകൾ കുത്തനെ മുകളിലേക്ക് നിൽക്കുന്നവയാണ് . അതായത് മനുഷ്യരാരും ചെല്ലാൻ ഒരു സാധ്യതയുമില്ല . മലമുകളിലാവട്ടെ ഇടതൂർന്ന നിബിഡവനവും ! നേരെ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഇൻഫോർമേഷൻ ഫെസിലിറ്റിയിൽ (www.gbif.org) ചെന്ന് ഡേറ്റാ പരിശോധിച്ചു . ഈ രണ്ടു മലമുകളിൽ നിന്നും ഒരൊറ്റ ജീവിയോ മരമോ ഇതുവരെ ആരും റിപ്പോട്ട് ചെയ്തിട്ടില്ല ! എന്നുവെച്ചാൽ ഇതുവരെ ഒരു ഗവേഷകനും കാലെടുത്തുകുത്താത്ത രണ്ടു കന്യാവനങ്ങളാണ് ഗൂഗിൾ എർത്ത് വഴി ഇവർ കണ്ടെത്തിയിരിക്കുന്നത് ! ഇത്തരം ഡിജിറ്റൽ വനങ്ങളെയാണ് ഗൂഗിൾ ഫോറസ്റ്റ് എന്ന് പറയുന്നത് . ശ്രമിച്ചാൽ നമ്മുക്കും ഇത്തരം ഗൂഗിൾ ഫോറെസ്റ്റുകൾ കണ്ടുപിടിക്കാം .
മൗണ്ട് മാബു (16°17′52″S 36°23′39″E ) .1700 മീറ്റർ ഉയരത്തിൽ , വടക്കൻ മൊസാംബിക്കിൽ മഡഗാസ്ക്കറിനഭിമുഖമായി കിടക്കുന്ന സാവന്നാമേടുകൾക്കിടയിലെ പച്ചത്തഴപ്പ് . മരങ്ങൾ തമ്മിലുള്ള അകലം അൽപ്പം കൂടുതലുള്ള കാടുകളിൽ മേൽക്കാടുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം തഴച്ചുവളരുന്ന സമ്പന്നമായ ഒരു കീഴ്ക്കാടിന് വളമേകുമ്പോൾ സാവന്നാ പുൽമേടുകൾ ജനിക്കുന്നു . ഇത്തരം പരിസ്ഥിതിമണ്ഡലത്തിൽ ഒരു മഴക്കാട് സംജാതമാവണമെങ്കിൽ ഒരു മല കൂടിയേതീരൂ . അവിടെയാണ് മാബു മല തലയുയർത്തി നിൽക്കുന്നത് . പ്രദേശവാസികൾക്ക് നേരത്തെ തന്നെ അറിവുണ്ടെങ്കിലും ദുർഘടമായ വഴിയും , ഇടതൂർന്ന കാടിന്റെ ഘടനയും കാരണം മലയിലേക്ക് ആരും കാലെടുത്തു വെച്ചിരുന്നില്ല . ഇതിനുമുകളിൽ സമ്പന്നമായ ഒരു ജൈവവ്യവസ്ഥ ഇക്കാലംകൊണ്ട് രൂപപ്പെട്ടിട്ടുണ്ടാവണം എന്ന കാര്യത്തിൽ ജൂലിയൻ ബേലിസിന് സംശയമുണ്ടായിരുന്നില്ല .
2005 ൽ തന്നെ ഇവിടം ശ്രദ്ധയിൽപെട്ടുവെങ്കിലും 2008 വരെ കാക്കേണ്ടിവന്നു ആദ്യ പര്യവേഷണത്തിന് . ഗവേഷകർ , മലകയറ്റവിദഗ്ദർ തുടങ്ങി ഇരുപത്തിയെട്ടോളം പേരെ സംഘടിപ്പിച്ചെടുക്കാനും അവരെ സഹായിക്കാനും സാധനങ്ങൾ ചുമക്കാനും അതിന്റെയിരട്ടി പ്രദേശവാസികളെ കണ്ടെടുക്കാനുമാണ് ഇത്രയും സമയം ബേലിസ് ചിലവഴിച്ചത് എന്നോർക്കുമ്പോൾ മാത്രമാണ് ഇതെത്രത്തോളം ഭഗീരഥപ്രയത്നമായിരുന്നു എന്ന് പിടികിട്ടൂ . മലമുകളിലെ കൊടുംവനത്തിൽ നിന്നും സംഘം തപ്പിയെടുത്ത് അഞ്ഞൂറോളം സസ്യവർഗ്ഗങ്ങൾ ! ഇരുന്നൂറ്തരം ശലഭങ്ങൾ ! നിബിഡവനങ്ങളിൽ മാത്രം ജീവിക്കുന്ന ഡ്യൂക്കർ ആന്ററിലോപ്പുകൾ , സമാൻഗോ കുരങ്ങുകൾ …. അങ്ങിനെ പലജാതി ജീവജാലങ്ങൾ ! മിക്കതും ഇവിടെ മാത്രം ജീവിക്കുന്ന ഉപജാതികളായിരുന്നു . ആഫ്രിക്കയിൽ മറ്റു സ്ഥലങ്ങളിൽനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞ Swynnerton’s കുരുവികൾ ഇവിടെ മാന്യമായ നിലയിൽ പറന്നു നടക്കുന്നുണ്ട് . നശിച്ചു എന്ന് കരുതിയിരുന്ന Thyolo alethe പക്ഷികളെ വരെ സംഘം ഇവിടെനിന്നും തിരിച്ചറിഞ്ഞു . കൂടാതെ അനേകം ഉരഗജീവികളെയും ഷഡ്പദങ്ങളെയും ഇവിടെ നിന്നും പുതുതായി കണ്ടെത്തിയിട്ടുണ്ട് . ബേലിസ് സംഘത്തിന്റെ ഒരു ചെറു വീഡിയോകൂടി കണ്ടാലേ ഈ ചെറുജൈവമണ്ഡലത്തിന്റെ ശരിയായ അനുഭവം നമ്മുക്ക് ലഭിക്കൂ.
അടുത്ത് മൗണ്ട് ലിക്കോ (https://earth.app.goo.gl/ZACPy) . ഉയരം എഴുന്നൂറ് മീറ്റർ . തീർത്തും ചെങ്കുത്തായ ചെരിവുകൾ കാരണം ഇക്കാലമത്രയും നാട്ടുകാർക്ക് പോലും ഇതിന് മുകളിൽ ഏതാണ് ഉള്ളത് എന്ന് അറിവില്ലായിരുന്നു . താഴെക്കിടിഞ്ഞിറങ്ങിയ അഗ്നിപർവ്വതമുഖത്ത് നൂറ്റാണ്ടുകൾകൊണ്ടൊരു നിബിഡ വനം രൂപപ്പെട്ടിരുന്നു . ഗൂഗിൾ എർത്തിൽ മലയുടെ മുകൾഭാഗം തെളിഞ്ഞപ്പോഴേ ഒരുകൂട്ടം ഗവേഷകർ അരക്കെട്ട്കെട്ടി ഇറങ്ങിയിരുന്നു . എന്താണ് ആ കാടിനുള്ളിൽ ഉണ്ടാവുക എന്ന ആകാംക്ഷ അനുഭവിച്ചറിയുക തന്നെ വേണം .2012 ലാണ് ബേലിസ് വനം തിരിച്ചറിഞ്ഞെങ്കിലും വീണ്ടും ആറ് വർഷങ്ങളെടുത്തു ഇങ്ങോട്ടേക്കൊരു പര്യവേഷണം തുടങ്ങുവാൻ . ഇപ്രാവശ്യം ഗവേഷകർ മാത്രം മതിയാകുമായിരുന്നില്ല . അവരെ മലമുകളിൽ എത്തിക്കാൻ പ്രാപ്തരായ തികഞ്ഞ പർവ്വതാരോഹകർ കൂടി സംഘത്തിൽ ചേർന്നാലേ കാര്യമുള്ളൂ .125 മീറ്റർ ഉയരത്തിൽ പുറത്തേക്ക് മലച്ചുനിൽക്കുന്ന ഭീമൻ പാറ അതിസാഹസികമായി വലിഞ്ഞു കയറിയാൽ മാത്രമേ മുകളിലെ ലോസ്റ്റ് വേൾഡിൽ എത്താൻ സാധിക്കൂ.
ആർതർ കോനൻ ഡോയൽ എഴുതിയ “The Lost World” എന്ന ശാസ്ത്രകഥ, ഇതേ സംഭവത്തിന്റെ കാലെക്കൂട്ടിയെഴുതിയ നേർപ്പകർപ്പാണ് . ജൂൾസ് ലൈൻസ് , മൈക്ക് റോബർട്ട്സൺ എന്നീ ലോകപ്രശസ്തരായ മലകയറ്റക്കാർ കൂടി ചേർന്നതോടെ ആധുനികലോകം കണ്ട ഏറ്റവും ആകാംക്ഷയേറിയ പര്യവേഷണത്തിന് തുടക്കമായി . (ഒറ്റപ്പെട്ട മലകൾ വെറുംകൈയിൽ ഒറ്റയ്ക്ക് കയറി നടക്കുന്ന ആളാണ് ലൈൻസ് . ഓയിൽ കമ്പനിക്കെതിരെ പ്രതിഷേധിക്കാൻ ഈഫൽ ടവറിൽ ഒറ്റയ്ക്ക് വലിഞ്ഞുകയറി അറസ്റ്റ് വരിച്ചയാളാണ് റോബർട്ട്സൺ ) . ഗവേഷണശാലകളിൽ മാത്രം കയറിശീലമുള്ള , പെണ്ണുങ്ങൾ ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരെ ദിവസങ്ങളോളം പരിശീലിപ്പിച്ചാണ് ഇരുവരും കുത്തനെയുള്ള മലഞ്ചെരിവ് താണ്ടിച്ചത് . ഇതിനായി ഇരുവരും നാൽപ്പത് തവണയാണ് വടംവഴി മുകളിലോട്ടും താഴേക്കും സഞ്ചരിച്ചത് ! എങ്കിലും മുകളിലെ വിചിത്ര ലോകം ഈ പ്രയത്നങ്ങളെയൊക്കെ സാധൂകരിക്കുന്നതായിരുന്നു .
ആദ്യം കണ്ട ചിത്രശലഭം മുതൽ പിന്നീട് കണ്ണിൽപ്പെട്ട ജീവിവർഗ്ഗങ്ങളൊക്കെയും മനുഷ്യവർഗ്ഗത്തിന് പുതുതായിരുന്നു . മൃഗശാലയിലെത്തിയ കൊച്ചുകുട്ടിയെപോലെ ആ ഗവേഷകർ കണ്ണ്മിഴിച്ച് എ വനത്തിനുള്ളിലൂടെ നടന്നു . മലമുകളിലെ ആ പത്തുദിനങ്ങൾ മനുഷ്യനുണ്ടാവുന്നതിന് മുൻപുള്ള ഭൂമിയുടെ നേർക്കാഴ്ചയായിരുന്നു എന്ന് സംഘാങ്ങൾ പറയുന്നു . പക്ഷെ ഒരു അരുവിയോട് ചേർന്ന് മണ്ണിൽ നിന്നും കിട്ടിയ പഴക്കം ചെന്ന മൺകലങ്ങളുടെ ശേഷിപ്പുകൾ ഗവേഷകരെ തീർത്തും ഞെട്ടിച്ചുകളഞ്ഞു . ആരാണ് , എന്തിനാണ് , ഏത് വർഗ്ഗക്കാരനാണ് , എപ്പോഴാണ് ഇവിടെയെത്തിയത് എന്നതൊക്കെ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു . അവിടെ കണ്ടതും ശേഖരിച്ചതുമെല്ലാം പുതിയതായിരുന്നു . അവസാനരാത്രി ഉറങ്ങുന്നതിന് മുൻപ് ബേലിസ് പറഞ്ഞു . “ഇതുവരെ എല്ലാം നന്നായി . ആരും മരിച്ചില്ലല്ലോ !” ഈ യാത്രയുടെ ദിനംപ്രതിയുള്ള വിവരണം ഈ ലിങ്കിൽ ഉണ്ട് (http://forestsfirstfootsteps.com). ഇവർ ശേഖരിച്ച സാമ്പിളുകളുടെ പഠനം നടക്കുന്നതേയുള്ളൂ . തിരിച്ചറിഞ്ഞ സസ്യജന്തുവിഭാഗങ്ങളുടെ പേരിടീൽ കർമ്മം ആരംഭിച്ചുകഴിഞ്ഞു . ഈ വർഷം അവസാനത്തോടെ പൂർണ്ണ റിപ്പോർട്ട് ലഭിക്കും എന്ന് കരുതപ്പെടുന്നു .
സഞ്ചാരി സുഹൃത്തുക്കളോട് ഒരു കാര്യം . പോകുംവഴി ലഭിക്കുന്ന ചിത്രങ്ങൾ വിക്കിമീഡിയയിലേക്ക് ചേർക്കുക . inaturalist (www.inaturalist.org) എന്ന സോഫ്റ്റ്വെയർ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക. നിങ്ങളെടുക്കുന്ന സസ്യ – ജീവജാലങ്ങളുടെ ഫോട്ടോകൾ അവിടെ അപ്ലോഡ് ചെയ്താൽ അത് ഏത് വർഗ്ഗമെന്ന് എളുപ്പം തിരിച്ചറിയാം . കൂടാതെ ആ ജീവിയെ / സസ്യത്തെ നിങ്ങൾ അവിടെ കണ്ടു എന്നത് Global Biodiversity Information Facility (www.gbif.org) ലെ ഡേറ്റാ ആയി മാറുകയും ചെയ്യും . ഇത് ആ ജീവിയുടെ വിതരണം എങ്ങിനെ, എവിടെ എന്നൊക്കെ പഠിക്കുവാൻ ഗവേഷകർക്ക് സഹായകരമാവുകയും ചെയ്യും .