നമ്മളിൽ പലരും പലതവണ ഈ മനോഹാരിത കാണാൻപോയിട്ടുള്ളതാണെന്നറിയാം. എങ്കിലും അറിയാത്ത ആർകെങ്കിലും ഉപകാരപ്പെട്ടെങ്കിലോ എന്ന് ചിന്തിച്ചാണ് ഇതു എഴുതുന്നത്. ഇടുക്കിയിലെ മറ്റനേകം പ്രകൃതിരമണീയ സ്ഥലങ്ങളെപോലെതന്നെ മനസ് കവരുന്ന ഒരിടം തന്നെയാണ് ഈ ഹിൽ വ്യൂ പാർക്കും. മഞ്ഞുമൂടിയ ഇടുക്കി ഡാമും താഴ്വാരവും പാർക്കിലെ പച്ചപ്പും മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കുമെന്നുറപ്പ്.

കുന്നിന് ചെരുവിൽ സംജ്ജീകരിച്ചിരിക്കുന്ന നടപ്പാതയും വഴിവിളക്കുകളും കോടമഞ്ഞും ഒക്കെകൂടിയാകുമ്പോൾ ആഹാ മനസ്സിലെ സ്ട്രെസ് മുഴുവൻ അലിഞ്ഞു ഇല്ലാതാകുന്നതുപോലെ. വേറൊന്നും ചിന്തിക്കാതെ ഒറ്റയ്ക്ക് കുറച്ചു നേരം അവിടുത്തെ സിമന്റ് ബെഞ്ചുകളിൽ പൊയിരിക്കു, താഴെ റിസെർവോയറും പല വര്‍ണത്തില്‍ പൂവിട്ടു നിൽക്കുന്ന വാകമരങ്ങളും…ആ കാഴ്ച മനസ്സിൽ നിന്നുമായില്ലെന്നുറപ്പ്.

താഴെ പാർക്കിംഗ് സ്പേസിൽവണ്ടി വെച്ചിട്ടു ഒരു ചെറിയ കയറ്റം നടന്നു കയറി വരുമ്പോളാണ് പാർക്ക്. പാസ് എടുത്തു അകത്തേക്ക് കടന്നാൽ പെർഗോള റൂഫിങ് ചെയ്തിരിക്കുന്ന ഇരിപ്പിടങ്ങളും കാണാം. നല്ല രീതിയിൽ പരിചരിക്കപ്പെടുന്ന പുൽത്തകിടിയും ഉദ്യാനവും ആകെയൊരു ശാന്തസൗന്ദര്യം. ചൂട് ചായക്കും ചെറുകടികൾക്കുമായി അവിടെയൊരു ടി സ്റ്റാളും ഉണ്ട്. ബോട്ടിംഗ് നടത്തണമെന്നുള്ളവർക്ക് അതിനു പ്രേത്യേകം പാസ് എടുക്കണം. റിസെർവോയറിലൂടെ കോടമഞ്ഞു വകഞ്ഞുനീക്കി പെഡൽബോട്ടിലൊരു സവാരി.

രണ്ടു പേർക്കുള്ള ബോട്ടിനു 50 രൂപയും 4പേർക്കു 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാർക്കിലെ എന്‍ട്രി ഫീ ഒരാൾക്ക് 20 രൂപ. പ്രൊഫഷണല്‍ ക്യാമറയ്ക്ക് പ്രത്യേകം പാസ്സ് എടുക്കെണ്ടതായുണ്ട് ഇവിടെ. എന്നാല്‍ മൊബൈലില്‍ ചിത്രങ്ങള്‍ എടുക്കുന്നതിനു യാതൊരു പ്രശ്നങ്ങളും ഇല്ല. ചെറുതോണി ടൗണിൽ നിന്നും ഇവിടേക്ക് വെറും 4 km ദൂരമേയുള്ളൂ. താഴെ പാര്‍ക്കിംഗിനായി സ്ഥലവും ഉണ്ട്.

ഇടുക്കി ഡാമിലേക്ക് പ്രവേശനം പല സമയത്തും നിരോധിച്ചിരിക്കും എന്നതിനാൽ തന്നെ ഡാം വ്യൂ കാണാനുള്ള മറ്റൊരുപാധി എന്ന നിലയിൽ ചിന്തിക്കുമ്പോൾ ഈ വ്യൂ പോയിന്റിന്റെ പ്രസക്തി കൂടുന്നു. അടുത്ത തവണ ഇടുക്കി ഭാഗത്തേക്ക് ട്രിപ്പ് പോകുവാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഹില്‍വ്യൂ പാര്‍ക്ക് കൂടി പരിഗണിക്കുക.
കടപ്പാട് – ആഷ്ലി എല്‍ദോസ് (The Lunatic-Rovering Ladybug).
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog