വിവരണം -Artin Paul.
ആദ്യത്തെ പോസ്റ്റാണ്, തെറ്റുകൾ ക്ഷമിക്കുക എന്ന സ്ഥിരം ക്ലിഷേ ഡയലോഗുകൾ ഇല്ല… പകരം സാധ്യമെങ്കിൽ ഇത് മുഴുവൻ വായിക്കുക എന്ന ഒരു അപേക്ഷ മാത്രം. സാഹിത്യത്തെക്കാൾ പ്രാധാന്യം മറ്റുള്ളവർക്ക് ഉപകരിക്കുന്ന വിശദവിവരങ്ങൾക്കാണ് എന്ന തിരിച്ചറിവിൽ നിന്ന് ഞാനും എന്റെ ആത്മമിത്രവും സഹയാത്രികനുമായ Aravind Venugopal ഉം ചേർന്നു തയ്യാറാക്കിയ ഒരു യാത്രാവിവരണത്തിലേക്ക്..
സ്വപ്നങ്ങൾ പിന്തുടർന്ന് ഹിമവാന്റെ മണ്ണിൽ… 2 വർഷം മുൻപ് ഒരു ബുള്ളറ്റ് സ്വന്തമാക്കിയത് മുതലുള്ള സ്വപ്നമാണ് മഞ്ഞു പെയ്യുന്ന, ചെമ്മരിയാടുകളുള്ള താഴ്വാരങ്ങളും മലകളും കീഴടക്കണം എന്നുള്ളത്. ആ സ്വപ്നസഞ്ചാരത്തിനു തുടക്കം കുറിച്ചത് Aravindനും ഇതേ സ്വപ്നങ്ങൾ ആണെന്നുള്ള തിരിച്ചറിവാണ്. എല്ലാവരും ഹിമാലയൻ യാത്ര ബുള്ളറ്റിൽ നടത്തുമ്പോൾ അവനു സ്വന്തം ബൈക്ക് ആയ Yamaha R15ൽ റൈഡ് ചെയ്ത് കാണിച്ചു കൊടുക്കണം എന്നൊരു വാശിയും ഉണ്ടായിരുന്നു. അങ്ങനെ പോകാൻ തീരുമാനിച്ചു. വീട്ടുകാർ പേടിയോടെ ആണെങ്കിലും അനുവാദം മൂളി. www.devilonwheels.com, ഫേസ്ബുക് സഞ്ചാരി ഗ്രൂപ്പുകളിലൂടെയും പരമാവധി വിവരങ്ങൾ ശേഖരിച്ചു. മുൻപ് പല തവണ ലഡാഖ് യാത്ര നടത്തിയിട്ടുള്ള Preet-kamal Singh, Sahil Salim, Nabeel Mappas S R എന്നിവരെ നേരിട്ട് വിളിച്ചും അനുഭവങ്ങൾ മനസ്സിലാക്കി. Acute Mountain Sickness ഒഴിവാക്കാൻ ശ്രീനഗർ വഴി കയറി മണാലി വഴി തിരിച്ചിറങ്ങാനും തീരുമാനിച്ചു. കൂടെ കൂടാൻ തയ്യാറാണെന്ന് അറിയിച്ചു Hyder Shehin Shaയും niyasum എത്തി. പണം ആയിരുന്നു ഞങ്ങളുടെ മുന്നിലെ ഏറ്റവും വലിയ കടമ്പ. എഞ്ചിനീറിങ്ങിനു ശേഷം സ്വന്തമായ ബിസിനസ്സ് എന്ന പാതയിൽ നടന്നു തുടങ്ങിയ എനിക്കും അരവിന്ദിനും സ്വയം സമ്പാദിച്ച കാശുകൊണ്ട് മാത്രമേ റൈഡ് പോവുകയുള്ളു എന്ന നിശ്ചയദാർഢ്യവും വലിയൊരു വെല്ലുവിളിയായി. എന്നാലും 2 മാസം കൊണ്ട് ആ തുക കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചു. 2 ബൈക്കുകളുടെയും പണികൾ തീർത്തു, ആവശ്യത്തിന് സ്പെയർ പാർട്സും റൈഡിങ് ആക്സസറീസും വാങ്ങി.
അങ്ങനെ 11-07-2016നു എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും സമ്പർക് ക്രാന്തി എക്സ്പ്രസ്സിൽ യാത്ര തുടങ്ങി. 2 ബുള്ളറ്റും ഒരു യമഹ r15ഉം ഇതേ ട്രെയിനിലെ ലഗെജ്ജ് ബോഗിയിലും കയറ്റി. മഴക്കാലത്തു കൊങ്കണിലൂടെയുള്ള യാത്രയും ഒപ്പം ട്രെയിനിൽ വച്ച് പരിചയപ്പെട്ട munafir, anas,sarath തുടങ്ങിയ മലപ്പുറം ടീമ്സും കൂടെ ആയപ്പോൾ ആ ട്രെയിൻ യാത്ര അവിസ്മരണീയമായി. 13ആം തീയതി അംബാലയിൽ എത്തിച്ചേർന്നു. ട്രെയിൻ ലേറ്റ് ആയത് കാരണം ഓഫീസ് ടൈം കഴിഞ്ഞതിനാൽ അന്ന് ബൈക്ക് എടുക്കാൻ സാധിച്ചില്ല. അങ്ങനെ പിറ്റേ ദിവസം, 14-07-2016നു ഞങ്ങളുടെ സ്വപ്ന റൈഡ് സ്റ്റാർട്ട് ചെയ്തു.
Day1: Ambala to Manali : Ambala നിന്നും ജമ്മു-ശ്രീനഗർ വഴി പോകാൻ ഇരുന്ന ഞങ്ങൾക്കു കാശ്മീർ കലാപം മൂലം യാത്ര മണാലി വഴിയാക്കി മാറ്റേണ്ടി വന്നു. Ambala നിന്നും Bilaspur വരെ വളരെ നല്ല റോഡാണ്. കുറച്ചു സമയം കൊണ്ട് നല്ലൊരു ദൂരം റൈഡ് ചെയ്തു. അത് കഴിഞ്ഞ് ഞങ്ങളുടെ കൂട്ടത്തിലെ ബുള്ളറ്റ് 500നു ഉണ്ടായ ചെറിയൊരു അപകടം കാരണം 3-4 മണിക്കൂർ നഷ്ടമായി. Makemytrip വഴി ബുക്ക് ചെയ്തതുകൊണ്ട് പുലർച്ചെ 2 മണിക്കാണ് മണാലി എത്തിയതെങ്കിലും തുച്ഛമായ വിലക്ക് Hotel Green cottage, kanayal road, manali യിൽ താമസം ലഭിച്ചു. വളരെ നല്ലൊരു ഹോട്ടൽ ആണ്. Recommended for stay.
Day2: Manali to Khoksar : മണാലിയിലെ റോയൽ എൻഫീൽഡ് ഷോറൂമിലെ പണിയെല്ലാം കഴിഞ്ഞു വണ്ടി റെഡി ആയപ്പോഴേക്കും വൈകുന്നേരമായി. 4 മണിക്ക് റൈഡ് തുടങ്ങി. പ്രതികൂലമായ കാലാവസ്ഥയിൽ റൈഡിലെ ആദ്യത്തെ പാസ്സ്, Rohthang pass.. കോരിച്ചൊരിയുന്ന മഴയും മൂടൽമഞ്ഞും കാരണം തൊട്ടുമുന്നിൽ എന്താണെന്ന് പോലും ശരിക്കും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ. റോഡിന്റെ ഒരു വശത്തു അടർന്നു വീഴുന്ന പാറക്കെട്ടുകളും മറുവശത്തു അഗാധമായ കൊക്കയും. വഴി നിറയെ ചെളിയും. ജീവിതത്തിൽ ഇത്രയും പേടിപ്പിച്ച ഒരു വഴി കണ്ടിട്ടില്ല. പ്രാർത്ഥന കൊണ്ട് കിട്ടിയ ഉൾക്കരുത്തുകൊണ്ട് മുന്നോട്ടു പോയി. 9 മണിയോടെ ഒരു വിധം ഖോക്സർ എന്ന ചെറുഗ്രാമത്തിൽ എത്തി. മണാലി തൊട്ട് ഖോക്സർ വരെ 70Km സഞ്ചരിക്കാൻ ഞങ്ങൾക്കു വേണ്ടി വന്നത് 5 മണിക്കൂർ.. 1 km എന്നത് എത്ര വലിയ ദൂരമാണെന്നു ഈ യാത്രയിൽ ഞങ്ങൾക്ക് മനസ്സിലായി! അത്യാവശ്യ താമസസൗകര്യങ്ങൾ മാത്രമുള്ള ഖോഖ്സറിൽ അന്ന് തങ്ങേണ്ടിവന്നു. ഇവിടെ മുതൽ bread ഓംലെറ്റ്, മാഗ്ഗി നൂഡിൽസ്, ചൗമിൻ, മോമോസ് എന്നിവയാണ് ലഭ്യമാകുന്ന പ്രധാന ഭക്ഷണം.
Day3: Khoksar to Pang ; മഴ കാരണം 8.30നെ റൈഡ് തുടങ്ങാൻ സാധിച്ചുള്ളൂ. Water crossingകളും മലനിരകളും ഒക്കെ ആയി റൈഡ് ശരിക്കും ആസ്വദിച്ചു തുടങ്ങി. Keylong, Jispa, Sarchu കഴിഞ്ഞു ഞങ്ങൾ Jammu Kashmirലെക് കടന്നു. നേരം സന്ധ്യയായി. അൾട്ടിട്യൂഡ് സിക്ക്നെസ്സ് ചെറുതായി അനുഭവിച്ചു തുടങ്ങി. അപ്പോഴാണ് ഒരു ബൈക്കിന്റെ കാര്യർ ഒടിഞ്ഞു പോയത്. ഭാഗ്യമെന്നു പറയട്ടെ, ആ സമയത്താണ് ട്രെയിനിൽ വച്ച് ഞങ്ങൾ പരിചയപ്പെട്ട Anver Badushar, Jamsheer Ck ഉൾപ്പടെ 5 പേർ അടങ്ങുന്ന മലപ്പുറം ടീമ്സ് അവിടെ എത്തിയത്. അവരുടെ ബുള്ളറ്റിലെക്കു സാധനങ്ങൾ മാറ്റി ഒരു വിധം Pang എത്തിച്ചേർന്നു. പാങ് ഹൈ അൾട്ടിട്യൂഡ് സ്ഥലം ആണ്. AMS കാരണം കടുത്ത തലവേദനയും ഉറക്കക്കുറവും അനുഭവപ്പെട്ടു. ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്. മണാലി വഴി ലേ പോകുന്ന സഞ്ചാരി സുഹൃത്തുക്കൾ ദയവു ചെയ്ത് സർച്ചു, പാങ് എന്നിവിടങ്ങളിൽ താമസം ഒഴിവാക്കി ജിസ്പ അല്ലെങ്കിൽ കയ്ലോങ്ങിൽ താമസിക്കുന്നതാണ് അഭികാമ്യം.
Day4: Pang to Leh ; പാങ്ങിൽ നിന്നും അതിമനോഹരമായ റോഡ് ആണ് ലെ വരെ. Morey plains-വരച്ചു വച്ച ക്യാൻവാസിലേത് എന്ന പോലെ എന്ന് തോന്നിപ്പിക്കുന്ന, പല നിറങ്ങൾ ഉള്ള മലനിരകൾക്കിടയിലൂടെയുള്ള സ്ട്രൈറ്റ് റോഡ്സ്. അത് കഴിഞ്ഞു വരുന്ന Thangalang la പാസ്സിൽ വച്ചാണ് ഞങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരിൽ മുക്കി മഞ്ഞു പെയ്തത്. താടിയിലും മുടിയിലുമാകെ മഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ! അവിടെ നിന്നും യാത്ര തുടർന്ന് ഏകദേശം ഉച്ചയോടെ ലെ എത്തി മുറിയെടുത്തു. ഹൈദർ ഞങ്ങളുടെ കൂടെ ചേർന്നത് ലേയിൽ നിന്നാണ്. ലീവ് ഇല്ലാത്തത്കൊണ്ട് ഫ്ലൈറ്റിൽ ആണ് അവൻ വന്നത്. ഒരാൾക്കു ഏകദേശം 200Rs ആണ് താമസത്തിനു ആവുകയുള്ളൂ ലഡാഖിൽ ഇവിടെ പോയാലും.
Day5: Leh to Hunder : ഈ ദിവസമാണ് എല്ലാ റൈഡർമാരുടെയും സ്വപ്നമായ highest motorable road എന്ന് തെറ്റായി അറിയപ്പെടുന്ന Khardungla പാസ്സ് (Pangong lake ന്റെ അടുത്തുള്ള Marsimik la ആണ് ഇപ്പോൾ ലോകത്തു ഒരു സിവില്യന് എത്തിച്ചേരാൻ പറ്റുന്ന highest motorable road). ലേയിൽ നിന്നും 39Km ദൂരമുള്ള ഖാർഥുങ് ലാ എത്തുന്നതിനു മുന്നേ ഉള്ള 12km ഉം ഖാർഥുങ് ലാ കഴിഞ്ഞുള്ള 12Km ഉം വളരെ മോശം റോഡ് ആണ്. തിരക്കേറിയ ഒരു മാർക്കറ്റിനെ അനുസ്മരിപ്പിക്കുന്ന ഖാർഥുങ് ലയിൽ ഒരു വിധത്തിൽ ഫോട്ടോ ഒക്കെ എടുത്ത് താഴേക്കു ഇറങ്ങിയ ഞങ്ങൾ മഞ്ഞു പെയ്ത് കിടക്കുന്ന ഒരു കുന്നിൻ ചെറുവിലെത്തി. അതുവരെ മീനിലിട്ട അല്ലെങ്കിൽ ഫ്രീസറിലെ ഐസ് മാത്രം തൊട്ടിട്ടുള്ള ഞങ്ങൾക്കു പിന്നെ അല്പന് ഐസ് കിട്ടിയ പോലെയായി. അവിടെ നിന്ന് താഴേക്കിറങ്ങിയപ്പോഴാണ് ആലിപ്പഴം പെയ്തത്. പറയുന്നത് ‘പഴം’ എന്നൊക്കെയാണെങ്കിലും നല്ല കല്ല് വച്ച് എറിയുന്ന വേദനയാണ് മേത്തുവീഴുമ്പോൾ..! അതിനുശേഷം ഞങ്ങൾ nubra valley യിലൂടെ ഹുന്ദർ എന്ന ഗ്രാമം ലക്ഷ്യമാക്കി യാത്ര തുടങ്ങി. നുബ്ര മനോഹാരിയാണ്. റോഡിലേക്കു നോക്കാൻ പ്രയാസപ്പെട്ടു.. അത്രക്ക് സുന്ദരമാണ് ചുറ്റുമുള്ള കാഴ്ചകൾ. ഹുന്ദറിന് 7km മുന്നേ ദിസ്കിത് എന്ന ഗ്രാമത്തിൽ പഴയ കാലത്തെ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു പെട്രോൾ പമ്പ് കാണാം. അവിടെ നിന്നും ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം നേരെ ഹുന്ദറിലേക്ക്. അവിടെ yordhum guest house ൽ ആണ് താമസിച്ചത്. വളരെ നല്ല ഒരു ഹോംസ്റ്റേ ആണ് അത്.
Day6: Hunder to Pangong Tso ; Shyok വഴിയും അതല്ലെങ്കിൽ തിരിച്ചു ലെ ചെന്നിട്ടും പാങ്കോങ്ങിലേക് പോകാം. ഞങ്ങൾ അധികം ആരും പോവാത്ത ആദ്യത്തെ വഴി ആണ് തിരഞ്ഞെടുത്തത്. അതിന്റെ ഫലമായി ഞങ്ങൾക്കു കിട്ടിയത് ഒരുപക്ഷെ ലഡാഖിലെ ഏറ്റവും മനോഹരവും എന്നാൽ അപകടമേറിയതുമായ ഒരു യാത്ര. വഴിയിൽ ആദ്യം കണ്ട മിലിട്ടറിക്കാരൻ കൈ കാണിച്ചു നിർത്തിച്ചു. ഇനി ഈ വഴി പോകാൻ പറ്റില്ലേ എന്ന് പേടിച്ചു വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങളോട് അതാ ഒരു ചോദ്യം.. “നാട്ടിൽ എവിടെയാ മക്കളെ..” !! അങ്ങ് ഹിമാലയത്തിൽ വച്ച് വേറൊരു മലയാളിയെ കാണുമ്പോഴുള്ള സന്തോഷം, അതനുഭവിച്ചാലേ മനസ്സിലാകൂ.. മുന്നോട്ടുള്ള വഴി നിറയെ വാട്ടർ ക്രോസ്സിങ്ങുകൾ ആയിരുന്നു. രാവിലെ 6 മണിക്കു റൈഡ് തുടങ്ങിയ ഞങ്ങൾക്കു വാട്ടർ ക്രോസ്സിങ്ങുകൾ വെള്ളവും ചെളിയും വന്നു നിറയുന്നതിനു മുന്നേ കടക്കാൻ കഴിഞ്ഞു. അങ്ങനെ ഉച്ച കഴിഞ്ഞു ഞങ്ങൾ പാങ്കോങ് തടാകം എത്തിച്ചേർന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉപ്പുവെള്ള തടാകമാണ് Pangong Tso. ചുറ്റും മഞ്ഞുമലകളാൽ തളക്കപ്പെട്ട ആ തെളിനീല തടാകം വല്ലാത്തൊരു കാഴ്ച്ച തന്നെയായിരുന്നു. പോരാത്തതിന് അന്ന് പൂർണ്ണചന്ദ്രനും.. ഏതോ പരസ്യവാചകം പോലെ “ഇതിലും നല്ലൊരു കാഴ്ച സ്വപ്നങ്ങളിൽ മാത്രം”…! പദ്മ guest house ൽ ആണ് താമസിച്ചത്. Recommended for stay. NB: കൂർത്ത കല്ലുകൾ നിറഞ്ഞ shayok വഴി പോകുമ്പോൾ തീർച്ചയായും puncture kit എടുക്കണം. അതിരാവിലെ തന്നെ റൈഡ് തുടങ്ങുകയും വേണം.
Day7: Pangong to Leh : ഇന്നായിരുന്നു ഞങ്ങളുടെ പ്ലാൻ അനുസരിച് ഈ ലഡാഖ് യാത്രയിലെ ഏറ്റവും വലിയ ലക്ഷ്യമായിരുന്ന മാർസിമിക് ലാ കീഴടക്കേണ്ട ദിവസം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് ആയ marsimik la പാങ്കോങിൽ നിന്നും ഏകദേശം 40Km ഒള്ളു. പക്ഷെ നിർഭാഗ്യവശാൽ പെർമിറ്റ് ലഭിക്കാത്തതുകൊണ്ട് മാത്രം ഞങ്ങൾക്കു അവിടെ എത്തിച്ചേരാൻ സാധിച്ചില്ല എന്നത് ഈ യാത്രയിലെ ഒരു വലിയ നിരാശയായി ബാക്കി നിന്നു… എങ്കിലും മാർസിമിക് ലാ കീഴടക്കാൻ ഒരിക്കൽ കൂടി വരുമെന്ന് മനസ്സിലുറപ്പിച്ചു സൂര്യോദയവും കണ്ടു ഞങ്ങൾ പാങ്കോങിൽ നിന്നും തിരിച്ചു ലേയിലേക് യാത്ര തുടങ്ങി. വഴിയിലെ Chang la പാസ്സ് ഞങ്ങൾക്കു ഒരു പ്രശ്നമായി തോന്നിയതേ ഇല്ല. കുന്നും മലയും ദുർഘടപാതകളും ഞങ്ങൾക്കു സുപരിചിതമായി കഴിഞ്ഞിരുന്നു. തിരിച്ചു ലെ വന്നു വണ്ടികൾ എല്ലാം സർവീസ് ചെയ്ത ശേഷം റൂമിൽ എത്തി. പിന്നെ ടിബറ്റൻ മാർക്കറ്റിൽ നിന്നും വീട്ടിലേക്കു ലഡാക് സ്റ്റൈലിലെ മാലകൾ വാങ്ങി. വന്നവഴി തിരിച്ചപോവാൻ സാധിക്കില്ല എന്നറിയിച്ചുകൊണ്ട് niyaz ലേയിൽ നിന്നും ബസ്സിൽ മണാലിയിലേക് തിരിച്ചു. ഞങ്ങൾ 3 പേർ ആയി പിന്നെ യാത്ര.
Day8: Leh to Tso Moriri ; ഒരുപക്ഷെ പാങ്കോങ്ങിനെക്കാൾ ഭംഗിയുള്ളത് -അതാണ് സൊ മോറിറി തടാകം. പലരും പാങ്കോങ് പോയതുകൊണ്ട് അല്ലെങ്കിൽ സമയക്കുറവുകൊണ്ട് Tso moriri ഒഴിവാക്കുന്നു. അങ്ങനെയുള്ളവർ പാങ്കോങ് ഒഴിവാക്കി Tso Moriri യിലേക് പോകു – നിങ്ങൾ വേറൊരു ലോകത്തായിരിക്കും എത്തിപ്പെടുക. ഭൂരിഭാഗവും വിജനമായ വഴികൾ. ഇടയ്ക്കു ഒന്നോ രണ്ടോ ഗ്രാമങ്ങൾ. Tso moriri ക്കു തൊട്ടു മുൻപുള്ള Kiagar Tso തടാകവും വളരെ മനോഹരമാണ്. പച്ചപുതച്ചു കിടക്കുന്ന ഈ പ്രദേശം സിനിമകളിൽ കാണുന്ന പല വിദേശരാജ്യങ്ങളെയും അനുസ്മരിപ്പിക്കുന്നു. Tso moriri യുടെ തീരത്തുള്ള Karzok എന്ന ഗ്രാമത്തിൽ ആണ് താമസസൗകര്യങ്ങൾ ലഭിക്കുക. ടെന്റിനേക്കാൾ ഹോംസ്റ്റേ ആണ് സൗകര്യപ്രദവും വിലക്കുറവും. ഈ ഗ്രാമത്തിന്റെ തൊട്ടു മുകളിൽ ആണ് nomads ജീവിക്കുന്നത്. ജീവിതകാലം മുഴുവൻ ആടുകളെയും മേച്ചു അലഞ്ഞു നടക്കുന്ന ഇവരുടെ ജീവിതം ഒരു അത്ഭുതം തന്നെയാണ്..
Day9: Tso moriri to Keylong : Tso moriri യുടെ ഭംഗി മുഴുവൻ ആസ്വദിച്ചു ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. വന്ന വഴി തിരിച്ചു വരേണ്ട കാര്യമില്ല. Tso Kar തടാകക്കരയിലൂടെ ഏകദേശം 110Km യാത്ര സഞ്ചരിച്ചാൽ നമ്മുടെ ലെ-മണാലി ഹൈവേയിലെ മോറെ പ്ലെയിൻസിൽ വന്നു കയറാം. മോറെ പ്ലെയിൻസിലൂടെ വരുമ്പോൾ നമുക്ക് ഒത്തിരി cyclersനെ കാണാൻ സാധിക്കും. ബൈക്കുകൾ പോലും കയറാൻ മടിക്കുന്ന ഈ വഴികളിലൂടെ സൈക്കിളുമായി വന്ന ഇവർ മിക്കവരും foreigners ആണ്. പിന്നെ തമിഴ്നാട്ടിൽ നിന്നും ഒരു hero honda passion+ ഓടിച്ചു വന്ന ഒരാളെയും ഈ വഴിയിൽ വച്ച് കണ്ടുമുട്ടി. ഇവരെയൊക്കെ കാണുമ്പോഴാണ് ജീവിതത്തിലെ ഏത് ബുദ്ധിമുട്ടുകളും കഠിനപ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തോടുകൂടെയും മറികടക്കാം എന്ന് പറയുന്നത് ശരിയാണെന്നു നമുക്കു മനസ്സിലാകുന്നത്. സർച്ചു കഴിഞ്ഞു പിന്നെ ഹിമാചൽ ആണ്. ഹിമാചൽ പ്രദേശിലേക് കടന്നു എന്നറിയാൻ മലകളിലേക്ക് നോക്കിയാൽ മതി. കാരണം പച്ചപ്പ് നിറഞ്ഞതാണ് ഇവിടുത്തെ മലനിരകൾ. ജമ്മു കാശ്മീരിലേത് നേരെ മറിച്ചും.
Day10: Keylong to Manali : രാത്രി ഓടിയ വഴികളിലൂടെയെല്ലാം ഒരു പകൽ യാത്ര. അതൊരു പാഠമായിരുന്നു. അന്നു രാത്രി ഞങ്ങളുടെ മുന്നിൽ മരണക്കെണിയുമായി നിന്ന രോഹ്താങ് പാസ്സ് പകൽ ഞങ്ങൾ ഈസിയായി കടന്നു. മുഴുവൻ ഭംഗിയും ആസ്വദിച്ചു കൊണ്ട്. കാണേണ്ട സ്ഥലം തന്നെയാണ് രോഹ്താങ്. അതുകൊണ്ടുതന്നെ ഭയങ്കര തിരക്കായിരുന്നു അവിടെ. ഒരിക്കലും മറക്കാൻ പറ്റില്ല തിരിച്ചു ചുരമിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ. അഗാധമായ കൊക്കയും പച്ചപ്പുനിറഞ്ഞ താഴ്വാരകളും മഞ്ഞിൻ തൊപ്പിയണിഞ്ഞ മലനിരകളും വെള്ളച്ചാട്ടങ്ങളും, വാക്കുകൾ തികയില്ല കണ്ടത് പറഞ്ഞറിയിക്കാൻ. ഹിമാചൽ പ്രദേശിലെ ട്രാൻസ്പോർട് ബസുകളിൽ എല്ലാം കാണുന്ന ഒരു വാചകമുണ്ട് – देवभूमि हिमाचल. ശരിക്കും അവിടം ദേവഭൂമി തന്നെയാണ് കേട്ടോ…
ഹൈദർ മണാലി വരെയാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. ലീവ് കുറവായത് കൊണ്ട് അവനു റൈഡ് അവിടെ വച്ച് നിർത്തേണ്ടി വന്നു. പിന്നെ നാട്ടിൽ തിരക്കിട്ടു എത്തിയിട്ട് പ്രത്യേകിച്ച് വലിയ ആവശ്യങ്ങളൊന്നുമില്ലാത്ത ഞാനും അരവിന്ദുമായി ബാക്കി യാത്രയിൽ. മണാലിയിൽ എത്തിയ ഞങ്ങൾ വീണ്ടും makemytrip വഴി Hotel Himalayan Stay, kanyal road, manali ൽ റൂം എടുത്തു. ഇതുവരെ ഞങ്ങൾ താമസിച്ചതിൽ ഏറ്റവും നല്ല ഹോട്ടൽ. ബ്രേക്ഫാസ്റ്റ് ഉൾപ്പടെ ഉള്ള താമസത്തിനു ഞങ്ങൾക്കു 2 പേർക്കും കൂടി ചിലവായത് മൊത്തം വെറും 400Rs!!
Day11: Manali ; ഹഡിംബ ടെംപിൾ, മാൾ റോഡ് തുടങ്ങി മണാലി മുഴുവൻ ചുറ്റി കണ്ടു. നൈറ്റ് ലൈഫ് വളരെ ആക്റ്റീവ് ആയ ഒരു സ്ഥലമാണ് മണാലി. Day12: Manali – Kasol – Mandi : സ്പിതി വാലി പോകണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്ന ഞങ്ങൾക്കു പക്ഷെ ശാരീരിക അസ്വാസ്ഥ്യം മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു. പകരം മണാലിയിൽ നിന്നും നേരെ പോയത് ഇസ്രായേലികളുടെയും കഞ്ചാവിന്റെയും നാടായ കസോളിലേക്. പക്ഷെ അതിലും എത്രയോ മടങ്ങു മനോഹരമായ സ്ഥലങ്ങൾ കണ്ടു കഴിഞ്ഞു വന്ന ഞങ്ങൾക്കു അവിടം അത്ര ആകർഷണീയമായി തോന്നിയില്ല. പിന്നെ ട്രെക്കിങ്ങിനും ഒരുങ്ങിയിരുന്നില്ല, അതിനാൽ ശ്രമിച്ചതുമില്ല. പിന്നെ 24 മണിക്കൂറും ഭൂമിക്കടിയിൽ നിന്നും തിളച്ചവെള്ളം വരുന്ന Manikaran സന്ദർശിച്ചു. പ്രകൃതിയുടെ ആ മായാജാലം അമ്പരപ്പിക്കുന്നതാണ്. അവിടെ നിന്നും തിരിച്ചു ഞങ്ങൾ നേരെ പോയത് മണ്ടിയിലേക്ക്. തുച്ഛമായ വിലക്ക് വയറു നിറയെ ഭക്ഷണം ലഭിക്കുന്ന പഞ്ചാബി ധാബകൾ ഉള്ള അവിടെ നല്ല താമസസൗകര്യങ്ങളും ലഭ്യമാണ്.
Day13: Manali to Chandigarh : മണ്ടിയിൽ നിന്നും യാത്ര തുടങ്ങി. വഴികളെല്ലാം കണ്ണിനു കുളിരേകുന്ന കാഴ്ചകളാൽ നിറഞ്ഞതായിരുന്നു. പിന്നെ നല്ല റോഡുകളും. വൈകീട്ടോടെ ചണ്ഡീഗഡ് എത്തി ഞങ്ങൾ makemytripലൂടെ ബുക്ക് ചെയ്ത ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. Day14: Chandigarh : ചൂടായിരുന്നു കാലാവസ്ഥ. Planned city ആയ ചണ്ഡീഗഡിൽ സ്ഥലപ്പേരുകൾ ഇല്ല. മുഴുവൻ sectorകൾ ആണ്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വഴി തെറ്റാതെ അവിടെ മുഴുവൻ കറങ്ങി കണ്ടു. Day15: Chandigarh : ചണ്ഡീഗഡ് റെയിൽവേ സ്റ്റേഷനിൽ വച്ചു വണ്ടി പാക്ക് ചെയ്തു, പാർസൽ റെസിപ്റ്റ് കൈപ്പറ്റി. പക്ഷെ അവിടെ കേരളാ രെജിസ്ട്രേഷൻ ബൈക്കുകളുടെ ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് വണ്ടി അടുത്തെങ്ങും നാട്ടിൽ എത്തില്ലെന്ന് മനസ്സിലായി. NB: ladakh യാത്ര ചെയ്യുന്നവർ വണ്ടി ഡൽഹിയിൽ കൊണ്ട് പോയി പാർസൽ ചെയ്യുന്നതിന് പകരം ചണ്ഡീഗഡ് നിന്ന് ചെയ്യുന്നതായിരിക്കും നല്ലത്. ഡൽഹിയേക്കാൾ തിരക്ക് കുറഞ്ഞ ഇവിടെ ബൈക്കുകൾ പാർസൽ ചെയ്യുന്നതിന് വേണ്ടി വളരെ മനോഹരമായി പാക്ക് ചെയ്തു തരികയും അനാവശ്യമായി നമ്മുടെ കയ്യിൽ നിന്നും കാശ് വാങ്ങാതിരിക്കുയും ചെയ്യും.
Day16: Flying back to Kochi : 8 മണിയുടെ Go Air ൽ ചണ്ഡീഗഡ്നോട് വിട പറഞ്ഞു. മുംബൈയിൽ 3 മണിക്കൂർ പോസ്റ്റ് ആയി. രാത്രി 7.30 ഓടെ കൊച്ചിയിലെത്തി. ഹിമവാന്റെ നാട്ടിൽ ഏകദേശം 2700km ബൈക്ക് യാത്ര കഴിഞ്ഞു ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.. അങ്ങനെ ഉയരങ്ങൾ കീഴടക്കി ജീവിതത്തിലെ വലിയൊരു മോഹം സഫലീകരിച്ചു തിരിച്ചെത്തിയ ഞങ്ങൾക്കു സുഹൃത്തുക്കൾ നല്ലൊരു സ്വീകരണം ഒരുക്കിയിരുന്നു… ഞങ്ങളുടെ ഈയൊരു ട്രിപ്പിൽ നിന്നും വളരെയധികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ഭാവിയിൽ ഇങ്ങനെ ഒരു ഹിമാലയൻ യാത്ര നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി അതൊക്കെ ചുവടെ ചേർക്കുന്നു..
1). വണ്ടിയുടെ പണികൾ മുഴുവൻ തീർത്തിട്ട് പോവുക. ബാറ്ററി, സ്പാർക് പ്ലഗ്, ചെയിൻ ലോക്ക്, കേബിൾസ് തുടങ്ങിയവ നിർബന്ധമായും പരിശോധിക്കുക. 2). Tools and puncture kit must. 3). പുലർച്ചെ 5.30 യോട് കൂടി അവിടെ സൂര്യനുദിക്കും. മിനിമം 6 മണിക്കെങ്കിലും റൈഡ് തുടങ്ങുക. നേരത്തെ നിർത്തുക. 4). മണാലി വരെ makemytrip ഉപയോഗിക്കുക, അതിനുശേഷം നാവുകൊണ്ട് വിലപേശുക. വളരെ കുറഞ്ഞ നിരക്കിൽ താമസസൗകര്യം ലഭിക്കും. 5). യാതൊന്നും പേടിക്കാനില്ല. Foreigners കഴിഞ്ഞാൽ അവിടെ ഏറ്റവുമധികം കാണുന്നത് മലയാളികളെയാണ്. യാത്രാമധ്യേ എന്ത് സംഭവിച്ചാലും ആ വഴി കടന്നു പോകുന്ന എല്ലാവരും സഹായിക്കും. 6). എല്ലാ പമ്പിലും ഫുൾ ടാങ്ക് അടിക്കുക. ബാക്കി കന്നാസിലും കരുതുക. മണാലിയിൽ നിന്ന് വരുമ്പോൾ tandiക്കും lehക്കും ഇടയിൽ 365Km പെട്രോൾ പമ്പില്ല.
7). Diamox tablet, oxygen സിലിണ്ടർ തുടങ്ങിയവ കരുതുക. പക്ഷെ താഴെ പറയുന്ന 2 കാര്യങ്ങൾ പാലിച്ചാൽ ഇതൊന്നും ആവശ്യം വരില്ല. a). ദാഹിച്ചില്ലെങ്കിലും വെള്ളം എപ്പോഴും കുടിക്കുക. പിന്നെ ബോധപൂർവം ശ്വാസം എടുത്തുകൊണ്ടിരിക്കുക. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് കൂടാൻ സഹായിക്കും. b). എപ്പോഴും chewing gum ചവച്ചുകൊണ്ടിരിക്കുക. Pressure difference ഇല്ലാതാക്കാൻ അത് സഹായിക്കും.
8). റെന്റ് ബൈക്ക് എടുക്കുമ്പോൾ കണ്ടീഷൻ നോക്കി എടുക്കുക. വഴിയിൽ പണികിട്ടി കിടന്ന ഒത്തിരി വണ്ടികൾ കാണാൻ സാധിച്ചു. 9). ബുള്ളറ്റ് കൊണ്ട് മാത്രമേ ഹിമാലയം കയറാൻ പറ്റൂ എന്ന മിഥ്യാധാരണ ഒഴിവാക്കുക. സ്കൂട്ടറുകൾ കൊണ്ട് വരെ Leh – Manali circuit കംപ്ലീറ്റ് ചെയ്തവർ ഉണ്ട്. വല്ലഭനു പുല്ലും ആയുധം എന്നാണല്ലോ… 10). പക്ഷെ നന്നായി വണ്ടി ഓടിച്ചു പരിചയവും ആത്മവിശ്വാസവുമുണ്ടെങ്കിൽ മാത്രം ഹിമാലയം എന്ന സ്വപ്നം കണ്ടാൽ മതി. തട്ടിയും മുട്ടിയും വണ്ടി ഓടിക്കാൻ അറിയുന്നവർ ബൈക്കും എടുത്ത് ലഡാഖിലേക് വച്ചു പിടിക്കുന്നത് ആത്മഹത്യാപരമാണ്…
ഇതുവരെ ക്ഷമയോടെ വായിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദി. നിങ്ങൾക് ഒരു പ്രചോദനമാകാൻ സാധിച്ചെങ്കിൽ ഞങ്ങൾക്കു വളരെയധികം സന്തോഷമുണ്ട്. ഇങ്ങനെ ഒരു യാത്ര പോകുന്നു എന്നറിഞ്ഞപ്പോൾ പലരും ചോദിച്ച ഒരു ചോദ്യമുണ്ട്, ഇത്രയും കാശു മുടക്കി യാത്ര പോകാൻ വട്ടാണോ അതോ അഹങ്കാരമാണോ എന്ന്.. എന്നാൽ ഇത് രണ്ടുമല്ല… പൊട്ടക്കിണറ്റിലെ തവളകൾക്കു കിണറ്റിനു പുറത്തെ ലോകം എങ്ങനാണെന്നു അറിയാനൊരു മോഹം… അത്രേയുള്ളു… പിന്നെ ഭ്രാന്തമായി പണിയെടുക്കാനും പണം പൂഴ്ത്തിവെക്കാനും മാത്രാമാകരുതല്ലോ ജീവിതം… ആരോ പറഞ്ഞതുപോലെ – Lets travel and grow..!