രാജസ്ഥാൻ : ഭാരതീയ സംസ്കാരത്തിൻ്റെ ചരിത്രമുറങ്ങുന്ന മണ്ണിലേക്കൊരു മടക്കയാത്ര

വിവരണം – വൈശാഖ് എസ് നായർ.

രാജസ്ഥാൻ കേവലം മരുഭൂമി മാത്രമാണെന്ന് നിങ്ങൾക്കൊരു ധാരണ ഉണ്ടെങ്കിൽ തെറ്റി.. മണലാരണ്യങ്ങൾക്കു പുറമെ തടാകങ്ങളൂം, കുന്നുകളും മാനം മുട്ടെ ആകാശത്തെ ചുംബിച്ചെന്നോണം ഉയർന്നു നിൽക്കുന്ന രാജകൊട്ടാരങ്ങളും നിലകൊള്ളുന്ന ചരിത്രമുറങ്ങുന്ന ഭാരതത്തിന്റെ അതിമനോഹരമായ സംസ്ഥാനം. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തേക്കു ഡേഹ്‌റാഡൂൺ എക്സ്പ്രസ്സിൽ എറണാകുളത്തുന്നു വച്ചു പിടിക്കുമ്പോൾ ചൂട് കുറച്ചു കനത്തിരുന്നു. രാജസ്ഥാനിലെ ചൂടിനെപ്പറ്റി ആലോചിച്ചപ്പോൾ ചെറിയൊരു പേടി അലട്ടിയിരുന്നു. എന്നിരുന്നാലും ഹ്യൂമിഡിറ്റി കേരളത്തിലേതിനേക്കാൾ കുറവാണെന്ന ഒരു ധാരണ നമ്മുടെ ഗൂഗിൾ തന്നിരുന്നതു കാരണം ആ ഒരു ആശ്വാസത്തിൽ യാത്ര തുടർന്നു.

ഒന്നര ദിവസത്തെ യാത്രക്ക് ശേഷം കോട്ട എന്ന സ്ഥലത്ത് എത്തി. തണുത്ത ഒരു വെളുപ്പാൻകാലമാണ് ഞങ്ങളെ അവിടെ വരവേറ്റത്. കോട്ട റെയിൽവേ സ്റ്റേഷൻ എന്റെ ധാരണകളെ എല്ലാം തെറ്റിക്കുന്ന ഒരു വരവേൽപാണ്‌ ഞങ്ങൾക്ക് തന്നത്. വളരെ വൃത്തിയുള്ള ചുറ്റുപാടും സൗകര്യങ്ങളും. എന്നാൽപ്പിന്നെ അവിടെത്തന്നെയാകാം കുളിയും ബാക്കി പ്രഭാത കർമങ്ങളും എന്നു തന്നെയുള്ള ധാരണയിൽ എത്തി. ഞങ്ങളുടെ ആദ്യ ദിവസം ചിറ്റോർഗർഹ് കൊട്ടാരത്തിലേക്കാണ്. പദ്മാവതി എന്ന ഹിന്ദി ചിത്രം തന്നെയാണ് അങ്ങോട്ടേക്ക് പോകാനുള്ള ഞങ്ങളുടെ ഉത്കണ്ഠക്ക് കാരണം എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. റാണി പദ്മാവതിയുടെയും അലാഉദ്ദിൻ ഖിൽജി യുടെയും കഥകൾ ഉറങ്ങുന്ന കൊട്ടാരത്തിലേക്ക് തെന്നെയാകാം ആദ്യ യാത്ര എന്നു പുറപ്പെടുമ്പോൾ തന്നെ ഒരു ധാരണ ഉണ്ടായിരുന്നു.

റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോറിക്ഷയിൽ കോട്ട ബസ് സ്റ്റാൻഡിലേക്ക് എത്തി. അതിരാവിലെ തന്നെ ഉദയ്‌പുരിനുള്ള ബസിൽ ഇടം പിടിച്ചു. ഉദയ്‌പൂരിനുള്ള യാത്രാമദ്ധ്യ ആണ് ചിറ്റോർഗർഹ് കൊട്ടാരം. കോട്ടയിൽ നിന്നും ഏതാണ്ട് 3 മണിക്കൂർ യാത്ര. ചിറ്റൊർഗർഹ്നു ചുറ്റും അധികം ജനവാസം ഇല്ലാത്ത സ്ഥലങ്ങളാണ്. കൊട്ടാരത്തിലേക്കു നടന്നു കയറുക ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് കൊട്ടാരം കണ്ടപ്പോളെ മനസിലായതുകൊണ്ട് ഓട്ടോറിക്ഷ തന്നെ ശരണം എന്ന തീരുമാനത്തിലെത്തി. രാജസ്ഥാനിലെ ഓട്ടോ ഡ്രൈവർമാർ അവിടുത്തെ ചരിത്ര കാര്യങ്ങളിൽ നല്ല അവഗാഹം ഉള്ളവരാണെന്നു ആദ്യ യാത്രയിൽ തന്നെ മനസിലായി. ഓട്ടോ ചാർജിനു പുറമെ അമ്പതോ നൂറോ അധികം കൊടുത്താൽ നമ്മൾ എല്ലാവർക്കും കൂടി കൊട്ടകളെപ്പറ്റിയുള്ള കഥകളും ചരിത്രങ്ങളും സഹിതം നമ്മുടെ ഈ പറഞ്ഞ ഓട്ടോ ചേട്ടന്മാർ പറഞ്ഞുതരും. അല്ലെങ്കിൽ നമുക്ക് വേറൊരു ഗൈഡിനെ വിളിക്കാം. അവർക്കും ഇതേപോലെ നൂറു രൂപ കൊടുത്താൽ കൂടെ നടന്നു കാഴ്ചകൾ വിവരിച്ചുതരും. തീർച്ചയായും രാജസ്ഥാൻ യാത്രയിൽ ചരിത്രപരമായ കഥകൾ മനസിലാക്കിയില്ലെങ്കിൽ അങ്ങോട്ടേക്കുള്ള യാത്ര ഒരു പ്രഹസനം മാത്രമായിരിക്കും. വെറുതെ കാണുക എന്നതിലുപരി ഓരോ കൊട്ടാരങ്ങളുടെയും ചരിത്രവും കഥകളും മനസിലാക്കി വേണം രാജസ്ഥാൻ യാത്ര ചെയ്യാൻ എന്നത് ചിറ്റോർഗാർഹിലേക്കുള്ള യാത്രയിൽ തന്നെ മനസിലാക്കി.

ചിറ്റൊർഗർഹ് കൊട്ടാരം : കിലോമീറ്ററോളം പരന്നു കിടക്കുന്ന ചരിത്രത്തിന്റെ ഏടുകൾ, അതാണ് ചിറ്റൊർഗർഹ്. കൃഷ്ണ ഭക്തയായ മീരാ ഭായിയുടെ സ്വരമാധുര്യം അറിഞ്ഞ ഈണങ്ങൾ അലതല്ലിയിരുന്ന കൃഷ്‌ണക്ഷേത്രം,റാണി പദ്മാവതിയുടെ ഓർമ്മകൾ ഉറങ്ങുന്ന ജോഹർ കുണ്ഡ്, വേനൽക്കാല സ്നാനത്തിനായ് ഒരുക്കിയിട്ടിരിക്കുന്ന ഭീമാകാരനായ തടാകം, റാണി പത്മാവതിയുടെ തന്നെ വേനൽക്കാല വസതിയുടെ നശിച്ചുപോയ ഭാഗങ്ങൾ ഇവയൊക്കെ ചിറ്റോർഗാർഹിനെ കാഴ്ചക്കാരുടെ പ്രിയപ്പെട്ടവയാ ക്കുന്നുവെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തി കാണാൻ കഴിയില്ല.

അലാഉദ്ദിൻ ഖിൽജിയുടെ 10 വർഷത്തെ ഭരണത്തിനു ശേഷമുള്ള മടങ്ങിപോകലിന്റെ ബാക്കിപത്രമാണ് ചിറ്റൊർഗർഹ് കൊട്ടാരത്തിന്റെ നശിച്ചു പോയ ഭാഗങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്. കുറെയൊക്കെ ഇടിഞ്ഞു പൊളിഞ്ഞു നശിച്ചിരിക്കുന്നു. ചിറ്റോർഗാർഹിലെ രാജാവായിരുന്ന റാണ രത്തൻ സിംഗ് ന്റെ കൈകളിൽ നിന്നും പതിമൂന്നാം ആണ്ടിൽ തുർക്കിക്കാരനായിരുന്ന അന്നത്തെ ഡൽഹി ഭരണാധികാരി അലാഉദ്ദിൻ ഖിൽജി പിടിച്ചടക്കിയതാണ് ചിറ്റൊർഗർഹ് കൊട്ടാരം. ചിറ്റൊർഗർഹ് ആക്രമിക്കാൻ വന്ന സമയത്താണത്രെ ഖിൽജി റാണ രത്തൻ സിംഗിന്റെ പതിനഞ്ചാമത്തെ ഭാര്യ ആയിരുന്ന റാണി പദ്മാവതിയെ കാണുന്നത്. റാണിയുടെ സൗന്ദര്യത്തിൽ മതി മറന്ന ഖിൽജി അവളെ സ്വന്തമാക്കാൻ മനസ്സിൽ കണക്കു കൂട്ടി. രത്തൻ സിംഗിന്റെ കോട്ട വളഞ്ഞ ഖിൽജി അവളെ ഒരു തവണ കണ്ടാൽ മതി തിരികെ പോയ്കോളാം എന്നു പറഞ്ഞു ബോധ്യപ്പെടുത്തി. അതിന്മേൽ ഖിൽജിക്ക് കാണാൻ കുറച്ചു ദൂരത്തിൽ ഒരു കൊച്ചു കെട്ടിടം പണിയുകയും പദ്മാവതിയുടെ പ്രതിബിംബം കണ്ണാടി വഴി കാണിക്കുകയും ചെയ്തു. റാണിയെ കണ്ടതിനുശേഷം ഖിൽജി തന്റെ പ്രസ്താവന മാറ്റുകയും പദ്മാവതിയെ സ്വന്തമാക്കാൻ റാണ രത്തൻ സിംഗ് ആയി യുദ്ധം ചെയ്യുകയും ചെയ്തു എന്നാണ് ചരിത്രം . ഖിൽജി റാണയെ പരാജയപെടുത്തിയതറിഞ്ഞ പദ്മാവതിയും തോഴിമാരും ഉയരത്തിൽ നിന്നും ചിതയിൽ ചാടി സ്വയം ജീവൻ വെടിഞ്ഞു .റാണി ജീവൻ വെടിഞ്ഞ സ്ഥലം ജോഹർ കുണ്ഡ് എന്നു അറിയപ്പെടുന്നു. ചിറ്റോർഗാർഹിൽ നിന്നും പടിയിറങ്ങുമ്പോൾ ആശ്ചര്യവും ഒരു പിടി നൊമ്പരവും മനസ്സിൽ ബാക്കിയായി.

ഉദയ്‌പൂരിലേക്ക് :ചിറ്റോർഗാർഹിൽ നിന്നും കൃത്യം 3 മണിക്കൂർ യാത്ര അകലെയാണ് തടാകങ്ങളുടെയും കുന്നിൻചെരിവുകളുടെയും പ്രകൃതി സൗന്ദര്യം വിളിച്ചോതുന്ന ഉദയ്‌പൂർ എന്ന സുന്ദരമായ നഗരം. മലകളുടെയും മറ്റും സാന്നിധ്യം കൊണ്ടാവണം താരതമ്യേന നല്ല തണുപ്പുള്ള പ്രദേശം. ഏറ്റവും എടുത്തുപറയേണ്ടത് മറ്റൊന്നുമല്ല വൃത്തി തന്നെ. ഇത്രയും വൃത്തിയും വെടിപ്പുമുള്ള ഒരു നഗരം ഇന്ത്യയിൽ ഞാൻ ഇതിനു മുന്നേ കണ്ടിട്ടില്ല. ഉദയ്‌പൂരിലെ ഏറ്റവും വലിയ ആകർഷണങ്ങൾ പിച്ചോള തടാകവും, സിറ്റി പാലസും തന്നെ. പിച്ചോള തടാകത്തിന്റെ സൗന്ദര്യം അവർണനീയമായ ഒന്നാണെന്നു ആദ്യത്തെ കാഴ്ചയിൽ തന്നെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു. തെളിഞ്ഞ നീല നിറത്തിലുള്ള തടാകത്തിലെ അലതല്ലുന്ന ഓളങ്ങളിൽ നോക്കി നിൽക്കവേ സൂര്യാസ്തമന ദൃശ്യം എന്റെ കണ്ണുകളെ ഉടക്കി . ദൂരെ കാണുന്ന മലകൾക്കിടയിൽ അസ്തമിക്കുന്ന സൂര്യനെ എന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. തികച്ചും വൃത്തിയുള്ള ചുറ്റുപാടുള്ള തടാകത്തിലെ തോണിയിൽ കൂട്ടം കൂടിയിരിക്കുന്ന പ്രാവിന്കൂട്ടങ്ങൾ, വിശ്രമത്തിനും വൈകുന്നേരത്തെ കുശലം പറച്ചിലിനുമായി പ്രായഭേദമെന്യേ വന്നിരിക്കുന്ന ആളുകൾ, ശ്വാസനാളങ്ങള തഴുകി കയറിപ്പോകുന്ന മന്ദമാരുതൻ… ഇവയൊക്കെ പിച്ചോള തടാകത്തിൽ ആരെയും മണിക്കൂറുകളോളം പിടിച്ചു നിർത്തുന്ന ഒന്നാണ്. നേരം ഏതാണ്ട് സന്ധ്യയോട് അടുത്തപ്പോൾ സിറ്റി പാലസിന്റെ പിച്ചോള തടാകത്തിൽ നിന്നുള്ള ദൃശ്യം കണ്ടുതുടങ്ങി. പ്രകാശഭൂരിതമായ സിറ്റി പാലസ് സ്വർണനിറത്തിൽ ജ്വലിച്ചങ്ങനെ നിൽക്കുകയാണ്.വർണനകൾക്കതീതമായി നഗ്നനേത്രങ്ങളെ ആവേശം കൊള്ളിക്കുന്ന കാഴ്ച. പിറ്റേന്ന് രാവിലെ സിറ്റി പാലസിലേക്ക് തന്നെയാണ് പോകേണ്ടത് എന്നോർത്തപ്പോൾ ആവേശം ഇരട്ടിയായി. വൈകുന്നേരം ഉദയ്‌പൂരിലെ ഇടവഴികളിൽ വിദേശ പൗരന്മാരുടെയും,യുവതീയുവാക്കളുടെയും തിരക്കാണ്. ഇടവഴികളെല്ലാം തികച്ചും വൃത്തിയും വെടിപ്പും നിറഞ്ഞവ.വൈകുന്നേരത്തെ രാജസ്ഥാനി താലി മീൽസ് കഴിച്ചു ഹോട്ടൽ റൂമിലേക്ക്‌ മടങ്ങി.

പിറ്റേന്ന് രാവിലെ സിറ്റി പാലസിലേക്ക് വച്ചുപിടിച്ചു. തൂവെള്ളനിറത്തിൽ രാജപ്രൗഢിയോടെ നിലകൊള്ളുന്ന ഭീമാകാരനായ കൊട്ടാരം. കുന്നിൻമുകളിൽ നിന്നും വീശിയടിക്കുന്ന മന്ദമാരുതൻ പിച്ചോള തടാകത്തിൽ ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ട് രാജകൊട്ടാരത്തെ തഴുകി തലോടി ദിശയറിയാതെ പോയ്കൊണ്ടേയിരുന്നു. രാജകൊട്ടാരത്തിനകത് അതിഗംഭീരമായ മ്യൂസിയം. അകത്തേക്ക് കടന്നു മ്യൂസിയം കാണണമെങ്കിൽ 300/- ആണ് പാസ്സ്. രാജകൊട്ടാരത്തിലെ പുരാതനമായ ഒട്ടേറെ സാധനസമഗ്രഹികൾ, പടയാളികളുടെ പടച്ചട്ട, രാജസിംഹാസനം, ആയുധങ്ങൾ ഇവയൊക്കെ നമ്മെ പണ്ടുകാലത്തേക്ക് കൂട്ടികൊണ്ടുപോകും എന്നതിൽ തർക്കമില്ല. സിറ്റി പാലസിൽ നിന്നും ഹോട്ടൽ റൂമിലേക്ക്‌ പോകുംവഴി നല്ല ഒന്നാംതരം ഒരു രാജസ്ഥാൻ കല്യാണവും കൂടാൻ ഭാഗ്യം ഉണ്ടായി. വിളിച്ചിട്ടല്ലെങ്കിലും വലിഞ്ഞു കയറിച്ചെന്നു രാജസ്ഥാൻ കല്യാണം ഫോണിൽ പകർത്തുകയും ചെയ്തു. കുതിരപ്പുറത്തു വരുന്ന മണവാളനും മണവാട്ടിയും, കൈയിൽ താലവുമേന്തി വരുന്ന തോഴിമാർ. ചുരുക്കിപ്പറഞ്ഞാൽ ഇവയെല്ലാം കൂടി കാണുമ്പോൾ ഒരു ആനച്ചന്തം തന്നെ.

മൗണ്ട് അബുവിലേക്ക് : ഉദയ്പൂർ നിന്നും മൗണ്ട് അബുവിലേക്ക് ഏതാണ്ട് 4 മണിക്കൂർ യാത്രയുണ്ട്. രാജസ്ഥാനിലെ ഒരേയൊരു ഹിൽ സ്റ്റേഷൻ, അതാണ്‌ മൗണ്ട് അബു. അങ്ങോട്ടേക്കുള്ള റോഡുകൾ അതിസുന്ദരം തന്നെ. യാത്ര ചെയ്യുന്നവർക്ക് യാതൊരു ക്ലേശവും ഉണ്ടാകാത്ത തരത്തിലുള്ള കണ്ണാടി പോലെ തിളങ്ങുന്ന റോഡുകൾ. അകലെ നിന്നു തന്നെ കുന്നിന്ചെരിവുകളുടെ ദൃശ്യം കാഴ്ചയെ സുന്ദരമാക്കാൻ തുടങ്ങിയിരിക്കുന്നു. വൈകുന്നേരത്തോടു കൂടി മൗണ്ട് അബുവിലേക്ക് എത്തി. നല്ല തണുത്ത കാലാവസ്ഥ. ഹോട്ടൽ റൂമിൽ ചെന്നു ചെറുതായൊന്നു വിശ്രമിച്ചു. വൈകുന്നേരം മൗണ്ട് അബുവിലെ പാതയോരത്തിലൂടെ ഒരു നടത്തം, എന്നിട്ട് പിറ്റേന്ന് കാണാനുള്ള സ്ഥലങ്ങൾ ചോദിച്ചു മനസിലാക്കുക അതായിരുന്നു ലക്ഷ്യം. അല്പം തിരക്കുള്ള പാതയോരം, അവിടെ കച്ചവടക്കാർ ധാരാളം ടൂറിസ്റ്റുകളെ പ്രതീക്ഷിച്ചു ഇരിക്കുന്നു. ഗുരു ശിഖറും,”ദിൽവാര” ക്ഷേത്രവും,”നക്കി”തടാകവും ആണ് പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നു അവിടുത്തുകാരനോട് തന്നെ ചോദിച്ചു മനസിലാക്കി. ഗുരു ശിഖർ മൗണ്ട് അബുവിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹിൽസ്റ്റേഷനുകളിലൊന്ന്.

മൗണ്ട് അബു എന്ന കൊച്ചു പട്ടണത്തോട് ചേർന്നു തന്നെ കൊച്ചു കൊച്ചു ഓളങ്ങൾ തള്ളി കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും കുളിർമയേകി കിടക്കുന്ന നക്കി തടാകം ബോട്ടിങ്ങിനും മറ്റും വരുന്ന ആളുകളുടെ പ്രധാന വിഹാരകേന്ദ്രങ്ങളിൽ ഒന്നാണ്.തടാകത്തിൽ നീന്തിത്തുടിക്കുന്ന അരയന്നങ്ങളും, വാട്ടർ ഫൗണ്ടൈനും, മനസികോല്ലാസത്തിനായി വിശ്രമിക്കുന്ന ആളുകളും നക്കി തടാകത്തിന്റെ മോടി കൂട്ടുന്നുണ്ട്. തടാകത്തെ വലം വയ്ക്കവെ വളരെ പെട്ടന്നാണ് ബസുരിയുടെ നേർത്ത നാദം ഞങ്ങളുടെ കാതുകളിൽ വന്നലയടിച്ചത്.ബാസുരി നാദം കേട്ട ദിക്കിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഞങ്ങളുടെ പ്രതീക്ഷകളെയാകെ തെറ്റിച്ചുകൊണ്ട് അതാ നദീതീരത്തു കുത്തിയിരുന്നു ബാസുരി വായിക്കുന്നു നല്ലൊരു സുന്ദരൻ സായിപ്പ്. അദ്ദേഹത്തിന്റെ ബാസുരി വായന നന്നേ ഇഷ്ടപെട്ട ഞങ്ങൾ അദ്ദേഹത്തെ പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു.നെതെർലാൻഡ്‌സിൽ നിന്നുള്ള” മിസ്റ്റർ.ബാർട്ട് “ബാസുരി വായനയിൽ അതിവിദഗ്ദനാണ്. നെതെർലാൻഡ്‌സിൽ പേർസണൽ ട്രെയ്നർ ആയ ബാർട്ട് യൂട്യൂബിൽ എപ്പോഴോ ഇന്ത്യയിലെ ബാസുരി കലാകാരന്മാരുടെ വായന കേൾക്കുകയും അതിൽ ആകൃഷ്ടനായി ഇന്ത്യയിലെ ഋഷികേശിൽ എത്തി ബാസുരി വായന പഠിക്കുകയും ഇന്ത്യയിലെ യാത്രയിലുടനീളം ബാസുരിയെ തന്റെ സന്തത സഹചാരിയായി ഒപ്പം കൂട്ടുകയും ചെയ്തുപോരുന്നു . യാത്രയുടെ സായാഹ്നങ്ങളിൽ ബാസുരി വായനയിലൂടെ അദ്ദേഹം ആനന്ദം കണ്ടെത്തുന്നു.ഇന്ത്യയിലെ അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ ഞങ്ങളോട് പങ്കുവെയ്ക്കവേ ഇന്ത്യയുടെ വൈവിധ്യത്തെ വാനോളം പുകഴ്ത്തുന്നുമുണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ സ്വഭാവത്തിലെ പ്രത്യേകതകളും, സാധനങ്ങൾ വിലപേശി വാങ്ങുന്ന രീതികളും, കേടു വന്ന സാധനങ്ങൾ കളയാതെ നന്നാക്കിയെടുത്തു വീണ്ടും ഉപയോഗിക്കുന്ന ശീലങ്ങളുമൊക്കെ അദ്ദേഹം വളരെ ആശ്ചര്യത്തോടെ വർണിച്ചു. നെതെർലാൻഡിൽ ഇങ്ങനത്തെ ശീലങ്ങളൊന്നും ജനങ്ങൾക്കില്ല എന്നു സൂചിപ്പിച്ച അദ്ദേഹം ഐ. ടി മേഖലയിലെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന തന്റെ രാജ്യത്തെ തൊഴിൽ സാധ്യതകളെപ്പറ്റിയും വാഹാചാലനായി. അസ്തമയ സൂര്യൻ അപ്പോഴേക്കും മലയിടുക്കുകൾക്കിടയിൽ കാണാമറയത്തേക്ക് മറഞ്ഞു തുടങ്ങിയിരുന്നു. ബാർട്ടിനോട് യാത്രപറഞ്ഞു ഞങ്ങൾ റൂമിലേക്കും തിരിച്ചു.

ഞങ്ങളുടെ ശ്രദ്ധ ഏറെ ആകർഷിച്ച മറ്റൊരു അത്ഭുത സൃഷ്ടി ദിൽവാര ക്ഷേത്രം ആണെന്ന് പറയുന്നതാവും ശെരി. ജൈനമതക്കാരുടെ ക്ഷേത്രമാണ് ദിൽവാര.പുറമെ നിന്നും നോക്കിയാൽ അധികം ഭംഗിയൊന്നുമില്ല. രാവിലെ പൂജാദികർമ്മങ്ങൾ ഉള്ളതുകാരണം ജൈന മതത്തിൽ പെടാത്തവർക്ക് ഉച്ചക്ക് 12 മണി തൊട്ടേ അകത്തേക്ക് പ്രവേശനമുള്ളൂ. ക്ഷേത്രത്തിനകത്തേക്ക് കയറുവാൻ പ്രത്യേകം പാസ്സോ കാര്യങ്ങളൊന്നും തന്നെയില്ല. സന്ദർശകർ കൊടുക്കുന്ന ദക്ഷിണ മാത്രമാണ് അവിടുത്തെ പൂജാരയുടെയും മറ്റു സേവകരുടെയും വരുമാനം. ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിച്ചുതരാൻ പ്രത്യേകം ആളുകൾ ഉണ്ട്, എന്നാൽ അവർ ഗൈഡുകൾ ഒന്നുമല്ല. മാർബിളിൽ ഉള്ള മനോഹരങ്ങളായ കൊത്തുപണികളാൽ നിറഞ്ഞ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ നല്ല തണുപ്പ് അനുഭവപെട്ടു തുടങ്ങി.അഞ്ച് അമ്പലങ്ങൾ കൂടിച്ചേർന്നിരിക്കുന്ന ദിൽവാരയിലെ പ്രധാന ആകർഷണം മാർബിൾ കൊത്തുപണികളും, 500 കിലോഗ്രാം തങ്കത്തിൽ നിർമിച്ച വിഗ്രഹവും തന്നെ.

ഏതാണ്ട് 1000 വർഷത്തോളം പഴക്കമുള്ള ഈ അമ്പലം പുരാതന കൊത്തുപണികളുടെ സൗന്ദര്യം വിളിച്ചോതുന്നു. ആനകളുടെയും, കുതിരകളുടെയും, നൃത്തരൂപങ്ങളുടെയും രൂപത്തിലുള്ള അതിനൂതനങ്ങളായ പുരാതന കൊത്തുപണികൾക്കൊണ്ടു വശ്യ ഭംഗി കൈവരിച്ചിരിക്കുകയാണ് ദിൽവാര. പുറമെ നിന്നുള്ള ആളുകളുട ശ്രദ്ധ അധികം ഏൽക്കാതിരിക്കാനായി പുറംമോടി അല്പം കുറച്ചു വളരെ ശ്രദ്ധാപൂർവമാണത്രെ ദിൽവാര പണിതിരിക്കുന്നത്.ദീർഘമായ കാലയളവുകൊണ്ട് പണി തീർത്ത ദിൽവാരയിലെ 5 അമ്പലങ്ങളിൽ ഏറ്റവും ഭംഗികൂടിയ അമ്പലം ഏറ്റവും അവസാനത്തേതാണെന്നു വേണമെങ്കിൽ ഒറ്റനോട്ടത്തിൽ പറയാം. അതിനുള്ള കാരണം മറ്റൊന്നുമല്ല. അഞ്ചാമത്തെ അമ്പലം കല്പണിക്കാർ അവരുടെ വിശ്രമ വേളയിൽ രാജാവിന്റെ ആഞ്ജ കൂടാതെ മറ്റു നാല് പ്രധാന അമ്പലങ്ങളുടെ പണികൾക്കു ശേഷം മിച്ചം വന്ന മാർബിൾ കല്ലുകൾ ഉപയോഗിച്ച് സ്വയം മനസ്സാൽ അർപ്പിച്ചു പണികഴിച്ചതാണ്. അവരുടെ മനസ്സും ശരീരവും അർപ്പിച്ചു സ്വന്തം ഇഷ്ടത്താൽ പണി കഴിപ്പിച്ചതുകൊണ്ടാണ് അതിനു ഇത്ര ഭംഗി കൈവന്നതെന്നാണ് ചരിത്രം.

ജോധ്പൂർ (ബ്ലൂ സിറ്റി ): മൗണ്ട് അബുവിൽ നിന്നും ഏതാണ്ട് 6 മണിക്കൂർ യാത്ര. മൗണ്ട് അബുവിലെ ബസ് സ്റ്റേഷനിൽ നിന്നും ഏതാണ്ട് ഉച്ചയോടെ ബസ് പിടിച്ചു ദീർഘമായൊരു യാത്രക്ക് ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. മരുഭൂമി പോലുള്ള തരിശു പ്രദേശങ്ങളും കൊച്ചു കൊച്ചു ടൗണുകളും കടന്നു ജോധ്പുരിലെക്ക് എത്തിയപ്പോൾ ഏതാണ്ട് വൈകുന്നേരം 6 മണിയോടടുത്തിരുന്നു. ജോധ്പുരിൽ ബ്ലൂ സിറ്റിയും, മെഹെൻഗറഹ് ഫോർട്ടും, കളക്ടർ ടവറും പ്രധാന കാഴ്ചകളാണ്. പഴയ രാജഭരണ കാലത്തു ബ്രാഹ്മണർ താമസിച്ചു പോന്നിരുന്ന സ്ഥലമാണ് ബ്ലൂ സിറ്റി. എല്ലാ വീടുകൾക്കും നീല നിറം. മെഹെൻഗറഹ് ഫോർട്ടിനോട് ചേർന്ന് തന്നെ നില കൊള്ളുന്ന കാഴ്ചകളിൽ ബ്ലൂ സിറ്റി മാത്രമല്ല കളക്ടർ ടവറും ഉൾപ്പെടും. 5 മണി വരെ മാത്രം പ്രവേശനം ഉള്ളതിനാൽ ഫോർട്ടിനുള്ളിലെ കാഴ്ചകൾ കാണാൻ സാധിക്കാത്തത് സങ്കടം ഉണർത്തിയെങ്കിലും ജൈസൽമീരിലേക്ക് ഉള്ള യാത്രാമധ്യേയുള്ള ഒരു ഇടം എന്ന നിലയിൽ ഇത്രെയെങ്കിലും കാണാൻ സാധിച്ചതിൽ ഞങ്ങൾ സന്തോഷവാന്മാരായിരുന്നു. രാജസ്ഥാനിലെ ഹൈകോർട്ട് നില കൊള്ളുന്ന ജോധ്പുർ രാജസ്ഥാനിലെ തന്നെ ചൂട് കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. കളക്ടർ ടവർ എടുത്തുപറയേണ്ട ഒന്നാണെന്നു എനിക്ക് തോന്നാൻ കാരണം അതിന്റെ പഴമയും അതിനൂതനമായ മറ്റു ചില പ്രത്യേകതകളും കൊണ്ടാണ്. ഓരോ മണിക്കൂറിലും മണി മുഴക്കുന്ന ഈ ഭീമൻ ഘടികാരത്തിന്റെ ശബ്ദം 5 കിലോമീറ്റർ അകലത്തേക്ക് വരെ കേൾക്കാം. മാത്രമല്ല ഓരോ തവണയും വ്യത്യസ്തമായ ഈണത്തോടു കൂടിയ മണിമുഴക്കം ഇതിനെ കൂടുതൽ വ്യത്യസ്തമായ ഒന്നാക്കുന്നു.

ജോധ്പുരിൽ നിന്നും ജെയ്‌സല്മീരിലേക്കുള്ള യാത്രക്ക് ട്രെയിൻ ആണ്‌ ഉചിതം എന്നു തോന്നിയ ഞങ്ങൾ റെയിൽവേസ്റ്റേഷൻ പിടിച്ചു. ലോക്കൽ ട്രെയിനിൽ രാജസ്ഥാനിലെ തികച്ചും ഗ്രാമീണരായ ആളുകളുടെ ഒപ്പം ഒരു തീവണ്ടി യാത്ര കുറച്ചു ദുസ്സഹമായ യാത്ര ആയിരുന്നെങ്കിൽ കൂടി ഗ്രാമവാസികളെ കൂടുതൽ മനസിലാക്കാൻ അത് സഹായിച്ചു. നമ്മുടെ കയ്യിലെ മൊബൈൽ ഫോണും മറ്റും വളരെ കൗതുകത്തോടെ നോക്കുന്ന കുട്ടികൾ, വലിയ ചാക്കുകെട്ടുകളുമായി ജെയ്‌സല്മീരിലേക്ക് പോകുന്ന മുതിർന്ന ആളുകൾ. ഇടക്ക് ചപ്പാത്തിയും രാജസ്ഥാനി ഭാട്ടിയും ഭക്ഷിക്കുന്ന അവർ തങ്ങൾക്കു കിട്ടിയ ഉള്ള സ്ഥലം അവരുടേതാക്കി കൈവശപ്പെടിത്തിയിരിക്കുന്നു. നിലത്തും ബെർത്തിലുമായി കിടക്കുന്ന ഇവരെ കണ്ടപ്പോൾ പണ്ട് ഒട്ടകത്തിന് കിടക്കാൻ സ്ഥലം കൊടുത്ത കഥയാണ് ഓർമ വന്നത്.

ജൈസൽമീർ(ഗോൾഡൻ സിറ്റി ): രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന മണല്പരപ്പുകൾ കാണണമെങ്കിൽ നിങ്ങൾ ജൈസൽമീരിലേക്ക് വന്നാൽ മതിയാകും.. ഹോട്ടൽ റൂമുകൾ വളരെ തുച്ഛമായ വിലക്ക് കിട്ടും. അതിരാവിലെ തന്നെ റെയിൽവേ സ്റ്റേഷനിൽ ക്യാൻവാസ് ചെയ്യാനായി ഹോട്ടൽ ബോയ്കൾ എത്തിയിരിക്കുന്നു. ഏതാണ്ട് 300 രൂപയ്ക്കു 3 പേർക്കു 1 ദിവസം താമസിക്കാൻ പറ്റിയ ഒരു ഹോട്ടൽ കിട്ടി. ഹോട്ടലുകാർ അവരുടെ പല പ്ലാനുകൾ കാണിക്കും. നന്നായിട്ടൊന്നു വില പേശിയത്കൊണ്ട് ആൾക്കൊന്നിനു 1000 രൂപയ്ക്ക് ക്യാമൽ സഫാരിയും വൈകിട്ടത്തെ രാജസ്ഥാനി നൃത്ത സന്ധ്യക്കുള്ള പാസും ഒപ്പിച്ചു. ജൈസൽമീരിലെ എല്ലാ കെട്ടിടങ്ങൾക്കും സ്വർണനിറമാണ്. സാൻഡ്‌ സ്‌റ്റോൺ എന്ന പ്രത്യേക തരം കല്ലുകൾ കൊണ്ട് നിർ മിച്ചിരിക്കുന്നതുകൊണ്ടാണ് ഇവ ഈ നിറത്തിൽ നില കൊള്ളുന്നത്.അതുകാരണമാവാം ജൈസൽമീർ ഗോൾഡൻ സിറ്റി എന്നറിയപ്പെടുന്നതെന്നു അവിടെ എത്തുന്ന ഏതൊരു കാഴ്ചക്കാരനും നിസ്സംശയം പറയാം.

ജൈസൽമീരിലെ ഗോൾഡൻ ഫോർട്ട്‌ ഒരു സ്വർണ കോട്ട തന്നെയാണ്. സാൻഡ് സ്റ്റോൺ കൊണ്ട് നിർമിച്ച ഭീമാകാരനായ ഈ കൊട്ടാരം രാജസ്ഥാനിലെ തന്നെ ഏറ്റവും ഭീമാകാരനായ ഒന്നാണെന്നു നിസ്സംശയം പറയാം. കൊട്ടാരത്തിലെ പണ്ടുകാലത്തെ അന്തേവാസികളുടെ പിന്മുറക്കാർ ഇപ്പോഴും താമസിക്കുന്നുണ്ട് ഇവിടെ. അലാവുദ്ദിൻ ഖിൽജി ആദ്യം വന്നതു ഇവിടേക്കാണെന്ന് ചരിത്രം പറയുന്നുണ്ട്. ഈ കോട്ട കീഴടക്കൻ അദ്ദേഹം ശ്രമിച്ചെങ്കിലും ഉരുക്കുപോലത്തെ കോട്ടയുടെ വാതിലുകളും, കോട്ട ഭരിച്ചിരുന്ന രാജാവിന്റെ ചെറുത്തു നില്പിലും ഖിൽജി തോറ്റു മടങ്ങുകയായിരുന്നു. ഗോൾഡൻ ഫോർട്ടിന്റെ മുകളിൽ കയറിയാൽ കാണുന്ന പാകിസ്ഥാൻ ബോർഡർ അധികം ദൂരം അങ്ങോട്ടേക്കില്ല എന്ന വ്യക്തമായ സൂചന നൽകുന്നുണ്ട്. ഗോൾഡൻ ഫോർട്ടിന്റെ അടുത്ത് തന്നെ ഒരു “ബാങ്” ഷോപ്പ് നിലകൊള്ളുന്നുണ്ട്. ജൈസൽമീരിൽ മാത്രം ഗവണ്മെന്റ് ഓതറൈസഷൻ ഉള്ള പാനീയമാണ് “ബാങ് “. ചുരുക്കിപ്പറഞ്ഞാൽ നല്ല ഒന്നാംതരം കഞ്ചാവ് വെള്ളം. പലതരത്തിലുള്ള രുചിക്കൂട്ടുകളിൽ ഇവ ലഭ്യമാണ്. മിൽക്ക് ഷേക്ക്‌ പോലെയോ, ഫ്രൂട്ട് സാലഡ് പോലെയോ വീര്യം കുറച്ചോ കൂട്ടിയോ ഒക്കെ നമ്മൾ പറയുന്നതുപോലെ ഉണ്ടാക്കിത്തരും കടക്കാരൻ. കടക്കാരനെ കണ്ടാൽത്തന്നെ രാവിലെ 2 എണ്ണം കുടിച്ചു കിറുങ്ങി ഇരിക്കുന്നതുപോലുണ്ട്. എന്തായാലും ഇതൊന്നു പരീക്ഷിച്ചു നോക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഓരോ ഗ്ലാസ്സ് വീതം കഴിച്ചു. നേരെ റൂമിലേക്ക്‌ വച്ചു പിടിച്ചു. ഒരു 2 മണിക്കൂറത്തേക്കു വലിയ പ്രശ്നം ഒന്നും തോന്നിയില്ല.. പക്ഷെ പിന്നീടങ്ങോട് വേറെ ലോകത്തായിരുന്നു എന്നു പറയുന്നതാവും ശെരി.

വൈകുന്നേരം 4 മണിയോടടുത്തു സഫാരിക്കായി താർ മരുഭൂമിയിലേക്ക് പോകാൻ റെഡിയായി. ഹോട്ടലുകാർ അവരുടെ വണ്ടിയിൽ മരുഭൂമിയിലേക്ക് കൊണ്ടുപോവുകയായി. നോക്കെത്താദൂരത്തു പരന്നു കിടക്കുന്ന താർ മരുഭൂമി. മണലാരണ്യങ്ങൾ കണ്ടു തുടങ്ങിയിട്ടില്ലെങ്കിൽ കൂടി തരിശു ഭൂമി മാത്രം.ഇടയ്ക്കിടെ വലിയ മരച്ചില്ലകളിൽ നിന്നും ഇലകൾ ഭക്ഷിക്കുന്ന ഒട്ടകങ്ങളെ കാണാം. റാകി പറക്കുന്ന പരുന്തുകൾ മരുഭൂമിയിലെ ജീവന്റെ മറ്റു ചില തെളിവുകളാണ്. മരുഭൂമിയുടെ മധ്യത്തിൽ കാട്ടു മുയലും, കുറുനരികളും, ശവത്തിനായി പറന്നു നടക്കുന്ന കഴുകന്മാരും ഉണ്ടെന്നു ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവർ പറയുന്നത് ഞൻ ശ്രദ്ധിച്ചു. വൈകുന്നേരം 5 മണിയോടെ താർ മരുഭൂമിയിലെ മണലാരണ്യങ്ങളിൽ എത്തി.ഞങ്ങളെ ചുമലിൽ കയറ്റുവാൻ റെഡിയായി 3 ഒട്ടകങ്ങൾ നില്പുണ്ടായിരുന്നു. ഇന്നേവരെ ഒട്ടകത്തിന്റെ മുകളിൽ കയറാത്ത ഞങ്ങൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വലിയ ഒരു ടവറിന്റെ മുകളിൽ കയറിയ പ്രതീതി. ഇരിപ്പിടം ഉണ്ടെങ്കിലും ആദ്യം കാലുകൾക്കൊക്കെ വേദന അനുഭവപ്പെട്ടു.

ഒട്ടകം അവന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു. പൊങ്ങിത്താഴുന്ന പുറത്തിരുന്നു റോളർ കോസ്റ്ററിൽ കയറിയപോലത്തെ ഒരു അനുഭവം. ചുട്ടുപൊള്ളുന്ന വെയിലത്തു ഒട്ടകപുറത്തുള്ള നടത്തം പുതിയൊരു അനുഭവം തന്നു. യാത്രക്കാരെ ത്രിൽ അടിപ്പിക്കാൻ എന്നോണം ഒട്ടകത്തെ നിയന്ത്രിക്കുന്ന രാജസ്ഥാനി ചേട്ടന്മാർ ഇവറ്റകളെ ഇടക്ക് കുത്തനെയുള്ള ചെരിവുകൾ നിറഞ്ഞ മണലാരണ്യങ്ങളിലൂടെ ഓടിക്കുകയും, വീണ്ടും നടത്തിക്കുകയും, മുൻകാലുകൾ പൊക്കി സിർക്കസ്സലെന്നോണം നിർത്തിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒട്ടകത്തിന്റെ പുറത്തിരുന്നു അസ്തമയ സൂര്യനെ കാണുന്ന കാഴ്ച ഭൂമിയിലെത്തന്നെ അതിമനോഹരങ്ങളായ കാഴ്ചകളിൽ ഒന്നുതന്നെയാണ് എന്നു പറയാതെ വയ്യ. മരുഭൂമിയിൽ വരുന്ന യാത്രക്കാർക്കായി രാജസ്ഥാനിലെ പുരാതനകലകൾ കാഴ്ചവെക്കാറുണ്ട്. അതിൽ ചിലത് കാശ് മുടക്കൊന്നും കൂടാതെ കുറച്ചു റഷ്യൻ സഞ്ചാരികളുടെ കൂടെ ഇരുന്നു കാണുവാനുള്ള അവസരം ഞങ്ങൾക്കുണ്ടായി. ഫ്ലൂട്ടും, മകുടി ഊത്തും എല്ലാം കുറച്ചു നേരം സൂര്യാസ്തമന സമയത്തു മരുഭൂമിയിൽ ഇരുന്നു ആസ്വദിക്കാൻ പറ്റി.

വൈകുന്നേരം മരുഭൂമിയിലെ തണുപ്പറിഞ്ഞു ടെന്റിലാണ് താമസം. അതിനുമുന്നെ ചുറ്റിനും സഞ്ചാരികൾക്കായി വിരിച്ച മെത്തയിലിരുന്നു രാജസ്ഥാനി നാടോടി നൃത്തം ആസ്വദിക്കാം. രാജസ്ഥാനി സുന്ദരിമാരുടെ ചുവടുകൾക്കൊത്തു നൃത്തം ചെയ്യാൻ അവർ നമ്മളെയും ക്ഷണിക്കും. വൈകുന്നേരത്തെ ഭക്ഷണം നൃത്താസ്വാദനത്തിന്റെയൊപ്പം ആവാം. നൃത്തം ആവോളം ആസ്വദിച്ച ശേഷം ഞങ്ങൾ ടെന്റുകളിലേക്ക് ഉറങ്ങാൻ പോയി. അതിരാവിലെ താർ മരുഭൂമിലയിലെ കാഴ്ചകളോട് വിട പറഞ്ഞു ഉദയസൂര്യനെയും കണ്ടു തിരിച്ചു ഹോട്ടൽ റൂമിലേക്ക്‌ യാത്രയായി. അന്നത്തെ ദിവസം കാണേണ്ട ചില പ്രധാനപെട്ട സ്ഥലങ്ങൾ “പട്ടുവോം കി ഹവേലി “യും “ബഡാ ഭാഗും ” ആയതുകൊണ്ട് ആദ്യം “പട്ടുവോം കി ഹവെലി” ലക്ഷ്യമാക്കി നടന്നു. നമ്മുടെ ഗോൾഡൻ ഫോർട്ടിന്റെ അടുത്ത് തന്നെയാണ് ഹവേലി. പണ്ട് രാജകൊട്ടാരത്തിന്റ അടുത്ത് താമസിച്ചിരുന്ന പട്ടുവ വംശജരുടെ ഭാവനങ്ങളാണ് ഇവ.

ചൈനയിൽ നിന്നും പണ്ട്കാലത്ത് സിൽക്ക് റൂട്ട് വഴി ആദ്യം പട്ടു വസ്ത്രങ്ങൾ എത്തിയിരുന്ന സ്ഥലമായിരുന്നു ജൈസൽമീർ. പട്ടുവ വംശജരാണ്‌ ഇതിന്റെ കയറ്റുമതിയും, ഇറക്കുമതിയും നോക്കി നടത്തിപ്പോന്നത്. ഇന്ത്യ-പാകിസ്ഥാൻ വേർപിരിയലിന് ശേഷം പട്ടുവസ്ത്രങ്ങളുടെ ജൈസൽമീർ വഴിയുള്ള കച്ചവടം അനിശ്ചിതത്വതിലാവുകയും പട്ടുവ വംശജർ ഇവിടം വിട്ടു പോകാൻ ബാധ്യസ്ഥരായിത്തീരുകയും ആയിരുന്നു. ഇവരുടെ ഹവേലി,ശേഷം ഭരണത്തിൽ വന്ന ഇന്ദിരാഗാന്ധി ഗവണ്മെന്റ് അന്നത്തെ രാജാവിന്റെ കൈയിൽ നിന്നും വിലക്ക് വാങ്ങുകയും ഒരു മ്യുസിയം പോലെ സംരക്ഷിക്കുകയും ചെയ്തുപോന്നു. ഹവേലിയുടെ ഉള്ളിൽ അതിമനോഹരങ്ങളായ രാജസ്ഥാന്റെ പാരമ്പര്യം വിളിച്ചോതുന്ന കൊത്തുപണികൾ നിലകൊള്ളുന്നുവെന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ബോധ്യം വരും . ബെൽജിയത്തിൽ നിന്നും കൊണ്ടുവന്ന വിലകൂടിയ കണ്ണാടി, പലതരം ചുമർചിത്ര കലകൾ സമന്വയിപ്പിച്ച ചുമരുകൾ, കുഞ്ഞു വാതിലുകൾ, ധാന്യങ്ങൾ സൂക്ഷിക്കുന്ന വലിയ അറകൾ, സിമെന്റോ മണലോ പോലുള്ള വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ ഇന്റർലോക്ക് ചെയ്തിരിക്കുന്ന ഭിത്തികൾ… ഇവയൊക്കെ ഹവേലിയെ വ്യത്യസ്തങ്ങളാക്കുന്നു. ഹവേലിയിൽ നിന്നും നേരെ പോയത് ബഡാ ഭാഗിലേക്കാണ്. ബഡാ ഭാഗ് രാജാക്കന്മാരുടെ ശവകുടീരങ്ങളാണ്. നീളത്തിൽ ഒന്നൊന്നായി പണിതുപോന്നിരിക്കുന്ന ചെങ്കൽ നിറത്തിൽ നില കൊള്ളുന്ന ശവകുടീരങ്ങൾ വെയിലേറ്റു തിളങ്ങുന്നുമുണ്ട്.

ജയ്‌പൂർ (പിങ്ക് സിറ്റി ): ജൈസൽമീറിൽ നിന്നും രാത്രി തന്നെ ജയ്‌പ്പൂരിലേക്കുള്ള ട്രെയിൻ പിടിച്ചു. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ ഞങ്ങളുടെ യാത്രയിലെ അവസാന ദിവസത്തിൽ ഉള്ളതാണ്. മരുഭൂമിയിലൂടെയുള്ള ട്രെയിൻ യാത്ര ആസ്വദിക്കണമെങ്കിൽ ജൈസൽമീർ നിന്നും ജോധ്പുർ വഴി ജയ്‌പ്പൂരിലേക്കുള്ള ട്രെയിൻ പിടിച്ചാൽ മതി.നോക്കെത്താദൂരത്തു പരന്നുകിടക്കുന്ന മരുഭൂമിയുടെ ഒത്തനടുവിലൂടെ ചൂളം വിളിച്ചു കുതിച്ചുപായുന്ന തീവണ്ടി നയനാനന്ദകരമായ കാഴ്ച തന്നെയാണ്.യാത്രയിൽ ഇടക്കിടെ ഇന്ത്യൻ മിലിട്ടറിയുടെ പഴക്കം ചെന്ന വെടിക്കോപ്പുകളുo ടാങ്കറുകളും ദൃശ്യമാകുന്നുണ്ട്. അതിരാവിലെ ജയ്‌പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ തന്നെ പ്രഭാതകർമങ്ങളെല്ലാം നടത്തി നേരെ പോയത് അമീർ ഫോർട്ടിലേക്കാണ്.. ജൈസൽമീരിലെ ഗോൾഡൻ ഫോർട്ട്‌ പോലെത്തന്നെ ഭീമാകാരനായ രാജകൊട്ടാരം. ഞങ്ങൾ രാജസ്ഥാനിൽ കണ്ടത്തിൽവെച്ചു ഏറ്റവും പുതിയതും വലുതുമായ കൊട്ടാരം ഇതു തന്നെ.. മലമുകളിൽ രാജകൊട്ടാരത്തെ മുഴുവനായും സംരക്ഷിച്ചുകൊണ്ട് ചൈനയിലെ വന്മതിൽപോലെ നിലകൊള്ളുന്ന ചുറ്റുമതിലുകൾ, സഞ്ചാരികളെയും വഹിച്ചുകൊണ്ട് കൊട്ടാരത്തിലേക്ക് പോകുന്ന ആനക്കൂട്ടങ്ങൾ, കൊട്ടാരത്തിനു ചുറ്റും പാറിപ്പറക്കുന്ന പ്രാവിന്കൂട്ടങ്ങൾ, കൊട്ടാരത്തിന്റെ മുന്നിലെ അതിമനോഹരമായ തടാകം… അങ്ങനെയങ്ങനെ എത്ര മനോഹരിയായാണ് അമീർ ഫോർട്ട്‌ നിലകൊള്ളുന്നതെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി..

സന്ദർശകരെയും വഹിച്ചുകൊണ്ട് വരുന്ന ആനക്കൂട്ടങ്ങൾ അമീർ ഫോർട്ടിലെ നയനാനന്ദകരമായ കാഴ്ചയാണ്. ഒന്നിന് പിറകെ ഒന്നായി നിര തെറ്റിക്കാതെ അച്ചടക്കത്തോടുകൂടി വരുന്ന ആനക്കൂട്ടം കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒന്നുതന്നെ.രജ്പുത് രാജാക്കന്മാരുടെയും അവരുടെ കുടുംബത്തിൽ പെട്ട ആളുകളുടെയും അധീനതയിലായിരുന്നു അമീർ ഫോർട്ട്‌ അല്ലെങ്കിൽ ആംബർ ഫോർട്ട്‌. അമീർ ഫോർട്ടിനോട് ചേർന്നുതന്നെ മറ്റൊരു കൊട്ടാരമായ ജയ്‌ഗർഹ് ഫോർട്ടും ഒരമ്മപെറ്റ മക്കളെപ്പോലെ നിലകൊള്ളുന്നു. അമീർ ഫോർട്ടിനേക്കാൾ കുറച്ചുകൂടി വലുപ്പം കുറഞ്ഞ ജയ്‌ഗർഹ് ഫോർട്ടിലേക്ക് അമീർ ഫോർട്ടിന്റെ ഉള്ളിൽ നിന്നും ഭൂമിക്കടിയിലൂടെയുള്ള തുരങ്കം യുദ്ധസാഹചര്യങ്ങളിലെ ആവശ്യകതക്ക് വേണ്ടിയുണ്ടാക്കിയവയാണെന്ന് ഏതൊരു കാഴ്ചക്കാരനും നിസ്സംശയം പറയാം. ഞങ്ങൾ തുരങ്കം വഴി കുറച്ചു ദൂരം നടന്നുപോയ്കൊണ്ടേയിരുന്നു. പാറക്കല്ലുകൾ തുരന്നുണ്ടാക്കിയിരിക്കുന്ന നല്ല വലുപ്പമുള്ള അതിമനോഹരമായ തുരങ്കം അത്രയും വർഷങ്ങൾ മുന്നത്തെ മനുഷ്യന്റെ കഴിവിന്റെയും കരവിരുതിന്റെയും നേർക്കാഴ്ചകളാണ്.

അമീർ ഫോർട്ടിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ പോയത് “ഹവാ മഹൽ ” എന്ന അതിപ്രധാനമായ മറ്റൊരു അത്ഭുതത്തിലേക്കാണ്.നൂറുകണക്കിന് കിളിവാതിലുകളുള്ള പിങ്ക് നിറത്തിലുള്ള കൊട്ടാരം മാനംമുട്ടെ ഉയരത്തിൽ നിലകൊള്ളുന്നു. ജയ്‌പൂർ രാജകൊട്ടാരത്തിലെ റാണിക്കും തോഴിമാർക്കും രാജ്യത്തെ ഉത്സവങ്ങളും ആഘോഷങ്ങളും പുറത്തേക്കിറങ്ങാതെ തന്നെ നോക്കിക്കാണാനുള്ള സൗകര്യത്തിനു വേണ്ടി രാജാവിന്റെ നിർദ്ദേശപ്രകാരം ശിൽപികൾ പണി തീർത്തതാണ് ഈ കിളിവാതിലുകൾ നിറഞ്ഞ വസതി. ഹവാ മഹലിന്റെ നിർമാണം പുരാതന കൊത്തുപണികളുടെ സൗന്ദര്യം മൊത്തത്തിൽ ഉൾക്കൊണ്ട്‌ മാനം മുട്ടെ നിൽക്കുന്നു. മന്ദമാരുതൻ തഴുകിത്തലോടുന്ന ഹവാ മഹലിൽ നിന്നാൽ സിറ്റി പാലസിന്റെയും, ജന്തർ -മന്ദറിന്റെയും ദൃശ്യങ്ങൾ നമ്മുടെ കണ്ണുകളെ ഉടക്കും.

ജയ്‌പൂർ സിറ്റി പാലസ് ഉയരത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ചുറ്റുമതിലുകളാൽ സുരക്ഷിതമാണ്. പിങ്കും ചുവപ്പും കലർന്ന നിറങ്ങളിലുള്ള ഭിത്തികൾ സിറ്റി പാലസിന്റെ സവിശേഷതയാണ്. മുൻപ് ഈ കൊട്ടാരം ഭരിച്ചിരുന്ന പല രാജാക്കന്മാരുടെയും ചിത്രങ്ങളും വിവരണങ്ങളും അത്ഭുതത്തെക്കാളുപരി അറിവും കാഴ്ചക്കാർക്ക് പ്രദാനം ചെയ്യും. ജയ്‌സിംഗ് ഒന്നാമനും രണ്ടാമനും പുറമെ രാജഭരണത്തിന്റെ അവസാന കാലങ്ങളിലെ ഭരണാധികാരിയായിരുന്ന സവായ്മാൻസിംങ്ങിന്റേതുൾപ്പെടെയുള്ള ചിത്രങ്ങളും വിവരണങ്ങളും കാഴ്ചക്കാർക്കായി വെച്ചിരിക്കുന്ന മ്യുസിയം ഹാൾ അപ്പറഞ്ഞവയ്ക്ക് ഉത്തമോദാഹരണമായി നിലകൊള്ളുന്നു. രാജകൊട്ടാരത്തിലെ ആയുധ ശേഖരങ്ങളും,വെടിക്കോപ്പുകളും,ഭീമാകാരനായ സ്വർണ്ണക്കുടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. ലോകത്തെ തന്നെ ഏറ്റവും വലുപ്പമുള്ള സ്വര്ണക്കുടങ്ങൾ ഇവയാണെന്നു പറയപ്പെടുന്നുണ്ട്. ജയ്‌പൂർ സിറ്റിപാലസിലേക്ക് ഒഴുകിയെത്തുന്ന വിദേശികൾ രാജസ്ഥാന്റെ ചരിത്രത്തിൽ അതീവതല്പരരാണെന്ന് അവരുടെ ശാരീരികഭാഷയിൽ നിന്നു തന്നെ നമുക്ക് വ്യക്തമായി മനസിലാക്കാൻ സാധിക്കും.

ജ്യോതി ശാസ്ത്രത്തിന്റെ പുരാതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുതിയിരിക്കുന്ന “ജന്തർ-മന്തർ” എന്ന അത്ഭുതത്തിലേക്കുള്ള യാത്ര ഞങ്ങളുടെ യാത്രയുടെ അവസാന മണിക്കൂറുകളിലെതായിരുന്നെങ്കിലും അത്ഭുതംകൂറുന്ന ചില നിർമിതികൾ മനം കവരുന്നവയായി. നക്ഷത്രങ്ങളുടെയും മറ്റു ഗ്രഹങ്ങളുടെയും നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ചില നിർമിതികൾ, കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ ഉതകുന്നവ, വാനനിരീക്ഷണം നടത്താനും മറ്റും ഉപയോഗിച്ചിരുന്നവ തുടങ്ങി മൊത്തത്തിൽ പറഞ്ഞാൽ ഏതാണ്ട് 19 തരത്തിലുള്ള വ്യത്യസ്തങ്ങളായ ഈ ഉപകരണങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ “സവായ് ജയ്‌സിംഗ് രണ്ടാമൻ” എന്ന രാജാവിന്റെ കാലത്ത് രൂപം കൊണ്ടവയാണ്. ഓരോ ഉപകരണങ്ങളിലും കുറിച്ചിട്ടിരിക്കുന്ന സമവാക്യങ്ങളും അടയാളങ്ങളും മനസ്സിലാക്കണമെങ്കിൽ ഒരു ഗണിതശാസ്ത്രജ്ഞൻ വേണ്ടി വരുമെന്ന് ഒറ്റനോട്ടത്തിൽത്തന്നെ എനിക്ക് മനസ്സിലായി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply