കെ.എസ്‌.ആര്‍.ടി.സി. സ്‌കാനിയ വാടക ബസ്‌ , കന്നിയോട്ടം നഷ്‌ടത്തില്‍; ലാഭം മഹാരാഷ്‌ട്രാ എന്‍.സി.പി. നേതാക്കള്‍ക്ക്‌…

കെ.എസ്‌.ആര്‍.ടി.സിക്കു വേണ്ടി സ്‌കാനിയ ബസുകള്‍ വാടകയ്‌ക്കെടുത്ത്‌ ദീര്‍ഘദൂര സര്‍വീസ്‌ നടത്താന്‍ എന്‍.സി.പിക്കാരനായ ഗതാഗതമന്ത്രി തോമസ്‌ ചാണ്ടി ആവിഷ്‌കരിച്ച പദ്ധതിയില്‍നിന്നു ലാഭം കൊയ്യുന്നത്‌ മഹാരാഷ്‌ട്രയിലെ എന്‍.സി.പി. നേതാക്കള്‍. ആദ്യ ദിവസത്തെ സര്‍വീസുകള്‍ കെ.എസ്‌.ആര്‍.ടി.സിക്കു നഷ്‌ടക്കച്ചവടം. മഹാരാഷ്‌ട്രയിലെ മഹാവോയേജ്‌ കമ്പനിയില്‍നിന്നുള്ള സ്‌കാനിയ ബസുകള്‍ക്കു വാടക നിശ്‌ചയിച്ചതില്‍ മന്ത്രിക്കു സാമ്പത്തികനേട്ടമെന്ന്‌ ആക്ഷേപം ഉയരുകയും ചെയ്‌തു.

എന്‍.സി.പി. മുംബൈ മേഖലാ സെക്രട്ടറി നന്ദര്‍ പുരുഷോത്തമന്‍ മാനേയുടെ സഹോദരന്‍ വിക്രം പുരുഷോത്തമന്‍ മാനേയ്‌ക്കു പങ്കാളിത്തമുള്ള കമ്പനിയാണ്‌ മഹാവോയേജ്‌. എന്‍.സി.പി. മുംബൈ ഘടകത്തിലെ നിരവധി നേതാക്കള്‍ക്ക്‌ കമ്പനിയില്‍ പങ്കാളിത്തമുണ്ട്‌. സ്‌കാനിയകള്‍ ഓടുന്ന ഓരോ കിലോമീറ്ററിനും 23 രൂപയാണു വാടക. ഇതില്‍ മൂന്നു രൂപ മന്ത്രിക്കുള്ള വിഹിതമാണെന്നാണ്‌ ആക്ഷേപം. കെ.എസ്‌.ആര്‍.ടി.സിയുടെ സ്‌കാനിയ ബസുകള്‍ ഷെഡില്‍ ഒതുക്കിയിട്ട്‌ വാടകവണ്ടികള്‍ ഓടിക്കാന്‍ കളമൊരുക്കിയതിനുള്ള പ്രത്യുപകാരമാണത്രേ.

വാടകയ്‌ക്കെടുത്ത ബസ്‌ തിരുവനന്തപുരം-ബംഗളുരു സര്‍വീസ്‌ (ബത്തേരി വഴി ഉച്ചയ്‌ക്ക്‌ രണ്ടിനു പുറപ്പെട്ടത്‌) കന്നിയോട്ടം പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ കെ.എസ്‌.ആര്‍.ടി.സിക്കു നഷ്‌ടം 3906 രൂപ. 87,719 രൂപയായിരുന്നു കളക്‌ഷന്‍. 1575 കിലോമീറ്റര്‍ ഓടിയതിന്‌ 36,225 രൂപ വാടക നല്‍കണം. 787.5 ലിറ്റര്‍ ഡീസലിന്‌ 50,400 രൂപ (ഒരു ലിറ്റര്‍ ഡീസലിന്‌ രണ്ടു കിലോമീറ്റര്‍). ബംഗളൂരു സര്‍വീസ്‌ അഞ്ചു ഡ്യൂട്ടിയായി പരിഗണിച്ച്‌ 5000 രൂപ കണ്ടക്‌ടര്‍ക്കു നല്‍കണം. അങ്ങനെ മൊത്തം ചെലവ്‌ 91,625 രൂപ!

വൈകിട്ട്‌ അഞ്ചിനു പുറപ്പെട്ട തിരുവനന്തപുരം- ബംഗളുരു ബസിന്റെ കളക്‌ഷന്‍ 73681 രൂപയായിരുന്നു. ഈ സര്‍വീസ്‌ 17,944 രൂപ നഷ്‌ടമുണ്ടാക്കി. നാഗര്‍കോവില്‍ വഴി ബംഗളുരു (1604 കി.മി) സര്‍വീസ്‌ നടത്തിയ ബസിന്റെ കളക്‌ഷന്‍ 51,428 രൂപയും തിരുവനന്തപുരം-മൂകാംബിക(1633കി.മി) ബസിന്റെ കളക്‌ഷന്‍ 61,574 രൂപയുമാണ്‌. 20,000 രൂപയ്‌ക്കു മുകളിലാണ്‌ ഈ സര്‍വീസുകളുടെ നഷ്‌ടം.

കെ.എസ്‌.ആര്‍.ടി.സിയുടെ 28 സ്‌കാനിയ ബസുകള്‍ ഗ്യാരേജിലേക്ക്‌ മാറ്റിയിട്ടാണ്‌ വാടക ബസുകള്‍ നിരത്തിലിറക്കിയത്‌. വാടകബസുകള്‍ ആദ്യദിനം തന്നെ നഷ്‌ടമായതോടെ ഗതാഗതമന്ത്രിയുടെയും കെ.എസ്‌.ആര്‍.ടി.സി. മുന്‍ എം.ഡി: എം.ജി. രാജമാണിക്യത്തിന്റെയും പദ്ധതിയിലെ ചെമ്പുതെളിഞ്ഞു.

ശരാശരി 5000 രൂപ നഷ്‌ടം എന്നു കണക്കാക്കിയാല്‍ ഒരു മാസം വാടക വണ്ടികള്‍ വഴി കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഒന്നര ലക്ഷം രൂപ നഷ്‌ടമാകും.

കൊള്ള ലാഭം കൊയ്യുന്ന മഹാരാഷ്‌ട്രാ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ മന്ത്രി തോമസ്‌ചാണ്ടി കെ.എസ്‌.ആര്‍.ടി.സി. എംഡിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ബസുകള്‍ വാങ്ങുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും വലിയ ബാധ്യതയുണ്ടാക്കുമെന്ന പേരിലാണ്‌ പുതിയ പദ്ധതിയെന്ന നിലയില്‍ വാടക ബസുകളെ അവതരിപ്പിച്ചത്‌. കമ്പനിയാണ്‌ ഡ്രൈവര്‍മാരെ നിയോഗിക്കുന്നത്‌. ഇക്കൂട്ടത്തില്‍ മലയാളികളില്ല.

എല്ലാ മാസവും ധനകാര്യ സ്‌ഥാപനങ്ങളില്‍നിന്നു വായ്‌പയെടുത്ത്‌ ശമ്പളം നല്‍കുന്ന കെ.എസ്‌.ആര്‍.ടി.സിയെ വീണ്ടും കടക്കെണിയിലേക്കു തള്ളുന്നതാണ്‌ വാടക ബസ്‌ പദ്ധതിയെന്നാണ്‌ തുടക്കത്തിലെ അനുഭവം.

90 ബസുകള്‍ കൂടി വരാനുണ്ട്‌. അവയും സര്‍വീസ്‌ ആരംഭിക്കുന്നതോടെ ലാഭമുണ്ടാക്കുന്നത്‌ മഹാവോയേജ്‌ കമ്പനിയും എന്‍.സി.പി. നേതാക്കളുമായിരിക്കും.

Source –  http://www.mangalam.com/news/detail/162120-keralam.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply