ഗ്രാമങ്ങൾ തേടി – മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലൂടെ ഒരു സഞ്ചാരം…

ഈ യാത്രാവിവരണം എഴുതിയതും  ചിത്രങ്ങൾ പകർത്തിയതും  – Nikhil Simon‎.

ഏപ്രിൽ ഒന്നിന് ഹൈദരാബാദിൽ നിന്നും തുടങ്ങി സെക്കന്ദരാബാദ് വഴി ഔറംഗബാദിലേക്ക്. സന്തോഷം നിറഞ്ഞ ദിനരാത്രങ്ങൾ. പുതിയ അനുഭവങ്ങളും പുതിയ കാഴ്ച്ചകളും. ചുട്ടു പൊള്ളുന്ന ചൂടാണ് ഹൈദരാബാദിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത്. ഇബ്രാഹിം കുത്തബ് ഷാ-വിനാൽ പണി തീർക്കപ്പെട്ട ഹുസ്സൈൻ സാഗർ എന്ന മനുഷ്യനിർമ്മിത തടാകത്താൽ വേറിട്ടു നിൽക്കുന്ന യുഗ്മ നഗരങ്ങളാണ് ഹൈദരബാദും അതിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സെക്കന്ദരാബാദും. എത്തിയയുടൻ തന്നെ ഹൈദരാബാദിലെ സ്പെഷ്യൽ വിഭവങ്ങളുടെ രുചിയറിഞ്ഞു, ഹൈദരാബാദിൽ നിന്ന്‌ പ്ലേഗ്‌നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ച ചാർമിനാറും, മെക്ക മസ്ജിദും പിന്നെ രണ്ടായിരം ഏക്കറിൽ വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ച റാമോജി റാവു ഫിലിം സിറ്റിയും എന്നും മനസ്സിൽ ഓർമ്മിക്കാനുള്ള കാഴ്ചകൾ സമ്മാനിച്ചു. രണ്ട് ദിവസത്തെ അലച്ചിലുകൾക്ക് ശേഷം അവിടെന്നു ഔറംഗബാദിലേക്ക്….

മലകൾക്കു നടുവിലെ നഗരം ശെരിക്കും അതാണ് ഔറംഗബാദ്, മഹാരാഷ്ട്രയുടെ വടക്കന്‍ നഗരമായ ഔറംഗബാദിന് മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. ഔറംഗസീബിനും മുന്‍പ് ബുദ്ധിസത്തിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയാനുണ്ട് ഔറംഗബാദിന്, അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ ഇതിനുള്ള തെളിവുകളാണ്. ഔറംഗബാദിലെ പ്രധാന ഭാഷകള്‍ മറാത്തിയും ഉര്‍ദുവുമാണ്. ഔറംഗബാദിലേക്കുള്ള യാത്രയിൽ മനസ് മുഴുവൻ പണ്ട് ഹിസ്റ്ററി ക്ലാസ്സുകളിൽ പഠിച്ച അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങളെകുറിച്ചായിരുന്നു..

 

ആദ്യം പോയത് ഔറംഗബാദിൽ നിന്നും 9 കി. മി ദൂരത്തിൽ സ്ഥിതി ചെയുന്ന ബീബീ കാ മഖ്‌ബറാ (Bibi Ka Maqbara) എന്ന ശവകുടീരത്തിലേക്കാണ്. മുഗൾചക്രവർത്തി ഔറംഗസീബിന്റെ ഭാര്യയുടെ ഓർമയ്ക്കായാണ് ഈ മഖ്‌ബറാ നിർമിച്ചത്. താജ്‌മഹലുമായുള്ളസാദൃശ്യമാണ് ഇതിന്റെ മുഖ്യ സവിശേഷത. തുടർന്ന് ഔറംഗബാദ് ഗുഹകളിലേക്ക് പോയി. ബീബീ കാ മഖ്‌ബറയുടെ അടുത്താണ് ഔറംഗബാദ് ഗുഹകൾ, 6,7 നൂറ്റാണ്ടിലെ ബുദ്ധമതാനുഷ്ടാന പ്രകാരം നിർമ്മിച്ച ഗുഹകളാണ് 3 തലങ്ങളിൽ ആയി കാണാൻ കഴിയുന്നത്. ഓരോ ഗുഹകളിലും ബുദ്ധ ശില്പങ്ങളുടെ സൗന്ദര്യം നിറഞ്ഞു കവിയുന്നു. കരിങ്കൽ പാറകൾ കൊത്തി നിർമ്മിച്ചവയാണ് എല്ലാ ഗുഹാ നിർമ്മിതികളും. ഓരോ ഗുഹകളിലും ബുദ്ധ കാലഘട്ടത്തെ അനുസ്മരിക്കുന്ന ശില്പങ്ങളാൽ സമ്പന്നമാണ്.

തുടർന്നുള്ള ദിവസങ്ങളിൽ എല്ലോറയിലേക്ക് പോവുകയുണ്ടായി. ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ എല്ലോറ ഗുഹകൾ. അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളാണ് ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. അതിൽ ഏറ്റവും മഹത്തായ നിർമ്മിതി പതിനാറാമത്തെ ഗുഹയിലെ കൈലാസനാദ ക്ഷേത്രമാണ്. നാല് മണിക്കൂറുകൾ കൊണ്ട് എല്ലോറ മുഴുവനും കണ്ടു തീർത്തു തിരിച്ചിറങ്ങുമ്പോഴും പാറകൾ തുരന്നു നിർമ്മിച്ച അത്ഭുത വിദ്യയെ കുറിച്ചായിരുന്നു ചിന്തകൾ മുഴുവൻ. അന്നു തന്നെയാണ് ദൗലത്താബാദ് കോട്ട സന്ദർശിച്ചതും. കുറച്ച് കാലം മുഗളന്മാരുടെ ആസ്ഥാനമായിരുന്ന ദൗലത്താബാദ് കോട്ട ഔറംഗബാദിൽ നിന്നും 14.5 കി. മി അകലെയാണ്. കോട്ടകൊത്തളങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പട്ടണം ശെരിക്കുമൊരു അത്ഭുത നിർമ്മിതി തന്നെയാണ്.

ഔറംഗബാദിൽ നിന്നും 110കി മി അകലെയാണ് അജന്ത ഗുഹകൾ. അജന്തയിൽ ബി.സി. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ കാണാൻ കഴിയുന്നത്, ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലകളുടെ സുവർണ നാളുകളെ സൂചിപ്പിക്കുന്നു, ഇന്ന് നിലവിൽ അജന്തയിൽ 29 ഗുഹകൾ ആണ് കാണപ്പെടുന്നത്. പ്രധാനമായും രണ്ടു തരത്തിലുള്ള നിർമ്മിതികൾ ആണ് ഈ ഗുഹാ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഒന്ന് പ്രാർത്ഥനക്കായി നിർമ്മിച്ചവയും, മറ്റൊന്ന് ബുദ്ധഭിക്ഷുക്കൾക്ക് താമസത്തിനുള്ളവയും. അജന്ത ഗുഹകളിലെ ചിത്രകല വളരെ പ്രസിദ്ധമാണ്‌. ഗുഹകളിൽ തറയിലൊഴികെ മറ്റെല്ലായിടത്തും ചിത്രങ്ങൾ രചിക്കപ്പെട്ടിരിക്കുന്നു. കാലാന്തരത്തിൽ അവയിൽ പലതും നശിച്ചു പോയിട്ടുണ്ടെങ്കിലും ഇന്നും അവയുടെ മൂല്യം വിലമതിക്കാൻ കഴിയാത്ത നിധികളായി തിളങ്ങുന്നു. അജന്ത അത്ഭുതങ്ങളുടെ ഒരു കലവറയാണെന്ന് തന്നെ പറയാം. കരിങ്കല്ല് കുന്നുകൾ കൊത്തി രചിച്ച ഒരു അത്ഭുത നിർമ്മിതി..

ഇതൊക്കെ കണ്ടിട്ടും ഔറംഗബാദ് വിട്ടുപോരാതെ പിടിച്ചു നിർത്തിയത് വേറെ കുറച്ചു സ്ഥലങ്ങൾ ആണ്. ഈ കടുത്ത ചൂടിലും ഔറംഗബാദിനെ കുളിരോടെ ഓർമ്മിക്കാൻ ഞങ്ങൾക്ക് ഉള്ളത് കുറച്ചു ഗ്രാമങ്ങളിലെ സ്നേഹങ്ങൾ മാത്രമാണ്. ഈ യാത്രയിലെ പ്രധാന ഉദ്ദേശവും അത് തന്നെയായിരുന്നു. ഔറംഗബാദിലെ ഗ്രാമങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ടി കുറച്ചു കാര്യങ്ങൾ ചെയുകയും എന്നത്. പ്രധാനമായും ഗംഗാപൂർ, മാലിവാട,രാംപൂർ, മാൻകീ,ഉസ്മാൻപുര,വായ്ഗാവ്‌,അജന്ത വില്ലേജ്, ബാരൽ പീപ്പൽ വില്ലേജ്, തുടങ്ങിയ ഗ്രാമങ്ങൾ ആയിരുന്നു സന്ദർശിച്ചത്.. ഓരോ ഗ്രാമങ്ങളും ഔറംഗബാദിൽ നിന്നും വളരെ ദൂരെയാണ്.ഓരോ ഗ്രാമങ്ങളിൽ ചെല്ലുമ്പോഴും അവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞു.

മിക്ക ദിവസങ്ങളിലും ഗ്രാമങ്ങളിലെ ഭക്ഷണമാണ് കഴിച്ചത്. ആദ്യമൊക്കെ അത് കഴിക്കാൻ പ്രയാസമായി തോന്നിയെങ്കിലും പിന്നീട് അത് രുചിയുടെ പുതിയ ചേരുവകൾ ചേർത്ത് തന്നു. വീടുകളിൽ നിന്നും നൽകുന്ന മധുരം കൂടിയ കാപ്പിയുടെ രുചികൾ ഇതുവരെ നാവിൽ നിന്നും പോയിട്ടില്ല. അവരുടെ ഇല്ലായ്മകളിൽ നിന്നും പോലും നമുക്ക് നൽകുന്ന ആദിത്യമര്യാദ എടുത്ത് പറയേണ്ട കാര്യമാണ്. സൗകര്യങ്ങൾ കുറവാണെങ്കിലും ആവശ്യങ്ങൾ ഒന്നുമില്ലാതെ ഉള്ള സൗകര്യങ്ങളിൽ തൃപ്തിയണിഞ്ഞു,അവരുടേതായ ലോകത്തിൽ ജീവിക്കുന്നവർ. ഗ്രാമങ്ങളിലെ ഇല്ലായ്മകളിലും അവരുടെ സന്തോഷങ്ങൾ പലതും നമ്മെ ഓർമിപ്പിക്കുന്നു. എല്ലാം ഉണ്ടായിട്ടും വീണ്ടും വീണ്ടും പണത്തിനും പ്രതാപത്തിനും വേണ്ടി നെട്ടോട്ടം ഓടുന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടയിൽ ആണല്ലോ നമ്മളും ഇന്ന്. അങ്ങനെ അവരുടെ ജീവിതം നമ്മളെ പലതും പഠിപ്പിക്കുന്നു. തിരക്കിട്ട് പായുന്ന ഈ ലോകത്തിലെ ഓരോ കോണുകളിലും ഇതുപോലുള്ള അനേകം ഗ്രാമങ്ങളെ കാണാം..

ഈ യാത്രകൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ,ഒരുപാട് കാര്യങ്ങൾ എടുത്തു പറയേണ്ടി വരും. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള ഓരോ യാത്രകളും ഓരോ തിരിച്ചറിവുകൾ ആയിരുന്നു. സ്നേഹത്തോടെ ഓടി വന്ന പിഞ്ചു ബാല്യങ്ങൾ, സലാം പറഞ്ഞ ചുളിവുകൾ വീണ കൈകൾ, സ്നേഹം വിളമ്പി തന്ന വാർദ്ദക്യങ്ങൾ, അങ്ങനെ അങ്ങനെ…….. ഒരുപാട്….ഒരുപാട്….. ഒരായിരം ഓർമ്മകൾ സ്വീകരിച്ചുകൊണ്ട് ഔറംഗബാദിനോട് വിടപറയുമ്പോഴും മനസ്സിപ്പോഴും ഒരു ഗ്രാമത്തിൽ നിന്നും മറ്റൊന്നിലേക്കു ഒരു നദി പോലെ മെല്ലെ ഒഴുകുന്നു……

Check Also

ബാലിയിലെ കൗതുകകരമായ വിശേഷങ്ങളും പുഷ്‌പയുടെ ക്ലാസ്സും

വിവരണം – ഡോ. മിത്ര സതീഷ്. സുഹൃത്തുക്കളുമായി ബാലിയിലെ കാഴ്ചകൾ കാണാനും, അടിച്ചു പൊളിക്കാനുമായി പോയ എന്റെ കൗതുകം ഉണർത്തിയ …

Leave a Reply