വിവരണം – ജിതിൻ ജോഷി.
2001 ലെ സംഭവമാണ് സൂർത്തുക്കളെ… ഞാൻ നടത്തിയ ആദ്യത്തെ #സഞ്ചാരം.. ഒരാഴ്ച നീണ്ടുനിന്ന മഹത്തായ നിരാഹാരത്തിനും കടുകട്ടിയായ ഭീഷണികൾക്കും ഒടുവിലാണ് ആ ഒരു #yes നേടിയെടുത്തത്.. അതേ.. ഒരു നാലാംക്ലാസ്സുകാരനെ സംബന്ധിച്ചിടത്തോളം “ഇമ്മിണി ബല്ല്യ ഒരു yes” ആയിരുന്നു അത്.. സംഭവം മറ്റൊന്നുമല്ല, സൺഡേ സ്കൂളിൽ നിന്നും ഒരു oneday ടൂർ പോവുന്നു.. അതും കണ്ണൂരിലേക്ക്…നമ്മളും കണ്ണൂര്കാരൻ ആണെങ്കിലും അതുവരെ കണ്ണൂരൊന്നും പോയിട്ടില്ലാരുന്നു എന്ന് പറയാൻ എനിക്കൊരു ചമ്മലും ഇല്ല..
അങ്ങനെ സൂർത്തുക്കളെ..നമ്മളീ സമ്മതം ഒക്കെ ഒപ്പിച്ചു പൈസയും എണ്ണി ഇരിക്കുവാണിങ്ങനെ.. അവസാനം ആറ്റുനോറ്റിരുന്ന ആ ദിവസം ഇങ്ങടെത്തി… ഞാൻ, Jomit Joseph Nidheesh Thomas Puthen Purackal J Bibin Joseph Jobinsjb Poothottal Anju Roy Anna Mariya Dominic Miya Josmi Joseph Chittete Sebin Jose Thekkelഇങ്ങനെ അന്നത്തെ മെയിൻ അലമ്പുകൾ ഒക്കെയുണ്ട്… ബസിനാത്രേ പോണേ..ബസിനു… !! വേറെന്നാ വേണം പൊളിക്കാൻ.. 😁 ബസിന്റെ പേര് രാഹുൽ എന്നോ മറ്റോ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.. എന്തായാലും യാത്ര തുടങ്ങി.. എന്റെ ആദ്യത്തെ #സഞ്ചാരം…
ആട്ടവും പാട്ടും തകൃതിയായി നടക്കുന്നു.. എന്നാലും എന്നെ സന്തോഷിപ്പിച്ചത് അതൊന്നുമല്ലാരുന്നു… ബസിൽ ഇരുന്ന് ഭക്ഷണം കഴിക്കുക എന്ന അത്യാനന്ദകരമായ പരിപാടി..!! കാരണം നമ്മൾ അതുവരെ നടത്തിയിട്ടുള്ള ബസ്യാത്രകൾ ഒക്കെ തികച്ചും ഒഫീഷ്യൽ ആയിരുന്നല്ലോ… 😃 ബസിൽ കയറുക, ticket എടുക്കുക, സ്ഥലം ആയാൽ ഇറങ്ങുക… ഇതിപ്പോ ആകെമൊത്തം ഒരു ചലിക്കുന്ന ഡൈനിങ്ങ് ഹാൾ… ആഹഹാ… സംഗതി പൊരിച്ചു… !!
അങ്ങനെ ചവിട്ടിപ്പിടിച്ചു കണ്ണൂരെത്തിച്ചു… #കണ്ണൂര് കണ്ട എന്റെ രണ്ടുകണ്ണും ഏതാണ്ട് ഊരിവരുന്ന അവസ്ഥയായി… അതൊന്ന് ഉന്തിത്തള്ളി പഴയസ്ഥാനത് കൊണ്ടുവച്ചപ്പോ ദാ കിടക്കുന്നു അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവന്മാരുടെ കണ്ണും പല്ലും ഒക്കെ പുറത്ത്…എന്നതായാലും കണ്ണൂരെത്തിയ ബസ് പോയി നിന്നത് നേരെ സെൻട്രൽ_ജയിലിന്റെ മുന്നിലാരുന്നു.. “ജയിലെങ്കിൽ ജയില്.. വാടാ പുല്ലേ” ന്നും പറഞ്ഞ് ഏതോ ഒരു കുരിപ്പ്ചാ ടിയിറങ്ങി… പിന്നാലെ ഞങ്ങളും.. അങ്ങനെ ജയില് മുഴുവനും ചുറ്റിനടന്നുകണ്ടു.. വിടർന്നകണ്ണുകളോടെ തന്നെ… അന്നൊന്നും ജയിലിൽ ചപ്പാത്തിയും കോയിക്കറിയും പദ്ധതി വന്നിട്ടില്ല… ഇല്ലേ പൊളിച്ചേനെ…. 😎
അവിടുന്ന് വണ്ടി നേരെ പോയത് #റെയിൽവേ_സ്റ്റേഷൻ.. നിർത്തിയിട്ടിരുന്ന ഒരു ട്രെയിൻ കാണിച്ച് ഇട്രാപ്പി സാർ പറഞ്ഞു…: “ദിദാണ് മോനേ തീയിന്റെ ബണ്ടി…വേണോങ്കില് ഒന്ന് തൊട്ടും പിടിച്ചൊക്കെ നോക്കിക്കൊന്ന്… ” തൊടാനും പിടിക്കാനും തുടങ്ങിയ ഞമ്മളെ പിടിച്ചുവലിച്ചോണ്ടാണ് അവിടുന്ന് പുറത്തിറക്കിയേ….😄 അന്ന് പച്ചക്കളർ ആയിരുന്നു തീവണ്ടീന്റെ ഉള്ളിൽ.. മരം കൊണ്ടുള്ള സീറ്റും.. അങ്ങനെ തീവണ്ടികണ്ട ചാരിതാർഥ്യത്തോടെ വന്നിറങ്ങിയത് #ആകാശവാണിയിലേക്ക്… നാലാംക്ലാസ്കാരന് എന്തോന്നെടേയ് ആകാശവാണി.. ! പിന്നെ “എന്നും രാവിലേ #യേശുദാസൊക്കെ ദാ ഈടെ നിന്നിട്ടാണ് പാട്ടുപാടുന്നതെന്നു പറഞ്ഞപ്പോളാണ് കാര്യങ്ങളൊക്കെ ഒരുവിധം ഓടിത്തുടങ്ങീത്…
അപ്പളിതാ തീർത്തും നിഷ്കളങ്കമായ ഒരു ചോദ്യം… “അല്ല അപ്പൊ ഈ ആകാശവാണി ഓരുടെ (യേശുദാസിന്റെ ) #വീട്ടുപേരാ.. ?” ഓനേം കുറ്റംപറയാൻ കുറ്റംപറയാൻ പറ്റൂല..കാരണം ഓൻ ഓന്റെ വീടിന്റെ പിന്നാമ്പുറത്തു നിന്ന് കുളിക്കുമ്പോഴാണല്ലോ തൊണ്ട കീറി പാടിവിടുന്നത്…പിന്നെ അത്ഭുതപ്പെടുത്തിയത്. #മിൽമയാണ്… പാക്കറ്റിൽ പാലുനിറയ്ക്കുന്നതും അത് സീലുവയ്ക്കുന്നതുമൊക്ക ഞങ്ങൾക്ക് പുതുമയുള്ള കാഴ്ചകൾ ആയിരുന്നു… അവിടെനിന്നും അവസാന സ്വീകരണസ്ഥലം… കണ്ണൂർ #കോട്ടയും_ബീച്ചും..
കോട്ടയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ആരോ ആരോടോ പ്രസംഹിക്കുന്നതു കേട്ടു. ഞങ്ങടെ മനസ്സിൽ അപ്പോൾ കോട്ടയായിരുന്നില്ല… അവിടെനിന്നാൽ കാണുന്ന #ബീച്ചും വീശിയടിക്കുന്ന തിരമാലകളും ആയിരുന്നു…കോട്ട ഒരുവിധത്തിൽ കണ്ടുതീർത്ത് ഒറ്റ ഓട്ടമായിരുന്നു #കടൽത്തീരത്തേക്. കടൽ… അന്നു ഞാൻ കണ്ടതിൽ ഇന്നും മാറ്റമില്ലാത്ത ഒരേ ഒരു ഭാവം.. സ്ഥലകാല ഭേതമന്യേ… അങ്ങനെ തിരയെണ്ണി കഴിഞ്ഞു പോവാൻ എണീറ്റപ്പോഴാണ് #ഐസ്ക്രീംകാരനും കൂടെ ആ #ട്വിസ്റ്റും വന്നത്.. ഐസ്ക്രീം കഴിക്കാൻ വീട്ടീന്ന് കൊണ്ടോന്ന പൈസ കൊടുക്കണമത്രേ… !
അതിനെന്താ കൊടുക്കാലോ.. പക്ഷേ പോക്കറ്റിൽ കയ്യിട്ട എന്റെ മുഖം #കാബൂളിവാലയിൽ ഒന്നാംതീയതി പുട്ട് വാങ്ങാൻപോയ #കന്നാസിന്റെയും #കടലാസിന്റെയും പോലാരുന്നെന്നു വർഷങ്ങൾക്കു ശേഷം ആ സിനിമ കണ്ടപ്പോളാണ് മനസിലായത്.. അതേ.. എന്റെ ആദ്യകുർബാനയുടെ സ്മരണയായിരുന്ന ആ കറുത്തപാന്റ്സ് എന്നെ ചതിച്ചിരിക്കുന്നു… !! അതും മണിക്കൂറുകൾക്കു മുന്നേ…അതിൽ പിന്നെ ഞാൻ ഇന്നും ഓട്ടപോക്കറ്റ് ആണോ എന്ന് നോക്കി മാത്രേ പൈസ ഇടാറുള്ളു… (ആദ്യപാഠം ). ഒടുവിൽ സിസ്റ്റർ തന്ന പൈസയ്ക്ക് ഐസ്ക്രീം കഴിച്ചിട്ടാകേട്ടോ ഞാൻ അവിടുന്ന് വണ്ടി കേറീത്.. 😂
സൂർത്തുക്കളെ ഞാൻ ജീവിതത്തിൽ ചെയ്ത ആദ്യയാത്ര.. വർഷങ്ങൾക്കിപ്പുറം ഇന്നും ഈ ഓർമ്മകൾക്ക് ഇത്രയും നിറമുണ്ടെങ്കിൽ അന്നത് എത്ര മനോഹരമായിരുന്നു.. അന്നത്തെ ഞങ്ങളുടെ യാത്രയെ ഏറ്റവും മനോഹരമാക്കിയ ഞങ്ങളുടെ ആംഗ്യപ്പാട്ടുകാരി #ആർഷ_ജോൺസന്റെ ഒരിക്കലും മരിക്കാത്ത ഓർമകൾക്കു മുന്നിൽ ഈ കൂട്ടുകാരുടെ ഒരായിരം സ്നേഹപ്പൂക്കൾ….