നീലത്താമരയുടെ നാട്ടിലൂടെ ഒരു സഞ്ചാരം…

വിവരണം – ജയേഷ് എൻ.ജി.

നട്ടുച്ച സമയത്തെ ചാറ്റൽ മഴക്കൊപ്പം കാറ്റും വീശിയടിക്കുന്നുണ്ട്. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാത്ത ഒരു യാത്രയായിരുന്നു അത്. ഈദ് ആഘോഷങ്ങൾക്ക് ശേഷം രണ്ടുമണിയോടുകൂടിയാണ് പട്ടാമ്പിയിൽ എത്തുന്നത്. പട്ടാമ്പി പാലത്തിൽ നാട്ട നൂഴുന്നു ഭാരതപ്പുഴ. മഴയെ കൂസാതെ ഒരാനവണ്ടി പാലത്തിനു മുകളിലൂടെ കടന്നു പോയി. വല്ലാത്തൊരു ശേലാണ് ആ കാഴ്ചക്ക്. മഴക്കാലമായതോടെ ഭാരതപ്പുഴക്ക് ഒഴുക്ക് കൂടിയിട്ടുണ്ട്. എങ്കിലും ശാന്തമായ ഭാവം. പട്ടാമ്പിയിൽ നിന്ന് പുഴക്ക് സമാന്തരമായി വെള്ളിയാങ്കല്ലിലേക്കു ഒരു തീരദേശപാതയുണ്ട്. പലപ്പോഴും സഞ്ചരിച്ചിട്ടുണ്ടെങ്കിലും എന്നും പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന വഴി. ഭാരതപ്പുഴയും കരിമ്പനകളും ഗ്രാമജീവിതവും കണ്ടുകൊണ്ട് കൊടുമുണ്ട വഴി വെള്ളിയാങ്കല്ലിലെത്തി. വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ഇപ്പോൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുന്നു. അവധി ദിവസം ആയതിനാൽ നല്ല തിരക്കുണ്ട്. പുഴയിൽ മീൻപിടിത്തക്കാർ ചെറിയ വള്ളവുമായി കറങ്ങി നടക്കുന്നു. വെള്ളിയാങ്കല്ല് പാലം കയറിയിറങ്ങി. കുറച്ചു ദൂരംകൂടി സഞ്ചരിച്ച് തൃത്താലക്കടുത്തുള്ള പാക്കനാരുടെ കാഞ്ഞിരമരവും കണ്ടുനിന്നപ്പോൾ തോന്നി നീലത്താമര വിരിയുന്ന മലമേക്കാവും കണ്ണാന്തളിപ്പൂക്കൾ നിറയെ വിരിഞ്ഞിരുന്ന താന്നിക്കുന്നും കണ്ട് കൂടല്ലൂർ വഴിയാവാം യാത്രയെന്ന്. അങ്ങനെ കൂടല്ലൂർക്ക് വച്ചു പിടിച്ചു.

ചരിത്രവും പുരാവൃത്തവും മിത്തുകളും കൂടിച്ചേരുന്ന കൂടല്ലൂർ. ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന ഭാരതപ്പുഴയും സൈലന്റ് വാലിയിൽ നിന്നും ഒഴുകിയെത്തുന്ന തൂതപ്പുഴയും കൂടിച്ചേരുന്ന കൂടല്ലൂർ. അതിലുപരി മലയാളത്തിന്റെ എക്കാലത്തെയും പ്രിയ്യപ്പെട്ട എഴുത്തുകാരൻ എം ടിയുടെ നാടായ കൂടലൂർ. അങ്ങിനെ വിശേഷണങ്ങൾ അനവധി. എം ടിയുടെ കഥകളിലൂടെ സുപരിചിതവും എന്നാൽ ഇപ്പോൾ ചെറിയ അപരിചിതത്വവും തോന്നിക്കുന്ന നാട്. എം ടിയുടെ വീട് കണ്ട് മറ്റിടങ്ങളിലേക്ക് വഴി അന്വേഷിക്കുന്നതിനടയിൽ ഇരുപതുകാരനായ ശ്യാമിനെ പരിചയപ്പെട്ടു. കിറുക്കൻ ആഗ്രഹങ്ങൾ അറിയിച്ചപ്പോൾ അവനും സന്തോഷത്തോടെ കൂടെക്കൂടി. താന്നിക്കുന്നു കാണാനായിരുന്നു ഞങ്ങൾ ആദ്യം പോയത്. കണാന്തളിപ്പൂക്കൾ സുലഭമായിരുന്ന താന്നിക്കുന്നിനെ എം ടി ഓർക്കുന്നുണ്ട്.

വടക്കേപാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾ താന്നിക്കുന്നു തൊട്ട് പറക്കുളം മേച്ചിൽ പുറം വരെ കണ്ണാന്തളിച്ചെടികൾ തഴച്ചു വളർന്നു കഴിയും ഇളം റോസ് നിറത്തിലുള്ള പൂക്കൾ തലകാട്ടി തുടങ്ങും. ആ പൂക്കളുടെ നിറവും ഗന്ധവും തന്നെ ആയിരുന്നു പുന്നെല്ലരിയുടെ ചോറിനും, പൂക്കളുടെയും ചോറിന്റെയും സമൃദ്ധിക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ മാസമാണ് ഞങ്ങൾക്ക് കർക്കിടകം'(കണ്ണാന്തളി പൂക്കളുടെ കാലം). എന്നാൽ അതൊക്കെ ഇന്ന് വെറും ഓർമകൾ മാത്രം. ശ്യാമിന് കണ്ണാന്തളിപൂവിനെ ഓർമയില്ല,ആ കാലവും. കണ്ണാന്തളി വിരിഞ്ഞിരുന്ന കുന്നിൽ ഇന്ന് ധാരാളം കല്ലുവെട്ടു ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. അധികം വൈകാതെ കുന്നും ഓർമകളിൽ മാത്രമാവും. നെടുവീർപ്പോടെ കുന്നിനോട് വിടപറഞ്ഞിറങ്ങുമ്പോൾ വിദൂരതയിൽ കരണൂർ പാലത്തിനു മുകളിലൂടെ തീവണ്ടി പോവുന്ന കാഴ്ച കാണാനായി. താഴെ നിള ഒരു കണ്ണീർച്ചാലായി ഒഴുകുന്നു. ആരോടും പരിഭവം ഇല്ലാതെ, ശാന്തമായി.
താന്നികുന്നിൽ നിന്നും നേരെ താലപ്പൊലികുന്ന് വഴി മലമേൽക്കാവിലെത്തി.

 

നേരം സന്ധ്യയാവുന്നു എന്നറിയിക്കാൻ പാലക്കാട്ടേക്ക് പോവുന്ന പഴയ ആനവണ്ടി മലമേൽക്കാവിൽ വന്നു നിന്നു. ക്ഷേത്രത്തിൽ തിരക്കു കുറവാണ്. ശ്യാം പറഞ്ഞതനുസരിച്ചു താഴെ നീലത്താമര വിരിയുന്ന കുളക്കരയിൽ ചെന്നു നോക്കി. പൂ വിരിയുന്ന ഭാഗം കല്ലുകൊണ്ട് കെട്ടി തിരിച്ചിരിക്കുന്നു. ഇലയുണ്ട് പൂവില്ല.നേർച്ചവെച്ച് പ്രാർത്ഥിച്ചതിനു ശേഷം പിറ്റേ ദിവസം നീലത്താമര വിരിഞ്ഞാൽ ആഗ്രഹം സഫലമായെന്ന് കൂടല്ലൂർക്കാരുടെ വിശ്വാസം. അതുപോലെ പാട്ടാമ്പിക്കടുത്തെ മുത്തശ്ശിയാർ കാവിനെപ്പറ്റിയും കൊടിക്കുന്നത്തു കാവിനെക്കുറിച്ചുമൊക്കെയുള്ള കഥകളും നാട്ടിലെ വിശ്വാസങ്ങളും എം ടിയുടെ കഥകളിലൂടെ നമ്മൾ വായിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പം നിളാദേവിയെക്കുറിച്ചും. നിള കൂടല്ലൂരുകാർക്ക് കാരുണ്യം നിറഞ്ഞ അമ്മയാണെന്ന് അദ്ദേഹം തന്നെ കഥയിൽ പറയുന്നുണ്ട്. (ഓർമകളിലെ നിള ).

പിന്നീട് ലാൽ ജോസിന്റെ നീലത്തമര ചിത്രീകരിച്ച സ്ഥലവും ആളൊഴിഞ്ഞ നാലുകെട്ടുകളും കുളവും കണ്ട് കണ്ണെത്താദൂരത്തെ പാടവരമ്പിലൂടെ നടന്ന് കൂടല്ലൂരിനടുത്ത് തിരിച്ചെത്തി. ശ്യാമിനോട് യാത്രപറഞ്ഞു പിരിഞ്ഞു. പ്രിയ കൂട്ടുകാരന് നന്ദി. കൂട്ടക്കടവ് ഇപ്പോൾ ചായം ചാലിച്ചു തുടങ്ങിയിരിക്കുന്നു. ഭാരതപ്പുഴയും തൂതപ്പുഴയും കൂടിച്ചേരുന്ന കൂട്ടക്കടവിൽ ഇന്നും കടത്തുണ്ട്. നല്ല ഒഴുക്കുള്ള സ്ഥലം. മണൽ വാരൽ മൂലം ‘വി’ ആകൃതിയിലാണ് പുഴയെന്ന് നിളയെ സ്‌നേഹിക്കുന്ന പുതിയ തലമുറയിലെ കൂട്ടുകാർ പറയുകയുണ്ടായി (അഖിൽ, വിഷ്ണു). നിളയിൽ ഇറങ്ങരുതെന്നു സാരം. തോണികൾ കരയിലും വെള്ളത്തിലുമായി വിശ്രമിക്കുന്നുണ്ട്. കടത്തുകാരൻ ആരെയോ അക്കരെക്കു കൊണ്ടു വിടുന്ന തിരക്കിലാണ്. ദൂരെ നിളക്കു കുറുകെയുള്ള പാലത്തിലൂടെ രാജധാനി എക്‌സ്പ്രസ് കൂകിവിളിച്ചുകൊണ്ടു കൂസലില്ലാതെ കടന്നുപോയി. നേരം ഇരുട്ടിത്തുടങ്ങി. മണൽപ്പരപ്പിലൂടെ നിളയെ നോക്കി ഞങ്ങൾ തിരിച്ചു നടന്നു. കൂട്ടക്കടവും ഇന്ന് ഏറെ ശോഷിച്ചിരിക്കുന്നു എന്ന് കൂട്ടത്തിൽ ആരോ പറയുകയുണ്ടായി. ശരിയാണ്, നിള ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. നിളക്കു കുറുകെ കുറ്റിപ്പുറത്ത് പാലം വന്നപ്പോൾ ‘നിളയുടെ ഭാവികാലത്തെക്കുറിച്ചു’ ‘കുറ്റിപ്പുറം പാലം’ എന്ന കവിതയിൽ ഇടശ്ശേരി വിലപിക്കുകയുണ്ടായി.

‘അമ്പ പേരാറേ നീ മാറിപ്പോമോ ആകുലമായൊരഴുക്കുചാലായ്’- ക്രാന്തദർശിയായ കവി, കാലാതീതമായ കവിത. ‘അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയെയാണെന്ന്’ എം ടി ഒരിക്കൽ എഴുതുകയുണ്ടായി. എന്നാൽ ആ നിള ഇന്ന് മനുഷ്യന്റെ ക്രൂരതയ്ക്ക് പാത്രമായി ഏറെ മാറിയിരിക്കുന്നു. വള്ളുവനാടൻ മണ്ണിന്റെ കാർഷിക സമൃദ്ധിയെ നിയന്ത്രിച്ച നദി ഇന്ന് ചക്രശ്വാസം വലിക്കുന്ന കാഴ്ച ഏറെ ദയനീയമാണ്. നിള നശിച്ചാൽ അതോടൊപ്പം നശിക്കുന്നത് ഒരു പൈതൃകവും ഒപ്പം ഒരു സംസ്‌കാരവും കൂടിയാണ്. കേരള മണ്ണിലെത്തന്നെ ഇമ്മിണി വലിയൊരു നദീതട സംസ്‌ക്കാരം. സന്ധ്യ മയങ്ങിയ കൂട്ടക്കടവിൽ കടവിൽ നിന്നും അഖിലിനോടും കൂട്ടുകാരോടും,നിളയോടും യാത്ര പറഞ്ഞിറങ്ങി. സഞ്ചരിക്കാൻ ഇനിയും ഒരുപാട് ദൂരം ബാക്കി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply