ഇന്നലെ രാവിലെ ആറു മണിക്ക് കാസര്‍ഗോഡു നിന്ന് കാറെടുക്കുമ്പോള്‍ അറുനൂറ് കിലോമീറ്ററോളം സഞ്ചരിച്ച് തിരുവനന്തപുരത്തെത്താന്‍ ഗൂഗിള്‍ പറഞ്ഞ സമയം ഏതാണ്ട് പതിനാല് മണിക്കൂറായിരുന്നു. മണിക്കൂറില്‍ ശരാശരി 40-45 കിലോമീറ്റര്‍ വേഗം. ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ നിറുത്തിയതുസഹിതം രണ്ടുരണ്ടര മണിക്കൂര്‍ എടുത്തതുള്‍പ്പെടെ പത്തൊന്‍പതു മണിക്കൂര്‍ കൊണ്ട് വണ്ടി തിരുവനന്തപുരത്ത് ഓടിയെത്തിയപ്പോള്‍ രാത്രി ഒരു മണി. വാഹനത്തിന്റെ ശരാശരി വേഗം 35-40 കിലോമീറ്റര്‍. എന്തായാലും യാത്രയിലുടനീളം ഈ വേഗത്തിലല്ല വണ്ടിയോടിയതെന്ന് ഉറപ്പാണ്. ദേശീയപാതയിലെ അനുവദനീയമായ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററാണ്. അതനുസരിച്ച് ഏഴര മണിക്കൂര്‍ സമയം. വിശ്രമസമയം കൂടി പരിഗണിച്ചാല്‍ ഒന്‍പതു മണിക്കൂര്‍കൊണ്ട് ഓടിയെത്താം.പക്ഷേ, ഇരട്ടിയിലേറെ സമയമാണ് അതിനായി ചെലവായത്.
അതെന്തുമാകട്ടെ, കേരളത്തിലെ ദേശീയപാതയുടെയും അതിലൂടെ ഓടുന്ന വാഹനങ്ങളുടെയും ഓടിക്കുന്ന ഡ്രൈവര്മാരുടേയുമെല്ലാം സ്വഭാവം അടുത്തറിയാന്‍ സാധിച്ച ഒരു ഒറ്റദിവസ യാത്രയായിരുന്നു ഇത്. ഏറ്റവുമധികം കഷ്ടപ്പെടുത്തിയത് വടക്കന്‍ കേരളം തന്നെയാണ്. തലശ്ശേരി പട്ടണത്തിലൂടെ കടന്നുപോകുന്ന റോഡ് സത്യത്തില്‍ മട്ടാഞ്ചേരിയിലെ തെരുവുകളെയാണ് ഓര്‍മിപ്പിച്ചത്. കഷ്ടിച്ച് പത്തു മീറ്റര്‍ മാത്രം വീതിയുള്ള റോഡാണ് ഇവിടുത്തെ ദേശീയപാത! രാവിലെ എട്ടരയോടെ തലശ്ശേരിയിലെത്തുമ്പോള്‍ ഒരു വശത്ത് കിലോമീറ്ററുകളോളം ദൂരം ചരക്കുലോറികള്‍ നിറുത്തിയിട്ടിരിക്കുന്നു. ഒറ്റവരിയിലൂടെയാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഹനങ്ങള്‍ പോകുന്നത്. അവിടം കടന്നുകിട്ടാന്‍ പെട്ടപാട്. ഈ റോഡൊക്കെ 45 മീറ്റര്‍ ദേശീയപാതയുടെ നിലവാരത്തിലേക്കെത്തിയില്ലെങ്കിലും കുറഞ്ഞപക്ഷം സുഗമമായി ഇരുവരി ഗതാഗതം സാധ്യമാകും വിധത്തിലെങ്കിലും എന്നാണ് വികസിക്കുകയെന്ന് ഓര്‍ത്തുപോയി.
തൃശൂര്‍ മുതല്‍ ചേര്‍ത്തല വരെ വൈറ്റില ഭാഗത്തെ കുരുക്കൊഴിച്ചാല് ഗതാഗതം വളരെ സുഗമമായിരുന്നു. പക്ഷേ, റോഡില്‍ വീതിയുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ കാണാനായത് അച്ചടക്കമില്ലാത്ത ഡ്രൈവിംഗ് രീതികളാണ്. കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ബസുകള്‍ മാത്രമല്ല, സ്കൂട്ടര്‍ യാത്രികര്‍ പോലും മരണപ്പാച്ചിലാണ്. ഹെല്‍മറ്റ് വയ്ക്കാതെ കാതുകളില്‍ ഇയര്‍ഫോണും തിരുകി ആക്ടീവയില്‍ റോഡിനു നടുവിലൂടെ പറപറന്ന ഒരു യാത്രികനെ മറികടക്കാന്‍ ഞാനെടുത്തത് ഏതാണ്ട് പതിനഞ്ചു മിനിട്ടോളമാണ്. പലപ്പോഴും എതിരേവന്ന ബസുകളില്‍ നിന്നു രക്ഷപ്പെടാന്‍ വശത്തെ കുഴിയിലേക്ക് വണ്ടി വെട്ടിച്ചിറക്കേണ്ടി വന്നു. കുന്ദംകുളത്ത് വഴിയില്‍ ചെറിയൊരു സംശയമുണ്ടായപ്പോള്‍ ചോദിക്കാന്‍ നിറുത്തിയതിന്റെ പേരില്‍ പിന്നാലെ വന്ന വാനില്‍ നിന്നു കാതടപ്പിക്കുന്ന ഹോണടിയാണ് ശിക്ഷ കിട്ടിയത്. നാലു വരിപ്പാതകളില് യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ലൈനുകള്‍ ഉപയോഗിക്കുന്നത്. പതിയെപ്പോകുന്ന ബൈക്കുകള്‍ക്കും ബസുകള്‍ക്കും കാറുകള്‍ക്കുമൊക്കെ പ്രിയം വലതു ട്രാക്ക് തന്നെ. പിന്നെയും ഭേദം പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു ലോറികളാണെന്നു പറയാതെ വയ്യ.
കാസര്‍കോട് ജില്ലയില്‍ ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേരില്ലാതെ കണ്ടത് വളരെ ചുരുക്കമാണെന്നു പറയാം. ആര്‍ക്കും ഹെല്മിറ്റുമില്ല. പലയിടത്തും പല വാഹനങ്ങളും വേണ്ടത്ര സിഗ്നലോ ഇന്‍ഡിക്കേറ്ററോ ഉപയോഗിക്കാതെയാണ് റോഡുപയോഗിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയിലുള്ള സൂചകങ്ങളും പലയിടത്തുമില്ല. പ്രത്യേകിച്ച് വണ്‍വേ സംവിധാനങ്ങളുള്ള ചെറിയ പട്ടണങ്ങളില്‍. ഗൂഗിളിനെ ആശ്രയിച്ചാല്‍ വണ്‍വേ തെറ്റുമെന്നുറപ്പാണ്. എന്നാല്‍ ആവശ്യമില്ലാത്തിടത്തൊക്കെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യക്കുറവാണ്. ഏതെങ്കിലും ഹോട്ടലോ പെട്രോള്‍ പമ്പോ ഒക്കെ കണ്ടെത്തണം. പിന്നെ മൂത്രമൊഴിക്കാനായി മാത്രം ഇത്തരം സ്ഥലങ്ങളില്‍ കയറിച്ചെല്ലാന്‍ ആരും മടിക്കുകയും ചെയ്യും. വൃത്തിയുള്ള മൂത്രപ്പുരകളോടു കൂടിയ വിശ്രമസങ്കേതങ്ങളും ഹൈവേകളുടെ ഓരത്ത് അത്യാവശ്യമാണ്.
ഇതിനൊക്കെ നമ്മുടെ കേരളത്തില്‍ എന്നാണ് ഒരു പരിഹാരമുണ്ടാകുക?
വിവരണം – ടി.സി. രാജേഷ്.