മലയാള ‘ഭാഷ’ അറിയാത്ത, സാഹിത്യമൊട്ടും വശമില്ലാത്ത ഞാൻ ഭൂമിയിലെ സ്വർഗമായ കാശ്മീരിനെക്കുറിച്ചു എത്ര വിവരിച്ചാലും പൂർണ്ണമാകില്ല. എന്റെ വാക്കുകൾക്കും വർണനകൾക്കും അതീതമാണ് കാശ്മീരിന്റെ സൗന്ദര്യം. ഞാൻ മോഹിച്ചതുപോലെ… ഞാൻ സ്വപ്നം കണ്ടതുപോലെ കാശ്മീരിനെ മോഹിച്ചു സ്വപ്നംകണ്ടുനടക്കുന്ന സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ, എന്റെ കാശ്മീർ യാത്ര അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മനസിലാക്കിയ കുറച്ചുകാര്യങ്ങൾ കാശ്മീർ മോഹം മനസ്സിൽ കൊണ്ടുനടക്കുന്ന സഞ്ചാരികൾക്കു ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ ഇവിടെ പങ്കുവെക്കട്ടെ..
ഈ പോസ്റ്റ് വായിക്കുന്ന 10% ആളുകൾക്കെങ്കിലും കാശ്മീർ യാത്ര മോഹം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. മനസ്സിൽ യാത്രയോടുള്ള അടങ്ങാത്ത ആസക്തിയുണ്ടെങ്കിൽ ആർക്കുവേണേലും കാശ്മീരിൽ പോയിവരാം. ഞാനെന്ന കൊച്ചു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കാശ്മീർ എനിക്കൊരുപാട് ദൂരെയും ഒരിക്കലും എത്താൻ സാധ്യതയുമില്ലാത്ത ഒരിടമായിരുന്നു. എന്നാൽ മഞ്ഞുമലകളോടുള്ള അടങ്ങാത്ത പ്രണയവും മഞ്ഞിനെ വാരിപ്പുണരാനുള്ള ആഗ്രഹവും എന്നെ കാശ്മീരിലെത്തിക്കുകയായിരുന്നു..
ഞാൻ.. സാധാരണക്കാരിൽ സാധാരണക്കാരനായ, ഒരുപാടു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പക്കാ തൃശൂർക്കാരൻ. ഇഷ്ട്ടപെട്ട പെണ്ണിനോടുള്ള പ്രണയം അവസാനിച്ചപ്പോഴാണ് യാത്രയോടുള്ള പ്രണയം തുടങ്ങിയത്. യാത്രയോടുള്ള പ്രണയം തുടങ്ങിയപ്പോൾ കാശ്മീരിനോടുള്ള പ്രണയവും മനസ്സിൽ പൂവിട്ടു. എന്റെ ചിന്തയിൽ കാശ്മീർ ഒരുപാട് ചെലവുവരുന്ന യാത്രയാകും എന്ന ധാരണയായിരുന്നു. അങ്ങനെ ഒരുപാട് കാലം അതൊരു മോഹം മാത്രമാക്കി കഴിച്ചുകൂട്ടി. ഒരുപക്ഷെ നിങ്ങളിൽ പലരും അങ്ങനെ ചിന്തിക്കുന്നവരാകും.. എന്നാൽ ഒറ്റത്തവണ മാത്രം കാശ്മീർ പോയിവന്നൊരു എളിയ യാത്രികന്റെ വാക്കുകൾ നിങ്ങൾക്ക് വിശ്വാസമെങ്കിൽ നാളെ നിങ്ങൾക്കും പോകാം കാശ്മീരിലേക്ക്… അതേ, Journey to the paradise on earth..
സ്കൂളിലെ ചരിത്ര പുസ്തകത്താളുകളിൽ നിന്നാകും കൂടുതൽ ആളുകളും കാശ്മീരിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഏഴാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷക്കു 50 പൈസ നാണയത്തിൽ നോക്കി ഇന്ത്യയുടെ ഭൂപടം വരയ്ക്കുമ്പോഴും നമ്മൾ കാശ്മീരിനെ ഓർത്തിരിയ്ക്കും. ബോളിവുഡ് സിനിമകളിലെ ഗാനരംഗങ്ങൾ കശ്മീരിന്റെ സൗന്ദര്യം നമുക്ക് കാട്ടിത്തന്നിരിക്കാം. നൊമ്പരപ്പെടുത്തുന്ന ഒരോർമ്മയായി കാശ്മീർ പിന്നെയും മനസിലേക്ക് വന്നത് കാർഗിൽ യുദ്ധസമയത്താണ്. പിന്നീടങ്ങോട്ട് പതിവായി പത്രത്താളുകളിൽ കശ്മീരിലെ ഭീകരത നിറഞ്ഞുനിന്നു..
പിന്നീടെപ്പോഴാണ് കാശ്മീർ വളരെ സുന്ദരിയാണെന്ന് ഞാനും അറിയുന്നത്…! കൃത്യമായി പറയാൻ അറിയില്ല. ബോളിവുഡ് സിനിമ ഗാനരംഗങ്ങൾ, പുസ്തകങ്ങൾ, വാർത്തകളിലൂടെ.. അങ്ങനെ എങ്ങനെയൊക്കെയോ ഞാൻ കുറേശെ കാശ്മീർ മനോഹരമാണെന്നു മനസ്സിലാക്കുകയായിരുന്നു.
കാശ്മീർ സുന്ദരിയാണ് എന്നാലും കാശ്മീരിലേക്ക് ആരെങ്കിലും യാത്ര പോകുമോ. ഇന്ത്യയുടെ അങ്ങേ തലയ്ക്കൽ, തൊട്ടപ്പുറത്തെ പാക്കിസ്ഥാൻ, ചൈന, പിന്നെ ഹിമാലയം, സഹിക്കാനാവാത്ത തണുപ്പ്, പിന്നെ ഇടയ്ക്കിടെ
ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങൾ , വെടിവെപ്പ്.. എന്റമ്മോ…. !! കാശ്മീരിൽ മിലിട്ടറിയിൽ ജോലിചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അമ്മമാർ പറയുന്നത് കേൾക്കാം. ലീവ് കഴിന്നുപോയാൽ ഒരു സമാധാനവും ഉണ്ടാകില്ല. എല്ലയ്പ്ലോഴും ഭീകരരും പട്ടാളക്കാരും തമ്മിൽ പ്രശ്നങ്ങൾ.. എങ്ങനെയാ ആ നാട്ടിലൊക്കെ ജോലി ചെയ്യുക. എല്ലായ്പ്പോഴും പ്രശ്നങ്ങൾ.. ശ്യോ കഷ്ടം. എന്നാൽ.. കശ്മീരിന്റെ ഭീകരത മാത്രം കേട്ടിട്ടുള്ള അമ്മമാർ അറിയാത്ത ഒരു കാര്യമുണ്ട് കാശ്മീരിന്റെ സൗന്ദര്യത്തെ..
വീട്ടിലെ മൗനസമ്മദം കിട്ടിയാൽ നമ്മൾ ആദ്യമത് സുഹൃത്തുക്കളോട് പറയും. ഒരുപാട് ദൂരം, സമയം, യാത്ര ചെലവ്, നേരിട്ട് കാശ്മീർ എത്താനുള്ള ബുദ്ധിമുട്ടു, ഭാഷ പ്രശ്നം, കാലാവസ്ഥ, ഹോട്ടൽ താമസ സൗകര്യം, ഭക്ഷണം, അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. വെടികൊണ്ട് ചാകാൻ നിക്കണ്ട നീ വല്ല ഊട്ടിക്കോ കൊടൈക്കനാലോ വിട്ടോ മോനെ. സ്ഥിരം ഡയലോഗുകൾ. കാശ്മീരൊന്നും പോകണ്ടഡേയ്… എന്ന് സഞ്ചരിയല്ലാത്ത സുഹൃത്തുക്കൾ നിങ്ങളെ പറഞ്ഞു പേടിപ്പിക്കും. അതുകൊണ്ടു യാത്ര പ്ലാനിനു അതികം പബ്ലിസിറ്റി ഒന്നും കൊടുക്കാൻ പോകണ്ടാ. വിവരമില്ലാത്ത ഒരുപറ്റം സുഹൃത്തുക്കൾ എനിക്കും ഉണ്ടായിരുന്നു.
കഴിഞ്ഞ മാസമാണ് ഞാനും എന്നെപോലെ കാശ്മീർ മോഹം മനസിൽ ൽകൊണ്ടുനടന്നിരുന്ന സുഹൃത്ത് നാരുവും Naru Narayan Kt കാശ്മീർ താഴ്വരകളിൽ എത്തിയത്. മഞ്ഞുമലകളും അവയുടെ സൗന്ദര്യവും കണ്ടു ഞങ്ങൾ ഒരാഴ്ചയോളം അവിടെ തങ്ങി. മുകളിൽ പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാതെ ഏതൊരു സാധാരണക്കാരനും കുറഞ്ഞ ചിലവിൽ കാശ്മീർ സന്ദർശിച്ചു തിരിച്ചുപോരാം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങൾ അനുഭവിക്കാൻ ഭൂമിയിലെ ആ സ്വർഗത്തിലേക്ക്, യാത്രകൾ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും പോയിരിക്കണം. താഴെ ഞാൻ കുറിച്ചിടുന്നു വരികളിലൂടെ സഞ്ചരിക്കാൻ തയ്യാറാണെങ്കിൽ നാളെ നിങ്ങളും കാശ്മീർ കണ്ടിരിക്കും… തീർച്ചാ !!
കേരളം – ഡൽഹി : ന്യൂ ഡൽഹി.. അവിടെ എത്തണം. അതാണ് പ്രധാന കടമ്പ. പക്ഷേ ഇന്നത്തെക്കാലത്തു അതൊരു ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. കേരളത്തിൽനിന്ന് ഡൽഹിയിലേക്ക് പോകുന്ന ട്രെയിനുകൾ നിത്യേനയുള്ളപ്പോ irctc.com ഇൽ ഒന്ന് ക്ലിക്ക് ചെയ്യേണ്ട ആവശ്യമേ ഉള്ളൂ.. Thrissur-Delhi ട്രെയിനുകൾ ഒരുപാടുണ്ട്, സ്ലീപ്പർ ക്ലാസ് ടിക്കറ്റിനു 900 രൂപയെ വരുന്നുള്ളു. അടുത്ത ലക്ഷ്യം, ഡൽഹിയിൽ നിന്ന് ജമ്മു എത്തുക എന്നതാണ്. ഡൽഹി ജമ്മു ട്രെയിൻ സർവീസ് തന്നെയാണ് ഏറ്റവും നല്ല മാർഗം. സ്ലീപ്പർ ക്ലാസ് ടിക്കറ്റിനു 350 രൂപയെ ആവുകയുള്ളൂ. എന്നാൽ ഈ റൂട്ടിൽ 3rd എ സി ടിക്കറ്റ് എടുക്കുന്നതായിരിക്കും കുറച്ചുകൂടി നല്ലതു. (3rd A/സി Rs.950രൂപ )അഥവാ ട്രെയിൻ ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ അടുത്ത ഓപ്ഷൻ ഡൽഹിയിൽ നിന്ന് ജമ്മുവരെ പോകുന്ന ബസ്സ് ആണ്. മുൻകൂട്ടി ബുക്ക് ചെയ്തില്ലേലും കിട്ടും. ഓൺലൈനിൽ കേറി ബുക്ക് ചെയ്യാം.650 രൂപ മുതൽ 1400(എ സി സ്ലീപ്പർ )രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ.
ജമ്മു സ്റ്റേഷൻ എത്തി പുറത്തിറങ്ങിയാൽ അവിടെ നിന്ന് ടാക്സി സ്റ്റാൻഡിലേക്ക് നടക്കുകയോ ബസ്സിലോ പോകാം. ഇനി ശ്രീനഗറിലേക്കു ഷെയർ ടാക്സി നോക്കുന്നതായിരിക്കും നല്ലതു. ടാക്സിക്കാർ പല റേറ്റ് പറയും. പരമാവധി വിലപേശുക. ടവേരയോ ഇന്നോവയോ ആയിരിക്കും കൂടുതലും. മാത്രമല്ല ശ്രീനഗറിലേക്കു ദിവസേന സർവീസ് നടത്തുന്ന ഗവണ്മെന്റ് ബസ്സും പ്രൈവറ്റ് ബസ്സും ഉണ്ട്, ടിക്കറ്റ് നിരക്ക് 200&400.പക്ഷേ ഈവഴിയുള്ള ബസ്സ് യാത്ര ഒരു ദുരിതയാത്രയാകും.
ടാക്സി നിരക്കുകൾ ; ജമ്മു – ശ്രീനഗർ 600 km. ടവേര -700-800 രൂപ. ഇന്നോവ – 1000-1200 രൂപ (സീസൺ അനുസരിച്ചു ചെറിയമാറ്റങ്ങൾ ഉണ്ടാകാം ) ജമ്മു – ശ്രീനഗർ യാത്ര 7 മണിക്കൂറിൽ കൂടുതൽ എടുക്കുമെങ്കിലും കണ്ണിനു കൗതുകം പകരുന്ന ഒരുപാട് കാഴ്ചകളും, ഒരൽപം സാഹസികത നിറഞ്ഞ റോഡുകളും 9 കിലോമീറ്ററിലധികം നീളമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കമായ ചിനാനി തുരങ്കത്തിലൂടെയുള്ള യാത്രയും ഒരിക്കലെങ്കിക്കും അനുഭവിക്കേണ്ടതാണ്.
നിങ്ങൾ ഒരു ബഡ്ജറ്റ് യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ എപ്പോഴും ട്രെയിൻ യാത്ര തന്നെ തിരഞ്ഞെടുക്കാം. പക്ഷേ മിക്ക ട്രെയിനുകളും കേരളത്തിൽ നിന്ന് ഡെൽഹിയിലെത്താൻ രണ്ടു ദിവസമെടുക്കും. നിങ്ങളുടെ കയ്യിൽ വേണ്ടത്ര സമയമില്ലെങ്കിൽ വിമാനയാത്രയാണ് ഏറ്റവും നല്ല മാർഗം. മൂന്നുമാസം മുന്നെയൊക്കെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ 3000-3500 രൂപയ്ക്ക് കൊച്ചി -ഡൽഹി ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കും. ഡൽഹിയിൽ വിമാനമിറങ്ങിയാൽ പിന്നീട് ജമ്മുവിലേക്കുള്ള യാത്ര ട്രെയിനിലോ ബസ്സിലോ ആക്കാം. ഡൽഹി എയർപോർട്ടിൽ പ്രധാനമായും മൂന്നു ഡൊമസ്റ്റിക് ടെർമിനലുകൾ ആണുള്ളത്. T1,T2,T3. ഇവിടെ നിന്നും നമുക്ക് മെട്രോ വഴി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്താം. നിങ്ങൾ ഇറങ്ങുന്നത് ടെർമിനൽ 1 ഇൽ ആണെങ്കിൽ പുറത്തിറങ്ങിയ ശേഷം എയിറോസിറ്റി മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന airport to aerocity shuttle ബസ്സ് കിട്ടും. 30രൂപ. 15-20 മിനുട്ട് കൊണ്ട് മെട്രോ സ്റ്റേഷനിൽ എത്താം. അവിടെ നിന്ന് ന്യൂഡൽഹി മെട്രോ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുക. നിങ്ങൾ ഇറങ്ങുന്നത് T2 ഇൽ ആണെങ്കിൽ എയർപോർട്ടിന് പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്യുക നേരെ മുന്നിൽ T3 കാണാം. T3 യിൽ എയർപോർട്ട് മെട്രോ സ്റ്റേഷൻ ഉണ്ട്. നേരെ ഡൽഹി മെട്രോ സ്റ്റേഷൻ ടിക്കറ്റ് എടുക്കുക. ഇനി T3 ഇൽ ആണ് ഫ്ലൈറ്റ് ഇറങ്ങുന്നതെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് പറയേണ്ടതില്ലല്ലോ.
ന്യൂഡൽഹി മെട്രോ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി സ്റ്റേഷന് വെളിയിലിറങ്ങിയാൽ ഓപ്പോസിറ്റ് ആയി ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ കാണാം. അവിടെ നിന്നാണ് ജമ്മുവിലേക്കുള്ള ട്രെയിൻ കേറേണ്ടതു. ഡൽഹി ടു ശ്രീനഗർ ഫ്ലൈറ്റ് ലഭ്യമാണ്. രണ്ടോ മൂന്നോ മാസം മുന്നേ ബുക്ക് ചെയ്താൽ 2800 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. ഇനി സമയം ലാഭിക്കാൻ ഏറ്റവും നല്ലൊരു ഓപ്ഷൻ നിങ്ങള്ക്ക് കേരളത്തിൽനിന്ന് നേരിട്ട് ശ്രീനഗറിലേക്കും പറക്കാം എന്നുള്ളതാണ്. കൊച്ചി to ശ്രീനഗർ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണേൽ 6500-7000 രൂപയ്ക്കു കിട്ടും. ഇത് കോയമ്പത്തൂർ നിന്നോ ചെന്നൈ നിന്നോ ആണെങ്കിൽ കുറച്ചുകൂടെ നിരക്ക് കുറയും.
അങ്ങനെ നമ്മൾ ശ്രീനഗർ എത്തിയിരിക്കുകയാണ്.
ജമ്മു കാശ്മീരിന്റെ വേനൽക്കാല തലസ്ഥാന നഗരമാണ് ശ്രീനഗർ. തടാകങ്ങളാലും തടാകങ്ങളിലെ ഹൌസ് ബോട്ടുകളാലും പ്രശസ്തമാണ് ശ്രീനഗർ നഗരം. നഗരത്തിൽ നിങ്ങള്ക്ക് ഒരുപാട് താമസസൗകര്യങ്ങൾ കാണാം. ഹോട്ടലുകളും, ഹോം സ്റ്റേയ് കളും ആവശ്യത്തിൽ കൂടുതലുള്ള ഇവിടെ ദാൽ തടാകത്തിലെ ഹൌസ് ബോട്ടിലെ താമസവും പ്രശസ്തമാണ്. നിങ്ങൾ ഒരു ബഡ്ജറ്റ് യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏറ്റവും നല്ലതു ദാൽ ലേയ്ക്ക്നു സമീപത്തുള്ള അലംദ്ധർ കോളനിയിലേക്ക് പോയി ഏതേലും ഹോം സ്റ്റേയ് നോക്കുന്നതായിരിക്കും. 500 രൂപ മുതൽ ദിവസവാടകയുള്ള നല്ല ഡബിൾ ബെഡ് റൂം നമുക്ക് കിട്ടും. അതുമല്ലെങ്കിൽ ലാൽ ചൗക്കിന് സമീപത്തുള്ള ഏതെങ്കിലും ഹോട്ടൽ 1000-1500 രൂപയെ റെന്റ് ആവുകയുള്ളൂ. ദാൽ ലെയ്ക്കിലേ ഹൌസ് ബോട്ട് താമസവും 1000-1500 മുതൽ ലഭ്യമാകും.
ഇനിയാണ് നമ്മൾ കാശ്മീർ എന്താണെന്നറിയാൻ പോകുന്നത്. കാശ്മീർ മൂന്നോ നാലോ ദിവസങ്ങൾകൊണ്ട് കണ്ടുതീർക്കാൻ പറ്റുന്ന ഒരു സ്ഥലമല്ല. എന്നിരുന്നാലും പ്രധാനമായും കാണേണ്ട ചില സ്ഥലങ്ങളുണ്ട്. അതിൽ ആദ്യത്തേത് പൂക്കളുടെ താഴ്വരയായ ഗുൽമാർഗ്, പിന്നെ മഞ്ഞുപെയ്യുന്ന സോനാമാർഗ്, ആട്ടിടയന്മാരുടെ താഴ്വര എന്നറിയുന്ന പഹൽഗാം, പിന്നെ ഒരു ദിവസം കൊണ്ട് തീർക്കാവുന്ന സിറ്റി ടൂർ… ഈ പറഞ്ഞ എല്ലാ സ്ഥലങ്ങളിലേക്കും രാവിലെ ഇറങ്ങിയാൽ വൈകിട്ട് തിരിച്ചുവരാവുന്നതേ ഉള്ളൂ. എല്ലാ സ്ഥലങ്ങളിലേയ്ക്കും ഷെയർ ടാക്സിയും ലഭ്യമാണ്. രാവിലെ പുറത്തിറങ്ങിയാൽ വഴിയിൽ തോക്കുമേന്തി നിൽക്കുന്ന പട്ടാളക്കാരെ കാണാം. ചിലപ്പോ നിങ്ങളുടെ വാഹനം പരിശോധിച്ചേക്കാം. അവർ ഇന്ത്യയുടെ സുരക്ഷക്കുവേണ്ടി രാപകൽ ജോലിചെയ്യുന്നു എന്നുകരുതിയാൽ മതി.
ടൂറിസ്റ്റുകളാണ് എന്നുപറഞ്ഞാൽ പിന്നെ വേറെ പ്രശ്നമൊന്നും ഇല്ല. ചിലപ്പോ എവിടെ നിന്നാണെന്നു ചോദിക്കും, കേരളത്തിൽ നിന്നാണെന്നുപറഞ്ഞാൽ പിന്നെ നമ്മുടെ id പോലും ചിലപ്പോ ചോദിക്കില്ല… കേരളീയർക്കൊരു പ്രത്യേക പരിഗണന എല്ലായിടത്തും കിട്ടും. ഇവിടെ കൂടുതൽ പ്രശ്നങ്ങളും നടക്കുന്നത് കാശ്മീരി ജനതയും പട്ടാളക്കാരും തമ്മിലാണ്. തീവ്രവാദികൾക്ക് പട്ടാളക്കാരെയാണ് നോട്ടം. അവർ ഒരിക്കലും സഞ്ചാരികളെ ഉപദ്രവിക്കില്ല. പിന്നെ എവിടെ പോയാലും രാത്രി അധികം വൈകുന്നതിനുമുന്നെ റൂമിൽ തിരിച്ചെത്താൻ ശ്രമിക്കുക. ഒരുകാര്യം പ്രത്യേകം പറയുന്നു . ഇത്രയും സ്നേഹമുള്ള ആളുകൾ കാശ്മീരിൽ അല്ലാതെ ഇന്ത്യയിൽ വേറെ എവിടെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല..
ഇപ്പോൾ എന്ത് തോന്നുന്നു.. കാശ്മീർവരെ ഒന്ന് പോയാലോ എന്ന് തോന്നുന്നുണ്ടോ….?