2010 ലാണ് രജനീകാന്ത് – ഐശ്വര്യ റായ് – ശങ്കർ കൂട്ടുകെട്ടിലെ യന്തിരൻ എന്ന കിടിലൻ സിനിമ ഇറങ്ങിയത്. ഇന്നും അതിലെ ‘കിളിമഞ്ചാരോ..’ എന്നു തുടങ്ങുന്ന ഗാനം ഹിറ്റാണ്. പാട്ടിനൊപ്പം സീനുകളിലെ തകർപ്പൻ ലൊക്കേഷനും ഈ പാട്ട് വീണ്ടും വീണ്ടും കാണുവാൻ നമ്മളിൽ ചിലരെയെങ്കിലും നിർബന്ധിക്കാറുണ്ട്. എന്താണ് ഈ കിളിമഞ്ചാരോ?
വടക്ക് കിഴക്കൻ ടാൻസാനിയയിലെ ഒരു നിഷ്ക്രിയ അഗ്നിപർവതമാണ് കിളിമഞ്ചാരോ. “തിളങ്ങുന്ന മലനിര” എന്നാണ് കിളിമ ഞ്ചാരോ എന്ന സ്വാഹിളി വാക്കിന്റെ അർത്ഥം. 5,895 മീറ്റർ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഇതാണ്. 1889 ഒക്ടോബർ 6-ന് ഹാൻസ് മെയർ, ലുഡ്വിഗ് പുർട്ട്ഷെല്ലർ എന്നിവർ ചേർന്നാണ് ആദ്യമായി ഈ കൊടുമുടി കീഴടക്കിയത്.

മൂന്ന് വ്യത്യസ്ത അഗ്നിപർവ്വത കോണുകൾ ചേർന്നാണ് കിളിമഞ്ചാരോ രൂപപ്പെട്ടിരിക്കുന്നത്. കിബോ 5895 മീറ്റർ; മാവെൻസി 5149 മീറ്റർ; ഷിറ 3962 മീറ്റർ എന്നിവയാണവ. ഉഹ്രു പീക്ക് എന്ന സ്ഥലമാണ് കിബോയുടെ ക്രേറ്ററിന്റെ വക്കിലെ ഏറ്റവും ഉയർന്ന സ്ഥാനം. കിളിമഞ്ചാരോ ഒരു വലിയ സ്ട്രാറ്റോവൾക്കാനോയാണ്. മാവെൻസി, ഷിറ എന്നീ രണ്ടു അഗ്നിപർവതമുഖങ്ങൾ മൃതമാണെങ്കിലും കിബോ ഇനിയും പൊട്ടിത്തെറിച്ചേയ്ക്കാം. 150,000 മുതൽ 200,000 വരെ വർഷം മുൻപാണ് ഈ അഗ്നിപർവ്വതം ഇതിനു മുൻപ് പൊട്ടിത്തെറിച്ചതെന്ന് അനുമാനിക്കുന്നു. കിബോയുടെ മുഖത്തുനിന്ന് വാതകങ്ങൾ ബഹിർഗമിക്കുന്നുണ്ട്. ഈ പർവതത്തിൽ മണ്ണിടിച്ചിൽ സാധാരണയായി ഉണ്ടാകാറുണ്ട്.
1880-കളുടെ അവസാനം കിബോയുടെ മുകൾഭാഗം പൂർണ്ണമായി ഒരു ഹിമത്തൊപ്പി കൊണ്ട് മൂടിക്കിടക്കുകയായിരുന്നു. പടിഞ്ഞാറൻ ചരിവിലും തെക്കൻ ചരിവിലും വലിയ ഗ്ലേസിയറുകളും ഉണ്ടായിരുന്നു. വടക്കൻ ഗ്ലേസിയറിൽ നിന്നെടുത്ത സാമ്പിളിന്റെ പരിശോധനയിൽ നിന്ന് വെളിവാകുന്നത് കിളിമഞ്ചാരോയിലെ മഞ്ഞിന് കുറഞ്ഞത് 11,700 വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ്.

ഒറ്റപ്പെട്ടുനിൽക്കുന്നതുകൊണ്ടാണ് ഈ പർവതം കൂടുതൽ ഭീമാകാരമായി തോന്നിക്കുന്നത്. ഒറ്റപ്പെട്ടുനിൽക്കുന്ന അത്, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, കാടുപിടിച്ച നിർജല പ്രദേശമായ മാസൈയിൽനിന്ന് 5,895 മീറ്റർ ഉയർന്നുനിൽക്കുന്നു! കിളിമഞ്ചാരോയെ ആഫ്രിക്കയുടെ മേൽക്കൂര എന്നു ചിലപ്പോൾ വിളിക്കുന്നതിൽ അതിശയിക്കാനില്ല.
ഇപ്പോൾ കിളിമഞ്ചാരോ എന്താണെന്നു മനസ്സിലായില്ലേ? ഇനി ആ പാട്ട് ഷൂട്ട് ചെയ്തിരിക്കുന്ന ലൊക്കേഷൻ ഏതാണെന്ന് അറിയാമോ? അത് ഗ്രാഫിക്സ് ആണെന്നാണോ നിങ്ങൾ വിചാരിച്ചിരുന്നത്? എങ്കിൽ അല്ലേയല്ല, ആ സ്ഥലമാണ് പെറുവിലെ മാച്ചു പിച്ചു. അതിനെക്കുറിച്ചു കൂടുതലായി മനസ്സിലാക്കാം.
കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ് മാച്ചു പിക്ച്ചു. പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കി.മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവ്വതശിഖരത്തിൽ 2,430 മീറ്റർ (8,000 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടി ഉറുബാംബ നദി ഒഴുകുന്നുണ്ട്, ആമസോൺ നദിയുടെ ഒരു കൈവഴിയാണ് ഉറുബാംബ.
ഇൻകൻ സമ്രാജ്യത്തിൽപ്പെട്ട പ്രശസ്തമായ പ്രദേശമാണ് മാച്ചു പിക്ച്ചു, “ഇൻകകളുടെ നഷ്ടപ്പെട്ട നഗരം” എന്ന് ഇതിനെ വിളിക്കുന്നു. 1460 ന് അടുത്താണ് ഇത് നിർമ്മിക്കപ്പെട്ടത്, ശേഷം നൂറുവർഷത്തിനകം സ്പാനിഷുകാർ ഇൻകൻ സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നൽകാതെ ശേഷം കൈയൊഴിയപ്പെടുകയും ചെയ്തു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടന്നു. അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് 1911 ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന മേഖലയായി മാറി.

1867 ൽ തന്നെ ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നാണ് അടുത്തകാലത്തെ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജർമ്മൻ എൻജിനീയറായ ജെ.എം. വോൻ ഹാസെൽ എന്നിവർ ഹിറാമിനേക്കാൾ മുൻപ് 1874 ൽ തന്നെ ഇവിടെ എത്തിചേർന്നു എന്നതിന് ചില തെളിവുകൾ ലഭിച്ചിട്ടുമുണ്ട്. 1981 ൽ പെറു ഇതിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു, 1983 ൽ യുനെസ്കൊ ഇതിനെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുണ്ടായി.
സ്പാനിഷ് അധിനിവേശ കാലത്ത് ഇത് നശിപ്പികപ്പെടാതെ കിടക്കുകയാണുണ്ടായത്, ഇപ്പോൾ ഇതിനെ പ്രാധാന്യമർഹിക്കുന്ന സാംസ്കാരികമായ സംരക്ഷിത മേഖലയായി കരുതിപ്പോരുന്നു. മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ ഇൻകൻ കാല രീതിയിലാണ് മാച്ചു പിക്ച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന കെട്ടിടങ്ങൾ ഇൻതിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ്. ഇവയെല്ലാം മാച്ചു പിക്ച്ചുവിന്റെ പരിപാവന ജില്ല എന്ന് പുരാവസ്തുവിദഗ്ദന്മാർക്കിടയിൽ അറിയപ്പെടുന്ന സ്ഥലത്താണുള്ളത്.
2007 സെപ്റ്റംബറിൽ പെറുവും യാലെ സർവ്വകലാശാലയും തമ്മിൽ ഒരു കരാറിലേർപ്പെടുകയുണ്ടായി, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഹിറാം ബിങ്ങ്ഹാം ഇവിടെ നിന്നും കടത്തികൊണ്ട് പോയ പുരാവസ്തുക്കൾ തിരിച്ചേൽപ്പിക്കുന്നതിനെ കുറിച്ചാണ് ഈ കരാർ. 2003 ലെ കണക്ക് പ്രകാരം ആ വർഷം 400,000 സഞ്ചാരികൾ ഇവിടം വന്നുപോകുകയുണ്ടായി, ഇത്തരത്തിലുള്ള സന്ദർശകരുടെ പ്രവാഹം ഈ പ്രദേശത്തിന്റെ നിലനില്പിന് ഹാനികരമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കടപ്പാട് – വിക്കിപീഡിയ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog