തുർക്കിയിലെ പ്രതികാരം : മൂന്ന് പേർ ചേർന്ന് പ്ലാൻ ചെയ്ത ഒരു യാത്ര.

വിവരണം – അജിത്ത് മാത്യു.

തുർക്കിയിലെ പ്രതികാരം : മൂന്ന് പേർ ചേർന്ന് പ്ലാൻ ചെയ്ത ഒരു യാത്ര. കൂട്ടത്തിൽ ഒരാളെ വിസ ചതിച്ചപ്പോൾ, ഒരാൾക്കു തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഒഴിവാകേണ്ടി വന്നു. അങ്ങനെയാണ് ഈ സോളോ യാത്രയുടെ തുടക്കം. തുർക്കിയിലേക് ഇത് രണ്ടാം തവണയാണ്. മോശം കാലാവസ്ഥയെ തുടർന്ന് ആദ്യ സന്ദർശനത്തിൽ ബലൂൺ യാത്ര പാളി പോയി. കാറ്റിന്റെ ചതി. ഒരു കാര്യവും ഇല്ലാതെ വെറുതെ ഒരു പ്രതിജ്ഞഎടുത്തു. ഒരു വരവ് കൂടി വരും. കാറ്റിനെ കീഴടക്കും. ഇതുപോലെയുള്ള കുഞ്ഞു കുഞ്ഞു വാശികൾ പകരം തന്നിട്ടുള്ള നല്ല ഓർമകളിലേക്ക് ഒന്നുകൂടി ആവട്ടെ ഈ യാത്ര.

ദുബായിയിൽ നിന്നാണ് തുടക്കം. അഞ്ചു ദിവസത്തെ അവധി പരമാവധി ഉപയോഗിക്കണം എന്ന ലക്ഷ്യത്തോടെ ദുബായ് സമയം രാവിലെ പതിനൊന്ന് മണിക്ക് ഇസ്താൻബുളിലേക്ക് വിമാനം കേറി. തുർക്കി സമയം ഉച്ചക്ക് രണ്ടരക്ക് അവിടെ എത്തി. ഇമ്മിഗ്രേഷൻ നടപടികൾ തീർത്തു പുറത്തിറങ്ങി ഉടൻ തന്നേ വൊഡാഫോൺ സിം എടുത്തു. പൊതുവേ ഇംഗ്ലീഷ് അറിയാത്ത ആളുകൾക്കിടയിൽ പിടിച്ചു നിക്കണേൽ ഗൂഗിൾ മച്ചാൻ തന്നെ വേണം. അവിടുന്ന് ഡൊമസ്റ്റിക്ക് വിമാനത്തിൽ കപ്പഡോക്കിയയിലേക്ക് യാത്ര തിരിച്ചു. കൈസേരി വിമാന താവളം എത്തി. തുടർന്ന് ഷട്ടിൽ സർവീസ് ടാക്സിയിൽ ഒരു മണിക്കൂർ യാത്ര. രാത്രി ഒൻപതു മണിയോടെ കപ്പഡോക്കിയ എത്തി. കപ്പഡോക്കിയിൽ ഒരുപാട് താമസ സൗകൂര്യങ്ങൾ ഉണ്ടെങ്കിലും പാറക്കുള്ളിൽ നിർമ്മിച്ച കേവ് ഹോട്ടലിൽ തന്നേ താമസിക്കണം. ഇനിയുള്ള കുറച്ചു ദിവസങ്ങൾ നാല് മണിക്ക് പൊങ്ങണം. അതുകൊണ്ട് എത്തിയപാടെ കിടന്നു.

കപ്പഡോക്കിയ. എല്ലാ ദിവസവും രാവിലെ നൂറ്‌ കണക്കിന് ബലൂണുകൾ ഈ നഗരത്തിനു മുകളിൽ വട്ടമിട്ട് പറക്കും. നേരിട്ട് കണ്ടാലും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കാഴ്ച്ച. ഇവിടെ ഒരു വില്ലനെ ഉള്ളു. കാറ്റ്. അതിരാവിലെ നാല് മണിക്ക് തന്നെ ബലൂൺ കമ്പനികൾ യാത്രക്കാരെ പിക്ക് ചെയ്യും. പിന്നെ സിവിൽ ഏവിയേഷന്റ അനുമതിക്ക് വേണ്ടി കാത്തു നിൽക്കും. അവരുടെ പച്ചക്കൊടി കിട്ടിയാലുടൻ ബലൂണുകൾ പറന്നു തുടങ്ങും. പിന്നെ എന്റെ സാറെ. ചുറ്റുമുള്ളത് എല്ലാം കണ്ട് കണ്ണടിച്ചു പോകും. ഈ ഒരു കാഴ്ച്ച പല രീതിയിൽ ആസ്വദിക്കാം. ഒന്ന് ബലൂണിൽ നിന്നും. പിന്നെ അത് പറന്നു പൊങ്ങുന്ന താഴ്‌വാരങ്ങളിൽ നിന്നും. ഇതിനു പുറമേ താമസിക്കുന്ന കേവ് ഹോട്ടലിലെ റൂഫ് ടോപ്പിൽ നിന്നും. എന്റെ മൂന്ന് ദിവസങ്ങളെ ഞാൻ ഇങ്ങനെ ക്രമപ്പെടുത്തി.

ആദ്യ ദിവസം ഞാൻ താമസിച്ചിരുന്ന മിത്ര കേവ് ഹോട്ടലിലെ റൂഫ് ടോപ്പിൽ നിന്നും ബലൂൺ പറക്കുന്നത് കാണാനായിരുന്നു പ്ലാൻ. രാവിലെ അഞ്ചു മണിക്ക് തന്നെ അവിടെ എത്തി. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ദൂരെ ഒരു ബലൂൺ ഉയർന്നു തുടങ്ങി. അതിനു കൂട്ടായി മറ്റു ബലൂണുകൾ പുറകേ. സൂര്യൻ ഉദിച്ചതോടെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു വന്ന ബലൂണുകളുടെ മൊഞ്ചു കൂടി. ഇടവിട്ട് മിന്നി, കൂണുകൾ പോലെ ആകാശത്തു നിലയുറപ്പിച്ചു. എത്ര കണ്ടാലും മതിവരാത്ത കാഴ്ച്ച.

രണ്ടാം ദിവസമായിരുന്നു എന്റെ ബലൂൺ യാത്ര. രാവിലെ നാല് മണിക്ക് പൊങ്ങി. ഇത്തവണ പണി പാളല്ലേ എന്ന് പ്രാർത്ഥിച്ചു. പിന്നീടങ്ങോട്ട് നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു. ഒടുവിൽ സിവിൽ ഏവിയേഷന്റെ പച്ചക്കൊടി പാറി. അങ്ങനെ എന്റെ മാവ് പൂത്തു. ഉയർന്നു പൊങ്ങിയ ബലൂണിൽ ഫോട്ടോ എടുക്കാൻ പറ്റാതെ കണ്ണും തള്ളി കുറേ നേരം നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായി വന്നപ്പോഴേക്കും ആകാശത്തെത്തി. ചുറ്റും പല നിറത്തിലുള്ള ബലൂണുകൾ. ചിലത് ഉയർന്നു പറക്കുന്നു. ചിലത് താഴ്ന്നും. കാറ്റിൽ ഒഴുകി ഒഴുകി ഒരു മണിക്കൂർ മറ്റേതോ ലോകത്തിലായിരുന്നു. ബലൂൺ നിലത്തു ഇറങ്ങിയിട്ടും മനസ്സ്ആകാശത്തിൽ തന്നെ. മറക്കാനാവാത്ത ഒരു ദിവസം. അങ്ങനെ എന്റെ പ്രതികാരം പൂർത്തിയായി. കാറ്റിനെ കീഴടക്കി.

മൂന്നാം ദിവസം ബലൂൺ യാത്ര തുടങ്ങുന്ന താഴ്‌വരകളിൽ എത്തി. ഒറ്റക്ക് നിന്ന ഒരു കുന്നിന്റെ മുകളിൽ എങ്ങനെയോ വലിഞ്ഞു കേറി. എന്നേ ഒറ്റക്കാക്കി പറന്നുയർന്ന ഭീമൻ കൂണുകളെ നോക്കി നിന്നു. ബലൂൺ യാത്ര കൂടാതെ ഒരുപാട് കാഴ്ച്ചകൾ കപ്പഡോക്കിയയിൽ ഉണ്ട്. ക്വാഡ് ബൈക്ക് ടൂർ, കുതിര സഫാരി, ജീപ്പ് ടൂർ, സോളോ ഹൈക്കിങ് തുടങ്ങിയവ അതിൽ ചിലത് മാത്രം. ആദ്യ വരവിൽ ഇതെല്ലാം ചെയ്തതുകൊണ്ട് ഇത്തവണത്തെ യാത്ര പൂർണമായും ബലൂൺ യാത്രക്ക് വേണ്ടി ആയിരുന്നു. ലോക പ്രശസ്തമായ തുർക്കിഷ് ഭകഷണവും, ബലൂണുകൾ വിരിയുന്ന സൂര്യോദയവും, മനസ്സ് തണപ്പിക്കുന്ന സൂര്യാസ്തമയവും, ഫോട്ടോ പിടുത്തവും, രാത്രിയിൽ നഗരത്തിലൂടെ ഉള്ള നടത്തവും, കേവ് ഹോട്ടലിലെ ഉറക്കവും. അങ്ങനെ എല്ലാം കൊണ്ടും അഞ്ചു ദിവസം പോയത് അറിഞ്ഞില്ല. ഇത്തരം സോളോ യാത്രയുടെ ഏറ്റവും വല്യ ഭംഗി നമ്മൾ അനുഭവിക്കുന്ന സന്തോഷം കാണാൻ നമ്മുടെ മനസ്സും കൂടെ ക്യാമറയും മാത്രമേ ഉള്ളു എന്നതാണ്. ആ ഒരു സ്വകാര്യത ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിക്കണം. തുർക്കിയിലെ സുന്ദരികളെ കാണാൻ യാത്ര തുടങ്ങിയ എനിക്ക് ഒരു കാര്യം മനസിലായി.
തുർക്കി തന്നെയാണ് സുന്ദരി. ഒരു വരവ് കൂടെ വരേണ്ടി വരും. കൂടുതൽ ചിത്രങ്ങൾക്ക് https://www.instagram.com/stories.by.ajith/.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply