ബസ് തൊടുപുഴയിലെത്തിയോ?’- കെ.എസ്.ആർ.ടി.സി ബസിന്റെ പിൻസീറ്റുകളിൽ നിന്ന് യാത്രക്കാർ വിളിച്ച് ചോദിക്കുന്നു. ഉടനെ കണ്ടക്ടറുടെ മറുപടി-“ഇത് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ആണ്, ഇവിടെയിറങ്ങിക്കോ. ബസ് മാങ്കുളത്തിനാണ് പോകുന്നത്.” അപ്പോൾ മറ്റൊരു ചോദ്യവുമായി യാത്രക്കാർ സീറ്റുകളിൽ നിന്നും എഴുന്നേറ്റു- “ഞങ്ങൾ ടിക്കറ്റെടുത്തത് തൊടുപുഴയ്ക്കാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലാണിറങ്ങേണ്ടത്.” ബസ് അവിടേയ്ക്ക് പോകണമെന്നായി യാത്രക്കാർ.
തർക്കം മൂത്തപ്പോൾ കണ്ടക്ടർ ബസ് താമസിച്ചാണ് തൊടുപുഴയിലെത്തിയതെന്ന് യാത്രക്കാരോട് പറഞ്ഞു. പക്ഷേ ഫലമുണ്ടായില്ല. അപ്പോഴേക്കും ബസ് അടിമാലി ഭാഗത്തേക്ക് തിരിയുന്ന അമ്പലം ബൈപ്പാസ് സ്റ്റോപിലെത്തിയിരുന്നു. തൊടുപുഴക്കാർ ഇവിടെ ഇറങ്ങണമെന്ന് വീണ്ടും കണ്ടക്ടർ. അപ്പോൾ യാത്രക്കാർ ഷുഭിതരായി. തിരുവല്ല- മാങ്കുളം ബസിലെ കണ്ടക്ടറും ഡ്രൈവറും ഇതോടെ പുലിവാല് പിടിച്ചു. പലരും സീറ്റിൽ നിന്നിറങ്ങി ബസ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് വിടണമെന്ന് ആവശ്യവുമായി ഡ്രൈവറുടെ സമീപത്തെത്തി.
തർക്കം രൂക്ഷമായപ്പോൾ നിങ്ങൾ ഇവിടെയിറങ്ങണമെന്നും സ്റ്റാൻഡിൽ വരെ പോകാൻ ഓട്ടോറിക്ഷ കൂലി നൽകാമെന്നും ഡ്രൈവർ പറഞ്ഞു. ഇതിനും യാത്രക്കാർ വഴങ്ങിയില്ല. ബസ് അമ്പലം ബൈപ്പാസിൽ നിന്നും മാങ്കുളത്തേക്ക് പോകാനായി മുന്നോട്ട്. മൂവാറ്റുപുഴ റോഡിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ പിന്നെയും ബഹളം.ഞങ്ങളും മനുഷ്യരാണ്. ബുദ്ധിമുട്ടുകൾ നിങ്ങളും മനസിലാക്കണം’- ഡ്രൈവർ പറഞ്ഞു. ഇതൊന്നും ചെവികൊള്ളാൻ അവർ തയ്യാറായില്ല. സ്റ്റാൻന്റിൽ ബസ് എത്തണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഇത്രയുമായപ്പോഴേക്കും സമയവും കുറച്ച് വൈകി. പ്രതിഷേധം ശക്തമായി. വാഗ്വാദം മൂർച്ഛിച്ചു. ബസിൽ നിന്നും ഇറങ്ങില്ലെന്നായപ്പോൾ കാഞ്ഞരമറ്റം ബൈപ്പാസിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ബസ് തിരിച്ചു.
ഇടിമുഴക്കം പൊലെ സീറ്റിലിരുന്ന പൊറുതി മുട്ടിയ വനിതാ യാത്രക്കാരി കൈ ഉയർത്തി ബസ് എങ്ങോട്ടാ പോകുന്നതെന്നും ചോദിച്ച് ചാടി വീണു. തൊടുപുഴയിലിറങ്ങേണ്ടവരുമായി തർക്കത്തിലായി. ഞങ്ങൾക്ക് ദൂരെ പോകേണ്ടവരാണ്. ബസ് താമസിച്ചാൽ യാത്ര ദുരിതത്തിലാകും. ഇത് കേട്ടതോടെ ഇവരെ പിന്തുണച്ച് ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരുമെത്തി. അടിമാലിയിൽ ഈ ബസെത്തിയിട്ട് മറ്റു ബസുകളിൽ പല വഴിക്ക് പോകേണ്ടവരാണ് ബസ് തമസിക്കുന്നതിന് വഴിവെച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു തർക്കത്തിൽ കലാശിച്ചത്. തർക്കത്തിനും ബഹളത്തിനുമിടയിൽ യാത്രക്കാരെ സ്റ്റാൻഡിലിറക്കിവിട്ടു. അപ്പോഴേക്കും ബസ് ഒരു വട്ടം കൂടി നഗരം ചുറ്റി വീണ്ടും മുനിസിപ്പൽ സ്റ്റാന്റിലെത്തിയിട്ടാണ് മാങ്കുളത്തേക്ക് തിരിച്ചത്.
തിരുവല്ല- മാങ്കുളം ടൗൺ റ്റു ടൗൺ ഓർഡിനറി ബസാണ് കഴിഞ്ഞ ദിവസം വൈകിട്ട് 4.10ഓടെ തൊടുപുഴയിൽ വൈകിയെത്തിയത്. പതിനഞ്ച് മിനിറ്റോളം താമസിച്ചാണ് ബസിവിടെയെത്തിയതെന്നും കണ്ടക്ടർ പറഞ്ഞു. രാവിലെ 5.15ന് മാങ്കുളത്ത് നിന്ന് പുറപ്പെടുന്ന ബസ് 8.40ന് തൊടുപുഴ കെ.എസ്.ആർ.ടി.സി ബസിൽ കയറിയിട്ടാണ് തിരുവല്ലയ്ക്ക് പോകുന്നത്. വൈകിട്ടത്തെ ട്രിപ്പിലാണ് സ്റ്റാൻഡിൽ കയറാതെ പോകുന്നത്.
വാര്ത്ത : കേരള കൌമുദി