ബെംഗളൂരുവിൽ നിന്നും മൈസൂർ വഴിയുള്ള രാത്രി യാത്ര ഇപ്പോൾ ഏറെ അപകടം പിടിച്ചതായാണ് ഈ അടുത്തുണ്ടായിട്ടുള്ള സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതലും കേരള രജിസ്ട്രേഷൻ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഭയക്കേണ്ടത്. മുൻപ് ഒറ്റപ്പെട്ട ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴിതാ പലതവണയായി നിറയെ യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി (കേരള) ബസ്സുകൾക്ക് നേരെ വരെ അക്രമങ്ങൾ നടക്കുകയാണ്.
കുറച്ചു നാൾ മുൻപ് കെഎസ്ആർടിസി ബസ് യാത്രക്കാരെ വടിവാൾ, കത്തി തുടങ്ങിയ ആയുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്. പിന്നെയും കുറച്ചുനാൾക്ക് ശേഷം കെഎസ്ആർടിസി ഡ്രൈവറെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സംഭവവും നടന്നിട്ടുണ്ട്.
ഏറ്റവുമൊടുവിൽ ബെംഗളൂരുവിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആക്രമിക്കുവാനുള്ള ശ്രമവും ഉണ്ടായിരിക്കുകയാണ്. ബെംഗളൂരു – മൈസൂർ റൂട്ടിലുള്ള ചന്നപട്ടണ എന്ന സ്ഥലം മുതൽ നമ്പർ ഇല്ലാത്ത ഒരു ബൈക്കുമായി ഒരാൾ ബസ്സിനെ പിന്തുടരുകയായിരുന്നു. ശേഷം വിജനമായ ഒരിടത്തു എത്തിയപ്പോൾ ഈ ബൈക്ക് ബസ്സിനെ ഓവർടേക്ക് ചെയ്യുകയും നിർത്തുവാൻ കൈകാണിക്കുകയും ചെയ്യുകയുണ്ടായി. ആ സമയത്ത് മറ്റൊരു ബൈക്കും മാരുതി ഒമ്നി വാനും കൂടെ ഉണ്ടായിരുന്നു. സംഭവത്തിൽ പന്തികേട് തോന്നിയ കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്താതെ മുന്നോട്ട് പോയി.
എന്നാൽ വീണ്ടും ബസ്സിനെ പിന്തുടർന്നെത്തിയ ബൈക്കുകാരൻ ബസ്സിനെ ഓവർടേക്ക് ചെയ്തശേഷം ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞു. എന്നാൽ ബസ്സിന്റെ ഡോർ തുറക്കുക പോലും ചെയ്യാതെ ഡ്രൈവർ ബൈക്ക് മാറ്റുവാൻ അയാളോട് ആവശ്യപ്പെട്ടു. ഇതോടെ കന്നടയിൽ അസഭ്യവര്ഷവുമായി ബസ്സിനു നേർക്ക് പാഞ്ഞടുത്ത അയാൾ ബസ്സിൽ അടിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ യാത്രക്കാർ സംഘടിച്ച് തിരിച്ചടിക്കുവാൻ തയ്യാറായെങ്കിലും സംഭവത്തിന്റെ ഗൗരവവും ഒളിഞ്ഞിരിക്കുന്ന അപകടവും മനസിലാക്കിയ ബസ് ജീവനക്കാർ അവരെ പിന്തിരിപ്പിക്കുകയായിരുന്നു. യാതൊരു കാരണവശാലും ബസ്സിന്റെ ഡോർ തുറക്കില്ല എന്ന തീരുമാനത്തിൽ ജീവനക്കാർ ഉറച്ചു നിന്നു.
അവസാനം ഹൈവേ പോലീസ് സ്ഥലത്തെത്തി. പോലീസ് വന്നതോടെ ബൈക്കുകാരൻ അയാളുടെ വണ്ടിയിൽ ബസ് തട്ടി എന്നൊക്കെ പറയുവാൻ തുടങ്ങി. എങ്കിലും കാര്യം മനസ്സിലായതു കൊണ്ടാകാം പരാതി നൽകുന്നതിനായി ബസ് സ്റ്റേഷനിലേക്ക് എടുക്കുവാൻ പോലീസ് പറഞ്ഞു. എന്നാൽ ബൈക്കുകാരന്റെ പേരിൽ പരാതി നൽകുവാൻ വേണ്ടി സ്റ്റേഷനിൽ പോയാൽ കൗണ്ടർ കേസ് വരികയും ബസ്സിലെ യാത്രക്കാരുടെ യാത്ര മുടങ്ങുകയും ചെയ്യും എന്നതിനാൽ കാര്യം ബസ് ജീവനക്കാർ പോലീസിനെ ബോധിപ്പിച്ചു.
അതോടെ പോലീസ് ബൈക്കുകാരനെ കസ്റ്റഡിയിൽ എടുക്കുകയും ബസ്സിനെ പോകുവാൻ അനുവദിക്കുകയും ചെയ്തു. അക്രമകാരിയായ ബൈക്കുകാരനെ ചിലപ്പോൾ പോലീസ് വിട്ടിട്ടുണ്ടാകും. വലിയൊരു കൊള്ളസംഘത്തിലെ കണ്ണിയാകാനാണ് സാധ്യത. ഏതെങ്കിലും വിധേന ബസ് നിർത്തിച്ച് അകത്തു കയറി കൊള്ളയടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. എന്തായാലും ഇത്തവണ ജീവനക്കാരുടെ സന്ദർഭോചിതമായ പ്രവൃത്തി കാരണം അനിഷ്ടസംഭവങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല.
ബെംഗളൂരുവിനും മൈസൂരിനും ഇടയിലുള്ള ചന്നപട്ടണ, മാണ്ട്യ തുടങ്ങിയ ഏരിയകളാണ് രാത്രിയിൽ ഇത്തരത്തിൽ സുരക്ഷിതമല്ലാതായി തീർന്നിരിക്കുന്നത്. ഇതിനെതിരെ കർണാടക പോലീസ് കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
നിരവധി തവണ ഇതിനെക്കുറിച്ച് ബസ് ജീവനക്കാർ പരാതിപ്പെട്ടിട്ടും ഇതുവഴി പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ശക്തമാക്കുകയോ വാഹനങ്ങൾക്ക് സുരക്ഷ നല്കുകയോ ചെയ്യുന്നില്ല. എന്തു ധൈര്യത്തിലാണ് ഇതുവഴി രാത്രിയിൽ നമ്മുടെ ബസ്സുകൾ സർവ്വീസ് നടത്തുക? ഈ സംഭവം ഒരു മുന്നറിയിപ്പായി കണ്ട് ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായുള്ള നടപടികൾ കേരള സർക്കാരും, കെഎസ്ആർടിസിയും ചേർന്ന് എടുക്കണം. അല്ലെങ്കിൽ കാത്തിരിക്കുന്നത് ഇതുപോലുള്ള ആപത്തുകളാകാം.