കാടിനുള്ളില്‍ മണിക്കൂറുകള്‍ എന്നെ പേടിപ്പിച്ചു നിര്‍ത്തിയ ഒരു ബൈക്ക് യാത്ര…

ഒറ്റപ്പാലത്ത് ഒരു ആവശ്യത്തിന് പോയതായിരുന്നു. 12 മണി ആയപ്പോഴേക്കും എല്ലാ കാര്യങ്ങളും തീർന്നു. ഇനി തിരിച്ചു ബാംഗ്‌ളുർക്ക് പോകാം എന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് എന്തു കൊണ്ട് മുള്ളി വഴി പോയിക്കൂടാ എന്ന് ഉൾമനസ്സിൽ നിന്നും സാത്താൻ പറഞ്ഞത്. സാത്താൻ പറഞ്ഞതല്ലേ കേട്ടേക്കാം എന്ന് വിചാരിച്ചു. സാത്താൻ ആണ് പറഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്.

നേരെ അമ്പലപ്പാറ ശ്രീകൃഷ്ണപുരം മണ്ണാർക്കാട് അട്ടപ്പാടി അഗളി വഴി പോകാം എന്ന് തീരുമാനിച്ചു. 2 മണിയായപ്പോൾ മണ്ണാർക്കാട് എത്തി. ഒറ്റപ്പാലം – മണ്ണാർക്കാട് വഴി നല്ല നാടൻ അന്തരീക്ഷം ആണ്. പാടങ്ങളും ചെറിയ മലകളും വളവുകളും തിരിവുകളും ഒക്കെ ആയി ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ആണ്. മണ്ണാർക്കാട് നിന്നും ഒരു നാരങ്ങാ വെള്ളവും കുടിച്ചു ഞാൻ യാത്ര തുടർന്നു.

കുറച്ചു ചെന്നപ്പോഴേക്കും പ്രകൃതിയുടെ മട്ടും ഭാവവും മാറി തുടങ്ങി. ചെറിയ തണുപ്പും മഴക്കുള്ള ലക്ഷണവും. അപ്പോഴേക്കും ചെറിയ ഹെയർപിൻ വളവുകൾ തുടങ്ങി. അട്ടപ്പാടി എത്തുന്നത് വരെ ഏകദേശം 9 ഹെയർപിൻ ഉണ്ട്. മുക്കാലി എത്തിയപ്പോഴേക്കും ചെറിയ മഴ പെയ്തു. മഴയും വിശപ്പും ഒരുമിച്ച് വന്നത് വിശപ്പു കൂട്ടി . ഒട്ടും അമാന്തിച്ചില്ല വഴിയിൽ കണ്ട ഒരു ചെറിയ ഹോട്ടലിൽ കയറി പൊറോട്ടയും മുട്ടയും തട്ടി. മുട്ടയും പൊറോട്ടയും തട്ടിയതിന്റെ ബലത്തിൽ വണ്ടി എടുത്തു. അന്തരീക്ഷം തണുത്തതു കാരണം വണ്ടി ഓടിക്കാൻ നല്ല സുഖം. ചുറ്റുപാടുമുള്ള കാടും കാട്ടാറുകളും കണ്ടു ഞാൻ മുന്നോട്ടു നീങ്ങി.

ഇടയ്ക്കു പല സ്ഥലത്തും നിർത്തി ഫോട്ടോയും എടുക്കുന്നുണ്ട്. താവളം കഴിഞ്ഞു ഞാൻ ഇടത്തോട്ടു തിരിഞ്ഞു.
ഒരു ചെറിയ അരുവി ഉണ്ട് അവിടെ. അതിലെ പാലത്തിൽ എത്തിയതും എതിരെ 20 നു അടുത്ത് ബുള്ളറ്റുകൾ വരുന്നു. അതും ഡൽഹി റെജിസ്ട്രേഷൻ. ഇത്രേം പേര് ഡെൽഹിന്ന് എങ്ങോട്ടു കുറ്റീം പറിച്ചു പോണെന്നു ഞാൻ ആലോചിച്ചു. അവർക്കു പോകാൻ സൈഡ് ഒതുക്കി കൊടുത്തു. ഇല്ലേൽ അവർ എന്നേം കൊണ്ടുപോയേനെ.

ഏകദേശം 5 മണിക്ക് മുള്ളി ചെക്‌പോസ്റ്റിൽ എത്തി. വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ കാണിച്ചു അവിടുത്തെ ബുക്കിൽ പേരും നാളും ഒക്കെ എഴുതി ഒപ്പിട്ടു കൊടുത്തു. നല്ലൊരു ഓഫീസർ ആയിരുന്നു. എന്റെ ബാഗ് ഒന്നും പരിശോധിച്ചില്ല. എന്തുവാടെ ബാഗിൽ എന്നൊരു ചോദ്യം മാത്രം. ലാപ്ടോപ്പ് ആണെന്ന് പറഞ്ഞപ്പോ പണി എന്താണെന്നൊക്കെ ചോദിച്ചു കുറച്ചു നേരം വർത്താനം പറഞ്ഞു നിന്നു. വഴിയിൽ പല മൃഗങ്ങളും കാണും അവിടേം ഇവിടേം ഒക്കെ നിർത്തരുത് എന്നൊരു ഉപദേശവും തന്നു.

എനിക്ക് ചെറിയ പേടി തോന്നി തുടങ്ങി. അതിനിടക്ക് കുറച്ചു ഓഫീസർമാർ ഒരു ജീപ്പിൽ വലിയ തോക്കൊക്കെ ആയി എത്തി. ഞാൻ ആദ്യം ഒന്ന് ഞെട്ടി. പിന്നെയാണ് ഓർത്തത് ഇവിടെയൊക്കെ മാവോയിസ്റ് ഭീഷണി ഉണ്ടല്ലോ എന്ന്. ദൈവമേ മാവോയിസ്റ്റോ ? പോണ വഴി പണി കിട്ടുമോ ? മാവോയിസ്റ് എങ്ങാനും ചാടി വീണു എന്നെ ബന്ദി ആക്കുമോ ? എന്റെ കുറച്ചു ധൈര്യം ചോർന്നു പോയി. ബാക്കിയുള്ള ധൈര്യവും വാരിക്കെട്ടി വരുന്നിടത്ത് വെച്ച് കാണാം എന്ന് വിചാരിച്ചു സാറിനോട് യാത്ര പറഞ്ഞു വണ്ടി എടുത്തു .

ശെരിക്കും പറഞ്ഞാൽ അവിടുന്ന് നോക്കിയാൽ വഴിയൊന്നും കാണില്ല. ഒരു ചെറിയ മൺപാത മാത്രം. ആ മൺപാത കഴിഞ്ഞു ചെല്ലുന്നത് തമിഴ്‌നാട് ചെക്ക്പോസ്റ്റിലേക്കാണ് . അവിടെയും പേരും നാളും എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു. ഒരു 20 രൂപയും. അതിനു ശേഷമാണ് ആ മീശക്കാരൻ ഓഫീസറുടെ പേടിപ്പിക്കൽ ഉണ്ടായത്. “നിനക്ക് എങ്ങോട്ടാണ് പോകേണ്ടത് ?” “ബാംഗ്ലൂർക്ക്.” “ഇത് വഴി മുൻപ് വന്നിട്ടുണ്ടോ?.” “ഇല്ല.” “ഉം. വഴിയിൽ പല ജാതി മൃഗങ്ങളും ഉണ്ടാവും. നിനക്ക് അങ്ങോട്ട് പോണോ അതോ തിരിച്ചു പോണോ ?”  ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയപോലെ തോന്നി. “അതോ നിനക്ക് കോയമ്പത്തുർ വഴി പോണോ ?” “വേണ്ട സാറെ ഞാൻ നേരെ മാഞ്ഞൂർ ഊട്ടി വഴി പൊയ്ക്കോളാം” എന്ന് ധൈര്യത്തോടെ പറഞ്ഞു. “ആ എന്നാ പൊയ്ക്കോ..”

ഞാൻ അവിടുന്നും ഇറങ്ങി. ഇടത്തോട്ട് പോയാൽ ഊട്ടി വലത്തോട്ടു പോയാൽ മേട്ടുപ്പാളയം, സത്യമംഗലം കോയമ്പത്തൂർ. ഞാൻ ഇടത്തോട്ട് തിരിഞ്ഞു. നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ. ആരും ഇല്ല. എതിരെ പോലും ഒരു വണ്ടി വരുന്നില്ല. പേടി കൂടി വന്നു തുടങ്ങി. കുറച്ചങ്ങു ചെന്നപ്പോൾ ഒരു പവർ ഹൌസ് കണ്ടു. അവിടെയും ഉണ്ട് ചെക്‌പോസ്റ് . അവിടെ ഒരു ബെഞ്ചിൽ രണ്ടു മൂന്നെണ്ണം ഇരിപ്പുണ്ടായിരുന്നു. അവർ എന്റെ ബാഗ് മൊത്തം തുറന്നു പരിശോധിച്ചു. അവിടെയും എഴുതി ഒപ്പിട്ടു കൊടുത്തു ഞാൻ മുന്നോട്ടു പോയി.

ഇതും കഴിഞ്ഞു പോവുമ്പോൾ ഒരു ചെറിയ കവല എത്തും. ഒരു ചായക്കടയോ മറ്റോ ഉണ്ടെന്നു തോന്നുന്നു. ഏതായാലും നിർത്താൻ പോയില്ല. സമയം വൈകുന്നുണ്ടായിരുന്നു. അങ്ങിനെ ആദ്യത്തെ ഹെയർപിൻ എത്തി. വളവു തിരിഞ്ഞതും ഞാൻ ഞെട്ടി. എണ്ണം പറഞ്ഞ നാലഞ്ചു ആനപിണ്ഡങ്ങൾ . ഹോ ആനയല്ലല്ലോ പിണ്ഡമല്ലെ എന്ന് മനസ്സിനെ സമാധാനിപ്പിച്ചു ഞാൻ മുന്നോട്ടു പോയി. ഓരോ ഹെയർപിന്നിലും ഇഷ്ടം പോലെ ആനപ്പിണ്ടങ്ങൾ കിടപ്പുണ്ടായിരുന്നു. ഓരോ വളവു തിരിയുമ്പോഴും എന്റെ ധൈര്യം കുറഞ്ഞു കൊണ്ടിരുന്നു. വല്ലപ്പോഴും ഓരോ വണ്ടി എതിരെ വരുന്നുന്നത് മാത്രമായിരുന്നു ഒരു ആശ്വാസം.

മൊത്തം 43 ഹെയർപിന്നുകൾ ഉണ്ട്. സമയവും ഞാനും അത്ര രസത്തിൽ അല്ലാത്തത് കാരണം അങ്ങേരു നേരത്തെ പോകുന്നുണ്ടായിരുന്നു. പല സ്ഥലത്തും നിർത്തണം എന്നുണ്ടായിരുന്നു. ഉള്ളിലെ പേടി അതിൽനിന്നൊക്കെ എന്നെ പിന്തിരിപ്പിച്ചു.ഓരോ ഹെയർപിന്നുകളും കഴിഞ്ഞു കൊണ്ടിരുന്നു. അങ്ങിനെ 35 മത്തെ എത്തി. അവിടുന്ന് വളവു തിരിഞ്ഞതും വണ്ടി നിർത്തിയതും ഒരുമിച്ചായിരുന്നു. റോഡിൽ ഒരു 6 കാട്ടു പോത്തുകൾ. അതും നടുറോഡിൽ തല ഉയർത്തി നിക്കുന്നു. അത് വരെ ഉണ്ടായിരുന്ന സകല ധൈര്യവും ഏതിലൂടെ ആണ് പോയതെന്ന് ഞാൻ അറിഞ്ഞില്ല.

സമയം 5.45 PM. ഇരുട്ട് പരന്നു തുടങ്ങി. അവന്മാർ ആണെങ്കിൽ നിന്നിടത്തു നിന്നും അനങ്ങുന്ന പോലും ഇല്ല. എന്തു ചെയ്യണം എന്ന് ഒരു പിടിയും ഇല്ല. ഇടയ്ക്കു ഞാൻ ഹെയർപിന്നിലെ കലുങ്കിൽ വന്നിരിക്കും. കുറച്ചു കഴിഞ്ഞു പിന്നെയും കേറി നോക്കും. അപ്പോഴും അതിൽ ഒരുത്തൻ എന്നെ നോക്കി നിൽക്കുന്നുണ്ടാവും. ഞാൻ പിന്നെയും തിരിച്ചു വന്നിരിക്കും. ഒരുവേള തിരിച്ചു പോയാലോ എന്നുകൂടി ഞാൻ ആലോചിച്ചു. പക്ഷെ അത് ഇതിനേക്കാൾ ഭീകരം ആയിരിക്കും. കാരണം തിരിച്ചു ഇനി 34 ഹെയർപിന്നുകൾ ഇറങ്ങണം. വന്ന വഴി ഇഷ്ടം പോലെ ആനപ്പിണ്ടങ്ങൾ കണ്ടത് കാരണം അതിനും തോന്നിയില്ല.

സൈഡിലേക്ക് മാറി നിക്കാനാണേൽ ഒരു വഴിയും ഇല്ല. റോഡ് കഴിഞ്ഞാ പിന്നെ കാടാണ്. ഏതേലും മരത്തേൽ വലിഞ്ഞു കേറാമെന്നു വെച്ചാൽ കേറാൻ പറ്റിയ മരമൊന്നും കണ്ടില്ല . ജാങ്കോ ഞാൻ പെട്ടു എന്നു പറഞ്ഞാൽ അതാണ് സത്യം.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു 6, 6.10, 6.20,6.30… അവന്മാർ അനങ്ങുന്ന ലക്ഷണം ഇല്ല. അവസാനം തിരിച്ചു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. ഒന്നാമത്തെ വളവു കഴിഞ്ഞപ്പോഴേക്കും എതിരെ ഒരു കാർ വരുന്നു. ഞാൻ അവരെ കൈകാട്ടി നിർത്തിച്ചു കാര്യം പറഞ്ഞു. അവർ മണ്ണാർക്കാട്ട് ഉള്ളവർ ആണ്. മാഞ്ഞൂർക്കു പോകുന്നു. ഏതായാലും താഴോട്ട് ഇപ്പൊ പോകണ്ട. ഞങ്ങടെ ഒപ്പം വാ. അവർ പറഞ്ഞത് അനുസരിച്ചു ഞാൻ അവരോടൊപ്പം പൊന്നു. കാറിന്റെ പിന്നിലായി ഞാൻ പോന്നു.

വളവു തിരിഞ്ഞു കാറിനെ കണ്ടെങ്കിലും അവനു ഒരു കൂസലും ഇല്ല. ഇവനൽപ്പം പിശകാണെന്നു അവർ പറയുന്നുണ്ടായിരുന്നു. ദൈവമേ ഈ കാട്ടിൽ ഞാൻ അവസാനിക്കുമോ എന്ന് പേടിച്ചു. കുറച്ചു കൂടി നോക്കാം എന്ന് അവർ പറഞ്ഞു. ഒരു മണിക്കൂറോളം ഞാൻ ഇവിടെ നിന്നിട്ടാണ് താഴേക്ക് ഇറങ്ങിയതെന്നു അവരോടു പറഞ്ഞു.
അവർക്കും ചെറിയ പേടി തോന്നിയോ എന്നെനിക്കൊരു സംശയം. ഏതായാലും ഞങ്ങൾ അങ്ങ് കൂട്ടുകാർ ആയി എന്ന് പ്രേത്യേകം പറയേണ്ടല്ലോ. പിന്നെ നാട്ടു വിശേഷങ്ങളും വർത്തമാനങ്ങളും ആയി ഞങ്ങൾ ഹാപ്പി ആയി.

ഞാൻ വന്നത് നല്ല കുത്തി കഴപ്പാണെന്നു അവർ പറഞ്ഞപ്പോൾ വെറുതെ ചിരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ. അതല്ലേലും ശെരിയാണല്ലോ. കുത്തിക്കഴപ്പ് തന്നെ അല്ലെ. അല്ലാതെ ഈ വഴിക്കു ഈ സമയത്തു ഒറ്റയ്ക്ക് വരുമോ ?

സമയം പിന്നെയും മുന്നോട്ടു തന്നെ. 7, 7.15, 7.30. ഇല്ല അവന്മാർ അനങ്ങുന്ന രക്ഷ ഇല്ല. ഏതായാലും പിന്നെയും ആൾക്കാർ എത്തി തുടങ്ങി. ഇപ്പൊ ഞങ്ങൾ 3 കാറും 3 ബൈക്കിലുമായി ഒരു 12 പേരെങ്കിലും ഉണ്ടാകും. നാട്ടുപോത്തുകളുടെ എണ്ണം കൂടിയത് കണ്ടിട്ടാണോ എന്തോ കാട്ടുപോത്തുകളിൽ ഒന്ന് രണ്ടെണ്ണം ഒരു വശത്തേക്ക് മാറി. ഇതോടെ ഞങ്ങൾക്ക് ധൈര്യം കൂടി. ഒന്നുകൂടി മുന്നോട്ടു കേറി നോക്കാമെന്നായി എല്ലാവരും. വരി വരിയായി ഓരോ കാറിന്റെ പുറകിലും ഓരോ ബൈക്ക് ആയി മുന്നോട്ടു കയറി.

ആദ്യത്തെ കാർ അടുത്ത് വന്നതും അതിൽ തലവനെന്നു തോന്നിക്കുന്നവൻ മുക്ര ഇട്ടിട്ടു ഒരു ചാട്ടം. അതോടെ വന്ന വഴിക്കു ഞങ്ങൾ പുറകോട്ടു തന്നെ ഇറങ്ങി. പിന്നെയും കുറച്ചു നേരം വിശേഷം പറച്ചിലും ഒക്കെ ആയി അവിടെ തന്നെ നിന്നു . ഇരുട്ട് പരന്നത് കാരണം വണ്ടികൾ ഒന്നും ഓഫ് ചെയ്യാതെ ലൈറ്റുകൾ ഇട്ടിട്ടാണ്നിൽക്കുന്നത്.

സമയം പിന്നെയും മുന്നോട്ട്. 8, 8.15, 8.30, 8.40. ഏതായാലും ഞങ്ങൾ പിന്മാറില്ല എന്ന് കണ്ടത് കൊണ്ടാവണം കാട്ടുപോത്തുകൾ പതിയെ സൈഡിലേക്ക് മാറി. ഒന്ന് രണ്ടെണ്ണം മുകളിലേക്കും കയറി പോയി. അതോടു കൂടി ഒന്നു കൂടി ശ്രമിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. പതിയെ വണ്ടികൾ എടുത്തു. പക്ഷെ ഇപ്പോഴും ഒരുത്തൻ റോഡിൻറെ സൈഡിൽ തന്നെ നിൽപ്പുണ്ട്.

അവന്റെ അടുത്തെത്തിയപ്പോഴേക്കും മുന്നിലെ കാർ ഹൈ ബീം ലൈറ്റും ഇട്ടു ഹോണും അടിച്ചു കാർ റെയ്‌സ് ചെയ്തു എടുത്തു. അവൻ ഒന്ന് വിരണ്ടു പിന്നിലേക്ക് മാറി. ആ സമയം കൊണ്ട് എല്ലാ വണ്ടികളും അപ്പുറത്തെത്തി. ഹാവൂ.. ഇപ്പോഴാണ് ശ്വാസം നേരെ വീണത്. അങ്ങിനെ രാത്രി 9.30 നു മാഞ്ഞൂർ എത്തി. ഏതായാലും ഇന്നിനി ബാംഗ്ലൂർക്കു പോകാൻ കഴിയില്ല. ഇവിടെ തങ്ങാം എന്ന് വിചാരിച്ചു. അങ്ങിനെ ആദ്യം പരിചയപ്പെട്ട കാറുകാർക്കൊപ്പം ഞാൻ അന്നവിടെ കൂടി. എന്നെ അവരോടൊപ്പം കൂട്ടി അവർ കൊണ്ടുവന്ന ചോറും മീൻ കറിയും ചിക്കൻ കറിയും ഒക്കെ തന്ന നല്ലവരായ ആ കൂട്ടുകാർക്കു നന്ദി.

രാവിലെ 7 മണിക്ക് തന്നെ ഞാൻ എണീറ്റ് യാത്ര തുടങ്ങി. ഇവിടുന്നു ഊട്ടി വരെ 20 ഹെയർപിൻ ഉണ്ട്. നല്ല തണുപ്പ് . തണുപ്പെന്നു പറഞ്ഞാൽ കട്ട തണുപ്പ്. കോട മഞ്ഞും . നേരെ മുന്നിലുള്ളത് പോലും കാണാൻ പറ്റാത്ത വിധം കോടമഞ്ഞു . അതുകാരണം ഊട്ടി വരെയുള്ള 35 KM കഴിയാൻ എനിക്ക് 2 മണിക്കൂർ വേണ്ടി വന്നു. കാഴ്ചകളും കണ്ടു തണുപ്പും സഹിച്ചു ഞാൻ യാത്ര തുടർന്നു.

ഊട്ടിയിൽ നിന്നും മസിനഗുഡി വഴി പോകാൻ ആയിരുന്നു പ്ലാൻ. പക്ഷെ മസിനഗുടിക്കു തിരിയുന്ന അവിടെത്തിയപ്പോ തിരിയാൻ തോന്നിയില്ല. നേരെ ഗുഡല്ലൂർക്കു വിട്ടു.അതിലൂടെ പോകാൻ കാരണവും ഉണ്ട്. അത് എന്നെ 20 വർഷങ്ങൾ പിന്നോട്ട് കൊണ്ടുപോയി. വര്ഷങ്ങള്ക്കു മുന്നേയുള്ള ചില നല്ല നനവാർന്ന ഓർമ്മകൾ അയവിറക്കിക്കൊണ്ട് ഞാൻ ഗുഡല്ലൂർ വഴി യാത്ര തുടർന്നു . ഓർമ്മകൾക്കെന്തു സുഗന്ധം എന്ന് കവി പാടിയത് വെറുതെയല്ല..

ഈ വഴിയിൽ ആണ് കാഴ്ചകളുടെ പറുദീസാ. എല്ലായിടത്തും നിർത്തി നിർത്തി പോയാൽ ഒരു ദിവസം കൊണ്ട് ബാംഗ്ളൂർ എത്താൻ പറ്റില്ല. റോഡുകൾ ആണെങ്കിൽ അടിപൊളി. വെറുതെ ഇങ്ങിനെ ഓടിച്ചു പോകാൻ തോന്നും. ആവലാഞ്ചെ തടാകം, എമറാൾഡ് തടാകം, ലവ് ഡെയ്ൽ റെയിൽവേ സ്റ്റേഷൻ, കെട്ടി വാലി വ്യൂ പോയിന്റ് , ഊട്ടി തടാകം, റോസ് ഗാർഡൻ, ഗോൾഫ് കോഴ്സ്, സാൻഡിനുള്ള തടാകം, പൈൻ ഫോറെസ്റ് ഷൂട്ടിംഗ് പോയിന്റ്, 9th മൈൽ ഷൂട്ടിങ് പോയിന്റ്, പൈകര തടാകം, നീഡിൽ റോക്ക് വ്യൂ പോയിന്റ്, തെപ്പക്കാട് ആന താവളം, മുതുമല, ബന്ദിപ്പൂർ അങ്ങിനെ ഒരുപാടുണ്ട് ഇവിടെ കാണാൻ. ഒരു ദിവസം കൂടി വരണം ഇതിലൂടെ.

മുതുമല ഏകദേശം 11 മണിക്കെത്തി. വെയിലിനു കാഠിന്യം കൂടി വരുന്നു. ഈ സമയം ആയതു കൊണ്ടാവണം കട്ടിൽ മൃഗങ്ങൾ ഒന്നും ഇല്ല. ആകെ കണ്ടത് കുറച്ചു മാനുകളെ മാത്രം. അങ്ങിനെ സംഭവ ബഹുലമായ മണിക്കൂറുകൾ കടന്നു ഞാൻ 6 മണിക്ക് ബാംഗ്ലൂർ എത്തി.

വിവരണം – ജിനി ജോസ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply